ദൈവ വചനത്തിന്റെ പ്രതിധ്വനിയാണ് മതബോധനം എന്ന് ഫ്രാൻസിസ് പാപ്പാ
ജീവിതത്തിൽ സുവിശേഷത്തിൻറെ സന്തോഷം പ്രസരിപ്പിക്കാനുള്ള ദൈവവചനത്തിൻറെ സുദീർഘ തരംഗമാണ് മതബോധനമെന്ന് മാർപ്പാപ്പാ.
ഇറ്റലിയിലെ കത്തോലിക്കാമെത്രാൻസംഘത്തിൻറെ ദേശീയ മതബോധന കാര്യാലയം സംഘടിപ്പിച്ച ഒരു സമ്മേളനത്തിൽ സംബന്ധിച്ച അറുപത്തിയഞ്ചോളം പേരടങ്ങിയ ഒരു സംഘത്തെ പാപ്പാ ശനിയാഴ്ച (30/01/21) വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു.
ഈ കാര്യാലയത്തിൻറെ അറുപതാം വാർഷികവും പാപ്പാ അനുസ്മരിച്ചു.
മതബോധനവുമായി ബന്ധപ്പെടുത്തി പാപ്പാ മൂന്നു കാര്യങ്ങൾ വിശദീകരിച്ചു. മതബോധനവും പ്രഘോഷണവും, മതബോധനവും ഭാവിയും, മതബോധനവും സമൂഹവും എന്നിവയായിരുന്നു അവ.
ദൈവവചനത്തിൻറെ പ്രതിധ്വനിയാണ് മതബോധനമെന്ന് പാപ്പാ മതബോധനവും പ്രഘോഷണവും എന്നത് വിശദീകരിക്കവെ ഉദ്ബോധിപ്പിച്ചു
സുവിശേഷ പ്രഘോഷണമെന്നത് ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ചയാണെന്നും ഈ കൂടിക്കാഴ്ചയ്ക്ക് അനുകൂല സാഹര്യമൊരുക്കുന്നതാണ് മതബോധനമെന്നും പാപ്പാ വിശദീകരിച്ചു.
സ്ത്രീപുരുഷന്മാരുടെ സാക്ഷ്യത്തിൻറെ അഭാവത്തിൽ യഥാർത്ഥ മതബോധനം സാധ്യമല്ലെന്നും പാപ്പാ പറയുന്നു.
മതബോധനവും പ്രഘോഷണവും സാമൂഹികമാനം കേന്ദ്രസ്ഥാനത്തു കൊണ്ടുവരുന്നുവെന്നും ഈ സമൂഹാവബോധം വീണ്ടും കണ്ടെത്തുകവഴി മാത്രമെ ഒരുവന് അവൻറെ ഔന്നത്യം പൂർണ്ണതയിൽ കണ്ടെത്താൻ സാധിക്കുകയുള്ളുവെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.