വി. യൗസേപ്പിതാവിന്റെ ക്ലേശങ്ങളില്‍ ഉണ്ണീശോ ആശ്വാസമരുളിയിരുന്നത് എപ്രകാരമായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 106/200
ജോസഫ് സാമ്പത്തികമായി വലിയ ഞെരുക്കത്തിലായിരുന്നെങ്കിലും അവനാൽ കഴിയുംവിധം സാധുക്കളെ സഹായിച്ചിരുന്നു. ജോസഫിന് പണിക്കൂലി കിട്ടുമ്പോൾ അതിൽനിന്നു പാവപ്പെട്ടവർക്കും ദാനം ചെയ്യണമെന്ന് ദൈവമാതാവും ആവശ്യപ്പെട്ടിരുന്നു. അതുപോലെ തന്നെ മറിയവും തന്റെ കൈത്തൊഴിലിൽ നിന്നു കിട്ടുന്ന വരുമാനത്തിന്റെ ഒരംശം കൊണ്ട് പാവപ്പെട്ടവരെ സഹായിച്ചുപോന്നു. ജോലിയുടെ കാര്യത്തിൽ ജോസഫ് അതീവശുഷ്കാന്തിയുള്ളവനായിരുന്നെങ്കിലും പ്രാർത്ഥിക്കുന്നതിലും ഭാര്യയോടൊപ്പം കർത്താവിനെ സ്തുതിക്കുന്നതിലും വീഴ്ച വരുത്തിയിരുന്നില്ല.
ചില സന്ദർഭങ്ങളിൽ ജോസഫ് തന്റെ കഠിനപ്രയത്നത്താൽ തളർന്ന് അവശനായിത്തീർന്നിരുന്നു. അങ്ങനെയുള്ള അവസരങ്ങളിൽ അവൻ വീട്ടിൽ വന്ന് ഭാര്യയോട് അക്കാര്യം പറയും.അപ്പോൾ മറിയം ഈശോയെ ജോസഫിന്റെ മടിയിൽ വച്ചുകൊടുക്കും. ഈശോ തന്നെ അതിന് ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ജോസഫ് സന്തോഷത്തോടെ ഏറ്റം വിനയപൂർവ്വം ഈശോയെ തന്റെ മടിയിൽ സ്വീകരിച്ചുകൊണ്ട് ആലിംഗനം ചെയ്തു; അങ്ങനെ തളർന്നുപോയ അവന്റെ ശക്തിയും ചൈതന്യവും വീണ്ടെടുത്തു; ആത്മാവിനു പുത്തൻ ഉണർവ്വും ഉന്മേഷവും കൈവരിച്ചു. ഈശോ ജോസഫിനെ തലോടുകയും അവൻ സന്തോഷം കൊണ്ട് മതിമറക്കുകയും ചെയ്തിരുന്നു. സ്നേഹപാരവശ്യത്താൽ മതിമറന്ന് ജോസഫ് ഈശോയെ കൊഞ്ചിക്കുകയും തൃപ്പാദങ്ങളിലും നെഞ്ചിലും മാറിമാറി ചുംബിക്കുകയും ചെയ്തു. ഈ സമയത്തു തിരുക്കുമാരൻ തന്റെ സ്നേഹത്തിന്റെ പ്രകടനമെന്നോണം ജോസഫിനെ നോക്കി കുടു കൂടെ ചിരിക്കുകയായിരുന്നു. അദ്ധ്വാനഭാരത്താൽ തളർന്ന ജോസഫിന്റെ ക്ഷീണവും അവശതയും അവിടെ ഈശോ ഏറ്റെടുത്തു ആശ്വാസം പകരുകയായിരുന്നു.
അങ്ങനെ വരുന്ന ചില അവസരങ്ങളിൽ ജോസഫ് ഉടൻതന്നെ ഈശോയെ മറിയത്തിന്റെ പക്കലേക്കു തിരിച്ചുകൊടുക്കും; കാരണം അപ്പോൾ അനുഭവപ്പെടുന്ന സ്നേഹപാരവശ്യവും ആഹ്ലാദവും അത്ര അപാരമായിരുന്നു. ചിലപ്പോൾ നിയന്ത്രണം വിട്ട് അവൻ പറയുമായിരുന്നു: “എന്റെ ഈശോയേ, എന്റെ ഈ ശുഷ്കമായ ഹൃദയത്തിന് നിന്റെ സ്നേഹത്തിന്റെ പാരമ്യവും പരമാനന്ദവും ഉൾകൊള്ളാൻ സാധിക്കുന്നില്ലലോ അതിനാൽ, നിന്റെ ഉദാത്തമായ സ്നേഹത്തിന്റെ പൂർണ്ണത ഉൾകൊള്ളത്തക്കവിധം വിശാലമായൊരു ഹൃദയം നൽകി ഈ ദാസനെ അനുഗ്രഹിക്കണം.”
ചില സന്ദർഭങ്ങളിൽ ജോസഫ് പുറത്തുപോയിട്ട് തിരിച്ചുവന്നു കൂടാരത്തിനുള്ളിൽ പ്രവേശിക്കുമ്പോൾ മറിയം ഈശോയേ മടിയിലിരുത്തി താലോലിക്കുകയായിരിക്കും; എന്നാൽ ജോസഫിനെ കാണുമ്പോൾത്തന്നെ ഈശോ ജോസഫിന്റെ കൈകളിലേക്കു പോകാൻ ആഗ്രഹപ്രകടനം നടത്തും. മറിയമാകട്ടെ, ഉടനെതന്നെ കുട്ടിയെ തന്റെ ഭർത്താവിന്റെ കൈകളിൽ വച്ചുകൊടുക്കുകയും ചെയ്യും. ജോസഫ് സ്നേഹത്തിൽ മതിമറന്ന് സന്തോഷപാരവശ്യത്തിൽ നിറഞ്ഞു ഇങ്ങനെ ഉദഘോഷിച്ചിരുന്നു: “ഈശോയേ, എന്റെ സ്നേഹമേ! എന്നെപ്പോലെ ഇത്ര നിസ്സാരനായവനോട് ഇത്രമേൽ സ്നേഹവായ്പു പ്രകടിപ്പിക്കാൻ എനിക്ക് എന്താണു യോഗ്യത? നീ താണിറങ്ങി എന്റെകൂടെ വന്നതുതന്നെ എത്രയോ വലിയ കാരുണ്യമാണ് . ഇപ്പോൾ ഞാൻ ചോദിക്കാതെ തന്നെ നീ എന്റെ അടുത്തേക്കു വരുന്നല്ലോ ഇത് എനിക്കു പ്രതീക്ഷിക്കാവുന്നതിലും എത്രയധികമാണ്! ഇതിനു ഞാൻ എന്താണു പ്രതിഫലം നൽകേണ്ടത്? എന്റെ പൊന്നു മകനേ ഇതാ, ഞാൻ എന്നെത്തന്നെ പൂർണ്ണമായും നിനക്കു തരുന്നു. നിനക്ക് ഇഷ്ടമെന്നു തോന്നുന്നത് എന്നോടു പ്രവൃത്തിച്ചുകൊള്ളുക. എന്തെന്നാൽ ഞാൻ പൂർണ്ണമായും നിന്റേതാണ്.’ ജോസഫ് ഇപ്രകാരം തന്റെ ഹൃദയത്തിന്റെ അന്തർദാഹങ്ങൾ പ്രകടിപ്പിച്ചപ്പോൾ ഈശോ അതിൽ സംതൃപ്തനാകുകയും പുഞ്ചിരിച്ചുകൊണ്ട് ആഹ്ലാദം പ്രകടമാക്കുകയും ചെയ്തു. ജോസഫിന്റെ നേരേയുള്ള ഈശോയുടെ നോട്ടത്തിലും ഭാവത്തിലും അതു പ്രസ്പഷ്ടമായിരുന്നു.
ജോസഫ് ഈശോയ്ക്കുവേണ്ടി പണിതുണ്ടാക്കിയ ഒരു പിള്ളത്തൊട്ടിൽ ഉണ്ടായിരുന്നു. മാതാവു വീട്ടുജോലികൾ ചെയ്യുമ്പോൾ തന്റെ അടുത്ത് ഈശോയെ അതിലാണ് കിടത്തുക പതിവ്. പണിയെടുക്കുമ്പോഴും പാചകം ചെയ്യുമ്പോഴും ഈശോയുടെ മേൽ ഒരു കണ്ണുണ്ടായിരിക്കുന്നതിനും അവനെ ധ്യാനിക്കുന്നതിനും വേണ്ടിയാണ് ഉണ്ണിയെ തന്റെ അടുത്ത് ആ പിള്ളത്തൊട്ടിലിൽ കിടത്തിയിരുന്നത്. ഈശോ ആ തൊട്ടിലിൽ കിടക്കുന്നതു കാണുമ്പോൾ ജോസഫ് അവനെ നിലംപറ്റെ താണുവണങ്ങുമായിരുന്നു.
ഒരിക്കൽ ആ തൊട്ടിലിൽ ഈശോ ഉറങ്ങുന്നതു കണ്ടപ്പോൾ ജോസഫും മാതാവും ഒന്നുചേർന്ന്
ഉദ്ഘോഷിച്ചു: “അതെ ഈ കുഞ്ഞു ദൈവത്തിന്റെ ഏക ജാതനാണ്; വാഗ്ദാനം ചെയ്യപ്പെട്ട മിശിഹാ, അവതരിച്ച ദൈവത്തിന്റെ വചനം, സകലത്തിന്റെയും സ്രഷ്ടാവ്! എന്നിട്ടും നമ്മൾ അവനെ നശ്വരമായൊരു പേടകത്തിൽ കിടക്കുന്നതു കാണുന്നു!” ജോസഫ് മറിയത്തിന്റെ നേരെ നോക്കികൊണ്ടു പറഞ്ഞു. “മറിയം, അവതാരം ചെയ്ത ദൈവത്തിന്റെ വചനത്തെ മർത്ത്യശരീരമാകുന്ന വസ്ത്രം ധരിപ്പിക്കാനുള്ള ഭാഗ്യം ലഭിച്ചവൾ നീ മാത്രമാണ്. ദുഖമോ സഹനമോ ഇല്ലാത്ത ഒരു ദൈവം നിന്നിലൂടെ മനുഷ്യരുടെ സഹനങ്ങൾ ഏറ്റെടുക്കാൻ പര്യാപ്തനായിത്തീർന്നിരിക്കുന്നു. അനന്തശക്തി സ്വരൂപനും അഗോചരവും നിഗൂഢവുമായിരുന്നവൻ നിന്നിലൂടെ പ്രകടവും പ്രസ്പഷ്ടവുമാംവിധം വെളിവാക്കപ്പെട്ടിരിക്കുന്നു. ഓ! ഇത് എത്ര അനുപമമായ അനുഗ്രഹമാണ് ! എത്ര ആനന്ദദായകമായ സൗഭാഗ്യമാണ് ദൈവപുത്രന്റെ അമ്മയായിരിക്കുക എന്നത്!”
ജോസഫ് ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ഈശോ ഉറക്കമുണർന്നു; കണ്ണുകൾ തുറന്ന് ആദ്യം മാതാവിനെയും പിന്നെ ജോസഫിനെയും നോക്കി. അവർ ശ്രദ്ധിച്ചു; ഈശോയിൽ കൃപയും സ്നേഹവും പ്രീതിയും എല്ലാം പൂർണ്ണമാക്കപ്പെട്ടിരിക്കുന്നു എന്ന് അവർ ഗ്രഹിച്ചു ; ജോസഫും മറിയവും ഈശോയുടെ സ്വർഗ്ഗീയമഹിമാപ്രതാപത്തെ അവന്റെ വിനീതമായ ദൃശ്യപ്രകൃതിയിൽ ധ്യാനിച്ചു. പിന്നീട് അവർ ഒരു നവ്യഗാനം ആലപിച്ചു; അവതാരം ചെയ്ത വചനത്തിന് അവളുടെ ഹൃദയത്തിന്റെ ആഴത്തിലുള്ള ജ്ഞാനത്തിൽനിന്ന് ഒരു സ്തോത്രഗാനം പാടി മറിയം കർത്താവിനെ ആരാധിച്ചു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.