ദൈവപുത്രന്റെ സഹനങ്ങളെക്കുറിച്ച് മുന്‍കൂട്ടി അറിഞ്ഞ് ദുഃഖിതനായ വി. യൗസേപ്പിതാവിനെ പരി. മറിയം എങ്ങനെയാണ് ആശ്വസിപ്പിച്ചതെന്ന് അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 72/100

മാംസം ധരിച്ച വചനത്തിന്റെ സാന്നിധ്യത്താലും മറിയത്തിന്റെ സഹവാസത്താലും ജോസഫ് അനുഭവിച്ചിരുന്ന സന്തോഷം സുഖദുഃഖ സമ്മിശ്രമായി. എല്ലാ സ്വര്‍ഗ്ഗീയ സമാശ്വാസങ്ങളുടെ നടുവിലും എന്താണ് ദിവ്യരക്ഷകന്‍ തന്റെ ജീവിതകാലത്ത് അഭിമുഖീകരിക്കുകയും സഹിക്കുകയും ചെയ്യേണ്ടിവരുന്നത് എന്നുള്ള ചിന്ത അവന്റെ ഹൃദയത്തെ ആഴത്തില്‍ വേദനിപ്പിച്ചിരുന്നു. അതിനാല്‍ അവന്‍ ഇടയ്ക്കിടെ മറിയത്തോട് പറഞ്ഞിരുന്നു. ‘ഓ, എന്റെ പ്രിയ മണവാട്ടീ, വളരയെധികം കൃപാവരങ്ങള്‍ ചൊരിഞ്ഞുകൊണ്ടും പ്രത്യേകിച്ചും എന്റെ പ്രിയപ്പെട്ടവളും അമൂല്യയുമായ നിന്നിലൂടെ ഈ ലോകത്തിലേക്ക് വന്ന് നമ്മോടൊത്ത് വസിക്കാന്‍ അവിടുന്ന് തിരുമനസ്സായതുവഴി എത്രയോ വിശ്ഷ്ടങ്ങളായ കൃപകളാണ് ദൈവം എന്നില്‍ ചൊരിഞ്ഞിരിക്കുന്നത്!’

‘അതേസമയംതന്നെ അവിടുന്ന് സഹിക്കുവാനിരിക്കുന്ന കാര്യങ്ങളെല്ലാം നിന്നെ മൂന്‍കൂട്ടി അറിയിച്ചതുവഴി ദുഃഖത്തിന്റെ കാസ കുടിക്കുവാനും അവിടുന്ന് എന്നെ അനുവദിക്കുന്നു. ഈ ലോകം അവിടുത്തെ മനസ്സിലാക്കാന്‍ ആഗ്രഹിക്കാതിരിക്കുക. എല്ലാവരും അവിടുത്തെ സ്‌നേഹിക്കാതിരിക്കുക ഇതെല്ലാം വാസ്തവത്തില്‍ സത്യമായിരിക്കുമോ? ഓ മാംസം ധരിച്ച വചനമേ! തിരസ്‌കരണവും നന്ദിഹീനതകളുമാണോ ലോകത്തില്‍നിന്ന് അങ്ങേക്കു ലഭിക്കുന്നത്? ഓ എന്റെ ദൈവമേ, എന്റേ ദൈവമേ!’ പരി. അമ്മ അവനെ ആശ്വസിപ്പിക്കുന്നതുവരെ ഇങ്ങനെ പറഞ്ഞ് ജോസഫ് ഹൃദയം തകര്‍ന്ന് കരഞ്ഞു. അവള്‍ അവനോട് പറഞ്ഞു: ‘ധൈര്യമായിരിക്കുക, എന്റെ പ്രിയ മണവാളാ, അവിടുത്തെ വരവിനെ തിരിച്ചറിയാനും അവിടുത്തെ അനുഗ്രഹങ്ങള്‍ക്ക് നന്ദിയുള്ളവരായിരിക്കാനുമുള്ള ഉന്നതമായ കൃപകള്‍ തന്ന അനന്ത നന്മയ്ക്ക് നമുക്ക് സ്തുതിയും നന്ദിയുമര്‍പ്പിക്കാം. നമുക്ക് ലഭിച്ചിരിക്കുന്ന ഈ വിശിഷ്ടമായ ഭാഗ്യമോര്‍ത്ത് നമുക്ക് സന്തോഷിക്കാം.’

ജോസഫ് കണ്ണുനീര്‍ തുടച്ച് ആശ്വാസഭരിതനായ അവളോട് പറഞ്ഞു: ‘അതെ, നീ പറഞ്ഞത് തീര്‍ത്തും സത്യമാണ്. എനിക്കു വേണ്ടി നല്ല ദൈവത്തിന് നന്ദിയും സ്തുതിയുമര്‍പ്പിക്കണമേ. കാരണം, അത് വളരെ വിശിഷ്ടമായി ചെയ്യുവാനുള്ള കഴിവ് നിനക്കുണ്ട്. അപ്പോള്‍, അവിടുത്തെ അനന്തനന്മയ്ക്കു നന്ദിയും സ്തുതിയുമര്‍പ്പിക്കാന്‍ നിന്നോടൊപ്പം ഞാനും ചേരട്ടെ.’ പരി. അമ്മ നന്ദിയുടെയും സ്തുതിയുടെയും ഒരു നവമായ ഗീതം ആദരവോടെ ആലപിച്ചു. ജോസഫും അവളോടൊപ്പം ചേര്‍ന്നു. തന്റെ അമ്മയുടെ പാട്ടിലും തന്റെ പ്രിയപ്പെട്ട ജോസഫിന്റെ പരിശുദ്ധമായ മനോവ്യാപാരങ്ങളിലും അഭിലാഷങ്ങളിലും ദിവ്യശിശു ആനന്ദഭരിതനായി. ആന്തരികമായൊരു ആനന്ദനിര്‍വൃതി ജോസഫില്‍ നിറച്ചുകൊണ്ട് തന്റെ ആനന്ദത്തിന്റെ വ്യക്തമായൊരു അടയാളം ദിവ്യശിശു അവനു നല്കി.

മറിയത്തിന്റെ കന്യകാ ഉദരത്തില്‍ മാംസം ധരിച്ച വചനമാണ് എന്ന തിരിച്ചറിവ് ജോസഫിനെ അഗാധമായ എളിമയും ബഹുമാനവുംകൊണ്ട് നിറച്ചു. ദൈവസ്‌നേഹത്താല്‍ അവന്റെ ഹൃദയം ജ്വലിച്ചുയര്‍ന്നു. മറിയത്തിന്റെ ഉദരത്തില്‍ തന്റെ ബാഹ്യനേത്രങ്ങളാല്‍ മറയപ്പെട്ട് വസിക്കുന്ന തന്റെ ഏറ്റവും പ്രിയപ്പെട്ട രക്ഷകനില്‍ അവന്റെ കണ്ണുകള്‍ ഉറപ്പിക്കാനുള്ള തീവ്രമായ ഒരാഗ്രഹം അവനില്‍ ഉണര്‍ന്നു. മാംസംധരിച്ച വചനവുമായി എപ്പോഴും സ്‌നേഹസംഭാഷണത്തിലേര്‍പ്പെടാന്‍ അവനെ ഉത്തേജിപ്പിക്കുന്നവിധം ആശ്രയത്വവും ശരണവും അവന്റെ ആത്മാവിനെ പൊതിഞ്ഞു. അങ്ങനെ അവന്റെ സ്‌നേഹനിര്‍ഭരമായ ഹൃദയത്തിലെ എല്ലാ അഭിലാഷങ്ങളും അവിടുത്തെ മുമ്പില്‍ അവന്‍ സമര്‍പ്പിച്ചു.

മനുഷ്യനായി ജനിച്ച ഒരു ശിശുവായി അവിടുത്തെ കാണുവാന്‍ തീവ്രമായി ദാഹിക്കുന്നുവെന്ന് രക്ഷകനോട് അവന്‍ പറഞ്ഞു. ഇടയ്ക്കിടെ ഉദ്‌ഘോഷിച്ചു: ‘ഓ മാംസം ധരിച്ച വചനമേ! എന്റെ ഈ ശാരിരികനേത്രങ്ങള്‍ അങ്ങയെ ദര്‍ശിക്കാനും, എന്റെ കരങ്ങളില്‍ വഹിക്കാനുമുള്ള സൗഭാഗ്യം എനിക്ക് എപ്പോഴാണ് കൈവരിക? അപ്പോള്‍ എന്റെ ആത്മാവില്‍ നിറഞ്ഞുതുളുമ്പുന്ന ആനന്ദത്താല്‍ അതെന്റെ ശരീരത്തില്‍നിന്ന് വേര്‍പിരിയാന്‍ തന്നെ സാധ്യതയുണ്ട്. അതിനുശേഷവും ഞാന്‍ ജീവിച്ചിരിക്കണമെങ്കില്‍, യഥാര്‍ത്ഥത്തില്‍ അങ്ങയുടെ മാധുര്യപൂര്‍ണ്ണമായ ആശ്ലേഷത്തിന്റെ ആനന്ദം ഞാനനുഭവിക്കണമെന്ന് അങ്ങ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഒരുത്ഭുതംകൂടി അങ്ങ് ചെയ്യേണ്ടതായി വരും.

‘ഓ മാംസം ധരിച്ച വചനമേ! അങ്ങയെ ദര്‍ശിക്കൂവാനും കരങ്ങളിലെടുക്കുവാനും എന്റെ കരങ്ങള്‍കൊണ്ട് അധ്വാനിച്ച് അങ്ങയെ പാലിക്കാനുമുള്ള ആനന്ദം! ഓ ഇതെല്ലാം തീര്‍ച്ചയായും സത്യമാണോ? കണ്ടാലും, ഞാന്‍ ആഗ്രഹിച്ച് കാത്തിരുന്ന സമയം, അങ്ങേക്കായി എന്നെ മുഴുവനും അര്‍പ്പിക്കാനുള്ള സമയം, അങ്ങ് വാഗ്ദാനം ചെയ്തിരുന്നതുപോലെ അവസാനമിതാ വന്നെത്തിയിരിക്കുന്നു. ഓ, എനിക്കിത് എത്രയോ സന്തോഷത്തിന്റെ നിമിഷങ്ങളാണ്! അങ്ങയുടെ അയോഗ്യനും എളിയവനുമായ ദാസനായി അങ്ങ് ഒരുക്കിവച്ചിരിക്കുന്ന കൃപാവരം എത്രയോ മഹോന്നതമാണ്. എല്ലാവരെയുംകാള്‍ ഉയര്‍ത്തി, ഇങ്ങനെയുള്ള ഒരു ദൗത്യത്തിനായി എന്റെ ദൈവം എന്നെ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് ആര്‍ക്കെങ്കിലും ചിന്തിക്കാന്‍ സാധിക്കുമായിരുന്നോ?’

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles