ദൈവം വി. യൗസേപ്പിതാവിനെ ഏറ്റവും ശക്തനായ ധൈര്യശാലിയാക്കുവാന്‍ അഭ്യസിപ്പിച്ചതെങ്ങിനെ എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 113/200

തനിക്കെതിരായി ഉന്നയിച്ച അപവാദങ്ങൾക്കൊന്നും ജോസഫ് ഒരു പരാതിയോ പരിഭവമോ പ്രകടിപ്പിച്ചില്ല; മറിച്ചു എല്ലാം ശാന്തമായി സമചിത്തതയോടെ സഹിക്കുകമാത്രം ചെയ്തു. അവർക്കാർക്കും ജോസഫിനോട് തെല്ലും സഹതാപം തോന്നിയതുമില്ല; ഇതെല്ലാം സഹിക്കാൻ തക്ക ഒരു വിലയുമില്ലാത്ത മനുഷ്യനായിട്ടാണ് അവർ ജോസഫിനെ കണക്കാക്കിയത്. ഇത് പിശാചിന് വലിയൊരു തിരിച്ചടിയായിരുന്നു. ഇത്ര കഠിനമായ പരീക്ഷണത്തിലും ദുരിതത്തിലും അകപ്പെട്ടപ്പോഴും ജോസഫ് പ്രകടിപ്പിച്ച ധൈര്യവും സഹനശക്തിയും കണ്ടപ്പോൾ സാത്താൻ ലജ്ജിച്ചു പിൻവാങ്ങേണ്ടി വന്നു; ജോസഫിന് മറ്റുള്ളവരുടെ മുമ്പിൽ ആത്മാഭിമാനം വർദ്ധിപ്പിക്കാനും അത് കാരണമായി.

വിശുദ്ധനെതിരായി സാത്താൻ ഒന്നിനു പുറകെ മറ്റൊരാളെ വീതം ഇളക്കിവിട്ടുകൊണ്ടിരുന്നു. അവൻ വീടുവിട്ടു പുറത്തിറങ്ങുന്ന സമയത്തെല്ലാം ഓരോരുത്തർ പുറകെ നടന്നു ചീത്തവിളിക്കുകയോ അസഭ്യം പറയുകയോ ചെയ്തുകൊണ്ടിരുന്നു. നിരന്തരമായി, ഈജിപ്തിലെ വാസകാലം മുഴുവനും , സാത്താൻ ജോസഫിനെ ഉപദ്രവിച്ചുകൊണ്ടാണിരുന്നത്. പിശാചിന്റെ സമ്മർദ്ദങ്ങളെ അതിജീവിച്ചു മുന്നോട്ടു പോകുവാൻ കുറച്ചൊന്നുമല്ല സഹിക്കേണ്ടിവന്നത്. പക്ഷേ, ജോസഫിന്റെ തകർക്കാനാവാത്ത ദീർഘക്ഷമയുടെയും അജയ്യമായ സഹനശക്തിയുടെയും മുമ്പിൽ പിശാചിന്റെ എല്ലാ ഉദ്യമങ്ങളും ഒന്നൊന്നായി തകർന്നടിഞ്ഞു.

ഉപദ്രവിച്ച ആരോടും അവൻ അനിഷ്ടം പ്രകടിപ്പിച്ചില്ല; പീഡിപ്പിച്ചതിന് പരാതി പറഞ്ഞതുമില്ല; വന്നുഭവിക്കുന്ന എല്ലാ കാര്യങ്ങളും ദൈവത്തിനു സമർപ്പിക്കുകയും സന്തോഷത്തോടെ കർത്താവിനു നന്ദിപറഞ്ഞുകൊണ്ടു അവിടുത്തെ ശക്തിയിൽ ആശ്രയിച്ചു് പ്രതിസന്ധികളെ മറികടക്കുകയുമാണ് ചെയ്തത്. തന്നെ ദ്രോഹിച്ചവരോട് അവൻ പറഞ്ഞ മറുപടി ഇതു മാത്രമായിരുന്നു: “ദൈവം നിങ്ങളോടു ക്ഷമിക്കട്ടെ;” കൂടാതെ, ദുഷ്ടതയ്ക്കു സൽപ്രവൃത്തികളിലൂടെ അവന്റെ വാക്കുകൾക്കു അവൻ ഭാഷാന്തരം വരുത്തുകയും ചെയ്തു. എന്തെന്നാൽ, അവൻ അവർക്കു നന്മചെയ്തുകൊണ്ട് കർത്താവിനോടു പ്രാർത്ഥിക്കുകയും അതുവഴി അവർ സത്യദൈവത്തെ അറിയാൻ ഇടയാകുകയും ചെയ്തു. അവർക്കുവേണ്ടി കുറച്ചൊന്നുമല്ല അവൻ കർത്താവിന്റെ മുമ്പിൽ കണ്ണീരൊഴുക്കിയത്!

തുടർന്ന് ദൈവം തന്റെ ദാസനെ ഏറ്റവും ശക്തനായ ധൈര്യശാലിയാക്കുവാൻ അഭ്യസിപ്പിച്ചു. കാരണം, സത്യദൈവത്തെക്കുറിച് അറിവില്ലാത്ത അജ്ഞാനികളായ മനുഷ്യരുടെ ഇടയിലാണ് അവർക്കു ജീവിക്കേണ്ടിയിരുന്നത്. അതിനാൽ, ഏതെങ്കിലും വിധത്തിലുള്ള അപവാദമോ അസഭ്യമോ കേൾക്കാത്ത ദിവസമില്ല. എന്നെങ്കിലും ഒരു ദിവസം മാതാവിനും ഈശോയ്ക്കും എതിരെ അവരുടെ അതിക്രമം ഉണ്ടായേക്കുമോ എന്ന് ജോസഫ് ഭയപ്പെട്ടിരുന്നു. ഈവിധ ചിന്തകൾ എപ്പോഴും ജോസഫിന്റെ മനസ്സിനെ മദിച്ചുകൊണ്ടിരുന്നു. ചിലപ്പോൾ അവൻ സ്വയം പറയുമായിരുന്നു; “അവർക്ക് എന്നെക്കുറിച്ചു വളരെ മോശമായ കാഴ്ചപ്പാടാണുള്ളത്. എന്നെ ദുഖത്തിലാഴ്ത്താൻ ഒരു ദിവസം ഞാനില്ലാത്ത സമയത്തു അവർ വീട്ടിൽ വന്ന് ഈശോയെയും മാതാവിനെയും അപഹരിച്ചുകൊണ്ടുപോകും.”

വീടുവിട്ട് അകന്നിരിക്കുന്ന സമയങ്ങളിൽ ഇപ്രകാരമുള്ള ആകുലതകളും ഉത്കണ്ഠകളും ജോസഫിന്റെ മനസ്സിൽ സ്ഥാനം പിടിച്ചിരുന്നു. അപ്പോൾ മണിക്കൂറുകൾ വളരെ ദൈർഘ്യമേറിയതായി അനുഭവപ്പെട്ടു. വീട്ടിൽ എന്തെങ്കിലും ഉപദ്രവങ്ങൾ സംഭവിച്ചോ എന്നറിയാനുള്ള ഉത്കണ്ഠമൂലം കാത്തുനിൽക്കാൻ കഴിയാതെ വിഷമിക്കുമായിരുന്നു. മറിയത്തിന്റെമേൽ ദൈവത്തിനു പ്രത്യേക കരുതലുണ്ട് എന്ന് ജോസഫിന് ബോദ്ധ്യമുണ്ടെങ്കിൽപോലും, ദൈവം അനുവദിച്ചിട്ടാണ് അത്തരത്തിലുള്ള ഉത്കണ്ഠാജനകമായ ചിന്തകൾ മനസ്സിൽ വരുന്നത് എന്ന് ജോസഫ് മനസ്സിലാക്കി. അത് ദൈവത്തിന് സമർപ്പിച്ചു സ്വസ്ഥനാകുകയും തുടർന്ന് അപ്രകാരമുള്ള ചിന്തകളിൽ കുടുങ്ങാൻ മനസ്സിനെ അനുവദിക്കാതിരിക്കുകയും ചെയ്ത് സുസ്ഥിരത കൈവരിച്ചു.

മനുഷ്യർ അസഭ്യവാക്കുകൾ വിളിച്ചു പറയുമ്പോഴും ജോസഫ് സന്തോഷവദനനായും സമചിത്തതയുള്ളവനായും കാണപ്പെട്ടിരുന്നു. അവരോട് യാതൊരുവിധ വിദ്വേഷമോ വെറുപ്പോ പ്രകടിപ്പിച്ചിരുന്നുമില്ല. ഉപദ്രവങ്ങൾ നേരിടുമ്പോൾ പോലും ദുഖത്തിന്റെ ഒരു അടയാളം പോലും ആ മുഖത്തു നിഴലിച്ചിരുന്നില്ല. തന്നെ ആരും ഉപദ്രവിച്ചിട്ടില്ല എന്നതുപോലെ തോന്നിപ്പോകും. അപരിഷ്കൃതരായ ആ മനുഷ്യർ ഇക്കാര്യത്തിൽ ജോസഫിനെ കണ്ട് എത്രമാത്രം വിസ്മയിച്ചുപോയിട്ടുണ്ട്! തന്നെ ഉപദ്രവിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്ന കശ്മലന്മാരുടെ മുമ്പിൽ ചിരിക്കുന്ന മുഖഭാവത്തോടെ പിടിച്ചു നില്ക്കാനുള്ള ശക്തി ജോസഫിന് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് അവർക്കു മനസ്സിലായിരുന്നില്ല . ലോകസമാധാനത്തിന്റെ രാജാവിനെയാണ് അവൻ കരങ്ങളിൽ വഹിക്കുന്നതെന്ന് അവർക്ക് എങ്ങനെ അറിയാൻ കഴിയും.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles