ബത്ലഹേമിലേക്കുള്ള യാത്രയില്‍ വി. യൗസേപ്പിതാവിന്റെ ഹൃദയം മുറിപ്പെടുത്തിയ അനുഭവങ്ങളെന്തൊക്കെയെന്ന് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 76/100
അവരുടെ യാത്രയില്‍ മറിയത്തിന് ആവശ്യമെന്ന് തോന്നിയതു മാത്രമേ കൂടെ കൊണ്ടുപോയിരുന്നുള്ളു. ആ യാത്രയിലുടനീളം, അവരോടൊത്തു വസിക്കുന്ന, മറിയം തന്റെ ഉദരത്തില്് വസിക്കുന്ന സ്വര്‍ഗ്ഗീയ സമ്മാനത്തിന്റെ ദൈവികരഹസ്യങ്ങളെക്കുറിച്ചു മാത്രമാണ് സംസാരിക്കുകയും ധ്യാനിക്കുകയും ചെയ്തിരിക്കുന്നത്. സന്തോഷവാനായ ജോസഫ് പലപ്പോഴും ഭൂമിയില്‍ നിലത്തു ദൃഷ്ടിയുറപ്പിച്ച് അവതാരം ചെയ്ത വചനത്തെ ആരാധിച്ചിരുന്നു. അവന്റെ ഹൃദയത്തില്‍ അതിരില്ലാത്ത ആനന്ദം അലതല്ലുന്നുണ്ടായിരുന്നു. അതോടൊപ്പം തന്റെ പരിശുദ്ധയായ ഭാര്യയുടെ കഷ്ടപ്പാടുകള്‍ ചിന്തിക്കുമ്പോള്‍ അവന്റെ ഹൃദയം ദുഃഖഭാരത്താല്‍ തളരുകയും ചെയ്തിരുന്നു. പ്രത്യേകിച്ച് ഏറ്റവും തണുപ്പു കൂടിയ ആ ദിവസങ്ങളില്‍ ഗര്‍ഭിണിയായ മറിയം അനുഭവിക്കുന്ന വിഷമങ്ങളില്‍ അവന്റെ മനസ്സ് ഇടിയുകതന്നെ ചെയ്തിരുന്നു. എന്നാല്‍, മുമ്പെന്നപോലെ കിളികള്‍ പറ്റമായി വന്ന് അവരുടെ സ്രഷ്ടാവിന് മധുരാരവത്തില് സ്തോത്രഗാനങ്ങള്‍ പാടുന്നതു കണ്ടപ്പോള്‍ ജോസഫിനെ അത് ആഹ്ലാദഭരിതനാക്കി. എത്ര പ്രതികൂല സാഹചര്യത്തിലും ദൈവം തന്റെ ഭക്തരെ നയിക്കുന്നത് എത്ര മഹത്വപൂര്‍ണ്ണമായിട്ടാണ്!
നിര്‍ണ്ണായകമായ ഈ യാത്രയില്‍ ദൈവത്തോടുള്ള സ്നേഹത്തെപ്രതി ഒട്ടനവധി പരീക്ഷണങ്ങളെ ജോസഫിനു നേരിടേണ്ടിവന്നു. യാത്രയുടെ ആരംഭത്തില്‍ത്തന്നെ കാനേഷുമാരിക്കു പോകുന്ന ചില സഹയാത്രികര്‍ ജോസഫിനെ പരിഹസിച്ചു പറഞ്ഞു: ‘എന്തു വിവരദോഷിയും കരുതലില്ലാത്തവനുമായ മൃഗമാണവന്? ഒന്നു ചിന്തിച്ചു നോക്കിക്കേ, പ്രസവമടുത്തിരിക്കുന്ന ഭാര്യയെയും കൂട്ടിക്കൊണ്ട് ആരെങ്കിലും ഇപ്പോള്‍ ദീര്‍ഘയാത്രയ്ക്ക് മുതിരുമോ?’ പലരും അവനെ വകതിരിവില്ലാത്തവനും യാതൊരുവിധ അനുകമ്പയോ സ്നേഹമോ ഇല്ലാത്തവനുമായി കരുതുകയും പരസ്യമായി പരിഹസിക്കുകയും ചെയ്തു.
ആ മനുഷ്യരോട് ജോസഫ് യാതൊരു മറുപടിയും പറഞ്ഞില്ല. അവരുടെ ആരോപണങ്ങള്‍ വിശുദ്ധനെ നിര്‍ദ്ദയം നാണംകെടുത്തുക തന്നെ ചെയ്തു. എങ്കിലും എല്ലാം അവന് ക്ഷമാപൂര്‍വ്വം സഹിക്കുകയും ദൈവസന്നിധിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. അവരോട് യാതൊരു പരാതിയും പരിഭവവും അവന് പറഞ്ഞതുമില്ല. മറിയം എപ്പോഴും ജോസഫിനെ സമാശ്വസിപ്പിച്ചുകൊണ്ട് ധൈര്യം പകര്‍ന്നു. രക്ഷകനായ ദൈവവചനത്തെപ്രതി എല്ലാം സന്തോഷത്തോടെ സഹിക്കാം എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ജോസഫ് പറഞ്ഞു: ‘എന്റെ ഭാര്യേ, അവര്‍ പറയുന്നതു ശരിയാണ്. കാരണം മനുഷ്യാവതാരം ചെയ്ത ദൈവത്തെയാണു നീ നിന്റെ ഉദരത്തില്‍ വഹിക്കുന്നതെന്ന് അവര്‍ അറിയുന്നില്ലല്ലോ. അതുപോലെ തന്നെ ദൈവഹിതപ്രകാരമാണ് നിന്നെ ഞാന്‍ കൂടെ കൊണ്ടുപോകുന്നതെന്നും അവര്‍ ഗ്രഹിക്കുന്നില്ല. എങ്കിലും അവരുടെ വാക്കുകള്‍ എന്റെ ഹൃദയത്തില്‍ അനേകം വാളുകള്‍ തുളച്ചുകയറിയതുപോലെയാണ് അനുഭവപ്പെട്ടത്. കാരണം, നീ ഈ കഷ്ടപ്പാടുകള്‍ അനുഭവിക്കുവാന്‍ നിര്ബന്ധിതയായിത്തീരുന്നല്ലോ എന്നു ചിന്തിക്കുമ്പോഴാണ് അവരുടെ വാക്കുകള്‍ എന്റെ വേദന വര്‍ദ്ധിപ്പിക്കുന്നത്.’
മറിയം വീണ്ടും ജോസഫിനെ ആശ്വസിപ്പിച്ചുകൊണ്ട് സഹനങ്ങളില്‍ തനിക്കു സന്തോഷമാണ് അനുഭവപ്പെടുന്നതെന്നു പറഞ്ഞു. അവളുടെ വാക്കുകള്‍ ജോസഫിനു തെല്ലൊരു ആശ്വാസം പകര്‍ന്നു. ആ കൂട്ടത്തില്‍ ചില മനുഷ്യര്‍ വീണ്ടും മുറിപ്പെടുത്തുന്ന ഉപദേശവുമായി അവരെ സമീപിച്ചു പറഞ്ഞു. മറിയത്തെ തിരിച്ചയച്ചശേഷം ജോസഫ് മാത്രം കണക്കെടുപ്പിനു പോയാല്‍ പോരെ എന്നുപോലും ഗുണദോഷിക്കാന്‍ മുതിര്‍ന്നു. ആര്‍ക്കും അവരോട് യാതൊരുവിധ അനുകമ്പയും പരിഗണനയും തോന്നിയില്ല. അവരെ വെറും ബുദ്ധിഹീനരായ വികൃതികളായിട്ടാണ് മറ്റുള്ളവര്‍ പരിഗണിച്ചത്. പരിശുദ്ധാത്മാവ്, വിമര്‍ശിക്കുന്ന മനുഷ്യരുടെ മുമ്പില്‍ വിനയപൂര്‍വ്വം തലകുനിക്കുകയും മൗനം അവലംബിക്കുകയും ചെയ്തു. എതിരാളികളില്‍പോലും അഭനന്ദനം ഉളവാക്കുന്ന വിനയത്തിന്റെ പ്രതികരണമായിരുന്നു അത്.
മാതാവിന്റെ പെരുമാറ്റരീത് ആ മനുഷ്യരില്‍ ആശയക്കുഴപ്പവും ആശ്ചര്യവും ജനിപ്പിച്ചു. അവര്‍ പിന്നീട് അവളെക്കുറിച്ച് സഹയാത്രികരോട് സംസാരിച്ചപ്പോള്‍ അവരുടെ വാക്കുകളില്‍ അതു വളരെ പ്രകടമായിരുന്നു. അതിനുപുറമെ, ആ മനുഷ്യര്‍ക്കുവേണ്ടി മാതാവ് തന്റെ ദിവ്യരക്ഷകനോടു പ്രാര്‍ത്ഥിച്ച് ആത്മീയമായ പല കൃപകളും ഭൗതിക അനുഗ്രഹങ്ങളും നേടിക്കൊടുത്തിട്ടുണ്ടായിരുന്നു. പ്രത്യേകിച്ച് ഹൃദയത്തിന് പ്രകാശവും ശുഭകരമായ യാത്രയും അവര്‍ക്ക് ലഭിക്കുന്നതിനു വേണ്ട കൃപകള്‍.
യാത്രയില്‍ മറിയവും ജോസഫും കൂടെക്കൂടെ വിശ്രമത്തിന് സമയമെടുത്തിരുന്നു. ആ സമയത്തെല്ലാം അവര്‍ ദൈവത്ത സ്തുതിക്കുകയും അ്വതാരം ചെയ്ത വചനത്തിന് നന്ദി പറയുകയും ചെയ്തു. തദവസരത്തില്‍ ജോസഫ് ഭൂപ്രകൃതിയെ വീക്ഷിക്കുകയും ദൈവത്തിന്റെ കരവേലകളെക്കുറിച്ച് ആശ്ചര്യപ്പെടുകയും ചെയ്തു. ഒരവസരത്തില്‍ അവന് മറിയത്തോടു പറഞ്ഞു: ‘എന്റെ ഏറ്റവും പ്രിയപ്പെട്ടവളെ, നമുക്കു ചുറ്റുപാടും കാണപ്പെടുന്നതെല്ലാം നിന്റെ പരിശുദ്ധമായ ഉദരത്തില്‍ നിവസിക്കുന്ന ദൈവവചനമാകുന്ന സ്രഷ്ടാവിന്റെ കരവേലകളല്ലേ? അവന്റെ മഹത്തായ ജ്ഞാനത്തിനും സര്‍വ്വശക്തമായ കരബലത്തിനും മഹത്വം നല്കി എനിക്കുവേണ്ടി നീ ഒരു കീര്‍ത്തനം പാടി അവിടുത്തെ സ്തുതിക്കുക.’ ദൈവമാതാവിനും അതു യുക്തമാണെന്നു തോന്നുകയും വളരെ മധുരമായി കര്ത്താവിന് സ്തോത്രഗീതം പാടുകയും ചെയ്തു. മാതാവിന്റെ ശ്രുതിമധുരമായ സ്തുതിഗീതങ്ങളില്‍ ലയിച്ചു ജോസഫിന്റെ ആത്മാവും കര്‍ത്താവിനെ വാഴ്ത്തി.
ഏറ്റം പരിശുദ്ധരായ വിശുദ്ധ ദമ്പതികള്‍ ആ യാത്രയില്‍ വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടതായിവന്നു. പ്രത്യേകിച്ച് അതിശൈത്യവും മറ്റു ദുര്‍ഘട സഹാചര്യങ്ങളും മൂലം, ദരിദ്രരായ യാത്രക്കാര്‍ക്ക് ഉണ്ടാകാറുള്ളതുപോലുള്ള ദുരിതങ്ങള്‍. എങ്കിലും വചനമാകുന്ന ദൈവം അവരുടെ സഹനങ്ങളുടെ നുടവില് വലിയ സമാശ്വാസവും കൃപകളുംകൊണ്ട് അവരുടെ ആത്മാവിനെ അഭിഷേകം ചെയ്തിരുന്നു. അതുകൊണ്ട് സഹനങ്ങളെ അതിജീവിക്കുവാനും അതിലൂടെ ഉളവാകുന്ന അനുഗ്രഹങ്ങളെ ആസ്വദിക്കുവാനും മറിയത്തെയും ജോസഫിനെയും ദൈവം ശക്തിപ്പെടുത്തിയിരുന്നു. അവര്‍ എപ്പോഴും സന്തോഷചിത്തരും എല്ലാ കാര്യത്തിലും സംതൃപ്തരുമായിരുന്നു. എന്തെന്നാല്‍, ദൈവഹിതമാണ് തങ്ങള്‍ നിറവേറ്റുന്നത് എന്ന തിരിച്ചറിവാണ് കഷ്ടതകളുടെ നടുവില്‍ ആനന്ദമനുഭവിക്കാന്‍ അവരെ പ്രാപ്തമാക്കിയത്.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.