യേശുവിന്റെ ജ്ഞാനസ്‌നാന ഞായര്‍ സുവിശേഷ സന്ദേശം

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.

 

ജനുവരി 6

വായന: മത്തായി 3: 13 – 17

“യേശു യോഹന്നാനില്‍ നിന്ന് സ്‌നാനം സ്വീകരിക്കാന്‍ ഗലീലിയില്‍ നിന്ന് ജോര്‍ദാനില്‍ അവന്റെ അടുത്തേക്ക് വന്നു. ഞാന്‍ നിന്നില്‍ നിന്ന് സ്‌നാനം സ്വീകരിക്കേണ്ടിയിരിക്കെ നീ എന്റെ അടുത്തേക്ക് വരുന്നുവോ എന്ന് ചോദിച്ചു കൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു. എന്നാല്‍ യേശു പറഞ്ഞു: ഇപ്പോള്‍ ഇത് സമ്മതിക്കുക. അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്. അവന്‍ സമ്മതിച്ചു. സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്ന് കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തില്‍ തന്റെ മേല്‍ ഇറങ്ങി വരുന്നത് അവന്‍ കണ്ടു. ഇവന്‍ എന്റെ പ്രിയപുത്രന്‍. ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വര്‍ഗത്തില്‍ നിന്ന് കേട്ടു.”

യേശുവിന്റെ എളിമപ്പെടലാണ് അവിടുത്തെ ജ്ഞാനസ്‌നാനത്തിരുനാളില്‍ പ്രശോഭിക്കുന്നത്. യോഹന്നാന്റെ ജ്ഞാനസ്‌നാനം പശ്ചാത്താപത്തിലേക്കുള്ള ആഹ്വാനം ആയിരുന്നെങ്കിലും യേശു അത് സ്വീകരിക്കുന്നത് ദൈവത്തന്റെ മഹത്വം വെളിപ്പെടുന്നതിനു വേണ്ടിയും യേശു മിശിഹായാണെന്ന് യോഹന്നാന് ബോധ്യം വരുന്നതിന് വേണ്ടിയും ആയിരുന്നു. യഹൂദരുടെ പരിച്ഛേദനത്തിന്റെ സ്ഥാനത്ത് യേശു മാമ്മോദീസ സ്ഥാപിക്കുന്നു. പിതാവിലും പുത്രിനിലും പരിശുദ്ധാത്മാവിലും ജ്ഞാനസ്‌നാനം സ്വീകരിക്കുന്ന നാം ദൈവം വസിക്കുന്ന ആലയമായി മാറുന്നു.

സമര്‍പ്പണത്തിനായി യേശുവിന്റെ ഒരുക്കം

ആദത്തെയും ഹവ്വയെയും പോലെ പ്രായത്തില്‍ മുതിര്‍ന്ന അവസ്ഥയിലല്ല യേശു മനുഷ്യാവതാരം ചെയ്യുന്നത്. അവിടുന്ന് എളിമപ്പെട്ട് താഴേക്ക് ഇറങ്ങി വന്നു:

  1. ഒന്‍പത് മാസം കന്യകയുടെ ഉദരത്തില്‍ കിടന്നു.
  2. കന്നുകാലികളോടൊപ്പം കാലിത്തൊഴുത്തില്‍ കിടന്നു, ഭവനരഹിതരോട് താദാത്മ്യം പ്രാപിച്ചു.
  3. മോശയെ പോലെ ജീവിതത്തില്‍ ഭീഷണി നേരിട്ടു.
  4. ദൈവ പരിപാലനയാല്‍ രക്ഷപ്പെട്ട് ഈജിപ്തിലേക്ക് പലായനം ചെയ്തു
  5. മനുഷ്യരായ മാതാപിതാക്കളെ അനുസരിച്ച് ശൈശവ, കൗമാര കാലഘട്ടങ്ങള്‍ ജീവിച്ചു.
  6. മുപ്പതു വയസ്സു വരെ അധ്വാനിച്ച് കുടുംബത്തെ സഹായിച്ചു.

മോശ തന്റെ ദൗത്യത്തിനായി വിളിക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് 80 വയസ്സുണ്ടായിരുന്നു. യേശുവിനാകട്ടെ 30 വയസ്സേ ഉണ്ടായിരുന്നുള്ളൂ. എട്ടു ദിവസം പ്രായമുളളപ്പോള്‍ അവിടുന്ന് പരിച്ഛേദനം സ്വീകരിച്ചു. പാപരഹിതനായിരുന്നതിനാല്‍ യേശുവിന് ജ്ഞാനസ്‌നാനത്തിന്റെ ആവശ്യം ഇല്ലായിരുന്നു. വരിയില്‍ ഏറ്റവും അവസാനം ജ്ഞാനസ്‌നാനം സ്വീകരിച്ചത് യേശുവാണ്. ലൂക്ക 3: 21 പറയുന്നത് പ്രകാരം അവസാനം ജ്ഞാനസ്‌നാനം സ്വീകരിച്ചത് യേശുവാണ്. യേശു പാപികള്‍ക്കൊപ്പം നില കൊണ്ടെങ്കിലും ദൈവം ആ സന്ദര്‍ഭത്തില്‍ ഇടപെട്ടു.

ജനുവരി 6 ന് യേശു ജഞാനസ്‌നാനം സ്വീകരിച്ചു എന്നാണ് പരമ്പരാഗതമായ വിശ്വാസം. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതേ ദിവസം തന്നെ കിഴക്കു നിന്നുള്ള ജ്ഞാനികള്‍ അവിടുത്തെ ആരാധിക്കാന്‍ എത്തി എന്നും വിശ്വസിക്കപ്പെടുന്നു.

യേശു 80 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചാണ് നസ്രത്തില്‍ നിന്ന് യോര്‍ദാനില്‍ എത്തിയത്. ആവശ്യത്തിന് ഒരുക്കങ്ങള്‍ നടത്തിയിരുന്നു എന്ന് വ്യക്തം. വാഗ്ദത്തഭൂമിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഇസ്രായേല്‍ക്കാര്‍ ജോഷ്വയുടെ നേതൃത്വത്തില്‍ യോര്‍ദാന്‍ നദി കടന്നിരുന്നു. ഓരോ പ്രവേശനവും പാപം കഴുകിക്കളയലും ആത്മീയ നവീകരണവുമാണ്. നോഹയുടെ കാലത്തെ പ്രളയവും മോശയുടെ നേതൃത്വത്തിലുള്ള ചെങ്കടല്‍ കടക്കലും എല്ലാം പഴയവ ഉപേക്ഷിച്ച് പുതിയ ജീവിതത്തിലേക്കുള്ള പ്രവേശനത്തിന്റെ അടയാളമായിരുന്നു.

യോഹന്നാന്റെ ജ്ഞാനസ്‌നാനം

ക്രിസ്തീയ ജ്ഞാനസ്‌നാനം പോലെയായിരുന്നില്ല യോഹന്നാന്റെ ജ്ഞാനസ്‌നാനം. മിശിഹായെ സ്വീകരിക്കാനുള്ള ഒരു പശ്ചാത്താപവും പ്രായശ്ചിത്തവും മാത്രമായിരുന്നു യോഹന്നാന്റെത്. ദിവ്യകാരുണ്യസ്വീകരണത്തിന് മുമ്പത്തെ കുമ്പസാരം പോലെ. പിന്നെ എന്തിനാണ് യേശു യോഹന്നാന്റെ ജ്ഞാനസ്്‌നാനം സ്വീകരിച്ചത്?

  1. താന്‍ മനുഷ്യരൂപം സ്വീകരിച്ചതിനാല്‍ മനുഷ്യവംശത്തോട് താദാത്മ്യം പ്രാപിച്ച് അവര്‍ക്കായി എളിമയുടെ മാതൃക നല്‍കാന്‍.
  2. തന്നെ കുറിച്ചുള്ള പ്രവചനങ്ങള്‍ നിറവേറ്റാന്‍
  3. യോഹന്നാന്റെ ജ്ഞാനസ്‌നാനത്തെ ആദരിക്കാന്‍
  4. യോഹന്നാന്റെ ജ്ഞാനസ്‌നാനത്തെ പരിശുദ്ധാത്മാവിലുള്ള പുതിയ ജ്ഞാനസ്‌നാനത്തിലേക്ക് ഉയര്‍ത്താന്‍.

സകല നീതിയും പൂര്‍ത്തിയാകാന്‍

യേശുവിന്റെ മുന്നില്‍ താന്‍ ഒന്നുമല്ല എന്നറിഞ്ഞിരുന്ന യോഹന്നാന്‍ യേശുവിനെ തടയുന്നുണ്ട്. എന്നാല്‍ സകല നീതിയും നിറവേറാന്‍ ഇത് ഇപ്പോള്‍ നിറവേറണം എന്ന് പറഞ്ഞ് യേശു അതിന് മറുപടി നല്‍കുന്നു. ഇന്നത്തെ അര്‍ത്ഥത്തിലല്ല ബൈബിളില്‍ നീതി എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ദൈവത്തിന്റെ ഉടമ്പടി, വാഗ്ദാനം എന്നെല്ലാമാണ് അതിന്റെ ബിബ്ലിക്കല്‍ അര്‍ത്ഥം. അതായത് മിശിഹായെ കുറിച്ചുളള പ്രവചനങ്ങള്‍ നിറവേറാന്‍ വേണ്ടി എന്നാണത്.

സ്വര്‍ഗം തുറക്കപ്പെടുന്നു

യോഹന്നാനില്‍ നിന്ന് യേശു സ്‌നാനം സ്വീകരിച്ചപ്പോള്‍ സ്വര്‍ഗം തുറക്കപ്പെടുകയും പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ യേശുവിന്റെ മേല്‍ എഴുന്നള്ളി വരുകയും ചെയ്തു.

സ്വര്‍ഗം തുറക്കപ്പെടുന്ന സംഭവങ്ങള്‍ വിവിധ സന്ദര്‍ഭങ്ങളില്‍ ബൈബിളില്‍ വിവരിക്കുന്നുണ്ട്.

പഴയ നിയമത്തില്‍:
നോഹയുടെ കാലത്ത് ആകാശത്തിന്റെ ജാലകങ്ങള്‍ തുറന്ന് അഗാധങ്ങളിലെ ഉറവകള്‍ പൊട്ടിയൊഴുകിയതിനെ കുറിച്ച് പറയുന്നുണ്ട്. (ഉല്‍പത്തി 7: 11).

സ്വര്‍ഗം തുറക്കപ്പെട്ടതിനെ കുറിച്ച് എസെക്കിയേല്‍ പ്രവാചകന്‍ എഴുതുന്നുണ്ട്. (എസെ. 1: 1).

പുതിയ നിയമത്തില്‍
യേശുവിന്റെ ജ്ഞാനസ്‌നാന വേളയില്‍ സ്വര്‍ഗം തുറക്കപ്പെടുന്നതിനെ കുറിച്ചാണ് ആദ്യപരാമര്‍ശം (മത്താ 3: 1, മര്‍ക്കോ. 1: 10, ലൂക്ക 3: 21)

വി. സ്റ്റീഫന്‍ സ്വര്‍ഗം തുറക്കപ്പെടുന്നത് കാണുന്നതായി നാം വായിക്കുന്നു (അപ്പസ്‌തോല നടപടി 7: 56)

വി. പത്രോസ് സ്വര്‍ഗം തുറക്കപ്പെടുന്നത് കാണുന്നുണ്ട്. (അപ്പ. 10: 11)

സുവിശേഷകനായ യോഹന്നാന്‍ പാത്മോസ് ദ്വീപില്‍ വച്ച് സ്വര്‍ഗം തുറക്കപ്പെടുന്നത് കാണുന്നു (വെളി. 4: 1, 19 : 11).

പരിശുദ്ധാത്മാവ് എഴുന്നള്ളി വരുന്നത് കണ്ടത് സ്‌നാപക യോഹന്നാന്‍ മാത്രമാണ്. അത് ജനങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. ഏശയ്യാ പ്രവാചകന്റെ പ്രവചനം അനുസരിച്ച് (42: 1) പരിശുദ്ധാത്മാവ് വരുന്നു.

പ്രാവിന്റെ രൂപത്തിലാണ് ദൈവാത്മാവ് വരുന്നത്. പ്രാവ് ശാന്തിയുടെയും ശുദ്ധതയുടെയും പ്രതീകമാണ്.

അപ്പോള്‍ സ്വര്‍ഗത്തില്‍ നിന്നും ഒരു സ്വരം ഉണ്ടായി. ‘ ഇവന്‍ എന്റെ പ്രിയപുത്രന്‍, ഇവനില്‍ ഞാന്‍ സംപ്രീതനായിരിക്കുന്നു’

ഏശയ്യാ പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്ത വാക്കുകള്‍ നിറവേറാനാണ് ഈ ശബ്ദം മുഴങ്ങിയത്. ‘ഇതാ ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍. എന്റെ പ്രീതക്ക് പാത്രമായ എന്റെ തെരഞ്ഞെടുക്കപ്പെട്ടവന്‍. അവന്റെ മേല്‍ ഞാന്‍ എന്റെ ആത്മാവിനെ ഞാന്‍ അയക്കും. അവന്‍ രാജ്യങ്ങളുടെ മേല്‍ നീതി സ്ഥാപിക്കും.’

തന്റെ പരസ്യജീവിതത്തിനായി യേശുവിനെ ശക്തിപ്പെടുത്താന്‍ ജ്ഞാനസ്‌നാനം സന്ദര്‍ഭം ഒരുക്കി.

സന്ദേശം

യേശുവിന്റെ ജ്ഞാനസ്‌നാനം ഭാവിയില്‍ നടക്കാന്‍ പോകുന്ന സംഭവങ്ങളുടെ ഒരു മുന്നോടിയായിരുന്നു. യേശുവിന്റെ മരണം, അടക്കം, ഉത്ഥാനം എന്നിവയുടെ പ്രതീകാത്മകമായ പ്രകടനമായിരുന്നു ജോര്‍ദാന്‍ നദിയിലെ സ്‌നാനം.

സ്വയം ജ്ഞാനസ്‌നാനത്തിന് വിധേയനായി യേശു ജ്ഞാനസ്‌നാനം സ്ഥാപിച്ചു. ഓരോ ക്രിസ്ത്യാനിയും ജ്ഞാനസ്‌നാന വേളയില്‍ പരിശുദ്ധ ത്രിത്വത്തിനാല്‍ സ്വീകരിക്കപ്പെടുന്നു. അതിനാലാണ് ത്രിത്വനാമത്തില്‍ ജ്ഞാനസ്‌നാം ചെയ്യാന്‍ യേശു ആവശ്യപ്പെട്ടത്. (മത്താ 28: 19)

രക്ഷയ്ക്ക് ജ്ഞാനസ്‌നാനം ആവശ്യമാണ്. നിക്കൊദേമൂസിനോട് യേശു പറഞ്ഞതു പോലെ, ‘ജലത്താലും ആത്മാവിനാലും വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല’ ദൈവത്തിലും യേശുവിലും ഉള്ള വിശ്വാസം മാത്രം പോര. നാം യേശുവിന്റെ മൗതിക ശരീരമായ സഭയിലും അംഗമായി വിശ്വാസത്തില്‍ ജീവിക്കണം.

യേശു ജ്ഞാനസ്‌നാനത്തോടെ തന്റെ പരസ്യജീവിതം ആരംഭിച്ചതു പോലെ ഒരു ക്രിസ്ത്യാനിയുടെ ജീവതവും ജ്ഞാനസ്‌നാനത്തോടെയാണ് ആരംഭിക്കുന്നത്. വി. പൗലോസ് പറയുന്നത് പോലെ നമ്മുടെ ശരീരം ദൈവത്തിന്റെ ആലയമാണ്. അതില്‍ ദൈവാത്മാവ് വസിക്കുന്നു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles