ഗര്‍ഭിണിയായ പരി. മറിയത്തോടൊപ്പം ബത്‌ലഹേമിലേക്ക് പോകുവാന്‍ വി. യൗസേപ്പിതാവ് ആകുലപ്പെട്ടത് എന്തുകൊണ്ടാണെന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 75/100

സാധാരണായായി എല്ലാക്കാര്യങ്ങളും ജോസഫ് ദൈവഹിതത്തിനു വിട്ടുകൊടുക്കുകയാണു പതിവെങ്കിലും, ഇവിടെ തന്റെ ഭാര്യയെ ഒറ്റയ്ക്കാക്കിയിട്ടു പോകുന്നതിന് അവന് ഒട്ടും താല്പര്യമില്ലായിരുന്നു. കാരണം താനില്ലാത്ത സമയത്ത് മറിയം ലോകരക്ഷകനെ പ്രസവിക്കേണ്ടിവന്നേക്കുമോ എന്നൊരു ഉള്‍ഭയം അവനുണ്ടായിരുന്നു. മറുവശത്ത് മറിയത്തെ കൂടെ കൊണ്ടുപോയാല്‍, വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ തണുപ്പനുഭവപ്പെടുന്ന സമയത്ത് യാത്രാമധ്യേ അവള്‍ വളരെയധികം കഷ്ടപ്പാടുകള്‍ സഹിക്കേണ്ടിവരികയും പുത്രന് ജന്മം നല്‍കുകയും ചെയ്യേണ്ടിവന്നേക്കുമോ എന്ന മറ്റൊരു ചിന്തയും ജോസഫിനെ അലട്ടിയിരുന്നു. അവരിരുവരും ഈ സാഹചര്യത്തില്‍ ദൈവത്തിന്റെ ഇഷ്ടമെന്തെന്ന് ഉറപ്പുവരുത്താന്‍ നിശ്ചയിച്ചു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ മറിയം തന്റെ അഭിപ്രായം വ്യക്തമാക്കുകയും ചെയ്തു. അവളെയും കൂടെ കൊണ്ടുപോകണമെന്നായിരുന്നു ജോസഫിന്റെ ഉള്ളിലെ ആഗ്രഹവും.

ആ രാത്രിയില്‍ കര്‍ത്താവിന്റെ മാലാഖ സ്വപ്‌നത്തില്‍ ജോസഫിനു പ്രത്യക്ഷപ്പെട്ട് അവന്റെ ഭാര്യയെ കൊണ്ടുപോകണമെന്ന് അവന്‍ മനസ്സില്‍ എടുത്ത തീരുമാനം ദൈവഹിതമനുസരിച്ചാണ് എന്നും അതിനാല്‍, അപ്രകാരം മുന്നോട്ടു പോകുകയും അതു നടപ്പാക്കുകയും ചെയ്യണമെന്നും സ്പഷ്ടമായി പറഞ്ഞു. മാലാഖ വെളിപ്പെടുത്തിയ സന്ദേശത്തില്‍ ജോസഫ് അത്യധികം സന്തോഷിച്ചു. അവന്‍ അത് മറിയത്തോടു പറഞ്ഞപ്പോള്‍ അവള്‍ക്കും വലിയ സന്തോഷമായി, അവര്‍ ദൈവത്തിനു നന്ദി പറഞ്ഞു.

പിന്നീട് ജോസഫ് മറിയത്തോടു പറഞ്ഞു: ‘നമ്മള്‍ തിരിച്ച് ഈ വീട്ടില്‍ വന്നെത്തുന്നതിനു മുമ്പ് ദൈവത്തിന്റെ വചനം വെളിച്ചം കാണുകയില്ലെന്നാണ് ഞാരന്‍ ഉറപ്പായും വിചാരിക്കുന്നത്. നീ എന്റെകൂടെ ബത്‌ലഹേമിലേക്കു പോരണമെന്നുള്ളത് അവിടുത്തെ ഹിതമാണെങ്കില്‍ നമ്മള്‍ വീട്ടില്‍നിന്നു ദൂരെ ആയിരിക്കുമ്പോള്‍ അവന്‍ ജനിക്കാന്‍ സാദ്ധ്യതയില്ലെന്നും ഞാന്‍ വിശ്വസിക്കുകയാണ്; എന്തെന്നാല്‍ ഈ യാത്രയില്‍ അതിനു യോജിച്ച ഒരു സ്ഥലം നമുക്കു ലഭ്യമല്ല എന്നതാണ് സത്യം. നമുക്ക് അവിടെ സുഹൃത്തുക്കളും സ്വന്തക്കാരും വേണ്ടുവോളമുണ്ട്. പക്ഷേ, നമ്മുടെ വീടുവിട്ട് അവരുടെയിടയില്‍ അവന്‍ ജനിക്കാന്‍ സാദ്ധ്യതയില്ല. പ്രത്യേകിച്ച്, അവന്റെ ജനനസമയത്ത് ഒട്ടേറെ മഹത്വപൂര്‍ണ്ണമായ സ്വര്‍ഗ്ഗീയ കാര്യങ്ങള്‍ സംഭവിക്കേണ്ടതായിട്ടുണ്ട്. അതാണ് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്.’

ദൈവമാതാവ് അതിനു വ്യക്തമായ മറുപടിയൊന്നു പറഞ്ഞില്ല. വിനയപൂര്‍വ്വം തല കുലുക്കിക്കൊണ്ട് ഇങ്ങനെ അഭിപ്രായപ്പെട്ടു. ‘രക്ഷന്‍ ജനിക്കേണ്ട സ്ഥലവും സൗകര്യങ്ങളും അവന്‍തന്നെ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുണ്ട്. അതിനു വിധൈയപ്പെട്ടുകൊണ്ട് നമ്മള്‍ അവനെ സ്വീകരിക്കുവാനും ആരാധിക്കുവാനും ഒരുങ്ങുക മാത്രമേ ചെയ്യേണ്ടതുള്ളു.’ എവിടെവച്ച് അവന്റെ വരവിനു ദൈവം തീരുമനസ്സാകുന്നുവോ അവിടെവച്ച് അവനെ സ്വീകരിക്കാന്‍ വേണ്ട അത്യാവശ്യ കാര്യങ്ങള്‍ മറിയം കരുതിയിട്ടുണ്ടായിരുന്നു. മറിയത്തിന്റെ അഭിപ്രായത്തോടു ജോസഫും അനുകൂലിച്ചു. കാരണം അവളുടെ അഭിപ്രായങ്ങള്‍ എപ്പോഴും ദൈവിക വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു എന്ന് അവന്‍ മനസ്സിലാക്കിയിരുന്നു. തന്നെയുമല്ല, പല അസൗകര്യങ്ങളുടെയും കഷ്ടപ്പാടുകളുടെയും നടുവില്‍ മിശിഹാ പിറക്കുന്നതില്‍ അവന് വളരെ ദുഃഖമുണ്ടായിരുന്നു.

‘ഓ എന്റെ ദൈവമേ, ഞങ്ങളുടെ രക്ഷയ്ക്കുവേണ്ടി മനുഷ്യരൂപമെടുത്തവനെ, ഒട്ടേറെ അസൗകര്യങ്ങളുടെയും കഷ്ടപ്പാടുകളുടെയും നടുവില്‍ എന്റെ ഭവനത്തിനു പുറത്തുവച്ച് നീ പിറക്കുന്നതു കാണാന്‍ എനിക്ക് ഇടവരുത്തരുതേ. മറിച്ച് അങ്ങനെ സംഭവിക്കാതിരിക്കേണ്ടതിന് ആ സഹനങ്ങള്‍ എനിക്കു നല്‍കിക്കൊള്ളുക! നീ പിറക്കുന്നതിനു മുമ്പ് സുരക്ഷിതമായി വീട്ടില്‍ തിരിച്ചെത്താനുള്ള ഭാഗ്യം ഞങ്ങള്‍ക്കു നല്‍കുകയും ചെയ്യണമേ! അല്ലെങ്കില്‍ നിന്റെയും നിന്റെ പരിശുദ്ധ മാതാവിന്റെയും ആവശ്യങ്ങള്‍ എനിക്ക് എങ്ങനെ നടത്തിത്തരുവാന്‍ കഴിയും? എന്റെ ഹൃദയത്തിന്റെ ഭാരം എനിക്ക് എങ്ങനെ താങ്ങാന്‍ കഴിയും? ജോസഫ് തന്റെ നിഷ്‌കളങ്കമായ ഹൃദയവിചാരങ്ങള്‍ ദൈവസന്നിധിയില്‍ ചൊരിയുകയായിരുന്നു.

അവരുടെ യാത്ര പുറപ്പെടേണ്ട സമയം അടുത്തിരുന്നു. മറിയം ജോസഫിനെ സമാശ്വസിപ്പിച്ചു. യാത്ര പുറപ്പെടുംമുമ്പ് ആ യാത്രയില്‍ അവര്‍ക്ക് സംരക്ഷണമവും സഹായവും നല്‍കണമെന്ന് അവര്‍ കര്‍ത്താവിനോടു പ്രാര്‍ത്ഥിച്ചു. ജോസഫ് പറഞ്ഞു: ‘ നമ്മള്‍ എത്ര സന്തോഷത്തോടും പ്രത്യാശയോടുംകൂടെയാണ് യാത്ര പുറപ്പെടുന്നത്! ലോകരക്ഷകന്‍ നമ്മോടുകൂടെയുണ്ട്! മറിയം, ദൈവത്തിന്റെ പുത്രന്‍ നിന്റെ ഉദരത്തില്‍ കഴിയുന്നുണ്ടെന്ന് ആര്‍ക്കെങ്കിലും ഊഹിക്കുവാന്‍ പോലും കഴിയുമോ? ഓ, എത്ര മഹത്തായ നിധിയാണ് നമ്മുടെ നടുവില്‍ കുടികൊള്ളുന്നത്!’

മറിയം ഈ സമയത്ത് ആത്മീയാനന്ദനിര്‍വൃതിയില്‍ ലയിച്ച് അവളുടെ ദിവ്യസുതനെക്കുറിച്ച് ധ്യാനിക്കുകയും അവന്റെ മഹത്വപൂര്‍ണ്ണമായ ജനനത്തിന് ഒരുങ്ങുകയും ചെയ്തു. തന്റെ സമയം സമീപിച്ചിരിക്കുന്നു എന്ന് മറിയത്തിനറിയാമായിരുന്നു. തന്റെ ഉദരത്തില്‍ വസിക്കുന്നവനോട് അവള്‍ നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും നന്ദിപ്രകാശിപ്പിക്കുകയും സ്‌നേഹവും പരിത്യാഗവും പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു. അവളുടെ മാതൃഹൃദയം ആവശ്യപ്പെട്ടതെല്ലാം അവള്‍ അവനുവേണ്ടി ചെയ്തു. അതോടൊപ്പം മനുഷ്യവംശത്തിനു വേണ്ടി അവള്‍ അവനോട് അവിരാമം പ്രാര്‍ത്ഥിക്കുകയും ചെയ്തു.’

ആ ദിവസങ്ങളില്‍ മറിയം ഗാഢമായ ധ്യാനത്തിലും നിശ്ശബ്ദതയിലും ആത്മാവില്‍ ലയിച്ചിരിക്കുന്നത് വിസ്മയത്തോടെ ജോസഫ് ശ്രദ്ധിച്ചു. ദൈവം ജോസഫിന് അതിന്റെ കാരണവും വ്യക്തമാക്കിക്കൊടുത്തു. മറിയം അവളുടെ കന്യകാഉദരത്തില്‍ കഴിയുന്ന ദിവ്യശിശുവുമായി ഗാഢമായ ആത്മീയ സമ്പര്‍ക്കത്തിലായിരിക്കണമെന്നന് ദൈവം ഈ സമയത്ത് ആഗ്രഹിക്കുന്നുവെന്ന് അവനു വെളിപ്പെടുത്തിക്കൊടുത്തു. എന്തെന്നാല്‍ വചനമാകുന്ന ദൈവത്തെ പ്രസവിക്കേണ്ട സമയം സമീപിച്ചിരിക്കുന്നതിനാല്‍ അവള്‍ ആത്മാവില്‍ അവനോട് എപ്പോഴും സമ്പര്‍ക്കത്തിലായിരിക്കേണ്ടത് ആവശ്യമായിരുന്നു.

എന്നുമാത്രമല്ല, മുമ്പൊരിക്കലും കാണപ്പെടാത്ത ഒരു പരമാനന്ദം – പുത്രനെ പ്രസവിക്കാന്‍ ഒരുങ്ങുന്നതിനുവേണ്ടി അവനുമായി ഗാഢമായ സമ്പര്‍ക്കത്തിലായിരിക്കുന്ന നിശ്ശബ്ദമായ ഏകാന്തത – അപ്പോള്‍ മറിയത്തിന് അനുഭവപ്പെട്ടു. അതിന്റെ ആഴവും അര്‍ത്ഥവും ഉള്‍ക്കൊണ്ടപ്പോള്‍ ജോസഫ് സന്തോഷഭരിതാനായി കണ്ണീരണിഞ്ഞു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles