നിങ്ങളുടെ കൈവശം ക്രിസ്തുവിന്റെ അടയാളമുണ്ടോ?
കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയ ഡോ:ജോസ് ചാക്കോ പെരിയപുറത്തെക്കുറിച്ച് മനോരമയിൽ വന്ന ഒരു കുറിപ്പ്.
“ശസ്ത്രക്രിയ രാത്രി പത്തു മണിക്കാണ്.
ഓപ്പറേഷന് വിധേയനാകുന്ന എബ്രഹാം,
പ്രതീക്ഷിച്ചതിലും വൈകിയാണ് ആശുപത്രിയിൽ എത്തിയത്.
കാരണം മറ്റൊന്നുമല്ല;
തനിക്ക് ഏറെ ഇഷ്ടമുള്ള
പൊറോട്ടയും ബീഫും കഴിക്കാൻ
ഹോട്ടലിൽ കയറിയതായിരുന്നു.
ഇനി ഓപ്പറേഷനു ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരാനായില്ലെങ്കിലോ…
അങ്ങനെ ഓപ്പറേഷൻ ആരംഭിക്കാനുള്ള സമയമായി. ഡോക്ടറുടെ ആദ്ധ്യാത്മിക ഗുരുവായ ആൻസലച്ചനും ആശുപത്രിയിലുണ്ടായിരുന്നു.
ഡോക്ടർമാരും നഴ്സുമാരും
മറ്റു സഹപ്രവർത്തകരും
സർജറിക്കുവേണ്ടി തയ്യാറായപ്പോൾ
അച്ചൻ എല്ലാവർക്കുംവേണ്ടി പ്രാർത്ഥിച്ചു.
അതിനു ശേഷം പ്ലാസ്റ്റിക് കടലാസിൽ പൊതിഞ്ഞ ഒരു വെള്ളിക്കുരിശ്
ഡോക്ടർക്ക് കൊടുത്തുകൊണ്ട്
ആൻസലച്ചൻ പറഞ്ഞു:
‘ഡോക്ടർ ഈ കുരിശ് പോക്കറ്റിൽ സൂക്ഷിക്കുക. ശസ്ത്രക്രിയക്കു ശേഷമേ പോക്കറ്റിൽ നിന്നെടുക്കാവൂ…’
മണിക്കൂറുകൾ നീണ്ടുനിന്ന
ആ ശസ്ത്രക്രിയയിലുടനീളം
അദ്ദേഹത്തിന് ധൈര്യം പകർന്നു കൊണ്ട്
ആ കുരിശ് പോക്കറ്റിലുണ്ടായിരുന്നു.”
ആ ശസ്ത്രക്രിയയുടെ വിജയം തൻ്റെ കരങ്ങളുടേതല്ല….
മറിച്ച്, ക്രൂശിതൻ്റേതാണെന്ന് പലപ്പോഴും മാധ്യമങ്ങളോടും സഹപ്രവർത്തകരോടും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
ഡോക്ടറുടെ ഈ വാക്കുകൾ ക്രിസ്തു സ്നേഹത്തെ ഓർമപ്പെടുത്തുന്നതായിരുന്നു.
ആൻസലച്ചൻ ഡോക്ടർക്ക് നൽകിയ ക്രൂശിതരൂപം പോലെ
നമ്മുടെ മാതാപിതാക്കളും
ആദ്ധ്യാത്മിക ഗുരുക്കളും
നമുക്കും നൽകിയിട്ടില്ലെ
ക്രിസ്തുവിനെ സൂചിപ്പിക്കുന്ന
ചില തിരുശേഷിപ്പുകൾ?
അമ്മ കഴുത്തിലിട്ടു തന്ന ജപമാല,
ഇടവകയിലെ സിസ്റ്റർ തന്ന
പ്രാർത്ഥന പുസ്തകം,
വൈദികൻ തന്ന ബൈബിൾ,
സുഹൃത്ത് സമ്മാനിച്ച ഗ്രന്ഥം….
ഇവയെല്ലാം ക്രിസ്തുവിനെ മറക്കാതിരിക്കാനുള്ള തിരുശേഷിപ്പുകളല്ലെ?
അവയുപേക്ഷിച്ച്,
മറ്റു പലതിനെയും സ്വന്തമാക്കാനുള്ള വ്യഗ്രതയിലല്ലെ നമ്മൾ ഇടറിവീണത്?
അതുകൊണ്ടാണ്
പ്രേഷിത വേലക്കായി ശിഷ്യരെ അയക്കുമ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞത്:
“യാത്രയ്‌ക്കു വടിയല്ലാതെ മറ്റൊന്നും –
അപ്പമോ സഞ്ചിയോ അരപ്പട്ടയില്‍ പണമോ – കരുതരുത്.”
(മര്‍ക്കോസ് 6 :8)
എന്താണ് ഈ വാക്കുകളുടെ അർത്ഥം?ജീവിതയാത്രയിൽ ഭാരങ്ങൾ ഏറുമ്പോൾ ക്രിസ്തുവിനെ ഉപേക്ഷിക്കാൻ സാധ്യതയുണ്ട്.
വീടുവിട്ടിറങ്ങുമ്പോൾ
ഒന്നുറപ്പാക്കുക….
ക്രിസ്തു നിൻ്റെ കൂടെയുണ്ടെന്ന്,
അവൻ്റെതായ ഒരടയാളമുണ്ടെന്ന്.
അങ്ങനെയെങ്കിൽ നീ ഒരിക്കലും
ഏകാകിയോ പരാജിതനോ ആകില്ല.
ഫാദർ ജെൻസൺ ലാസലെറ്റ്
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.