പരിശുദ്ധ അമ്മയ്ക്ക് ദൈവദൂതന്റെ പ്രത്യക്ഷമുണ്ടായത് എവിടെ വച്ചായിരുന്നു?
വിശുദ്ധ നാടുകള്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത സ്ഥലമാണ് നസ്രത്തില്‍ സ്ഥിതി ചെയ്യുന്ന മറിയത്തിന്റെ കിണര്‍. മംഗള വാര്‍ത്ത ദേവാലയത്തിന്റെ അടുത്ത് ഏകദേശം അര കിലോമീറ്റര്‍ ചുറ്റളവില്‍ മറിയത്തിന്റെ ഈ കിണര്‍ കാണാവുന്നതാണ്. ഗബ്രിയേല്‍ ദൂതന്‍ പരിശുദ്ധ മാതാവിനെ മംഗളവാര്‍ത്ത അറിയിച്ച സ്ഥലമാണ് ഇന്ന് മംഗള വാര്‍ത്താ ദേവാലയം ആയി അറിയപ്പെടുന്നത്.
നാലാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച ദേവാലയമാണ് മംഗള വാര്‍ത്താ ദേവാലയം. മറിയത്തിന്റെ കിണര്‍ കണ്ടെടുക്കുന്നത് റോമാ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിനിയും കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ മാതാവുമായ ഹെലന്‍ ആണ്. അവരുടെ നിര്‍ദ്ദേശപ്രകാരം വിശുദ്ധ നാടുകളില്‍ നടത്തിയ ഗവേഷണങ്ങളില്‍ ആണ് മറിയത്തിന്റെ കിണര്‍ കണ്ടെടുക്കുന്നത്.
ഈ കിണറില്‍ നിന്നും വെള്ളം എടുക്കാന്‍ പോകുന്ന സമയത്താണ് അമ്മയ്ക്ക് ദൂതന്റെ പ്രത്യക്ഷീകരണം ഉണ്ടാകുന്നതും ലോക രക്ഷകന്റെ ജനനത്തെ കുറിച്ചുള്ള വാര്‍ത്ത അറിയിക്കുന്നതും പരിശുദ്ധ അമ്മ സമ്മതം നല്‍കുന്നതും. ഒരിക്കലും ഉറവ വറ്റാത്ത ജല സമൃദ്ധി ആണ് മറിയത്തിന്റെ ഈ കിണറിന്റെ പ്രത്യേകത. ആയിരത്തി തൊള്ളായിരത്തി ഇരുപത്തി അഞ്ചില്‍ ഈ കിണറിന്റെ ചിത്രം വച്ച് കൊണ്ടുള്ള പോസ്റ്റ് കാര്‍ഡുകള്‍ നിലവില്‍ ഉണ്ടായിരുന്നു. ഇന്നും സന്ദര്‍ശകര്‍ ഇവിടെ സജീവമാണ്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.