ഉണ്ണിമാതാവിനോടുള്ള ഭക്തിയെ കുറിച്ചറിയാമോ?
മരിയ ബാംബിനാ’ എന്ന ഇറ്റാലിയന്‍ വാക്കിന്റെ അര്‍ത്ഥം ‘ബേബി മേരി’ എന്നാണ്. വളരെ കൗതുകം തോന്നുന്ന ഒരു വാക്കില്‍ അതിലേറെ കൗതുകം തോന്നുന്ന ഒരു ചരിത്രം ഉറങ്ങി കിടപ്പുണ്ട്. പരിശുദ്ധ അമ്മയുടെ ശൈശവ കാലത്തെ രൂപം ആണ് ബേബി മേരി അഥവാ ഉണ്ണി മാതാവ്.
അമേരിക്കയിലുള്ള ചില കത്തോലിക്കാ ദേവാലയങ്ങളില്‍ ഉണ്ണി മാതാവിന്റെ രൂപം വച്ച് വണങ്ങുന്നുണ്ട്. വിശുദ്ധ പാദ്രേ പിയോ, വിശുദ്ധ ജോണ്‍ യുഡ്സ് തുടങ്ങിയവരൊക്കെ ഉണ്ണി മാതാവിന്റെ ഭക്തരായിരുന്നു. പരിശുദ്ധ അമ്മയോടുള്ള ഭക്തി വളര്‍ത്താന്‍ ഉണ്ണി മാതാവിനോടുള്ള പ്രാര്‍ത്ഥന ഈ വിശുദ്ധരെ ഒത്തിരി സഹായിച്ചിട്ടുണ്ട്.
1735 ആണ് ഉണ്ണി മാതാവിന്റെ മെഴുകു പ്രതിമ ഇറ്റലിയിലെ ക്ലാര മഠത്തില്‍ സ്ഥാപിച്ചത്. ബിഷപ് അല്ബേറിക്കോ സിമോണെറ്റ് ഈ മെഴുകു രൂപം മിലാനില്‍ ഉള്ള തന്റെ ജന്മദേശത്തേക്കു 1738 ല്‍ കൊണ്ട് വന്നു. അദ്ദേഹത്തിന്റെ മരണ ശേഷം കപ്പൂച്ചിന്‍ സിസ്റ്റേഴ്സ് പരിശുദ്ധ അമ്മയുടെ ജനന രഹസ്യത്തെ ധ്യാനിക്കാനും ആരാധിക്കാനും തുടങ്ങി.
ആയിരത്തി എണ്ണൂറ്റി പത്തില്‍ സിസ്റ്റര്‍ ബാര്‍ബറ എന്ന കപ്പൂച്ചിന്‍ സിസ്റ്റര്‍ ഉണ്ണി മാതാവിന്റെ രൂപത്തെ സംരക്ഷിക്കാന്‍ തുടങ്ങി. അവരുടെ മരണ ശേഷവും ഉണ്ണി മാതാവിനോടുള്ള ഭക്തി സിസ്റ്റേഴ്സില്‍ മാത്രം ആയിരുന്നു ഒതുങ്ങി നിന്നിരുന്നത്.
സെപ്റ്റംബര്‍ 8 മാതാവിന്റെ ജനന തിരുനാളിനോട് അനുബന്ധിച്ചു ഏഴു ദിവസത്തേക്ക് വിശുദ്ധ രൂപം ചാപ്പലിലേക്കു കൊണ്ട് വന്നിരുന്നു… പിന്നീട് എല്ലാ വര്‍ഷവും ഉണ്ണി മാതാവിന്റെ ജനന തിരുനാളിനു വിശുദ്ധ രൂപം ചാപ്പലില്‍ എത്തിക്കുക പതിവായി തീര്‍ന്നു.
1884ല്‍ ആണ് ആ അത്ഭുതം നടന്നത്. ജോസഫൈന് എന്ന കന്യസ്ത്രീക്കു ലഭിച്ച രോഗശാന്തി ഉണ്ണി മാതാവിനോടുള്ള ഭക്തി വര്‍ധിപ്പിക്കാന്‍ സഹായകമായി എന്നു വേണം പറയാന്‍. സിസ്റ്റര്‍ ജോസഫൈന് രോഗബാധിതയായി കുറെ നാളുകളായി കിടപ്പിലായിരുന്നു. മദര്‍ പ്രൊവിന്‍ഷ്യലിന്റെ അനുമതിയോടെ ഒരു രാത്രി മുഴുവനും കുഞ്ഞു മാതാവിന്റെ രൂപം തന്റെ കിടപ്പു മുറിയില്‍ വച്ചു. സിസ്റ്റര്‍ ജോസഫൈനെ പിറ്റേന്ന് രോഗ വിമുക്തയായി മഠത്തിലെ ആളുകള്‍ക്ക് കാണാന്‍ സാധിച്ചത് ഉണ്ണി മാതാവിനോടുള്ള ഭക്തി വര്‍ദ്ധിക്കാന്‍ കാരണമായി.
1885ല്‍ ആണ് സിസ്റ്റേഴ്സ് ഉണ്ണി മാതാവിന്റെ രൂപത്തിലെ മാറ്റം ശ്രദ്ധിച്ചു തുടങ്ങിയത്. അതുവരെ കാണപ്പെട്ടിരുന്ന മഞ്ഞ നിറത്തില്‍ നിന്നും ജീവനുള്ള ഒരു കുഞ്ഞിന്റെ മുഖ ഭാവത്തിലേക്ക് ഉണ്ണി മാതാവിന്റെ രൂപം മാറാന്‍ തുടങ്ങി. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം ഉണ്ണി മാതാവിനെ മിലാനില്‍ ഉള്ള പുതിയ ചാപ്പലിലേക്കു കൊണ്ട് വന്നു. വിശ്വാസികള്‍ക്കായി ഈ ചാപ്പല്‍ തുറന്നു വച്ചതും ആയിടെ ആണ്.
1904ല്‍ കുഞ്ഞു മാതാവിന്റെ രൂപത്തില്‍ കര്‍ദിനാള്‍ ഫെറാരി കിരീട ധാരണം നടത്തുകയുണ്ടായി. രണ്ടാം ലോക മഹായുദ്ധത്തിന്െ സമയത്തു ഉണ്ണി മാതാവിന്റെ രൂപം സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി. തുടര്‍ന്ന് 1945ല്‍ മിലാനിലേക്കു തിരിച്ചു കൊണ്ട് വരികയും ചെയ്തു. 1953 ല്‍ കുഞ്ഞുമേരിയെ പുതുക്കിയ ചാപ്പലിലേക്കു പ്രതിഷ്ഠിക്കപ്പെട്ടു. എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 8നു മാതാവിന്റെ ജനന തിരുന്നാള്‍ ഇവിടെ കൊണ്ടാടുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.