തിരുക്കുടുംബത്തിന് ഈജിപ്തില്‍ കഴിയുവാനുള്ളയിടം ദൈവം ഒരുക്കിയത് എങ്ങിനെ എന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 103/200

ആ നഗരത്തിൽ എവിടെ താമസമാക്കണമെന്നറിയാൻ അവർ മൊത്തത്തിൽ ഒന്ന് കറങ്ങിത്തിരിഞ്ഞു. സമാധാനത്തിൽ കഴിയാൻ തക്ക ശാന്തമായ അന്തരീക്ഷമുള്ള ഒരു സ്ഥലമായിരുന്നു അവർ അന്വേഷിച്ചിരുന്നത്. എന്നാൽ അത് കണ്ടെത്താൻ കഴിയാതെ കുറച്ചു സമയം വിഷമിച്ചു. മറിയത്തെയും ഈശോയെയും പറ്റിയുള്ള ചിന്തകൾ ജോസഫിനെ കൂടുതൽ അസ്വസ്ഥനാക്കുകയും ചെയ്തു. ബെത്ലഹേമിൽ സ്വന്തക്കാരും ബന്ധുജനങ്ങളും ഉണ്ടായിരുന്നിട്ടുപോലും ദൈവപുത്രന് ജന്മം നൽകാൻ എങ്ങും ഒരിടവും കിട്ടാതെ അലഞ്ഞുതിരിഞ്ഞ കാര്യം അമ്പരപ്പുളവാക്കിക്കൊണ്ട് അവന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു കടന്നു പോയി.

അവൻ ദൈവത്തോട് സഹായത്തിനായി കേണപേക്ഷിച്ചു; “എന്റെ ദൈവമേ, സ്വന്തക്കാരുടെയും ബന്ധുജനങ്ങളുടേയും ഇടയിൽ അന്വേഷിച്ചിട്ട് താമസസൗകര്യം കിട്ടിയില്ല. പിന്നെ എങ്ങനെയാണ് അജ്ഞരും അവിശ്വാസികളുമായ അന്യനാട്ടുകാരുടെ ഇടയിൽ നിന്ന് അതു പ്രതീക്ഷിക്കുന്നത്? എന്റെ കർത്താവേ, ഇപ്പോൾ അവിടുത്തെ സഹായമാണ് എനിക്ക് ആവശ്യമായിരിക്കുന്നത്. അവിടുത്തെ ഏക ജാതനും അവന്റെ അമ്മയ്ക്കും സംരക്ഷണം കൊടുക്കാൻ അവിടുന്നാണല്ലോ എന്നെ ഭാരമേല്പിച്ചിരിക്കുന്നത്. ഇപ്പോൾ അവർക്കും എനിക്കും സുരക്ഷിതമായി താമസത്തിന് പറ്റിയ ഒരിടം അവിടുന്ന് കാണിച്ചു തന്നാലും.”

ദൈവം ജോസഫിന്റെ പ്രാർത്ഥന കേട്ടു. ദൈവമാതാവിനോട് ആദരവും ബഹുമാനവും തോന്നിയ മനുഷ്യരിൽ ഒരാളുടെ ഹൃദയത്തോട് ദൈവം സംസാരിക്കുകയും അവൻ വന്ന് പട്ടണത്തിന്റെ ആളൊഴിഞ്ഞ ഭാഗത്തു ഒരു ചെറിയ വീട് അവർക്കായി ഒരുക്കിക്കൊടുക്കുകയും ചെയ്തു. അങ്ങനെ അവിടെ തിരുക്കുടുംബം സമാധാനത്തിൽ താമസം തുടങ്ങി.

ചുറ്റുപാടുമുള്ള ആളുകൾ വിഗ്രഹാരാധകർ ആയിരുന്നെങ്കിലും അവരുടെ ഔദാര്യ മനോഭാവത്തെ ജോസഫ് അങ്ങേയറ്റം ബഹുമാനിച്ചിരുന്നു. അവരുടെ മഹാമനസ്കതയ്ക്ക് പ്രതിഫലം കൊടുക്കണമെന്ന് അവർക്കുവേണ്ടി ദൈവത്തോട് നിരന്തരം പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. ജോസഫും മറിയവും ഈശോയും ആ കൊച്ചുകൂടാരത്തിൽ താമസമാക്കിയ ദിവസം കുറച്ചു സമയം എല്ലാവരും വിശ്രമിച്ചു. ഒരു പുതിയ വാസസ്ഥലം നൽകിയതിന് അവർ കർത്താവിനെ സ്തുതിച്ചു. അവിടെ തങ്ങളെ കൊണ്ടുവന്നെത്തിച്ച കർത്താവിനു അവർ നന്ദി പറഞ്ഞു.

വിഗ്രഹം നിലംപതിച്ചതിനെ ചൊല്ലി പട്ടണമാകെ സംസാരവും ഒച്ചപ്പാടുമായിരുന്നു. തിരുക്കുടുംബം വളരെ ഒതുക്കത്തിൽ അവിടെ കഴിഞ്ഞുകൂടി; ആ രാത്രിയിൽ ഭക്ഷണം അന്വേഷിച്ചു പുറത്തുപോകാനുള്ള സാഹസത്തിനൊന്നും ജോസഫ് മുതിർന്നില്ല. അവൻ പറഞ്ഞു: “മറിയം, നമുക്ക് അത്യാവശ്യം വേണ്ട കാര്യങ്ങൾക്കു എന്താണു മാർഗം? പട്ടണത്തിലാകെ ചൂടുപിടിച്ച സംസാരവും ബഹളവുമാണ്. ഈ സാഹചര്യത്തിൽ പുറത്തുപോകാതെ വീടിനുള്ളിൽ കഴിയുന്നതാണ് സുരക്ഷ എന്നാണ് എനിക്കു തോന്നുന്നത്. ഇപ്പോൾ ഞാൻ പുറത്തു പോകുകയാണെങ്കിൽ ഈ അസമയത്തു എന്നെ കണ്ടാൽ അവർ എന്തു വിചാരിക്കും എന്ന് ആർക്കറിയാം.”

ദൈവത്തോടുള്ള സ്നേഹത്തെപ്രതി ഇതുപോലെ നേരിടുന്ന വൈഷമ്യങ്ങളെല്ലാം ക്ഷമാപൂർവ്വം സഹിക്കണമെന്നും അവൻ മനുഷ്യവംശത്തിന്റെ വിമോചനത്തിനുവേണ്ടി വളരെയധികം സഹിക്കേണ്ടതുണ്ടെന്നും പറഞ്ഞുകൊണ്ട് മറിയം ജോസഫിനെ ധൈര്യപ്പെടുത്തി. ആ വാക്കുകളാൽ ജോസഫിന്റെ ഹൃദയം ധൈര്യം വീണ്ടെടുക്കുകയും പരീക്ഷണങ്ങളെ സന്തോഷത്തോടെ നേരിടുകയും ചെയ്തു. എങ്കിൽപ്പോലും ദൈവപുത്രനും അവന്റെ പരിശുദ്ധ മാതാവും ജീവിക്കേണ്ടിവരുന്ന ദയനീയമായ സാഹചര്യങ്ങളെക്കുറിച്ചുള്ള ചിന്തകളും അതിനെ അതിജീവിക്കാനുള്ള തന്റെ നിസ്സഹായാവസ്ഥയും ജോസഫിനെ സാരമായി വിഷമിപ്പിക്കുന്നുണ്ടായിരുന്നു.

അവർക്കു താമസിക്കാൻ കുടിലു വച്ചുകെട്ടുന്നതിനുള്ള ശ്രമമായിരുന്നു അടുത്തത്. എന്നാൽ ഒന്നുമില്ലായ്മയിൽ നിന്ന് ഓരോന്നു സംഘടിപ്പിക്കേണ്ടിയിരുന്നു. നിസ്സഹായാവസ്ഥയിൽ നെടുവീർപ്പിട്ടുകൊണ്ട് അവൻ തന്നോടുതന്നെ മന്ത്രിച്ചു: “ഓ എന്തായാലും ബെത്ലഹേമിലെ പുൽക്കൂടിനെക്കാൾ എത്ര മെച്ചമാണിവിടം! ഇവിടെ തിരുക്കുമാരന്റെ ജീവനു ഭീഷണിയൊന്നുമില്ലല്ലോ ദൈവം ഈ മാർഗ്ഗം തിരഞ്ഞെടുത്തപ്പോൾ ഞാനും ആ വഴിയേ നീങ്ങുക തന്നെ ചെയ്യണം.”

“ദൈവസുതൻ സ്വയം ഇത്രത്തോളം എളിമപ്പെട്ടു ജീവിക്കുന്നതിനു പിതാവായ ദൈവം ഈ സ്ഥലം തിരഞ്ഞെടുക്കുവാൻ തിരുമനസ്സായപ്പോൾ ഞാനെന്തിന് അതിനു വിസമ്മതിക്കണം? ദൈവം കാണിച്ചു തരുന്നതിനോട് ഞാനും പൊരുത്തപ്പെട്ടു ജീവിക്കുകയാണു വേണ്ടത്. എങ്കിലും മറിയത്തിന്റെയും ഈശോയുടെയും സഹനങ്ങളത്രയും ഇപ്പോഴും എന്നെ വിഷമിപ്പിക്കുന്നുണ്ട്. ദൈവം അത് സംഭവിക്കാൻ ആഗ്രഹിക്കുമ്പോൾ ഞാനും അതിൽ സംതൃപ്തനാകേണ്ടിയിരിക്കുന്നു.” – അങ്ങനെ ജോസഫിന്റെ ആത്മാവ് സ്വയം സമാശ്വസിച്ചു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.

ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles