ദിവ്യരക്ഷകന്റെ ആത്മീയസംഭാഷണങ്ങള്‍ ശ്രവിച്ച വി. യൗസേപ്പിതാവിന് ലഭിച്ച കൃപകളെപ്പറ്റി അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 86/200
അവര്‍ കഴിഞ്ഞുകൂടിയിരുന്ന ആ സ്ഥലത്ത് ഒട്ടേറെ ഞെരുക്കങ്ങളും വിഷമങ്ങളും അവര്‍ക്ക് അനുഭവിക്കേണ്ടിവന്നു. പ്രത്യേകിച്ച് തിരുക്കുമാരന്റെയും ദൈവമാതാവിന്റെയും കഷ്ടപ്പാടുകള്‍ കണ്ടിട്ട് അവിടെനിന്നും താമസം മാറ്റുന്ന കാര്യത്തെക്കുറിച്ച് ജോസഫ് ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങി. അതിനാല്‍ അവന്‍ മറിയത്തോടു ദൈവത്തിന്റെ ഇഷ്ടം ആരായുവാന്‍ അഭ്യര്‍ത്ഥിച്ചു. അതായത് തങ്ങളുടെ ജന്മനഗരമായ നസ്രത്തിലേക്കു തിരിച്ചുപോയാല്‍ അവിടെ കുറച്ചുകൂടി സൗകര്യപ്രദമായി വസിക്കാന്‍ സാധിക്കുമല്ലോ എന്ന് അവന്‍ മനസ്സില്‍ വിചാരിച്ചു. എങ്കിലും ദൈവേഷ്ടം തിരിച്ചറിയണമല്ലോ.
ജോസഫിന്റെ നിര്‍ബന്ധപൂര്‍ണ്ണമായ അപേക്ഷപ്രകാരം അവള്‍ പറഞ്ഞു: ‘തല്ക്കാലം ആ ഗുഹയില്‍ത്തന്നെ കുറച്ചു സമയംകൂടി കഴിഞ്ഞുകൂടണമെന്നാണ് ദൈവത്തിന്റെ ഇഷ്ടം.’ അത്യുന്നതനായ ദൈവം തന്റെ തിരുഹിതപ്രകാരം മറ്റുചില അത്ഭുതപ്രതിഭാസങ്ങള്‍കൂടി അവിടെ നിറവേറ്റേണ്ടതുണ്ടായിരുന്നു. ജ്ഞാനികളുടെ സന്ദര്‍ശനത്തെക്കുറിച്ച് മറിയത്തിന് ഒരു ഉള്‍ക്കാഴ്ചയുണ്ടായിരുന്നു എന്നു വ്യക്തം.
അതു കേട്ട മാത്രയില്‍ത്തന്നെ ദൈവഹിതം എല്ലാപ്രകാരത്തിലും നിറവേറ്റുന്നതിന് ദൃഢനിശ്ചയം ചെയ്തു തലകുലുക്കിക്കൊണ്ട് അവന്‍ പറഞ്ഞു: ‘കാലികളുടെ ലായത്തിനുള്ള ഗുഹയാണെങ്കിലും എന്നെ സംബന്ധിച്ചിടത്തോളം പറുദീസയിലായിരിക്കുന്ന സന്തോഷമാണ് ഇവിടെ അനുഭവപ്പെടുന്നത്. ഇവിടെയുള്ള എല്ലാ സഹനങ്ങളും എനിക്ക് ആശ്വാസം തന്നെയാണ്. എങ്കിലും നമ്മുടെ രക്ഷകനായ ഈശോയും അവന്റെ പരിശുദ്ധയായ മാതാവും ദുരിതപൂരിതമായ ഈ അവസ്ഥയില്‍ വിഷമിക്കുന്നതു കണ്ടുകൊണ്ട് നിസ്സഹായനായി നോക്കിനില്‌ക്കേണ്ടിവരുന്നതാണ് എന്നെ അതിയായി ക്ലേശിപ്പിക്കുന്നത്. അതുമൂലം എന്റെ ഹൃദയം കഠോരമായി പീഡിപ്പിക്കപ്പെടുകയാണ്. ദൈവഹിതപ്രകാരമാണ് ഇതെല്ലാം സംഭവിക്കുന്നതെന്നറിയുമ്പോഴാണ് തെല്ലൊരു ആശ്വാസം ലഭിക്കുന്നത്. എന്റെ ഹൃദയത്തിന്റെ മുഴുവന്‍ ആനന്ദമായ നിങ്ങള്‍ ദുരിതമനുഭവിക്കുന്നതു കാണുക വലിയ സങ്കടകരമാണെങ്കില്‍പ്പോലും ദൈവം അതാഗ്രഹിക്കുന്നെങ്കില്‍ അതുതന്നെയാണ് എന്റെയും ഇഷ്ടം. ദൈവഹിതത്തിനുപരിയായി എനിക്കൊരു തീരുമാനവുമില്ല. അതിനൊരിക്കലും മാറ്റവുമില്ല.’
ജോസഫ് തന്നോടു പ്രകടിപ്പിക്കുന്ന ഊഷ്മളമായ സ്‌നേഹത്തിനും അനുകമ്പാര്‍ദ്രമായ കരുതലിനും മറിയം ആദരപൂര്‍വ്വം നന്ദി പറഞ്ഞു. കഷ്ടതകളിലൂടെ കടന്നുപോകുമ്പോള്‍ വിഷമമുണ്ടെങ്കിലും ദൈവഹിതം നിറവേറ്റുന്നതിന്റെ ആനന്ദവും സംതൃപ്തിയും അവരില്‍ സമാശ്വാസം പകരുന്നുണ്ട്. അതിനാല്‍ തന്നെയോര്‍ത്ത് തീവ്രമായി ദുഃഖിക്കരുത് എന്ന് മറിയം ജോസഫിനെ അനുസ്മരിപ്പിച്ചു. എന്നാല്‍ ലോകത്തിന്റെ രക്ഷയ്ക്കായി അവതരിച്ചിരിക്കുന്ന നമ്മുടെ സ്‌നേഹനിധിയായ ഈശോയ്ക്ക് നമ്മുടെ എല്ലാ സ്‌നേഹവും കരുതലും പരിചരണവും അനുകമ്പയും സംരക്ഷണവും ഉറപ്പുവരുത്തുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കാം എന്നുകൂടി മറിയം കൂട്ടിച്ചേര്‍ത്തു.
മറിയത്തിന്റെ വാക്കുകള്‍ക്കു ജോസഫ് നന്ദി പറഞ്ഞു. അവന്‍ എപ്പോഴും ഈശോയോട് സുസ്ഥിരമായ സ്‌നേഹവും അനുകമ്പയും പ്രകടിപ്പിച്ചിരുന്നു. ഈശോയെ കൊടിയ ദാരിദ്ര്യത്തിന്റെ നടുവില്‍ കാണേണ്ടിവരുന്നതിന്റെ തീവ്രവേദന എപ്പോഴും അവനെ അലട്ടിക്കൊണ്ടിരുന്നു. തന്മൂലം, അവന്‍ ഈശോയുടെ മുമ്പില്‍ മുട്ടുകുത്തിക്കൊണ്ട്, ഇപ്രകാരം കഷ്ടതകളുടെ നടുവില്‍ നിരന്തരം ദൈവസുതനെ ദര്‍ശിക്കേണ്ടിവരുന്നതുമൂലമുണ്ടാകുന്ന ദുഃഖം വളരെ വലുതാണെന്ന് പറയുകയും ചെയ്തിരുന്നു.
തിരുക്കുമാരന്‍ വളരെ സ്‌നേഹപൂര്‍വ്വം ജോസഫിനെ നോക്കുകയും അവന്റെ ഹൃദയത്തോടു സഹതാപപൂര്‍വ്വം സംസാരിക്കുകയും ചെയ്തു. അവന്‍ അപ്പോള്‍ വെളിപ്പെടുത്തിയത് ഇപ്രകാരമാണ്. കഷ്ടപ്പാടുകള്‍ സഹിക്കുന്നതില്‍ തനിക്ക് വളരെയധികം സന്തോഷമുണ്ട്. അത് മാനവരാശിയുടെ വിമോചനത്തിനായി പിതാവിന്റെ തിരുഹിതപ്രകാരം നിര്‍വ്വഹിക്കപ്പെടുന്ന മഹത്തായ ദൗത്യമാണ്. അവന്‍ അന്തര്‍ഭാഷണമായി പറഞ്ഞു: ‘ഇതിലും വലിയ സഹനം എന്നെ കാത്തിരിക്കുന്നുണ്ട്. ഇപ്പോള്‍ത്തന്നെ ഞാന്‍ അതിനെ ആശ്ലേഷിച്ചു കഴിഞ്ഞു. ഞാന്‍ എന്റെ സ്വര്‍ഗ്ഗീയപിതാവിനെയും മാനവജനതയെയും എത്രയധികം സ്‌നേഹിക്കുന്നുവെന്ന് അതുവഴി കാണിച്ചുകൊടുക്കും. ഞാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നിറങ്ങിവന്നതും മാംസംധരിച്ചു മനുഷ്യരൂപം പ്രാപിച്ചതും അവരെ രക്ഷിക്കുന്നതിനു വേണ്ടിയാണെന്ന് അവസാനം അവര്‍ക്കു ബോദ്ധ്യം വരും. സഹനങ്ങളെ ഞാന്‍ സ്വയം വരിച്ചതും മരണംതന്നെ തിരഞ്ഞെടുത്തതും മാനവലോകത്തിന്റെ രക്ഷാകരപദ്ധതി പൂര്‍ത്തീകരിക്കുവാനാണ്.’
ദിവ്യരക്ഷകന്‍ ജോസഫിന്റെ ആത്മാവിനോടു നടത്തിയ ആന്തരിക സംഭാഷണങ്ങള്‍ ശ്രവിച്ചതിന്റെ ഫലമായി ജോസഫിന് നിരവധി കൃപകള്‍ കൈവരിക്കാനും ആത്മീയാനന്ദം അനുഭവിക്കാനും കഴിഞ്ഞു. അത് അവനില്‍ വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും വന്‍കൃപാവര്‍ഷം ചൊരിഞ്ഞു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.