വിശ്വാസത്തോടെ പ്രാർത്ഥിക്കൂ, ദൈവം കൈവിടില്ല!
26-ാം വയസിലായിരുന്നു ഉഷയുടെ വിവാഹം.
ഭർത്താവ് ചാക്കോച്ചൻ.
വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്ക് കുഞ്ഞുങ്ങളുണ്ടായിരുന്നില്ല.
ഒരു കുഞ്ഞിനുവേണ്ടി അവർ
പ്രാർത്ഥന തുടങ്ങി.
അവരുടെ പ്രാർത്ഥന ദൈവം കേട്ടു.
എന്നാൽ രണ്ടാം മാസത്തിൽ
അബോർഷനായി.
പ്രാർത്ഥനയോടൊപ്പം ചികിത്സയും
ആരംഭിച്ചു.
പ്രതീക്ഷ നൽകി കൊണ്ട്
വീണ്ടും അവൾ ഗർഭിണിയായി.
ആ കുഞ്ഞും രണ്ടാം
മാസത്തിൽ നഷ്ടമായി.
അമ്മയാകണമെന്ന തീവ്രമായ ആഗ്രഹത്തോടെ പ്രാർത്ഥിച്ച അവൾ അഞ്ചുതവണ ഗർഭിണിയായെങ്കിലും
ഒരു കുഞ്ഞിനെപ്പോലും ലഭിച്ചില്ല.
എല്ലാ ചികിത്സകളും അവസാനിപ്പിച്ച്
അതീവ ദു:ഖത്തോടെ വീട്ടിലിരിക്കുന്ന സമയത്ത് ഒരു സുഹൃത്തിൻ്റെ കൂടെ യാദൃശ്ചികമായി വീട്ടിലെത്തിയ യൂറോപ്യൻ വൈദികൻ ഉഷയുടെ ശിരസിൽ കരംവച്ച് പ്രാർത്ഥിച്ചു.
തികഞ്ഞ ആത്മവിശ്വാസത്തോടെ
അദ്ദേഹം പറഞ്ഞു:
”നിങ്ങൾക്ക് ഒരു ശിശു ജനിക്കും
അവന് ഐസക് എന്ന് പേരിടണം.”
അദ്ദേഹം പറഞ്ഞത് സംഭവിക്കുമെന്ന വിശ്വാസത്തോടെ അവർ പ്രാർത്ഥന തുടർന്നു.
ഇതിനിടയിൽ പോട്ടയിൽ ഒരു ധ്യാനത്തിനും
ആ കുടുംബം പോയി.
ആരാധനയ്ക്കിടയിൽ ഉഷയ്ക്ക്
ഒരു ദർശനം ലഭിച്ചു.
ആരോ ഒരാൾ ഒരു കുഞ്ഞിനെ
ഉഷയുടെ കരങ്ങളിൽ
കൊണ്ടുവന്ന് കൊടുക്കുന്നു.
വൈദികൻ്റെ പ്രവചനവും
ധ്യാനത്തിൽ ലഭിച്ച ദർശനവും
നടക്കാൻ വേണ്ടി അവൾ പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു.
അങ്ങനെ മുപ്പത്തിയേഴാം വയസിൽ
ഉഷ വീണ്ടും ഗർഭിണിയായി.
എന്നാൽ ആദ്യമാസങ്ങളിൽ തന്നെ
ബ്ലീഡിങ്ങും തുടങ്ങി.
കോതമംഗലത്തുള്ള
സെൻ്റ് തോമസ് ആശുപത്രിയിലെ
ഡോക്ടർ സിസ്റ്റർ കാമില
പകർന്നു നൽകിയ വിശ്വാസം
വലുതായിരുന്നു:
”പൂർണ്ണമായും ബെഡ് റെസ്റ്റ് എടുക്കുക. പ്രാർത്ഥിക്കുക. ദൈവം ഇടപെടും.”
പിന്നീട് നടന്ന കാര്യങ്ങൾ ഉഷയുടെ വാക്കുകളിലൂടെ ശ്രവിക്കാം:
”ഏഴു മാസം കഴിഞ്ഞപ്പോൾ
സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.
തൂക്കം തീരെകുറവായിരുന്ന കുഞ്ഞിനെ ദൈവം കാത്തു എന്നു മാത്രമേ
എനിക്ക് പറയാനാകൂ.
കുഞ്ഞായിരിക്കുമ്പോൾ തന്നെ
ഒന്നിലധികം തവണ അവന് ന്യൂമോണിയ പിടിപെട്ടെങ്കിലും ഓരോ തവണയും അദ്ഭുതകരമായ രീതിയിൽ ദൈവം ഇടപെട്ടു.
ഐസക് ജനിച്ച് നാലു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞിനെ കൂടി
ദൈവം നൽകി. അവൾക്ക് ഞങ്ങൾ
റോസ്മേരി എന്ന പേരോടെ
മാമ്മോദീസ നൽകി.
മുട്ടിപ്പോടെ ഞങ്ങൾ പ്രാർത്ഥിച്ചപ്പോൾ
ദൈവം ഞങ്ങളെ കൈവിട്ടില്ല.
ഇന്ന് ഞങ്ങൾക്ക് ഒരു പ്രാർത്ഥന മാത്രമേയുള്ളൂ, മക്കൾ രണ്ടുപേരും വിശുദ്ധിയിലും വിശ്വാസത്തിലും വളരണമെന്ന്.”
അവരുടെ ജീവിതത്തിൽ ദൈവം ഇടപെട്ടതോർത്ത് ഞാനും
കർത്താവിന് നന്ദി പറഞ്ഞു.
കുഞ്ഞുങ്ങളില്ലാത്ത ദമ്പതികൾക്കും
ജീവിത പ്രതിസന്ധികളിൽ ഉഴലുന്നവർക്കും ക്രിസ്തുവിൻ്റെ ഈ വചനം കരുത്തേകട്ടെ:
‘എന്റെ നാമത്തില്‍ നിങ്ങള്‍ എന്നോട് എന്തെങ്കിലും ചോദിച്ചാല്‍ ഞാനതു ചെയ്‌തുതരും”
(യോഹ14 :14).
(യോഹ14 :14).
~ ഫാദർ ജെൻസൺ ലാസലെറ്റ് ~
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.