വി. യൗസേപ്പിതാവ് ഉണ്ണിയേശുവിനെ പരിചരിച്ചിരുന്നത് എപ്രകാരമായിരുന്നു എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-117/200

ദിവ്യശിശുവിന്റെ ശാരീരികവും ആത്മീയവുമായ വളർച്ച വളരെ ശ്രദ്ധേയമായിരുന്നു തൽഫലമായി ദൈവമാതാവ് പതിവിലും നേരത്തെതന്നെ അവന് ആവശ്യമായ വസ്ത്രങ്ങൾ സ്വയം നെയ്തെടുത്തു. അതീവ ശുഷ്കാന്തിയോടും താല്പര്യത്തോടും കൂടിയാണ് അവൾ അത് നിർവഹിച്ചത്.

അതിൽ ജോസഫിന് വളരെ സംതൃപ്തിയുളവായി; കുട്ടിത്തുണിയിൽ ഈശോ കിടക്കുന്നതു കാണുമ്പോൾ ജോസഫിനു വലിയ സങ്കടമാകാറുണ്ട്. അവനെ മോടിയായി വസ്ത്രം ധരിപ്പിച്ചു കിടത്തിയിരിക്കുന്നതു കാണാൻ ജോസഫ് അതിയായി ആഗ്രഹിച്ചിരുന്നു. ജ്ഞാനത്തിന്റെ സമൃദ്ധിയിൽ നിന്നു വന്നവൻ ദാരിദ്ര്യത്തിന്റെ ബന്ധനത്തിൽ കഴിയുന്നത് എത്ര അപമാനകരമാണെന്ന് ജോസഫ് ചിന്തിച്ചിരുന്നു. അതുകൊണ്ട് മറിയം ഈശോയ്ക്ക് വസ്ത്രങ്ങൾ തയ്യാറാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആകാംക്ഷാപൂർവ്വം ജോസഫ് അത് പൂർത്തിയാകാറായോ എന്ന് ഇടയ്ക്കിടെ ചെന്ന് നോക്കുമായിരുന്നു. തികഞ്ഞ വൈദഗ്ദ്ധ്യത്തോടെ അവൾ ഉടുപ്പുകളും മറ്റും നെയ്തെടുക്കുന്നതു കണ്ട് സന്തോഷത്തോടെ ജോസഫ് പറഞ്ഞു. “ഓ എന്റെ പത്നീ, നമ്മുടെ വാത്സല്യനിധിയായ ഈശോ ഉടനെതന്നെ നല്ല മോടിയായ ഉടുപ്പിട്ട് നമ്മുടെ മുമ്പിലൂടെ ഓടിക്കളിച്ചു നടക്കുന്നതു കാണാൻ കഴിയുമല്ലോ. അപ്പോൾ നിന്റെ സന്തോഷം എത്ര വലുതായിരിക്കും? അതിന്റെ മുഴുവൻ അഭിമാനവും നിനക്ക് അർഹതപ്പെട്ടതാണ്. കാരണം, ഉണ്ണീശോയെ ധരിപ്പിക്കാനുള്ള വസ്ത്രങ്ങൾ നീയാണല്ലോ നെയ്തുണ്ടാക്കിയത്!” ജോസഫിന്റെ ആഗ്രഹം മനസ്സിലാക്കിക്കൊണ്ട് മറിയം പറഞ്ഞു: “തിരുക്കുമാരനു ഇരിക്കാനുള്ള ഇരിപ്പിടം ജോസഫാനല്ലോ ഉണ്ടാക്കാൻ പോകുന്നത്!”

അതു കേട്ടപ്പോൾ ജോസഫിനു നല്ല സന്തോഷം തോന്നി; ഉടനെ തന്നെ ഈശോയ്ക്ക് ഇരിക്കാൻ ഒരു പീഠം ഉണ്ടാക്കാനുള്ള പണി ആരംഭിക്കുകയും ചെയ്തു. വളരെ ശുഷ്ക്കാന്തിയോടും തികഞ്ഞ ആത്മവിശ്വാസത്തോടും അതിരറ്റ ആനന്ദത്തോടുംകൂടിയാണ് അവൻ ആ പണി ചെയ്തു തീർത്തത്. രാജാധിരാജനായ കർത്താവിനു ഭൂമിയിൽ സിംഹാസനം നിർമ്മിക്കുന്ന മഹത്തായ ജോലിയിലാണല്ലോ താൻ വ്യാപൃതനായിരിക്കുന്നത് എന്ന ചിന്തയിൽ അടക്കാനാവാത്ത സന്തോഷാശ്രുക്കൾ തൂകിക്കൊണ്ടാണ് ജോസഫ് ജോലി പൂർത്തിയാക്കിയത്. ഉണ്ണീശോയെ ഉടുപ്പ് അണിയിക്കുന്ന ചടങ്ങു ആചരിക്കാനുള്ള കാര്യങ്ങൾ അവർ രണ്ടുപേരും കൂടി വളരെ വേഗത്തിൽ പൂർത്തിയാക്കി.

ആ നിശ്ചിത സമയം വന്നു ചേർന്നപ്പോൾ ജോസഫും മറിയവും ചേർന്ന് ഈശോയെ പുതിയ കുട്ടിയുടുപ്പ് അണിയിച്ചു. ബഹുമാനാർത്ഥം അവരിരുവരും മുട്ടിന്മേൽ നിന്നുകൊണ്ടാണ് അത് നിർവഹിച്ചത്. ഈശോ സന്തോഷംകൊണ്ടു പുഞ്ചിരിക്കുകയും കണ്ണുകൾ ചിമ്മിയടയ്ക്കുകയും ചെയ്തു. ആ കുഞ്ഞു നയനങ്ങളിൽനിന്നു സംതൃപ്തിയുടെ വലിയ പ്രകാശം പരക്കുന്നുണ്ടായായിരുന്നു. മറിയത്തിന്റെയും ജോസഫിന്റെയും ഹൃദയത്തിലേക്ക് ആഴത്തിൽ അത് പ്രതിഫലിക്കുണ്ടായിരുന്നു. അതേസമയംതന്നെ തന്റെ ദൈവമഹത്വത്തിന്റെ വ്യക്തമായ സൂചന അവർക്ക് വെളിപ്പെടുത്തുകയും ചെയ്തു. തന്റെ ശൈശവത്തിനൊത്തവിധം കൊഞ്ചലോടെ അവരുടെ പേരുകൾ വിളിക്കുകയും നന്ദി സൂചകമായി തലയാട്ടുകയും ചെയ്തു. പരിശുദ്ധമായ അവന്റെ ഇളംകൈകൾകൊണ്ടു പലവിധത്തിലുള്ള സ്നേഹപ്രകടനങ്ങൾ നടത്തുകയും മറിയത്തെയും ജോസഫിനെയും മാറിമാറി കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. പ്രത്യേകിച്ചു മാതാവിന്റെ കവിളത്തു ഉമ്മ കൊടുത്തു.

അല്പം മുമ്പ് കുഞ്ഞുചെരുപ്പുകൾ അണിയിച്ച ഈശോയുടെ തൃപ്പാദങ്ങളിൽ ജോസഫ് ചുംബിച്ചു. ആ നിമിഷങ്ങളിൽ അനുഭവിച്ച സന്തോഷാധിക്യത്താൽ നിറഞ്ഞു അവൻ ആത്മീയനിർവൃതിയിൽ ലയിച്ചു. ആ അവസ്ഥയിലായിരിക്കാൻ അനുവദിക്കപ്പെട്ടിരുന്ന സമയത്തു മറ്റു കുട്ടികളെപ്പോലെ ദൈവത്തിന്റെ ജ്ഞാനത്തിൽനിന്നു വരുന്ന ദിവ്യശിശുവും കൊഞ്ചിപ്പറയാനും പിച്ചവച്ചു നടക്കാനും പഠിക്കേണ്ടതിന്റെ ആവശ്യകതയെന്തെന്നു ദൈവം വെളിപ്പെടുത്തി. ജോസഫ് ആത്മീയാനുഭൂതിയിൽ ലയിച്ചിരുന്ന ആ സമയത്തു ഈശോ ആദ്യമായി മാതാവിനെ ‘അമ്മേ’ എന്നു വിളിക്കുകയും തന്റെ സ്നേഹവും നന്ദിയും പ്രകടിപ്പിക്കുകയും ചെയ്തു. തന്റെ പൊന്നോമന മകന്റെ സ്നേഹം തുളുമ്പുന്ന വിളി കേട്ടപ്പോൾ പരിശുദ്ധ മാതാവ് അനുഭവിച്ച സന്തോഷം എത്രയധികമെന്ന് വാക്കുകളിൽ വിവരിക്കുക അസാദ്ധ്യമാണ്.

അതേ അഭിഷേകത്തിൽനിന്നു തന്നെ ജോസഫ് ഈശോയെ ആരാധിച്ചു. കുട്ടിയെ അവൻ കൈകളിൽ എടുത്തുകൊണ്ടു നടക്കുകയും തനിക്കു ലഭിച്ച അനുഗ്രഹത്തിനു നന്ദിപ്രകാശിപ്പിക്കുകയും ചെയ്തു. പിന്നീട്, ഈശോയെ മാതാവും ജോസഫും ഇരുകൈകളിലും പിടിച്ചു നടക്കാൻ പഠിപ്പിച്ചു. അങ്ങനെ ഈശോയുടെ തൃപ്പാദങ്ങൾ ഭൂമിയിലെ ആദ്യത്തെ ചുവടുവച്ചു. അപ്പോൾ മറിയത്തിനും ജോസഫിനും ഉണ്ടായ ആനന്ദവും സന്തോഷവും ആർക്കു വർണ്ണിക്കാൻ കഴിയും? അതിൽ മതിമറന്ന് ജോസഫ് ആനന്ദാശ്രുക്കൾ പൊഴിച്ചു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles