യേശുവിന്റെ പിറവി പ്രയാസം നിറഞ്ഞതായിരുന്നത് എന്തു കൊണ്ട്?
ചിലപ്പോള്‍ നാം ദൈവത്തോട് പറഞ്ഞു പോകാറുണ്ട്. അങ്ങ് വിചാരിച്ചാല്‍ ഏതു കാര്യവും പൂ നുള്ളുന്ന പോലെ നിസാരമല്ലേ. ഈ കൊറോണ വൈറസെല്ലാം അങ്ങ് ഒരു വാക്ക് അരുളിച്ചെയ്താല്‍ ആ നിമിഷം ഇല്ലാതമാകുമല്ലോ. എന്നിട്ടെന്തു കൊണ്ട് ചെയ്യുന്നില്ല? ഇത് തന്നെയാണ് കുരിശില്‍ കിടക്കുമ്പോള്‍ യഹൂദര്‍ യേശുവിനോട് പറഞ്ഞത്: നീ ദൈവപുത്രനാണെങ്കില്‍ കുരിശില്‍ നിന്ന് താഴെയിറങ്ങുക! ‘എന്നിട്ടും ഇതൊന്നും ദൈവം ചെയ്യുന്നില്ലല്ലോ, ദൈവമേ!’എന്നാണ് പ്രതിസന്ധിഘട്ടങ്ങളില്‍ നാം നിലവിളിച്ചു പോകുന്നത്. ദൈവത്തിനു പോലും കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഈ പ്രശ്‌നങ്ങളൊക്കെ വേണമെങ്കില്‍ ഒഴിവാക്കാമായിരുന്നില്ലേ എന്ന് എത്രയോ വട്ടം നാം ചിന്തിച്ചിട്ടുണ്ട്! ഒന്ന് ജനിക്കാന്‍ പെട്ട പാട് ഒന്നോര്‍ത്ത് നോക്കൂ.
പിറവി അടുത്ത വന്ന നേരത്താണ് ഹേറോദേസിന്റെ കല്പന. മലയും കുന്നും കാടും കടന്ന് പോയി പേരെഴുതിക്കണം. ദൈവത്തിന് വേണമെങ്കില്‍ ഹേറോദേസിന്റെ തീരുമാനത്തെ സ്വാധീനിക്കാമായിരുന്നില്ലേ. ആ തീരുമാനം റദ്ദാക്കുകയോ നീട്ടിവയ്പിക്കുകയോ ചെയ്യാന്‍ എത്രയോ വഴികള്‍ ദൈവത്തിന്റെ മുമ്പില്‍ ഉണ്ടായിരുന്നു. ഒന്നുമല്ലെങ്കില്‍ ദൈവപുത്രന്‍ പിറക്കാന്‍ പോകുന്ന സമയമല്ലേ. ഇത്ര ബുദ്ധിമുട്ടിക്കണോ? ആലോചിച്ചു നോക്കുമ്പോള്‍ തോന്നുന്നത് ക്രിസ്മസ് ഉണ്ടാകാതിരിക്കാന്‍ ആരൊക്കെയോ ചേര്‍ന്ന് ഉപജാപം നടത്തി എന്നാണ്. പേരെഴുതിക്കാനുള്ള കല്പന ഉണ്ടാക്കി വയ്ക്കുന്ന പുകില്‍ കൊണ്ടൊന്നും കഷ്ടങ്ങള്‍ തീരുന്നില്ലല്ലോ. പ്രസവ വേദന കൊണ്ട് രാത്രി വലയുമ്പോള്‍ ഒരു വാതില്‍… ഒരൊറ്റ വാതില്‍ പോലും തുറക്കപ്പെടുന്നുമില്ലല്ലോ. ഒരു സത്രമുടമയുടെയെങ്കിലും കാതില്‍ ഒരു മാലാഖയെ അയച്ച് പറയാമായിരുന്നില്ലേ, ഒന്നു തുറന്ന് കൊടുക്കാന്‍!
എത്ര കുഞ്ഞുങ്ങള്‍ ആഹ്ലാദമധുരങ്ങളിലേക്ക് പിറന്നു വീണ ഭൂമിയാണിത്. എത്ര രാജപുത്രന്‍മാര്‍ തോഴിമാരുടെയും വയറ്റാട്ടിമാരുടെയും അകമ്പടിയോടെ എഴുന്നുള്ളിയ ഈറ്റില്ലങ്ങളുണ്ട്. എന്നിട്ടും പ്രധാനപ്പെട്ട ഒരാള്‍ ഇങ്ങനെ വഴിവക്കില്‍… ഹേറൊദേസിന്റെ പടയാളികള്‍ ആയുധധാരികളായി തേടിയെത്തുമ്പോള്‍ ജീവനും കൊണ്ട് പലായനം ചെയ്യേണ്ട വിധം അശരണനാകുന്നതുമെന്തു കൊണ്ട്, ചെങ്കടലിനെ പിളര്‍ന്ന ദൈവം!
ക്രിസ്തുവിന്റെ ജനനവും ജീവിതവും മനുഷ്യനെ ചിന്താക്കുഴപ്പത്തിലാക്കുന്നത് ഇക്കാരണങ്ങള്‍ കൊണ്ടാണ്. ദൈവം വല്ലാതെ താഴുന്നു. വല്ലാതെ ദുര്‍ബലനാകുന്നു. ദൈവം കരയിപ്പിക്കുന്നു. തേരോട്ടങ്ങള്‍ നടത്തി വാഴുന്ന ദൈവസങ്കല്‍പങ്ങള്‍ കാലത്തിന്റെ ഒരു അനര്‍ഘനിമിഷത്തില്‍ നിശ്ചലമാകുന്നു. മനുഷ്യരോടൊപ്പം, അഥവാ മനുഷ്യരെക്കാള്‍ താഴുന്നു. കാലിത്തൊഴുത്ത് മനുഷ്യര്‍ അന്തിയുറങ്ങുന്ന ഇടമല്ലല്ലോ! ദൈവമേന്തേ ഇങ്ങനെ? ബാക്കിയാകുന്ന ചോദ്യമിതാണ്.
ക്രിസ്മസ് വേറിട്ടൊരു പാഠമാണ്. മനുഷ്യാവതാരം ഇക്കാണുന്ന നക്ഷത്രങ്ങളും സംഗീതവും ആഘോഷരാവും മാത്രമല്ല എന്ന് ഓര്‍മിപ്പിക്കുന്ന ഒരു സന്ദേശം. എല്ലാറ്റിനുമുപരി ക്രിസ്മസ് മനുഷ്യന്റെ സങ്കടങ്ങളുമായി ദൈവത്തിന്റെ താദാത്മ്യം പ്രാപിക്കലാണ്. ജീവിതത്തിന്റെ ദുര്‍വഹമായ പയാസങ്ങളിലൂടെ കൂനിക്കൂടി കടന്നു പോകേണ്ടി വരുന്ന ഓരങ്ങളിലെ മനുഷ്യരുടെ പക്ഷം ചേരലാണ്. അവര്‍ക്ക് ഒന്നും എളുപ്പമല്ല. അവര്‍ ഊരും വീടും നഷ്ടപ്പെട്ട അഭയാര്‍ത്ഥികളാണ്. അവരുടെ മുന്നില്‍ വാതിലുകള്‍ കൊട്ടിയടക്കപ്പെടുന്നുണ്ട്. അവരുടെ പേരുകള്‍ പോലും ആരും തിരിച്ചറിയുന്നില്ല. അവരെ കുറിച്ച് അറിയാനും ആര്‍ക്കും താല്പര്യമില്ല. അടയുന്ന ഓരോ വാതിലിന്റെ മുന്നില്‍ നിന്നും അവര്‍ തല താഴ്ത്തി കടന്നു പോകുന്നുണ്ട്. അവസാനം അവരെത്തുന്നത് വാതില്‍ പടിയോ വാതിലോ ഇല്ലാത്ത ഒരു ഹൃദയത്തിന്റെ മുന്നിലാണ്. ആ ഹൃദയം രൂപപ്പെട്ടത് മഞ്ഞുപെയ്യുന്ന ധനുമാസരാവിലാണ്, വാതിലുകളില്ലാത്ത കാലിത്തൊഴുത്തില്‍ വച്ച്!
ജീവിതം അത്ര എളുപ്പമല്ലല്ലോ ദൈവമേ. എന്നു വിലപിക്കുന്ന നേരങ്ങളാണ് യഥാര്‍ഥത്തില്‍ ക്രിസ്മസ് രാവ്. നീണ്ട ക്യൂ നില്‍ക്കേണ്ടി വരുമ്പോള്‍, വൈകിട്ട് വരെ അധ്വാനിച്ചിട്ടും പ്രത്യേകിച്ച് ഒന്നും കിട്ടാതെ വരുമ്പോള്‍, ഒരു തീവണ്ടി വിട്ടു പോയി റെയില്‍വേ സ്‌റ്റേഷനില്‍ അന്തിയുറങ്ങേണ്ടി വരുമ്പോള്‍, സഹായിക്കുമെന്ന്് പ്രതീക്ഷിച്ച ഒരു സുഹൃത്ത് കണ്ട ഭാവം നടിക്കാതെ വാതിലടച്ചു കടന്നു പോകുമ്പോള്‍, രോഗാതുരനാകുമ്പോള്‍ ദൈവം ഒരത്ഭുതം ചെയ്യും എന്ന് പ്രതീക്ഷിച്ചിട്ടും ഒന്നും സംഭവിക്കാതെ വരുമ്പോള്‍… ദൈവം ഒരു വാക്ക് കല്പിച്ചിരുന്നെങ്കില്‍ ഈ ജീവിത പ്രയാസങ്ങളെല്ലാം എത്ര എളുപ്പം തരണം ചെയ്യാമായിരുന്നു എന്നോര്‍ത്ത് പരിഭവിക്കുമ്പോള്‍ ക്രിസ്മസ് രാവ് പൂക്കുന്നു. ദൈവത്തിനു പോലും ഒന്നും എളുപ്പമായിരുന്നില്ല. അല്ലെങ്കില്‍ ഒന്നും എളുപ്പമാകേണ്ട എന്ന് ദൈവം അങ്ങ് തീരുമാനിച്ചു.
മദര്‍ തെരേസയോട് ഒരു പത്രപ്രവര്‍ത്തകന്‍ ചോദിച്ചുവത്രേ, ലക്ഷം രൂപ തന്നാല്‍ പോലും ഞാനീ വൃത്തികെട്ട കുഷ്ഠരോഗികളെ ശുശ്രൂഷിക്കില്ല. ലക്ഷം രൂപയല്ല കോടി തന്നാലും ഞാനിതു ചെയ്യില്ല. ഇതു ചെയ്യാന്‍ ഒറ്റക്കാരണം ക്രിസ്തുവാണ് എന്ന് മദര്‍ മറുപടി കൊടുത്തു. ഈ ഒറ്റക്കാരണം അനേകലക്ഷം പേര്‍ക്ക് മലകളെ മാറ്റാനുള്ള വെളിച്ചവും ഊര്‍ജവുമായതെങ്ങനെ! അതിന്റെ രഹസ്യമാണ് ദൗര്‍ബല്യങ്ങളുടെ കഥ പറയുന്ന ഈ ക്രിസ്മസ് രാവ്.
ദൈവം ഓരങ്ങളിലൂടെ ഭാരവും താങ്ങി വേച്ചു വേച്ചു നടന്നു പോയി. രഥങ്ങളും കൊട്ടാരങ്ങളും വെണ്ണക്കല്‍ദൈവങ്ങളും മണ്‍മറഞ്ഞു. എന്നാല്‍, തെരുവുകളിലൂടെ അലഞ്ഞു നടന്ന് മണ്ണിന്റെയും വിയര്‍പ്പിന്റെയും കാലിക്കൂട്ടത്തിന്റെയും വൈക്കോലിന്റെയും ഗന്ധത്തോടെ പിറന്ന ദൈവം, ഈജിപ്തിലേക്കുള്ള മരുഭൂമിയിലെ പൊടിമണ്ണ് പറ്റിയ ദൈവം മനുഷ്യര്‍ക്ക് ജീവന്‍ പകര്‍ന്ന് സ്‌നേഹിക്കാന്‍ നിതാന്തമായ പ്രചോദനമാകുന്നു. അജയ്യമായ ഊര്‍ജമാകുന്നു. നീ എന്റെ മണ്‍കുടിലില്‍ വന്ന് പാര്‍ത്തതു കൊണ്ട് നിന്നോടുള്ള വിദൂരമായ ആരാധന എന്റെ ചങ്കിന്റെ ചൂടുള്ള സ്‌നേഹമായി മാറിയിരിക്കുന്നു. ദൈവമേ, ഈ രാത്രി നീ എന്റെ കൂടെപ്പിറപ്പായിരിക്കുന്നു!
~ അഭിലാഷ് ഫ്രേസര്‍ ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.