പരി. മാതാവ്, ദൈവപുത്രനെകുറിച്ചുള്ള വി. യൗസേപ്പിതാവിന്റെ ആകുലതകളകറ്റിയത് എപ്രകാരമാണെന്ന് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 91/200
മറിയവും ജോസഫും ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളുടെ പൂര്‍ത്തീകരണത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുകയും അവരുടെ അരികില്‍ മനുഷ്യരൂപമെടുത്തുവന്നു നിലത്തു ശയിക്കുന്ന മിശിഹായെ ധ്യാനിക്കുകയും ചെയ്തു. പിള്ളക്കച്ചയില്‍ കിടക്കുന്ന രക്ഷകനെയോര്ത്ത് അവര്‍ വ്യസനം പൂണ്ടു. ഈശോയെ മാതാവിന്റെ കരങ്ങളില്‍ എടുത്തു കൊടുക്കണം എന്ന് ജോസഫ് ആഗ്രഹിച്ചു. മാതാവിന്റെ കരങ്ങളിലായിരിക്കുമ്പോഴാണ് ഈശോയ്ക്ക് ഏറ്റവും സുഖപ്രദമായ അവസ്ഥ അനുഭവപ്പെടുന്നത് എന്ന് ജോസഫിനറിയാം. അതുവഴി ജോസഫിന്റെ വിഷമത്തിനും ഈ ലോകത്തിന്റെ തിരസ്കരണത്തിന്റെയും അവഗണനകളുടെയും സഹനത്തില്‍ നിന്ന് തിരുക്കുമാരന് ആശ്വാസം ലഭിക്കുമല്ലോ എന്ന് അവര്‍ ചിന്തിച്ചിരുന്നു.
ഇത്ര ശൈശവത്തില്പോലും തിരുക്കുമാരന് ഭൗതികസുഖാനുഭവങ്ങളില് നിന്നും ഉളവാകുന്ന സന്തോഷങ്ങള്‍ ത്യജിക്കുകയും മാനവലോകത്തിന്റെ പാപരിഹാരത്തിനുവേണ്ടി ദൈവത്തെ പ്രസാദിപ്പിക്കുന്നതിന് സഹനങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. ചില സമയങ്ങളില്‍ ഈശോയെ തൊട്ടിലില്‍ ഒറ്റയ്ക്കു കിടത്തിയിരിക്കുന്നതു കാണുമ്പോള്‍ ജോസഫ് മറിയത്തോടു പറയുമായിരുന്നു. ‘എന്റെ ഭാര്യേ, നിനക്ക് കുട്ടിയെ എന്റെ കയ്യില്‍ ഏല്പിക്കാമായിരുന്നല്ലോ. എനിക്കതില്‍ എത്ര സന്തോഷമാകുമമായിരുന്നു. കുട്ടി ഒറ്റയ്ക്കു കിടന്ന് വിഷമിക്കേണ്ടിവരികയില്ലായിരുന്നേേല്ലാ?’
വളരെ വിവേകത്തോടെയാണ് മറിയം അതിനു മറുപടി പറഞ്ഞത്. അങ്ങനെയുള്ള ചില സന്ദര്‍ഭങ്ങളില്‍ ഈശോ ആ വിഷമതകള്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണ് തനിച്ചു കിടത്തിയത്. അവന്റെ കാരുണ്യം പരിഗണിക്കുമ്പോള്‍ സഹനങ്ങളുമായി അവന് ഒത്തുപോകേണ്ടതുണ്ട്. സന്തോഷത്തിന്റെയും ആശ്വാസത്തിന്റെയും വഴികള്‍ പരിത്യജിക്കേണ്ട സന്ദര്‍ഭങ്ങളില്‍ അവനെ സഹനത്തിന്റെ കരങ്ങളില്‍ വച്ചു കൊടുക്കേണ്ടിയിരുന്നു.
ദൈവഹിതത്തിനു മുമ്പില്‍ തലകുനിച്ചുകൊണ്ട് ജോസഫ് മറിയത്തോടു പറഞ്ഞു: ‘എന്നെ സംബന്ധിച്ചിടത്തോളം സംതൃപ്തിജനകമായ എല്ലാം ത്യജിക്കാനും ദുരിതങ്ങള്‍ സഹിക്കാനും ഞാന്‍ തയ്യാറാണ്; അതില്‍ ഞാന്‍ സന്തുഷ്ടനുമാണ്. എന്നാല്‍ നമ്മുടെ അരുമസുതനായ തിരുക്കുമാരന് മോശമായ നിലയില്‍ വിഷമിക്കുന്നതു കാണുക എനിക്കു സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. അവനു സന്തോഷം ലഭിക്കുന്നതിനുവേണ്ടി എന്തും സഹിക്കാന്‍ ഞാന്‍ ഒരുക്കമാണ്. നമ്മുടെ പ്രിയങ്കരനായ ഈശോ കുരുന്നുപ്രായത്തില്ത്തന്നെ കഷ്ടതകള്‍ അനുഭവിക്കേണ്ടിവരുന്നതു കാണുന്നതാണ് എന്റെ ദുഃഖകാരണം.’
ദൈവമാതാവിന് ജോസഫിനോട് വലിയ സഹതാപം തോന്നി. എല്ലാവരെക്കാളുമധികമായി അവള് തന്റെ പുത്രനെ സ്നേഹിക്കുന്നുണ്ട്. ജോസഫിനേക്കാള്‍ കൂടുതലായി അവള്‍ക്കു ദുഃഖമുണ്ട്. അവരുടെ ഏറ്റം ശോച്യവും ദരിദ്രവുമായ അവസ്ഥയില്‍ ഈശോ അനുഭവിക്കേണ്ടിവരുന്ന വിഷമതകളും ദുരിതങ്ങളും അവളുടെ ദുഃഖം വര്‍ദ്ധിപ്പിക്കുന്നുമുണ്ട്. എങ്കിലും അവള് തന്റെ ഭര്‍ത്താവ് തളര്ന്നുപോകാതിരിക്കാന്വേണ്ടിയാണു പ്രത്യേകം ശ്രദ്ധിക്കുന്നത്. കുടുംബനാഥന് വീണാല്‍ അതു കുടുംബത്തിന്റെ പതനമാണ്. മറിയം തന്റെ ദുഃഖം ഉള്ളിലൊതുക്കിക്കൊണ്ട് ജോസഫിനെ ധൈര്യപ്പെടുത്തുകയായിരുന്നു. തിരുക്കുടുംബത്തിലെ ഓരോരുത്തരും ദുഃഖങ്ങള്‍ പങ്കുവയ്ക്കുകയോ വര്‍ദ്ധിപ്പിക്കുകയോ അല്ല ചെയ്തത്. മറിച്ച് ഈശോയ്ക്കുവേണ്ടി അവര്‍ സ്വയം പരിത്യജിക്കുന്നതും ജീവിതപങ്കാളിയുടെ ദുഃഖങ്ങളും സഹനങ്ങളും ലഘൂകരിക്കാന്‍ സദാ ബദ്ധശ്രദ്ധരായിരിക്കുന്നതുമാണ് കാണുന്നത്. മറിയം പറഞ്ഞു: ‘ജോസഫേ, ഒരു കാര്യം നമ്മള് മനസ്സിലാക്കേണ്ടതുണ്ട്. നമ്മുടെ ആത്മീയ സന്തോഷത്തിന്റെ നടുവില്‍ അവിടുന്ന് അനുഭവിക്കുന്ന ഈ സഹനങ്ങളെല്ലാം നമ്മള് അനുഭവിക്കേണ്ടതുണ്ട്. നമ്മുടെ പൊന്നോമന പുത്രന് ഈദൃശങ്ങളായ ദുരിതങ്ങള്‍ അനുഭവിക്കുന്നതു കാണേണ്ടിവരിക സ്നേഹമുള്ള ഒരു ഹൃദയത്തിന് അങ്ങേയറ്റം വേദനാജനകമാണ്. അത്യന്തം അസഹനീയവുമാണ്. എങ്കില്‍പോലും ദൈവകരങ്ങളില്‍നിന്നു വരുന്നത് അനുഭവിക്കാതെ തരമില്ലല്ലോ. സഹനം വരുമ്പോള്‍ ക്ഷമാപൂര്‍വ്വം നന്ദി പറഞ്ഞ് നമുക്ക് അവിടുത്തെ മഹത്വപ്പെടുത്താേ.’
കണ്ണീരില്‍ കുതിര്ന്നുകൊണ്ടാണ് ജോസഫ് അതിനു മറുപടി പറഞ്ഞത്. ‘എന്റെ് പ്രിയ ഭാര്യേ, നീ ഒന്നു മനസ്സിലാക്കണം. ഒരു ഭര്‍ത്താവെന്ന നിലയിലും ഒരു അപ്പനെന്ന നിലയിലും ഈശോ അനുദിനം സഹിക്കുന്നതും എന്റെ പ്രിയപ്പെട്ടവളായ നീ അവനെപ്രതി അനുഭവിക്കുന്നതും നിസ്സഹായനായി നോക്കി നിന്നു കാണേണ്ടിവരുന്ന എന്റെ ഹൃദയത്തിന്റെ ദുഃഖഭാരം അതിന്റെ എല്ലാ പരിധികളും അതിലംഘിച്ചിരിക്കുകയാണ്. അവസാനമായി, ദൈവപുത്രന്റെ അമ്മയായ നീ, എന്റെ എല്ലാ അനുഗ്രഹങ്ങള്‍ക്കും നിദാനമായി, പ്രത്യേകിച്ചു കൃപയുടെ തലങ്ങളില്‍ വലിയ സൗഭാഗ്യം ലഭിച്ചവള്‍ എന്നും ദുരിതമനുഭവിക്കേണ്ടിവരുന്ന അവസ്ഥ എന്റെ ഹൃദയത്തെ എത്രയധികമായിട്ടാണു വേദനയിലാഴ്ത്തുന്നത്?’
‘ഞാന്‍ നിന്നെ അളവില്ലാതെ സ്നേഹിക്കുന്നു. എന്തെന്നാല്‍ നീ എന്നോടു പ്രകടിപ്പിക്കുന്ന സ്നേഹം പരിധിയില്ലാത്തതാണ്. തന്നെയുമല്ല ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റം അനുഗൃഹീതയും സ്നേഹസമ്പൂര്ണ്ണയുമാണ് നീ. കൃപയും വരങ്ങളുംകൊണ്ടു നിറഞ്ഞവളും! അങ്ങനെയുള്ള ഒരുവള്‍ നിരന്തരമെന്നോണം സഹനത്തിന്റെ കാസ പാനംചെയ്യുന്നതു കണ്ടുകൊണ്ടിരിക്കേണ്ടിവരുന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ ദുഃഖത്തിലാഴ്ത്തുന്നത്.
ജോസഫ് അങ്ങനെ സംസാരിക്കുന്നതു കേട്ടപ്പോള്‍ മറിയം ഒന്നുകൂടി വിനയാന്വിതയായി; അവളോടുള്ള ജോസഫിന്റെ കരുതലിനും സ്നേഹത്തിനും അവള്‍ക്കുള്ള നന്ദിയും സന്തോഷവും മറിയം എടുത്തു പറഞ്ഞു: തന്റെ സ്നേഹത്തിന് അവള് ഏറ്റവും യോഗ്യതയുള്ളവളും ബഹുമാനിക്കപ്പെടാന്‍ അര്ഹയുള്ളവളുമാണെന്നറിഞ്ഞപ്പോള് ജോസഫിന്റെ സന്തോഷം ഒന്നുകൂടി വര്‍ദ്ധിച്ചു. എന്നാല്‍ അവന് തന്നെത്തന്നെ നിസ്സാരനായി കരുതുകയും ചെയ്തു. അത് ജോസഫിന്റെ വിനയത്തിന്റെ ഏറ്റം മഹത്തായ സവിശേഷതയാണ്. മറിയത്തിന്റെ വാക്കുകള്‍ ജോസഫിന് വലിയ പ്രചോദനമായിത്തീര്‍ന്നു. അവന് തന്നോടുതന്നെ പറഞ്ഞു: ‘മറിയം ഇപ്രകാരം എന്റെ സ്നേഹത്തെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നെങ്കില്‍ നിശ്ചയമായും അവളുടെ മകനും എന്റെ സ്നേഹത്തെ വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്യും. ഹാ, എത്ര ആനന്ദകരമായ കാര്യമാണ് ഏറ്റം മഹദ്വ്യക്തികള് എന്റെ സ്നേഹത്തെയും എന്റെ പ്രവൃത്തികളെയും അംഗീകരിക്കുന്നു എന്ന് അറിയുന്നത്.’
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.