ദൈവസുതനെയും പരിശുദ്ധമാതാവിനെയും വി. യൗസേപ്പിതാവ് പരിചരിച്ചത് എപ്രകാരമായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 82/200
ആ സമയത്ത് ഇടയന്മാര് ദിവ്യശിശുവിനെ നോക്കി ആരാധിച്ചുകൊണ്ടു നില്‍ക്കുകയായിരുന്നു. അവര്‍ അപാരമായ സ്വര്ഗ്ഗീയാനന്ദംകൊണ്ടു നിറഞ്ഞു. അവര്‍ ദൈവത്തിന്റെ സൗന്ദര്യത്തികവിനെ ആസ്വദിക്കുകയും സ്വര്‍ഗ്ഗീയ ആനന്ദത്താല്‍ മുഴുകുകയും ചെയ്തു. പ്രഭാതമായപ്പോഴേക്കും ഇടയന്മാര് വിടപറഞ്ഞ് അവരുടെ ആടുകളുടെ ആലയിലേക്കു തിരിച്ചുപോയി. ജോസഫിന് ഗ്രാമത്തില്‍ പോയി കുറച്ച് അത്യാവശ്യസാധനങ്ങള്‍ വാങ്ങേണ്ടതുണ്ടായിരുന്നു. മറിയം അവളുടെ ദിവ്യശിശുവിനെ ആരാധിക്കുകയായിരുന്നു. അങ്ങനെ അവള് ദൈവത്തില്‍ പൂര്‍ണ്ണമായും ലയിച്ചുചേര്‍ന്നിരുന്നു. മറിയത്തിന്റെ അനുമതി കിട്ടിയിട്ടു പുറത്തുപോകാന്‍ അവന് കാത്തുനിന്നു. മറിയം പ്രാര്‍ത്ഥനയില്‍ നിന്നുണര്‍ന്ന് തന്റെ കുഞ്ഞിനെ കരങ്ങളിലെടുത്തു. ജോസഫ് മുട്ടുകുത്തി. രക്ഷകന്റെ അനുഗ്രഹം യാചിച്ചു. പിന്നീട് പുറത്തുപോകാന്‍ മറിയത്തിന്റെ അനുവാദം ചോദിച്ചു. അവളുടെ സമ്മതത്തോടെ ജോസഫ് ഗ്രാമത്തിലേക്കു പുറപ്പെട്ടു.
തികഞ്ഞ ആനന്ദത്തോടെയാണ് ജോസഫ് ആവശ്യമായ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്കു പോയത്. താന്‍ അകമഴിഞ്ഞു സ്നേഹിക്കുന്ന കുഞ്ഞിനെ വിട്ടുപോകുന്നതില്‍ ജോസഫിനു ദുഃഖമുണ്ടായിരുന്നു. അതിന്റെ ഫലമായി ആ ഗുഹ അവന്റെ ദൃഷ്ടിയില് നിന്നു മറയുന്നതുവരെ കൂടെക്കൂടെ അവിടേക്ക്, അവന്റെ സ്വര്ഗ്ഗീയനിധി സൂക്ഷിച്ചിരിക്കുന്ന ഗുഹയിലേക്ക്, തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു.
അത്യാവശ്യം വേണ്ട സാധനങ്ങള്‍ വാങ്ങിയശേഷം ഗുഹയിലേക്കു ജോസഫ് തിടുക്കത്തില്‍ മടങ്ങിപ്പോന്നു. കാരണം, ദിവ്യരക്ഷകനെ കാണാതെ ഒരു നിമിഷംപോലും കഴിച്ചുകൂട്ടുക അസാദ്ധ്യമായ കാര്യമായിരുന്നു. ദൈവത്തോടുള്ള സ്നേഹത്താല്‍ അവന്റെ ഹൃദയം വികാരതരളിമാകുകയും കൃതജ്ഞതാനിര്ഭരമാകുകയും ചെയ്തുകൊണ്ടിരുന്നു. ഈശോ അനുഭവിക്കുന്ന കഷ്ടപ്പാടുകളോര്‍ത്ത് പലപ്പോഴും അവന് ഏങ്ങലടിച്ചു കരയുമായിരുന്നു. എങ്കിലും അവന് തന്റെ കഴിഞ്ഞകാലജീവിതത്തില്‍ കാത്തുമോഹിച്ചിരുന്ന രക്ഷകനെ കാണുമ്പോള്‍ അവന്റെ എല്ലാ വിഷമങ്ങളും ദുഃഖങ്ങളും വിട്ടുമാറി ആനന്ദത്തിന്റെയും ആശ്വാസത്തിന്റെയും ഉന്നതതലങ്ങളിലേക്ക് ഹൃദയം പറന്നുയര്‍ന്നിരുന്നു.
ഗുഹയില്‍ തിരിച്ചെത്തിയ ഉടനെ ജോസഫ് അവതരിച്ച വചനത്തെ ആരാധിക്കുകയും അവന്റെ പരിശുദ്ധമാതാവിനെ അഭിവാദ്യം ചെയ്യുകയും ചെയ്തു. രണ്ടുപേരും അവനെ ഹാര്‍ദ്ദവമായി സ്വീകരിക്കുകയും ജോസഫിന്റെ കഷ്ടപ്പാടിനു മറിയം നന്ദി പറയുകയും ചെയ്തു. ജോസഫിനു വലിയ സന്തോഷം തോന്നി. അവരോടു തനിക്കുള്ള നിസ്വാര്‍ത്ഥമായ സ്നേഹവും ഭക്തിയും അവന് എടുത്തു പറയുകയും ചെയ്തു. അവരെ സേവിക്കുന്നതില്‍ തനിക്കുള്ള ആനന്ദവും അതിയായ താല്പര്യവും അവന് മറിയത്തോടു തുറന്നു പറഞ്ഞു. ദൈവസുതനും അവളുടെ പരിശുദ്ധമാതാവിനും ഉണ്ടായിരിക്കേണ്ട അത്യാവശ്യ സാധനങ്ങളും സൗകര്യങ്ങളും ചെയ്തുകൊടുക്കാന്‍ കഴിയാത്ത നിസ്സഹായാവസ്ഥ പരിഗണിച്ച് അവന് ആത്മാര്‍ത്ഥമായി ചെയ്തുകൊടുക്കുന്ന ചെറിയ കാര്യങ്ങളില്‍ സംതൃപ്തി കണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിച്ചു.
ജോസഫ് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും തനിക്കുള്ള സമ്പൂര്‍ണ്ണ സംതൃപ്തി മറിയം ജോസഫിനെ അറിയിച്ചു. ജോസഫിന്റെ പ്രവര്‍ത്തനങ്ങളില്‍ ആവശ്യമായ എല്ലാ കൃപകളും നല്കി അനുഗ്രഹിക്കണമെന്ന് അവള് തിരുക്കുമാരനോട് അഭ്യര്‍ത്ഥിച്ചു. ജോസഫ് വീണ്ടും അവര്‍ക്ക് ആവശ്യമായ താമസസ്ഥലം അന്വേഷിക്കാന്‍ തുടങ്ങി. ഇപ്പോള്‍ത്തന്നെ യാത്രചെയ്തു താമസിക്കാന്‍ അഭയസ്ഥാനം അന്വേഷിച്ച് അലഞ്ഞുനടന്നും അവര്‍ വല്ലാതെ തളര്‍ന്നു കഴിഞ്ഞിരുന്നു. അവര്‍ക്കാവശ്യമായ കുറച്ച് വിറക് ജോസഫ് സംഘടിപ്പിച്ചു. ദൈവം അവരുടെ ഓരോ ആവശ്യങ്ങളും മുന്‍കൂട്ടി കാണുകയും കരുതുകയും ചെയ്തിരുന്നു. അവര്‍ ആ ഗുഹയില്‍ താമസിക്കണമെന്നു ദൈവം നിശ്ചയിച്ചിരുന്ന കാലയളവിലേക്ക് ആവശ്യമായ സാധനങ്ങള്‍ കണ്ടെത്തുവാന്‍ ദൈവം ജോസഫിനെ പ്രാപ്തനാക്കിയിരുന്നു.
എല്ലാ കാര്യത്തിനും ജോസഫ് ദൈവത്തിനു നന്ദിപറഞ്ഞു. അവിടെ ദാരിദ്ര്യത്തിന്റെ നടുവിലാണ് കഴിയേണ്ടിയിരുന്നതെങ്കിലും സകല സമൃദ്ധിയിലും ജീവിക്കുന്ന അനുഭവമായിരുന്നു. സകല സമ്പത്തിന്റെയും തികഞ്ഞ സമാധാനത്തിന്റെയും ഉടയവനല്ലേ അവരുടെ കൈയ്യിലിരിക്കുന്നത്!
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.