ജ്ഞാനികളുടെ രാജകീയ സന്ദര്‍ശനം വി. യൗസേപ്പിതാവിന് അത്യാനന്ദകരമായത് എന്തുകൊണ്ടാണെന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 90/200

രാജാക്കന്മാരുടെ വരവും ദൈവത്തിന്റെ വെളിപ്പെടുത്തലുകളും ജോസഫിന്റെ മനസ്സിന് വളരെയധികം സന്തോഷം പ്രദാനം ചെയ്തു. തുടര്‍ന്ന് തനിക്കുണ്ടായ വെളിപ്പെടുത്തലുകളും ആത്മീയാനുഭവങ്ങളും ജോസഫ് മറിയത്തിന്റെ മുമ്പില്‍ വിവരിച്ചു. ദൈവമായ കര്‍ത്താവ് പരിശുദ്ധ മറിയത്തിനും അതേ വെളിപാടിന്റെ വെളിച്ചം നല്കിയിട്ടുണ്ടായിരുന്നു. അവര്‍ രാജാക്കന്മാരുടെ സന്ദര്‍ശനത്തെക്കുറിച്ചു ചര്‍ച്ച ചെയ്യുകയും ദൈവത്തിനു നന്ദി പറയുകയും ചെയ്തു. അവര്‍ ജ്ഞാനികളായ രാജാക്കന്മാര്‍ക്കു ലഭിച്ച സൗഭാഗ്യത്തെയും നിയോഗത്തെയും കുറിച്ച് ചിന്തിക്കുകയും വിലയിരുത്തുകയും ചെയ്തു. അന്ന് ഈ ഭൂമിയില്‍ എത്രയോ രാജാക്കന്മാര്‍ ഉണ്ടായിരുന്നു. അവരിലാര്‍ക്കും രാജാധിരാജനും ലോകരക്ഷകനുമായ ക്രിസ്തുവിനെ കാണുവാനോ അവന്റെ ആഗമനരഹസ്യം അറിയുവാനോ ഭാഗ്യം ലഭിച്ചില്ല. എന്നാല്‍ വിജാതീയദേശത്തുനിന്നു ആ മൂന്നു ജ്ഞാനികള്‍മാത്രം ആ മഹാസൗഭാഗ്യത്തിന് അര്‍ഹരായിത്തീര്‍ന്നു. ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ഹെബ്രായജനത്തില്‍നിന്ന് ആട്ടിടയന്മാരായ ആ നിഷ്‌കളങ്ക ആത്മാക്കള്‍ക്കുമാത്രം മിശിഹായുടെ മനുഷ്യാവതാര രഹസ്യം ലഭിച്ചു. അവര്‍ ദൈവത്തിന്റെ അത്ഭുതകരമായ നിയോഗങ്ങളെയും പ്രവര്‍ത്തനങ്ങളെയുംപറ്റി ഇപ്രകാരം ചിന്തിക്കുകയും വിസ്മയത്തോടും വണക്കത്തോടുംകൂടി അവിടുത്തെ ആരാധിക്കുകയും സ്തുതിക്കുകയും ചെയ്തു.

അതിനുശേഷം രാജാക്കന്മാര്‍ നല്കിയ സമ്മാനങ്ങള്‍ ജോസഫ് പരിശോധിച്ചു. അവരുടെ ജ്ഞാനത്തിന്റെയും നിയോഗത്തിന്റെയും പ്രതാപത്തിന്റെയും പ്രതീകങ്ങളായിരുന്നു ആ സമ്മാനങ്ങള്‍ എന്നു ജോസഫ് തിരിച്ചറിഞ്ഞു. അവന് ഏറ്റവുമധികം ആഹ്ലാദം പകര്‍ന്നത് അവര്‍ സമര്‍പ്പിച്ച സുഗന്ധദ്രവ്യങ്ങള്‍ കണ്ടപ്പോഴാണ്. എന്തെന്നാല്‍, അത് ദൈവത്തെ മഹത്വപ്പെടുത്തുന്നതിനു വേണ്ടിയുള്ളതായിരുന്നു. കര്‍ത്താവിനെ ആരാധിക്കുന്നതിന് ആ കുന്തിരിക്കം അവന്‍ പലപ്പോഴും ഉപയോഗിച്ചിരുന്നു. സ്വര്‍ണ്ണം കണ്ടിട്ട് അവന് അത്ര മതിപ്പു തോന്നിയില്ല. എന്തെന്നാല്‍, ജോസഫ് ദാരിദ്ര്യത്തെ സ്‌നേഹിച്ചിരുന്നു. അതിനാല്‍ അവരുടെ അത്യാവശ്യ കാര്യങ്ങള്‍ക്കു വേണ്ടത് എടുത്തശേഷം ബാക്കിയുള്ളത് ദൈവാലയത്തിലേക്ക് കാഴ്ചവയ്ക്കുകയും കുറച്ചുഭാഗം ദരിദ്രര്‍ക്കു ദാനം ചെയ്യുകയും ചെയ്തു. അവന്‍ അപ്രകാരം ചെയ്തത് ദൈവത്തിന്റെ ഇഷ്ടം നിറവേറ്റുന്നതിനും തന്റെ ഭാര്യയുടെ നിര്‍ദ്ദേശവും കൂടി പരിഗണിച്ചുകൊണ്ടാണ്.

ജ്ഞാനികളുടെ രാജകീയ സന്ദര്‍ശനം ജോസഫിന്റെ മനസ്സില്‍ അത്യാനന്ദകരമായ അവസ്ഥാവിശേഷം സൃഷ്ടിച്ചിരുന്നു. അവന്‍ മറിയത്തോടൊത്തു കര്‍ത്താവിനെ ആവര്‍ത്തിച്ചു സ്തുതിക്കുകയും ആരാധിക്കുകയും അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ബെത്‌ലേഹേമില്‍ നാല്പതു ദിവസത്തെ താല്ക്കാലിക വാസത്തിനിടയില്‍ ജോസഫിന് നിരവധി കൃപകളും അനേകം സ്വര്‍ഗ്ഗീയ വെളിപ്പെടുത്തലുകളും ലഭിച്ചു. അവന്‍ ആനന്ദപരവശനായി കൂടെക്കൂടെ ഈശോയെ എടുത്തുകൊണ്ടു നടക്കുകയും മാറത്തിട്ട് താരാട്ടുപാടി ഉറക്കുകയും ചെയ്തിരുന്നു. ഈശോയാകട്ടെ പലപ്പോഴും അവിടുത്തെ കുഞ്ഞിക്കൈകള്‍കൊണ്ട് ജോസഫിനെ കെട്ടിപ്പിടിക്കുമായിരുന്നു.

ചില സന്ദര്‍ഭങ്ങളില്‍ ദിവ്യശിശു ജോസഫിനെ വാത്സല്യപൂര്‍വ്വം നോക്കുകയും തന്റെ സ്വര്‍ഗ്ഗീയ മഹിമപ്രതാപത്തിന്റെ പ്രകാശകിരണങ്ങള്‍ അവനിലേക്ക് പ്രവഹിപ്പിക്കുകയും ചെയ്തിരുന്നു. മറ്റുചില അവസരങ്ങളില്‍ ഈശോ അവിടുത്തെ കുഞ്ഞുമൂര്‍ദ്ധാവ് ജോസഫിന്റെ കഴുത്തില്‍ ചേര്‍ത്ത് അമര്‍ത്തിപ്പിടിക്കും. വേറെ ചില വേളകളില്‍ ജോസഫ് ചെയ്യുന്ന സ്‌നേഹോഷ്മളമായ പ്രവൃത്തികള്‍ അംഗീകരിക്കുകയും അതിനു നന്ദിപറയുകയും ചെയ്യുന്നതിന്റെ സൂചനയായി ഈശോ അവിടുത്തെ കുഞ്ഞുശിരസ്സ് കുലുക്കിക്കാണിക്കുക പതിവായിരുന്നു. ഈശോ ഓരോ തവണ ജോസഫിനെ ആശ്ലേഷിക്കുമ്പോഴും ആത്മീയാനുഭൂതിയില്‍ ലയിച്ച് മണിക്കൂറകള്‍ കടന്നുപോകുന്നത് അവന്‍ അറിഞ്ഞിരുന്നില്ല. ഭക്ഷണംപോലും കഴിക്കാതെ സ്‌നേഹത്തില്‍ ജ്വലിക്കുക മാത്രം ചെയ്തുകൊണ്ടിരുന്നാല്‍ അവന്റെ ശാരീരികശക്തി ചോര്‍ന്നുപോയേക്കുമെന്നു കരുതി മറിയം ജോസഫിനെ വിളിച്ചുണര്‍ത്തുകയും ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു. ആ ദിവസങ്ങളില്‍ പലപ്പോഴും മറിയം നിര്‍ബന്ധിക്കുന്നില്ലെങ്കില്‍ ജോസഫ് ഭക്ഷണം കഴിച്ചിരുന്നില്ല.

ഈശോയെ കാണാന്‍ വരുന്ന എല്ലാവരും ദൈവത്തിന്റെ അത്ഭുതപ്രവൃത്തികള്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യണമെന്ന് അവന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് അവരെല്ലാം സത്യം ഗ്രഹിച്ച് ഈശോയെ ആരാധിക്കാന്‍ തക്കവിധം അവരെ പ്രാപ്തരാക്കാന്‍ അത്യധികം ആഗ്രഹിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നു. അക്കാര്യം മറിയത്തോടു സംസാരിക്കുകയും ചെയ്തു. മറിയം വിവേകപൂര്‍വ്വം അതിനു മറുപടി പറഞ്ഞു. എല്ലാവരും ദൈവിക രഹസ്യങ്ങള്‍ അറിയാന്‍ പാടില്ലെന്നും നിഷ്‌കളങ്കരും ശുദ്ധഹൃദയരുമായ ആത്മാക്കള്‍ മാത്രമേ ദൈവിക രഹസ്യങ്ങള്‍ അറിയേണ്ടതുള്ളെന്നും അവള്‍ അഭിപ്രായപ്പെട്ടു. എളിമയും വിവേചനവരവുമുള്ള വിവേകികളായ ശുദ്ധാത്മാക്കള്‍ക്കു മാത്രമേ ദൈവികരഹസ്യങ്ങളുടെ വെളിപ്പെടുത്തലുകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയൂ. ‘നമ്മുടെ രക്ഷകനായി അവതരിച്ച ഈശോ അവരുടെ ഹൃദയത്തില്‍ പ്രവര്‍ത്തിക്കുകയും അവര്‍ക്കാവശ്യമായ രഹസ്യങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്യും. തന്റെ കൃപയോടു സഹകരിക്കുന്നവര്‍ക്ക് അവന്‍ തന്റെ സാന്നിദ്ധ്യവും സ്‌നേഹവും അനുഭവേദ്യമാക്കി കൊടുക്കുന്നു. ദൈവത്തെ പ്രസാദിപ്പിക്കുന്നവരുടെ ഹൃദയങ്ങളെ ദൈവം പ്രകാശിപ്പിക്കുന്നു. നമ്മള്‍ അവനെ ആരാധിക്കുകയും സ്തുതിക്കുകയും അവനോടു പ്രാര്‍ത്ഥിക്കുകയും ചെയ്തു കൊണ്ടു മൗനമായിരുന്നാല്‍ മാത്രം മതി. സ്‌നേഹത്തിലൂടെയും നന്ദിപ്രകാശനത്തിലൂടെയും അവരുടെ കുറവുകള്‍ നമ്മള്‍ പരിഹരിച്ചാല്‍ മതി. സമയത്തിന്റെ തികവില്‍ ദൈവം അവരെ സത്യത്തിലേക്കു നയിച്ചുകൊള്ളും.’ ജോസഫ് മറിയത്തിനു നന്ദി പറയുകയും അവള്‍ പറഞ്ഞതനുസരിച്ച് സകല നന്മകളുടെയും ഉറവിടമായ ദൈവത്തിന് ഉചിതമായ വിധത്തില്‍ നന്ദി പ്രാകാശിപ്പിക്കുവാന്‍ തന്റെ ഭാര്യയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles