ഈശോയെ മകനേ എന്നുവിളിക്കാന്‍ ധൈര്യപ്പെടാതിരുന്ന വി. യൗസേപ്പിതാവിന് ലഭിച്ച അരുളപ്പാടുകളെക്കുറിച്ച് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-119/200

ഈശോയെ ‘മകനേ’ എന്ന് വിളിക്കാൻ ജോസഫിനു ധൈര്യം വന്നില്ല. പിതാവ് എന്ന നിലയ്ക്ക് അങ്ങനെ വിളിക്കാൻ അതിനായി ആഗ്രഹമുണ്ടായിരുന്നെങ്കിൽ പോലും അങ്ങനെ ഈശോയെ വിളിക്കുന്നത് ന്യായമാണോ എന്ന് മറിയത്തോടു ആരാഞ്ഞു. മറിയം ഈശോയിൽ നിന്നു മനസ്സിലാക്കിയതനുസരിച് ഇങ്ങനെ വിശദീകരിച്ചുകൊടുത്തു. “ഭൂമിയിൽ അപ്പാ” എന്നു ഈശോ ജോസഫിനെ വിളിക്കുന്നുണ്ടെങ്കിൽ ഈശോയെ മകനേ’ എന്നു വിളിക്കാനും ദൈവം ജോസഫിന് അധികാരം നൽകിയിട്ടുണ്ട് എന്നതു നിശ്ചയമാണ്.

ഈശോ ദൈവത്തിന്റെ സ്വന്തം പുത്രനാണെങ്കിൽപ്പോലും ജോസഫിനെ ‘പിതാവേ ‘ എന്നു വിളിക്കാനുള്ള അധികാരം കൊടുത്തപ്പോൾ ഈശോ ജോസഫിന് മകനായി കീഴ്വഴങ്ങി ജീവിക്കണമെന്നത് അവിടുത്തെ തിരുഹിതവും പദ്ധതിയുമാണെന്ന് സ്പഷ്ടമാണ്. അതുകൊണ്ട്, ജോസഫിന് ഈശോയെ ‘മകനേ’ എന്നു സ്വതന്ത്രമായി വിളിക്കാം; മകനെപ്പോലെ വളർത്തുകയും പരിപാലിക്കുകയും ചെയ്യാം. അതു ജോസഫിനു മാത്രമായി നല്കപ്പെട്ടിരിക്കുന്ന അവകാശവും അധികാരവുമാണ്. അതു ദൈവഹിതമാണ്!”

മറിയം ഇക്കാര്യം പറഞ്ഞു കേട്ടപ്പോൾ ജോസഫിന്റെ ഹൃദയം ആനന്ദംകൊണ്ടു കോരിത്തരിക്കുകയും കണ്ണുകൾ നിറഞ്ഞുകവിഞ്ഞൊഴുകുകയും ചെയ്തു. അതോടൊപ്പം ജോസഫും മറിയവും ചേർന്നു കർത്താവിനു നന്ദി പ്രകാശിപ്പിച്ചു. ജോസഫ് തന്നോടുതന്നെ പറഞ്ഞു: “നിത്യപിതാവിന്റെ പുത്രനെ, അവതാരം ചെയ്ത സ്വർഗ്ഗീയ വചനത്തെ, ‘മകനേ’ എന്നു വിളിക്കാനുള്ള അതുല്യമായ അധികാരമാണ് എനിക്കു കൈവന്നിരിക്കുന്നത്!”

അവസാനം അവൻ ഉച്ചത്തിൽ ഉദ്ഘോഷിച്ചു: “എന്റെ ഈശോയേ, എന്റെ മകനേ, എന്റെ മകനേ, എന്റെ ഈശോയേ!” തുടർന്ന് ജോസഫ് ആത്മീയാനുഭൂതിയിൽ ലയിച്ചു. ആ സമയത്തു ആ വിഷയത്തെക്കുറിച്ചു സുവ്യക്തമായ സ്വർഗ്ഗീയ വെളിപ്പെടുത്തലുകൾ അവനു ലഭിക്കുകയും ചെയ്തു. അതായത് ‘ഈശോ ജോസഫിന്റെ മകൻ’ എന്ന് എന്തുകൊണ്ട് വിളിക്കപ്പെടണം എന്നതിനെക്കുറിച്ചു വ്യക്തമായ ഉൾക്കാഴ്ചകൾ നൽകപ്പെട്ടു. സ്വർഗ്ഗീയ ഇടപെടലിന്റെ ആ ധന്യനിമിഷങ്ങൾ പര്യവസാനിച്ചപ്പോൾ ജോസഫ് മറിയത്തോടു തനിക്കുണ്ടായ അരുളപ്പാടുകളെക്കുറിച്ചു സംസാരിച്ചു. പതിവുപോലെ മറിയം തന്റെ ആത്മാവിൽ അത് അറിയുകയും ചെയ്തിരുന്നു. എങ്കിലും ശ്രദ്ധാപൂർവ്വം ആനന്ദത്തോടുകൂടി ജോസഫ് പറഞ്ഞതെല്ലാം കേട്ടു കൊണ്ടിരുന്നു.

ജോസഫിനെ സംബന്ധിച്ചിടത്തോളം തന്റെ ആത്മാവിൽ അനുഭവപ്പെടുന്നതെന്തും മറിയത്തോടു പറയുന്നതിനു വലിയ ഉത്സാഹവും തിടുക്കവുമായിരുന്നു. കാരണം, അവളുടെ ജ്ഞാനത്തെയും സ്ഥാനത്തെയും അവൻ എപ്പോഴും പരിഗണിച്ചിരുന്നു. തന്നെയുമല്ല, മറിയം എല്ലായ്പ്പോഴും തന്റെ വാക്കുകളിലൂടെ ജോസഫിന് ആശ്വാസം പകരുകയും ദൈവത്തിന്റെ സ്നേഹത്തെക്കുറിച് ഉറപ്പുവരുത്തുകയും ചെയ്തിരുന്നു.

അവന്റെ ആത്മാവിന്റെ രഹസ്യങ്ങൾ മറിയത്തിനു വെളിപ്പെടുത്തുകവഴി കർത്താവിനു നന്ദി പറയാനും പ്രാർത്ഥിക്കാനും അവളുടെ സഹായം ജോസഫിന് ലഭിക്കുകയും ചെയ്തിരുന്നു. അവൻ ദൈവത്തിന്റെ മുമ്പിൽ തന്നെ ഒരു ദുർബലനായി പരിഗണിക്കുകയും എന്നാൽ മറിയത്തെ വളരെ ശ്രേഷ്ഠയായി കരുതുകയും മനസിലാക്കുകയും ചെയ്തിരുന്നു. ദൈവത്തിന്റെ ഏക ജാതനു ജന്മം നല്കിയവൾ എന്ന ഒറ്റ കാരണത്താൽത്തന്നെയാണ് ജോസഫ് മറിയത്തെ അപ്രകാരം ബഹുമാനിച്ചിരുന്നത്.

വാസ്തവത്തിൽ, മറിയത്തെ പ്രീതിപ്പെടുത്താൻവേണ്ടി ജോസഫ് തന്റെ സംസാരത്തിൽ പ്രത്യേക കരുതലോ നിയന്ത്രണമോ ഒന്നും ചെയ്തിരുന്നില്ല. പക്ഷേ, അവന്റെ ഉള്ളിന്റെയുള്ളിൽ അതിരില്ലാത്ത ബഹുമാനവും ആദരവും എപ്പോഴും അവളോടു പ്രകടിപ്പിച്ചിരുന്നു. അവൻ തന്റെ നിസ്സാരതയെ കണക്കിലെടുത്തു അവളെ സൂക്ഷിച്ചുനോക്കാൻ പോലും ധൈര്യപ്പെട്ടിരുന്നില്ല. ആന്തരികമായി അവൻ തന്റെ നിസ്സാരതയും ബലഹീനതയും പരിഗണിച്ചിരുന്നെങ്കിലും സംസാരിക്കുമ്പോൾ അത് ഒരിക്കലും പുറത്തു പ്രകടിപ്പിച്ചിരുന്നില്ല; എന്തെന്നാൽ ദൈവത്തിന്റെ ശുശ്രൂഷകരിൽ ഏറ്റം താഴ്ന്ന ദാസിയായി കരുതുന്ന മറിയത്തിന് അത് വിഷമമുണ്ടാക്കും എന്ന് ജോസഫിന് അറിയാമായിരുന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles