തിരുക്കുമാരനെ ദൈവാലയത്തില്‍ കാഴ്ചവയ്ക്കുന്നതിനായി വി. യൗസേപ്പിതാവും പരി. മാതാവും ഒരുങ്ങിയത് എപ്രകാരമായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 93/200
അവരുടെ യാത്രാമദ്ധ്യേ ചിലപ്പോഴൊക്കെ അവർ നിന്നു; ക്ഷീണിച്ചു തളർന്നതുകൊണ്ടല്ല; ഉണ്ണീശോയ്ക്കു ചിലസമയത്ത് ജോസെഫിന്റെ കരങ്ങളിൽ വിശ്രമിക്കേണ്ടിയിരുന്നു; എന്തെന്നാൽ ജോസഫിന് ഈശോയുടെ സമാശ്വാസം പകർന്നുകൊടുക്കേണ്ടിയിരുന്നു.അക്കാര്യം തിരുസുതൻ മാതാവിനെ അറിയിക്കുകയും അപ്പോൾത്തന്നെ അതീവ സന്തോഷത്തോടെ മാതാവ് ഈശോയെ തന്റെ വിശുദ്ധനായ ഭർത്താവിന്റെ കരങ്ങളിൽ വച്ചുകൊടുക്കുകയും ചെയ്തിരുന്നു, ജോസഫ് ആകട്ടെ , ഈശോയെ എടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു; പക്ഷേ, അതു തുറന്നുപറഞ്ഞിരുന്നില്ല.പറയാതെതന്നെ ജോസഫിന്റെ മനസറിഞ്ഞു ഈശോ പ്രവർത്തിച്ചിരുന്നു,
അവൻ തന്റെ ആഗ്രഹം ഹൃദയത്തിനുള്ളിൽ ദൈവത്തോടു പറഞ്ഞു. ദൈവം എപ്പോഴും ജോസഫിന്റെ ആഗ്രഹങ്ങൾക്കും അപേക്ഷകൾക്കും പ്രത്യേകം ചെവി കൊടുത്തിരുന്നു.ജോസഫ് ഏറ്റം ഭയഭക്തികളോടെ ഈശോയെ തന്റെ കരങ്ങളിൽ സ്വീകരിച്ചു. മുട്ടുകുത്തി നിന്നുകൊണ്ടാണ് മറിയത്തിന്റെ കയ്യിൽനിന്ന് ഈശോയെ സ്വീകരിച്ചത്. അപ്പോൾ അവന്റെ ഹൃദയം ഹർഷപുളകിതമായി സ്നേഹത്തിൽ ഉജ്ജ്വലിക്കുകയും മുഖം പ്രകാശിക്കുകയും ചെയ്തിരുന്നു. മറിയം മിക്കവാറും തന്റെ ഭർത്താവിൽ കാണപ്പെടുന്ന സുന്ദരവും പ്രകാശപൂർണ്ണവുമായ ഈ ആത്മീയ പ്രതിഭാസം വലിയ വിസ്മയത്തോടും അതിരറ്റ ആനന്ദത്തോടും കൂടിയാണ് വീക്ഷിച്ചിരുന്നത്.
സുകൃതങ്ങളും കൃപാവരങ്ങളും കൊണ്ടു നിറയുന്ന ജോസഫിന്റെ ആത്മാവിനെ കാണുവാനുള്ള വലിയ കൃപ മറിയത്തിനു ദൈവം കൊടുത്തിരുന്നു. അതുവഴി വിവരണാതീതമായ സമാശ്വാസമാണ് അവളുടെ ആത്മാവിൽ നിറഞ്ഞിരുന്നത്. അവൾ ഹൃദയപൂർവം കർത്താവിനെ സ്തുതിക്കുകയും അവിടുത്തേക്ക് നന്ദി പറയുകയും ചെയ്തിരുന്നു. എന്തെന്നാൽ, അത്രമാത്രം പരിശുദ്ധനും ഏറ്റം നിഷ്കളങ്കനുമായൊരു ജീവിതപങ്കാളിയെയാണ് ദൈവം അവൾക്ക് നൽകിയത്. അവൾ ജോസഫിനോട് പറഞ്ഞു: “ഒരു ആത്മാവ് കൃപയിലും പുണ്യങ്ങളിലും നിറഞ്ഞ് വിശ്വാസപൂർവ്വം ദൈവത്തെ വണങ്ങുന്നതായി കാണപ്പെടുന്നത് എത്ര മനോഹരമായിരിക്കും അതു തിരിച്ചറിയുന്നവൻ നിശ്ചയമായും ആശ്ചര്യഭരിതനായിത്തീരും !”
അവൾ പറഞ്ഞത് ജോസഫിന്റെ ആത്മാവിന്റെ സൗന്ദര്യത്തെയും കൃപയുടെ നിറവിനേയും കുറിച്ചാണ്. എന്നാൽ അത് ജോസഫിനെയാണ് ഉദ്ദേശിച്ചതെന്ന് നേരിട്ട് സൂചിപ്പിച്ചതുമില്ല. മറിയം പറയുന്ന എല്ലാ കാര്യങ്ങളും ജോസഫ് ശ്രദ്ധാപൂർവം കേട്ടിരുന്നു. അവൻ മറുപടി പറഞ്ഞു: “എന്റെ പ്രിയപെട്ടവളേ, അങ്ങനെയുള്ള ഒരാത്മാവിനെ സ്വ ന്തമാക്കാൻ ഞാൻ എന്താണ് ചെയ്യേണ്ടത്? അതുകൊണ്ടു ഞാൻ നിന്നോട് യാചിക്കുകയാണ്, അപ്രകാരം കൃപാലംകൃതമായ ഒരാത്മാവിനെ ലഭിക്കാൻ നീ ദൈവത്തോട് പ്രാർത്ഥിക്കുക. “മറിയം അപ്പോൾ തന്റെ തിരുസുതനോട് ചേർന്ന് പിതാവിന്റെ മുൻപിൽ അവളുടെ യാചനകൾ സമർപ്പിച്ചു. അവൾ ജോസഫിനോട് കർത്താവിനെ സ്തുതിക്കാനും നന്ദി പറയാനും നിർദ്ദേശിച്ചു. എന്തെന്നാൽ അവിടുന്നാണ് ഈ കൃപകളും വരങ്ങളും ദാനങ്ങളും സമൃദ്ധമായി വർഷിച്ചിരിക്കുന്നത്.അവനും അവരോടു ചേർന്ന് തങ്ങളുടെ അപേക്ഷകളും യാചനകളും ദൈവമായ കർത്താവിന്റെ സന്നിധിയിൽ നന്ദിപൂർവം സമർപ്പിച്ചു.
ദൈവത്തെ പ്രസാദിപ്പിക്കാൻ താൻ എന്താണ് ചെയ്യേണ്ടതെന്ന് ജോസഫ് മറിയത്തോടു പലപ്പോഴും ചോദിക്കുമായിരുന്നു. ദൈവഹിതം പൂർത്തിയാക്കുന്നതിനുള്ള വിവിധ മാർഗങ്ങൾ മറിയം വിവരിച്ചു കൊടുക്കുകയും ചെയ്തിരുന്നു. മറിയത്തോടു താൻ കടപ്പെട്ടിരിക്കുന്നു എന്ന് മനസ്സിലാക്കുകയും അത് അവൾക്കു ബോധ്യം വരത്തക്കവിധം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെ മഹത്വപ്പെടുത്തിക്കൊണ്ടും കർത്താവിനെ സ്തുതിച്ചുകൊണ്ടും എല്ലാ കാര്യത്തിലും അവിടുത്തേക്ക് നന്ദി പറഞ്ഞുകൊണ്ടും വിശുദ്ധ ദമ്പതികൾ അവരുടെ മാർഗത്തിൽ നടന്നുനീങ്ങികൊണ്ടിരുന്നു.
അവരെ സമാശ്വസിപ്പിച്ചുകൊണ്ടു ദൈവം കടാക്ഷിക്കുന്നതിനും മനുഷ്യവംശത്തിനുവേണ്ടി അവിടുന്ന് ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ സകലതിനും അവർ കർത്താവിനു നന്ദി പറഞ്ഞു. അവസാനം തിരുക്കുമാരനെയും കൊണ്ട് അവർ ജറുസലേമിൽ എത്തിച്ചേർന്നു. ഉടൻതന്നെ കുട്ടിയെ ദൈവാലയത്തിൽ കാഴ്ചവയ്ക്കുന്നതിനു വേണ്ട നടപടികളിലേക്കു നീങ്ങുകയും ചെയ്തു. ദൈവമാതാവിനുവേണ്ടി ജോസഫ് രണ്ടു മാടപ്രാവുകളേയും രണ്ടു ചങ്ങാലിപ്രാവുകളേയും വിലയ്ക്കുവാങ്ങി. തങ്ങളുടെ ആദ്യജാതനെ വീണ്ടെടുക്കുന്നതിനാവശ്യമായ അഞ്ചു നാണയങ്ങൾക്കു പുറമെയാണിത്.
ആ സന്ദർഭത്തിൽ ജോസഫിനെ ഏറ്റവും വിസ്മയിപ്പിച്ചത് തന്റെ ഭാര്യയുടെ സുകൃതങ്ങളാണ്, പ്രത്യേകിച്ച് അവളുടെ വിനയപ്രകൃതവും കന്യകാത്വവും പരിശുദ്ധിയും മറ്റു സ്ത്രീകളെപ്പോലെതന്നെ സമർപ്പിച്ചു വീണ്ടെടുക്കേണ്ടിവരുന്നതോർത്തപ്പോൾ ജോസഫിന്റെ വിസ്മയം ഒന്നുകൂടി വർദ്ധിച്ചു. അതുപോലെതന്നെ, അവനെ ഏറ്റവും കൂടുതൽ അമ്പരപ്പിച്ച മറ്റൊരു കാര്യം രക്ഷകനായി പിറന്ന തിരുക്കുമാരനും മറ്റു മനുഷ്യമക്കളെപ്പോലെ വീണ്ടെടുക്കപ്പെടണമെന്ന കാര്യമാണ്. ഇത് ജോസഫിന്റെ ജീവിതകാലം മുഴുവൻ അവൻ മനസ്സിൽ സൂക്ഷിച്ചു ധ്യാനവിഷയമാക്കിയിരുന്നു. അപ്രകാരംതന്നെ തിരുക്കുമാരനും പരിശുദ്ധാത്മാവും ചെയ്ത പല നിഗൂഢസത്യങ്ങളും ജോസഫ് തന്റെ ജീവിതകാലം മുഴുവൻ അനുസ്മരിക്കുകയും ധ്യാനിക്കുകയും ചെയ്തിരുന്നു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.