അവൻ്റെ കുമ്പസാരം അപ്പോൾ കേട്ടില്ലായിരുന്നെങ്കിൽ…?
രാവിലെ തുടങ്ങിയതായിരുന്നു
കൗൺസിലിങ്ങ്.
പതിവിലേറെ ക്ഷീണം തോന്നി.
ഉച്ചഭക്ഷണം കഴിഞ്ഞ് രണ്ടരയോടു കൂടി അല്പസമയം വിശ്രമിക്കാൻ കിടന്നു.
മയങ്ങി തുടങ്ങിയതേയുള്ളൂ
അപ്പോഴേക്കും കോളിങ്ങ് ബെൽ…..
അതും തുടർച്ചയായി.
ഈർഷ്യ തോന്നിയെങ്കിലും
മുഖത്ത് പ്രകടിപ്പിക്കാതെ എഴുന്നേറ്റു.
വാതിൽ തുറന്നപ്പോൾ
ഒരു യുവാവ്.
ആവശ്യം അറിയിച്ചു,
‘ഒന്നു കുമ്പസാരിക്കണം’.
”പള്ളിയിലേക്ക് പൊയ്ക്കൊള്ളു.
ഞാൻ വന്നേക്കാം”
എന്നു പറഞ്ഞ്
അവനെ പള്ളിയിലേക്കയച്ചു.
കുറച്ചു സമയത്തിനുശേഷം
മുഖം കഴുകി
ഞാൻ പള്ളിയിലേക്ക് നടന്നു.
വലിയ മനസ്താപത്തോടെയായിരുന്നു
ആ യുവാവിൻ്റെ കുമ്പസാരം.
ഇടയ്ക്ക് അവൻ കരയുന്നുമുണ്ടായിരുന്നു.
കുമ്പസാരത്തിനു ശേഷം
അല്പസമയം ഞാനും
പള്ളിയിലിരുന്ന് പ്രാർത്ഥിച്ചു.
പുറത്തിറങ്ങിയപ്പോൾ
അവൻ പറഞ്ഞു:
“അച്ചാ, പാപങ്ങളെഴുതിയ
കടലാസ് തുണ്ടുമായി
ഞാൻ ഒന്നുരണ്ട്
ദൈവാലയങ്ങളിൽ പോയിരുന്നു.
ഒരിടത്ത് അച്ചനില്ല,
രണ്ടാമത്തെ സ്ഥലം
കണ്ടെയിൻമെൻ്റ് സോൺ.
നിരാശനായി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇവിടെ ഒന്നു കയറിയത്.
ഉച്ചകഴിഞ്ഞ സമയമായതിനാൽ ബുദ്ധിമുട്ടാകുമെന്ന് അറിയാമായിരുന്നു.
എങ്കിലും ഒന്നു ശ്രമിച്ചു നോക്കിയതാണ്.
ഈ ശ്രമവും പാഴായാൽ
ഇനി ഒരിക്കലും
കുമ്പസാരിക്കില്ലെന്നായിരുന്നു
എൻ്റെ മനോഭാവം.
അടുത്തയാഴ്ച ഞാൻ വിദേശത്തേക്ക് പോകുകയാണ്.
ഇനിയൊരു കുമ്പസാരം
അവധിയ്ക്ക് നാട്ടിൽ വരുമ്പോഴേ
ഉണ്ടാകാൻ സാധ്യതയുള്ളൂ.
എനിക്കുവേണ്ടി സമയം ചിലവഴിച്ച
അച്ചന് ഒരുപാട് നന്ദി.
ദൈവത്തിനൊന്നും അസാധ്യമല്ലെന്ന് എനിക്കിപ്പോൾ കൂടുതൽ ഉറപ്പായി.
ഇനിയെങ്ങാനും ഈ വാതിലും തുറന്നില്ലായിരുങ്കിൽ
ഒരു പക്ഷേ എൻ്റെ വിശ്വാസംതന്നെ
നഷ്ടപ്പെട്ടു പോകുമായിരുന്നു.
ഒരുപാട് നന്ദി….
എനിക്കു വേണ്ടി പ്രാർത്ഥിക്കണം.”
ആശ്രമത്തിൻ്റെ പടി കടന്ന്
അവൻ യാത്രയായപ്പോൾ
എൻ്റെ മനസിൽ
വല്ലാത്ത ഇച്ഛാഭംഗം തോന്നി.
എൻ്റെ ക്ഷീണാവസ്ഥയിലും
ദൈവംതന്നെ അയാളെ കേൾക്കാൻ
എന്നെ അനുവദിച്ചതിന്
ഞാൻ ദൈവത്തിന് നന്ദി പറഞ്ഞു.
“ദൈവത്തിന് ഒന്നും അസാധ്യമല്ല”
(ലൂക്കാ 1 :37) എന്ന ആ യുവാവിൻ്റെ
വാക്കുകളെക്കുറിച്ചായിരുന്നു
പിന്നീടെൻ്റെ ചിന്ത.
ഒരു പക്ഷേ,
ഞാൻ അവൻ്റെ കുമ്പസാരം
അപ്പോൾ കേട്ടില്ലായിരുന്നെങ്കിൽ……
നമ്മുടെ അലസത മൂലവും
നിസഹകരണം മൂലവും
ദൈവം ചെയ്യാൻ ഉദ്ദേശിച്ച
എത്രയോ കാര്യങ്ങളാണ്
നഷ്ടപ്പെട്ടിട്ടുള്ളത്?
മറിയം പറഞ്ഞതുപോലെ
നമുക്കും പറയാം:
“ഇതാ, കര്ത്താവിന്റെ ദാസി!
നിന്റെ വാക്ക് എന്നില് നിറവേറട്ടെ!”
(ലൂക്കാ 1 :38)
ഫാദർ ജെൻസൺ ലാസലെറ്റ്
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.