വി. യൗസേപ്പിതാവിന് പറുദീസായിലെ ആനന്ദം അനുഭവിക്കുവാന്‍ കാരണമായിത്തീര്‍ന്നത് എന്താണെന്നറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 73/100

എത്രയോ പ്രവാചകന്മാരും പൂര്‍വ്വപിതാക്കന്മാരും നെടുവീര്‍പ്പുകളോടെ നിന്റെ വരവിനായി ദാഹിച്ചു കാത്തിരുന്നു. എങ്കിലും അവര്‍ക്കാര്‍ക്കും നിന്നെ ദര്‍ശിക്കാനുള്ള ഭാഗ്യം സിദ്ധിച്ചില്ല. എന്നാല്‍, അങ്ങയുടെ ഏറ്റവും എളിയദാസനായ എനിക്ക് അങ്ങയെ ദര്‍ശിക്കാന്‍ മാത്രമല്ല, അങ്ങയോടൊത്തു വസിക്കാനും അങ്ങേക്ക് ആവശ്യമായത് നല്കാനും അങ്ങയെ എന്റെ കരങ്ങളില്‍ എടുക്കാന്‍പോലുമുള്ള ഭാഗ്യം ലഭിച്ചിരിക്കുന്നു! ഓ എത്രയോ വിശിഷ്ടമായ അനുഗ്രഹമാണിത്! ഓ, എത്ര അവര്‍ണ്ണനീയമായ ആനന്ദം!’ ജോസഫ് ഹര്‍ഷോന്മാദത്തിലേക്കു നയിക്കപ്പെട്ടു. അവന്‍ മുഴുവനായും സ്‌നേഹത്താല്‍ കത്തിജ്വലിച്ചു. മാംസം ധരിച്ച വചനത്തിന് അവനോടുള്ള സ്‌നേഹവായ്പുകളുടെ വെളിപ്പെടുത്തലുകള്‍ ലഭിച്ചു. ദിവ്യശിശുവിന്റെ മാധുര്യം നിറഞ്ഞ സാന്നിധ്യം പറുദീസായിലെ ആനന്ദം അനുഭവിക്കുവാന്‍ അവന് കാരണമായിത്തീര്‍ന്നു.

ജോസഫിന്റെ വിശുദ്ധമായ മാതാവ്, അവന്‍ ചെറുപ്പമായിരുന്നപ്പോള്‍ ‘അനുഗൃഹീതനായ മകന്‍’ എന്നു വിളിച്ച കാര്യം അവന്റെ ഓര്‍മ്മയില്‍ വന്നു. അവന്‍ പറഞ്ഞു: ‘അവള്‍ പറഞ്ഞതുപോലെ ഇപ്പോള്‍ സംഭവിച്ചിരിക്കുന്നു. സത്യമായും ഞാന്‍ ഭാഗ്യം പിറന്നവനാണ്. ദൈവഭയമുള്ളവളും ദൈവികജ്ഞാനത്താല്‍ നിറഞ്ഞവളുമായ അവള്‍ എനിക്ക് ലഭിക്കാന്‍ പോകുന്ന വിശേഷഭാഗ്യത്തെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞിരിക്കാം. രക്ഷകന്റെ വരവിനായി പ്രാര്‍ത്ഥിക്കുമ്പോള്‍ അവള്‍ തുടര്‍ച്ചയായി എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരിന്നതിന്റെ കാരണവും നിശ്ചയമായും ഇതുതന്നെയായിരിക്കും. ദൈവം എന്റെ പ്രാര്‍ത്ഥന ശ്രവിക്കുകയും എന്റെ അഭിലാഷം സാധിച്ചുതരികയും ചെയ്തുവെന്ന് അവള്‍ക്ക് ഇപ്പോള്‍ ഉദ്‌ഘോഷിക്കാന്‍ സാധിക്കും. അവളിപ്പോള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അവളുടെ ആനന്ദം എത്രയധികമായിരിക്കും! അവളുടെ ആനന്ദം എത്രയധികമായിരിക്കും! അവളുടെ ആത്മാവ് എത്രയോ ഉന്നതമായ സമാശ്വാസങ്ങളില്‍ നിറയുമായിരുന്നു!’

ജോസഫ് തന്റെ അമ്മയുടെ സുകൃതങ്ങളെക്കുറിച്ചു ഓര്‍ത്തു. പ്രത്യേകിച്ച് അവളുടെ ജ്ഞാനവും മിതഭാഷണവും. ദൈവം മുന്‍കൂട്ടി അറിയിച്ച കാര്യങ്ങള്‍ അവനോട് വെളിപ്പെടുത്താതെ ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് രക്ഷകന്റെ വരവിനായി തീക്ഷ്ണമായി ആഗ്രഹിക്കാനും ആ നിയോഗത്തിനായി പ്രാര്‍ത്ഥിക്കാനും അവനെ പ്രോത്സാഹിപ്പിക്കു മാത്രമാണും ചെയ്തത്. അവളുടെ നന്മകളെക്കുറിച്ച് അവന്‍ ഇടയ്ക്കിടെ മറിയത്തോട് പറഞ്ഞിരുന്നു. ‘ഓ, എന്റെ മണവാട്ടീ, ഈ സമയത്ത് നീ എന്റെ വിശ്വസ്തഭാര്യയും ആശ്വാസവുമാണ് എന്ന നിലയില്‍ നിന്നെ അറിയുവാനും നിന്നോട് ഇടപഴകാനുമുള്ള ഭാഗ്യം ലഭിച്ചിരുന്നെങ്കില്‍ അവളുടെ ആനന്ദത്തിന്റെ അനന്തപാരമ്യത്താല്‍ അവള്‍ മരിച്ചുപോയേനെ. അവള്‍ നിന്നെ കൂടുതലായി ആദരിക്കുകയും നീ അര്‍ഹിക്കുന്ന വിധത്തിലും ഞാന്‍ നിന്നെ സേവിക്കുന്നതിനെക്കാള്‍ വളരെ ഉന്നതമായ രീതിയിലും അവള്‍ നിനക്ക് ശുശ്രൂഷ ചെയ്യുമായിരുന്നു. പക്ഷെ, നമ്മള്‍ എല്ലാവരില്‍ നിന്നും അകറ്റപ്പെട്ട് ആരാലും അറിയപ്പെടാതെ ദാരിദ്ര്യത്തില്‍ ജീവിക്കണമെന്നാണ് ദൈവത്തിന്റെ തിരുമനസ്സ്.’

‘പറയുവാന്‍ എനിക്ക് വിഷമമുണ്ട്, നിന്നെ അറിയുന്നതിന്റെയും നിന്റെ സഹവാസത്തില്‍ ജീവിക്കുന്നതിന്റെയും സന്തോഷം എനിക്കുണ്ട്. എന്നാല്‍ നിനക്ക് അര്‍ഹമായ ആദരവ് അര്‍പ്പിക്കാന്‍ എനിക്ക് അറിഞ്ഞുകൂടാ. അതുപോലെ കടമയ്ക്കനുസൃതമായി ഞാന്‍ നിനക്ക് ശുശ്രൂഷ ചെയ്യുന്നില്ല. എന്റെ അജ്ഞതയിലും അതില്‍ കൂടുതലായി എന്റെ അയോഗ്യതകളിലും എന്നോട് ദയവായിരിക്കണമെയെന്ന് ഞാന്‍ യാചിക്കുന്നു. ഒരു കാര്യംകൂടി ചോദിക്കാന്‍ ആഗ്രഹിക്കുന്നു. അതായത് തനിച്ച് ചെയ്യുവാന്‍ തീര്‍ത്തും അശക്തനായ എനിക്കുവേണ്ടിക്കൂടിയും ദൈവത്തിന് നന്ദിയര്‍പ്പിക്കണം. അത് വേണ്ട വിധത്തില്‍ ചെയ്യുവാന്‍ എനിക്ക് കഴിവില്ല.’

ജോസഫിന്റെ ആത്മാര്‍ത്ഥമായ സ്തുതിവചനങ്ങളുടെ മുമ്പില്‍ പരിശുദ്ധ അമ്മ സ്വയം എളിമപ്പെടുത്തിക്കൊണ്ട് തന്നെ ഈവിധം പ്രശംസിക്കരുത് എന്ന് അവനോടു യാചിച്ചു. ദൈവത്തിന്റെ സൃഷ്ടികളില്‍ ഏറ്റവും നിസ്സാരയായി തന്നെത്തന്നെ കരുതിയിരുന്ന മറിയം ജോസഫിന്റെ എല്ലാ സ്തുതിവചസ്സുകളും തന്റെ സ്രഷ്ടാവിലേക്ക് തിരിച്ചുവിട്ടിരുന്നുവെങ്കിലും അവളെ ഈ വിധം ബഹുമാനിക്കുന്നതില്‍ അവള്‍ വിഷമിച്ചിരുന്നു.

മറിയത്തിന്റെ സ്തുതികള്‍ ആലപിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കുക എന്ന കാര്യം ജോസഫിനെ അസ്വസ്ഥാനാക്കി. വളരെ സ്വതന്ത്രമായി അവന്‍ ദൈവത്തേയും മറിയത്തെയും സ്തുതിച്ചിരുന്നു. അവളെ പ്രീതിപ്പെടുത്താനായി അവന്‍ തന്റെ നാവിന് കടിഞ്ഞാണിട്ടു. അതിനാല്‍ ഇതിനു പകരമായി തന്റെ മാംസം ധരിച്ച ദൈവത്തിന് കൂടുതല്‍ സ്തുതികള്‍ അര്‍പ്പിക്കാന്‍ തുടങ്ങി. പരിശുദ്ധ അമ്മ ഇതില്‍ അതിയായി ആനന്ദിച്ചു. മറിയത്തിന്റെ അസാന്നിദ്ധ്യത്തില്‍, അവളെ സ്തുതിക്കുന്നതില്‍നിന്ന് അവന്‍ വിട്ടുനിന്നില്ല; അതുതന്നെയും വളരെ ശ്രദ്ധയോടും വിചിന്തനത്തോടുംകൂടിയാണ് അവന്‍ നടത്തിയിരുന്നത്. ഉദാഹരണമായി പറഞ്ഞാല്‍, ആരെങ്കിലും മറിയം അവനെ എങ്ങനെയാണ് ശുശ്രൂഷിക്കുന്നത് എന്ന ചോദ്യം ചെയ്താല്‍ ഉത്തമയായ വിശ്വസ്തയായ ഒരു ഭാര്യയ്ക്ക് ആവശ്യമായ എല്ലാ സുകൃതങ്ങളും ഗുണഗണങ്ങളും മറിയത്തില്‍ അവന്‍ എപ്പോഴും ദര്‍ശിച്ചിരുന്നതിനാല്‍ ഇതില്‍ കൂടുതലായി യാതൊന്നിനും തന്നെ തൃപ്തിപ്പെടുത്താന്‍ സാധിക്കില്ലായെന്ന് എപ്പോഴും അവന്‍ ഉത്തരം നല്കിയിരുന്നു. ഇതില്‍ കൂടുതലായി അവനൊന്നും വെളിപ്പെടുത്തിയിരുന്നില്ല; മറിയത്തെ സന്തോഷിപ്പിക്കാനായി എല്ലാക്കാര്യങ്ങളും തന്നില്‍ത്തന്നെ സംഗ്രഹിക്കാനാണ് അവന്‍ ഇഷ്ടപ്പെട്ടിരുന്നത്.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles