എല്ലാം വിധിക്കു വിട്ടു കൊടുക്കരുത്, മാന്ത്രികതയിൽ ആശ്രയിക്കരുത്: ഫ്രാൻസിസ് പാപ്പാ
സകലത്തെയും വിധിക്കു വിട്ടുകൊടുക്കുകയൊ, മാന്ത്രികതയിൽ ആശ്രയിക്കുകയോ ചെയ്യുന്ന മനോഭാവങ്ങളിൽ നിന്ന് ക്രൈസ്തവർ അകന്നു നില്‍ക്കുകയും, ഏറ്റം ബലഹീനരിലും അവഗണിക്കപ്പെടുന്നവരിലും ശ്രദ്ധയൂന്നി, ദൈവസഹായത്തോടെ ഒത്തൊരുമിച്ച് പൊതു നന്മോന്മുഖമായി പ്രവർത്തിക്കുന്നതിന് ആനുപാതികമായി കാര്യങ്ങൾ മെച്ചപ്പെടും എന്ന അവബോധത്തോടെ ജീവിക്കുകയും ചെയ്യേണ്ടതിൻറെ ആവശ്യകത ഫ്രാന്‍സിസ് പാപ്പാ ചൂണ്ടിക്കാട്ടി.
2021-ൽ എന്താണ് സംഭവിക്കുകയെന്ന് ആർക്കുമറിയില്ല, എന്നാൽ, പരസ്പരം പരിചരിക്കുന്നതിനും, സൃഷ്ടിയെയും നമ്മുടെ പൊതുഭവനത്തെയും പരിപാലിക്കുന്നതിനും വേണ്ടി അല്പം കൂടുതൽ പരിശ്രമിക്കുന്നതിന് സംഘാതമായി യത്നിക്കാൻ സാധിക്കുമെന്ന് പറഞ്ഞ പാപ്പാ ഇപ്രകാരം തുടർന്നു:
സ്വാർത്ഥതയും സുഖലോലുപതയും വെടിയുക
ശരിയാണ്, സ്വന്തം താൽപ്പര്യങ്ങൾ മാത്രം പരിപാലിക്കാനും, യുദ്ധം തുടരാനുമുള്ള പ്രലോഭനം ഉണ്ട്. ഉദാഹരണത്തിന്, സാമ്പത്തിക വീക്ഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക, സുഖഭോഗങ്ങളിൽ മുഴുകി ജീവിക്കുക, അതായത്, സ്വന്തം സന്തോഷപൂരണത്തിനു മാത്രം ശ്രമിക്കുക തുടങ്ങിയവ. എന്നെ വിഷമിപ്പിച്ച ഒരു സംഭവം ഞാൻ പത്രങ്ങളിൽ വായിച്ചു: ഒരു രാജ്യത്ത്, ഏതാണ് എന്ന് എനിക്ക് ഓർമ്മയില്ല, ലോക്ക്ഡൗണിൽ നിന്ന് രക്ഷപ്പെട്ട്, അവധിക്കാലം തകർത്ത് ആഘോഷിക്കാൻ ആളുകൾ ഒരു ദിവസം ഉച്ചതിരിഞ്ഞ് 40 ലധികം വിമാനങ്ങളിൽ പുറപ്പെട്ടു.
ആളുകളൊക്കെ നല്ലവരാണ്, എന്നാൽ അവർ, വീട്ടിൽ കഴിയുന്നവരെക്കുറിച്ച്, ലോക്ക്ഡൗണിൻറെ ഫലമായി കഷ്ടപ്പെടുന്ന നിരവധി ആളുകളുടെ സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച്, രോഗികളെക്കുറിച്ച് ചിന്തിച്ചില്ലേ? അവധിക്കാലം ആസ്വദിക്കുകയും, സ്വന്തം സുഖവും മാത്രമായിരുന്നു അവരുടെ ലക്ഷ്യം.. ഇത് എന്നെ വളരെയധികം വേദനിപ്പിച്ചു, ഫ്രാൻസിസ് പാപ്പാ പറഞ്ഞു.
യാതനകളിലൂടെ കടന്നു പോകുന്നവർ
പുതുവർഷാരംഭത്തിൽ കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരെ, അതായത്, രോഗികളെയും തൊഴിലില്ലാത്തവരെയും അടിച്ചമർത്തലിൻറെയോ ചൂഷണത്തിൻറെയോ സാഹചര്യങ്ങളിൽ ജീവിക്കുന്നവരെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.
ജനനം ഒരു പ്രതീക്ഷ
എല്ലാ കുടുംബങ്ങളെയും, പ്രത്യേകിച്ച് ചെറിയ കുട്ടികളുള്ള അല്ലെങ്കിൽ ഒരു കുഞ്ഞിൻറെ ജനനം പ്രതീക്ഷിക്കുന്ന കുടുംബങ്ങളെ പാപ്പാ സ്നേഹപൂർവ്വം അനുസ്മരിച്ചു.
ജനനം എന്നും പ്രതീക്ഷയുടെ വാഗ്ദാനമാണെന്ന് പറഞ്ഞ പാപ്പാ ജനനം പാർത്തിരിക്കുന്ന കുടുംബങ്ങളുടെ ചാരെ താനുണ്ടെന്ന് ഉറപ്പുനല്‍കുകയും പ്രസ്തുത കുടുംബങ്ങൾക്കയി ദൈവാനുഗ്രഹം പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.