സെമിത്തേരിയില്‍ ആളിറങ്ങാനുണ്ടോ?

~ അഭിലാഷ് ഫ്രേസര്‍ ~

എറണാകുളത്ത് ‘സിമിത്തേരിമുക്ക്’ എന്നു പേരുള്ള ഒരു ബസ് സ്റ്റോപ്പുണ്ട്. ഒരിക്കല്‍, ഞാന്‍ കയറിയ ബസ് ഈ സ്റ്റോപ്പിലെത്തിയപ്പോള്‍ ഡോര്‍ ചെക്കര്‍ വിളിച്ചുചോദിച്ചു: ‘സെമിത്തേരി ആളിറങ്ങാനുണ്ടോ?’

”എല്ലാവരും സിമിത്തേരിയിലേക്കാണ്!”

സിമിത്തേരികളെ ഇന്നു നമ്മളാരും ഓര്‍ക്കാതായിരിക്കുന്നു – സ്വന്തം ജീവിതത്തിന്റെ ഭാഗമായിരുന്നൊരാളുടെ ശവമഞ്ചവുമായി നമ്മളിവിടെ എത്തുവോളും! ഏറ്റവും അനായാസം നമ്മള്‍ മറന്നു പോകുന്ന ഒരിടമാണ് സിമിത്തേരി. അല്ലെങ്കില്‍, എന്റെയൊരു സുഹൃത്ത് ഒരിക്കല്‍ പറഞ്ഞ സംഭവത്തില്‍ ധനികയായ വൃദ്ധയുടെ മനോഭാത്തോടെയാവാം നമ്മള്‍ അതിനെയോര്‍ക്കുന്നത്.

ഈ സുഹൃത്തിന്റെ വാടകവീടിന്റെ ഉടമസ്ഥയായ വൃദ്ധയുടെ മക്കളെല്ലാം അമേരിക്കയിലാണ്. ഒരിക്കല്‍ ഈ ധനികവൃദ്ധ മക്കളുടെയടുത്തുപോയി കുറച്ചുനാള്‍ താമസിച്ചു. മടങ്ങിവന്നു വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന കൂട്ടത്തില്‍ നെടുവീര്‍പ്പോടെ ധനികവൃദ്ധ പറഞ്ഞു.

”അമേരിക്കയില്‍ കിടന്നു മരിക്കണമെന്നാണ് എന്റെ ആഗ്രഹം….”

മക്കളുടെ പക്കല്‍ കിടന്നു മരിക്കാനുള്ള കൊതികൊണ്ടാണ് അവരിങ്ങനെ പറഞ്ഞതെന്ന് ചിന്തിചചു നിന്ന എന്റെ സ്‌നേഹിതനെ ഞെട്ടിച്ചുകൊണ്ട് വൃദ്ധ തുടര്‍ന്നു: ”അമേരിക്കയിലെ സിമിത്തേരികള്‍ ഒന്നു കാണണം. എന്തൊരു ഭംഗി! കൊട്ടാരം പോലെയാണവര്‍ സിമിത്തേരികള്‍ പണിയുന്നത്!”

ഈ ആഢംബര സിമിത്തേരികള്‍ ‘റീത്ത’യും ‘കത്രീന’ യും കൊണ്ടുപോയി എന്നു കേള്‍ക്കുമ്പോള്‍ ആ വൃദ്ധ എങ്ങനെയാവും പ്രതികരിച്ചിട്ടുണ്ടാവുക എന്നാലോചിക്കുന്നതില്‍ ഒരു ഫലിതമുണ്ട് എങ്കിലും, അമ്പരപ്പിക്കുന്നതും ദുഃഖിപ്പിക്കുന്നതും) നമ്മുടെയൊക്കെ കാഴ്ചപ്പാടിന്റെ മണ്ണിനേക്കാള്‍ താഴ്ന്ന ലൗകികതയാണ്!

മരണത്തെക്കുറിച്ച് ആഴമുള്ള അവബോധങ്ങള്‍ നമ്മുടെ കാലത്തിനു കൈമോശം വരികയാണോ ? ഭൂകമ്പങ്ങളും ചുഴലിക്കാറ്റുകളും മണ്ണില്‍പണിഞ്ഞ മുഴുവന്‍ സ്മാരകങ്ങളെയും തുടച്ചുനീക്കി കടന്നുപോകുന്നതു കണ്ടിട്ടും നമ്മള്‍ മനസിലാക്കത്തതെന്താണ്? ഹൃദയങ്ങളിലും ആത്മാവിലും കുറിച്ചുവയ്ക്കുന്ന സ്മാരകങ്ങളാണ് അവ മാത്രമാണു കാലത്തെ അതിജീവിക്കുക എന്നത് അത്ര ഗഹനമായ പാഠമൊന്നുമല്ലല്ലോ. വെറുതെ ചരിത്രത്തിലേക്കു നോക്കിയാല്‍ പഠിക്കാവുന്നതല്ലേയുള്ളൂ!

നമ്മുടെ കാലത്തിലെ ഒരവധൂതനായ ബ്രദര്‍ മാവുരൂസിന്റെ വില്‍പത്രത്തിലെഴുതിവച്ച വാക്യങ്ങള്‍അതുകണ്ട നിമിഷംമുതല്‍ എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു: ”എന്നെ കോര്‍പ്പറേഷന്റെ പൊതുശ്മശാനത്തില്‍ അജ്ഞാതരുടെയും അനാഥരുടെയും കൂടെ അടക്കം ചെയ്യുക!” ഒരു നിമിഷം, നമ്മുടെയൊക്കെ കല്ലറകള്‍ ഓര്‍മിച്ചുപോയി… ഈ മനുഷ്യന്‍ എത്തിച്ചേര്‍ന്നിരിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പരിസരങ്ങളിലെങ്കിലും എത്തിച്ചേരാന്‍ നമുക്കു കഴിഞ്ഞിരുന്നെങ്കില്‍….!

സെന്റ് അഗസ്റ്റിന്റെ ആത്മകഥയായ കണ്‍ഫെഷന്‍സില്‍ വിവരിക്കുന്ന ഒരു സംഭവമുണ്ട്. അഗസ്റ്റിന്റെ അമ്മയായ മോനിക്കയ്ക്ക് തീവ്രമായ ഒരാഗ്രഹമുണ്ടായിരുന്നു. മരണശേഷം, തന്റെ ഭൗതിക ദേഹം സ്വന്തം നാട്ടില്‍, ഭര്‍ത്താവിന്റെ ശവകുടീരത്തിനടുത്തായി സംസ്‌കരിക്കണം. എന്നാലൊരിക്കല്‍, ഓസ്ട്രിയായില്‍വച്ച് അഗസ്റ്റിനുമൊരുമിച്ചിരിക്കുമ്പോള്‍ ഉണ്ടായ ഒരാത്മീയാനുഭൂതിക്കുശേഷം മോനിക്ക തന്റെ ആഗ്രഹം തിരുത്തി:

”എന്നെ എവിടെ വേണമെങ്കിലും അടക്കം ചെയ്തുകൊള്ളുക. ദൈവത്തിന് എല്ലായിടവും ഒരുപോലെ!”

മുന്‍പൊരിക്കല്‍ വായിച്ച ലേഖനത്തില്‍നിന്നൊരു സംഭവ കഥ ഓര്‍ക്കുന്നു. തണുത്തുറഞ്ഞ അറ്റ്‌ലാന്റിക്കില്‍ ഒരു കപ്പല്‍ മുങ്ങുകയാണ്. രക്ഷപ്പെടാന്‍ തത്രപ്പെടുന്ന യാത്രക്കാരില്‍ ചില ചെറിയ ഒരു ലൈഫ് ബോട്ടില്‍ കയറിപ്പറ്റി. ഇനിയൊരാള്‍ കൂടി കയറിയാല്‍ ബോട്ടു മുങ്ങും. അപ്പോഴാണ്, ഒരു കുഞ്ഞിനെയും കൊണ്ടു നിലവിളിക്കുന്ന ഒരു സ്ത്രീ….! സ്ത്രീക്കും കുഞ്ഞിനും രക്ഷപ്പെടണമെങ്കില്‍ ബോട്ടില്‍നിന്നൊരാള്‍ പുറത്തു ചാടണം. കഷ്ടപ്പെട്ടു സീറ്റു കൈക്കലാക്കിയിരുന്ന ഒരു ചെറുപ്പക്കാരന്‍ ഉടനെ എഴുന്നേറ്റു പറഞ്ഞു: ”ഞാന്‍ തയ്യാറാണ്. എനിക്കുവേണ്ടി ആരും കാത്തിരിക്കുന്നില്ല. ആ സ്ത്രീക്കാവട്ടെ, വളര്‍ത്താന്‍ ഒരു കുഞ്ഞുണ്ട്- അവള്‍ രക്ഷപ്പെടട്ടെ!” അയാള്‍ കടലിലേക്കെടുത്തു ചാടി. ഒരടയാളം പോലും അവശേഷിപ്പിക്കാതെ അയാളുടെ ശവകുടീരത്തെ ഓളങ്ങള്‍ വന്നുമൂടി…. രക്ഷപെട്ടവരൊക്കെ വിസ്മരിക്കപ്പെട്ടിട്ടും പേരറിയാത്ത ആ ചെറുപ്പക്കാന്‍ മാത്രം കാലത്തിലൂടെ ഓര്‍മിക്കപ്പെടുന്നു! എങ്ങനെയാണു ശവകുടീരങ്ങള്‍ പണിയേണ്ടതെന്ന് നമ്മള്‍ പഠിച്ചിരുന്നെങ്കില്‍….!

സിമിത്തേരികളെ ധ്യാനിക്കുമ്പോള്‍ കിട്ടുക മരണത്തിന്റെ പാഠങ്ങള്‍ മാത്രമല്ല. കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന തലമുറകളുടെ ചിത്രമാണ്. അതീതകാലങ്ങളിലേക്കു പടര്‍ന്നുപോകുന്ന മനുഷ്യവംശത്തിന്റെ, ബന്ധങ്ങളുടെ ചിത്രം! അതിനുള്ളിലുറങ്ങുന്ന മനുഷ്യനിലൂടെ അയാളുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാവരുമായും ചിന്തയില്‍ നാം ബന്ധപ്പെടുന്നു. അയാളുടെ അനുഭവങ്ങളിലൂടെ നമ്മള്‍ കാണാത്ത, അറിയാത്ത ഒരുപാട് ലോകങ്ങളെ തൊടുന്നു. തലമുറകളെ തൊടുന്നു (ഉദാഹരണത്തിന്, സിമിത്തേരിയില്‍ നിങ്ങള്‍ തേടുന്ന ആള്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്തയാളായിരിക്കാം. അയാളിലൂടെ നമ്മള്‍ രണ്ടാം ലോകമഹായുദ്ധത്തെ തൊടുന്നു. ആ യുദ്ധത്തില്‍ പങ്കെടുത്ത സഹപ്രവര്‍ത്തകരെ തൊടുന്നു. യുദ്ധഭീകരതയെയും ദുരന്തങ്ങളെയും തൊടുന്നു….). അങ്ങനെ, ഓരോ ശവകുടീരത്തെയും ധ്യാനിച്ചുപോയാല്‍ ഏതേതുകാലങ്ങളിലേക്കും ഏതേത് അനുഭവങ്ങളിലേക്കുമാണു നമ്മള്‍ എത്തിച്ചേരുക… ഓരോ സിമിത്തേരിയും അടക്കം ചെയ്യപ്പെട്ടട അനുഭവങ്ങളുടെ, ബന്ധങ്ങളുടെ ഒരു പ്രപഞ്ചമായി മാറുന്നു!

സിമിത്തേരി മരണവും ജീവിതവുമാണ്. ജീവിതത്തിന്റെ പൊള്ളത്തരത്തെ മാത്രമല്ല, അതിന്റെ ആഴങ്ങളെക്കൂടിയാണ് സിമിത്തേരികള്‍ തുറന്നു കാട്ടുന്നത്. സാര്‍വലൗകികമായ മനുഷ്യബന്ധങ്ങളിലേക്കു മനസിനെ നയിക്കുന്ന കവാടം കൂടിയാകുന്നു സിമിത്തേരികള്‍!

അവസാനത്തെ ചിത്രം ഒരൊഴിഞ്ഞ ശവകുടീരമാണ്… ക്രിസ്തുവിന്റേത്. ശവകുടീരങ്ങളെല്ലാം ഒഴിയേണ്ടവയാണെന്നും, കൂദാശയ്ക്കു സമമായ ഒരടയാളം മാത്രമാണവ എന്നും, ഒഴിഞ്ഞ കല്ലറയുടെ ശൂന്യത പാടുന്ന സങ്കീര്‍ത്തനം ‘ഗ്ലോറിയ’ എന്നു തന്നെയാണെന്നും സിമിത്തേരിക്കുള്ള ക്രിസ്തുഭാഷ്യം!


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles