പരിശുദ്ധ കന്യകയുടെ വിവാഹം നടന്നതെങ്ങനെ?
(വി.ആൻ കാതറിൻ എമ്മിറിച്ചിന് ലഭിച്ച ദർശനങ്ങളിൽ നിന്ന്)
പരിശുദ്ധ മറിയം വിവാഹപ്രായം വരെ ഭക്ത സ്ത്രീകളുടെ മേൽനോട്ടത്തിൽ ദേവാലയത്തിലാണ് വസിച്ചിരുന്നത്. ഇസ്രായേലിൽ ഈ രീതി പതിവായിരുന്നു.ഭക്തരായ മാതാപിതാക്കൾ തങ്ങളുടെ പെൺമക്കളെ ദൈവത്തിനു സമർപ്പിച്ച് ദൈവാലയ ശുശ്രൂഷകൾക്കായി നൽകുമായിരുന്നു.ഇവരുടെ മേൽനോട്ടത്തിനായി ചില ഭക്തസ്ത്രീകളും ഉണ്ടായിരുന്നു. അവർ ദേവാലയത്തിലേക്ക് ആവശ്യമായ വിരികളിൽ ചിത്രത്തുന്നൽ ചെയ്യുന്ന ജോലികളിൽ പെൺകുട്ടികളെ പരിശീലിപ്പിക്കും. പ്രാർത്ഥനയിലും ദൈവാരാധനയിലും വിശുദ്ധ ലിഖിത വായനകളിലും പരിശീലനങ്ങൾ നൽകും. വിവാഹ പ്രായമാകുമ്പോൾ വീട്ടുകാർ വന്ന് അവരെ കൂട്ടിക്കൊണ്ടുപോകും.
14 വയസ്സായ പരിശുദ്ധ മറിയവും മറ്റ് ഏഴുപേരും ദേവാലയത്തിൽ നിന്ന് മടങ്ങേണ്ട സമയമായി. അമ്മയായ അന്ന തനിച്ചാണ് മറിയത്തെ കൊണ്ടുപോകാൻ വന്നത്. ജൊവാകിം ഇതിനോടകം മരിച്ചിരുന്നു.പരിശുദ്ധ മറിയം മ്ലാനവദനയായി കാണപ്പെട്ടു. ദേവാലയം വിട്ടുപോകാൻ മറിയത്തിനു താല്പര്യമില്ല ;എന്നാൽ, പോകാതെ നിവൃത്തിയുമില്ല.അതായിരുന്നു കാരണം.
അവളെ പരിശീലിപ്പിച്ചവർ മറിയത്തെ ഉപദേശിച്ചു..ഇനി നീ വിവാഹിതയാകണം. ഭർത്താവിന്റെ ഹിതം നോക്കി ജീവിക്കണം എന്നൊക്കെ. മനോ വേദനയാൽ പരവശയായ മറിയം തൊട്ടടുത്ത ജലധാരയുടെ സമീപത്ത് പോയി ഒരു പാത്രത്തിൽ വെള്ളം എടുത്തു കുടിച്ചു.
ഈ സമയം ദേവാലയത്തിന് അകത്ത് ഒരു വയോധികനായ പുരോഹിതൻ ധൂപം അർപ്പിക്കുകയായിരുന്നു. ഈ പുരോഹിതന് പ്രായാധിക്യത്താൽ നടക്കാൻ സാധിച്ചിരുന്നില്ല. രണ്ട് യുവ പുരോഹിതന്മാർ താങ്ങിയാണ് നടത്തിയത്. പ്രാർഥനകൾ ചൊല്ലി കൊണ്ടിരിക്കെ അദ്ദേഹം ഒരു അശരീരി ശബ്ദം കേട്ടു. “ജസ്സെയുടെ കുറ്റിയിൽ നിന്ന് ഒരു മുള കിളിർത്തു വരും. അവന്റെ പേരിൽ നിന്ന് ഒരു ശാഖ പൊട്ടി കിളിർക്കും”. (എശയ്യ 11:1) ഒരു സ്വർഗീയ അനുഭൂതിയിൽ ലയിച്ച അദ്ദേഹം ലിഖിതങ്ങൾ എടുപ്പിച്ച് ആ ഭാഗം വായിച്ചു.
ദൈവം നൽകിയ പ്രത്യേക പ്രചോദനത്താൽ ദാവീദിന്റെ വംശത്തിൽപ്പെട്ട വിവാഹപ്രായമായ പുരുഷന്മാർ ഒരു മരച്ചില്ലയുമായി ദേവാലയത്തിൽ വരണമെന്ന് പ്രധാന പുരോഹിതനായ അദ്ദേഹം നിർദ്ദേശം നൽകി.സന്ദേശവാഹകർ കുതിരപ്പുറത്ത് ദാവീദിന്റെ വംശക്കാർ താമസിക്കുന്നിടത്ത് സന്ദേശം എത്തിച്ചു.നസറത്തിൽനിന്നുള്ള മറിയത്തിന്റെ വരനെ നിശ്ചയിക്കേണ്ടത് ഇപ്രകാരം ആണെന്ന് വയോധികനായ ആ പുരോഹിതന് ദൈവീക സന്ദേശം ലഭിച്ചിരുന്നു.
മറിയത്തിന്റെ മാതാവായ അന്നയെ വിളിപ്പിച്ച് പുരോഹിതൻ തനിക്കുണ്ടായ ദൈവിക വെളിപാട്നെ കുറിച്ച് പറഞ്ഞു മനസ്സിലാക്കി. അന്ന ഇക്കാര്യം മകളെ അറിയിച്ചു. മറിയം, “ദൈവഹിതം അതാണെങ്കിൽ അത് നിറവേറട്ടെ” എന്നാണ് മറുപടി നൽകിയത്.
മരച്ചില്ലകളുമായി വന്ന യുവാക്കളോട് മരച്ചില്ലകൾ പുരോഹിതൻ ദേവാലയത്തിലെ ബലിപീഠത്തിൽ സമർപ്പിക്കുമെന്നും അപ്പോൾ പൂക്കുന്ന മരച്ചില്ല ആരുടേതാണോ അയാളാണ് മറിയത്തിന്റെ വരൻ എന്നും പുരോഹിതൻ അറിയിച്ചു.യുവാക്കളുടെ പേരുവിവരം പരിശോധിച്ചപ്പോൾ ബത്ലഹേമിൽ നിന്നുള്ള ആറു സഹോദരന്മാരിൽ ഒരുവനായ ജോസഫ് വന്നിട്ടില്ലെന്ന് മനസ്സിലായി. ഈ സമയം ജോസഫ് സമരിയായിൽ മരപ്പണിയുമായി ബന്ധപ്പെട്ട് പോയിരിക്കുകയായിരുന്നു. ഉടനെതന്നെ ദൂതന്മാരെ വിട്ട് ജോസഫിനെ കൊണ്ടുവന്നു.തുടർന്ന് പുരോഹിതൻ പേരെഴുതിയ മരച്ചില്ലകൾ സമർപ്പിച്ചപ്പോൾ ജോസഫിന്റെ മരച്ചില്ലയിൽ വെള്ളനിറമുള്ള ലില്ലി പൂക്കൾ വിരിയുകയും ജോസഫ് പ്രകാശപൂരിതമായി കാണപ്പെടുകയും ചെയ്തു. ജോസഫ് പരിശുദ്ധാത്മാവു നിറഞ്ഞവനായി.പുരോഹിതൻ മറിയത്തിന്റെ അമ്മയെ വിളിച്ച് ജോസഫിന്റെ കരം പിടിച്ച് ഇദ്ദേഹമാണ് മറിയത്തിന്റെ വരനായി ദൈവത്താൽ നിശ്ചയിക്കപ്പെട്ടവൻ എന്നുപറഞ്ഞ് വിവാഹം ഉറപ്പിച്ചു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.