താന്‍ ദരിദ്രനായതില്‍ വി. യൗസേപ്പിതാവ് ദൈവത്തിന് നന്ദിയര്‍പ്പിച്ചത് എപ്പോഴാണെന്ന് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 71/100
ജോസഫ് ഈ സമയത്ത് അത്യാവശ്യമായ ചില ഭൗതികവസ്തുക്കള്‍ നല്കുവാന്‍ തിരുമനസ്സാകണമെന്ന് പ്രാര്‍ത്ഥിക്കേണ്ടത് ആവശ്യമായിത്തീര്‍ന്നു. അവന്‍ പ്രാര്‍ത്ഥിച്ചു: ‘ഓ, എന്റെ നാഥാ, അല്പം ഭക്ഷണസാധനങ്ങള്‍ നല്കണമേ. ഞാന്‍ എനിക്കുവേണ്ടിയല്ല ചോദിക്കുന്നത്; കാരണം ഒന്നും ലഭിക്കുവാനുള്ള യോഗ്യത എനിക്കില്ല.; പരിശുദ്ധയായ എന്റെ ഭാര്യയ്ക്കുവേണ്ടിയാണ് ഞാനിത് അപേക്ഷിക്കുന്നത്; അതുവഴി അവള്‍ക്കിപ്പോള്‍ അത്യാവശ്യമായിരിക്കുന്ന ശാരീരികപോഷണങ്ങള്‍ നല്കുവാന്‍ എനിക്ക് കഴിയുമല്ലോ.’
ദൈവം അവന്റെ പ്രാര്‍ത്ഥന ശ്രവിച്ചു. ഏതെങ്കിലും വ്യക്തികള്‍വഴിയോ മാലാഖമാരുടെ കരങ്ങള്‍വഴിയോ അവിടുന്ന് അവര്‍ക്കതു സംലഭ്യമാക്കി. മറിയത്തിനാവശ്യമായ റൊട്ടിയും പഴങ്ങളും മറ്റ് ഭക്ഷണസാധനങ്ങളുംകൊണ്ട് തങ്ങളുടെ ഭക്ഷണമേശ നിറഞ്ഞിരിക്കുന്നതായി ജോസഫ് കണ്ടു.
ദൈവിതനന്മയുടെ സമ്മാനങ്ങളാണ് ഈ വസ്തുക്കളെന്ന് അവന്‍ തിരിച്ചറിഞ്ഞു; അവിടുത്തേക്ക് ഹൃദയം നിറഞ്ഞ നന്ദിയും സ്തുതിയുമര്‍പ്പിച്ചു. മറിയം അവനോട് പറഞ്ഞു: ‘ദൈവം ദാരിദ്ര്യത്തെ വളരെയധികം സ്‌നേഹിക്കുന്ന. അതിനാല്‍ അതു തനിക്കായി സന്തോഷപൂര്‍വ്വം തിരഞ്ഞെടുത്തിരിക്കുകയാണ്. ദരിദ്രനായി ജനിക്കാനും ദാരിദ്ര്യത്തില്‍ കഴിയാനുമാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. അവിടുത്തെ ജീവിതത്തില്‍ ഇതെല്ലാം സംഭവിക്കുന്നത് കാണുവാന്‍ നിനക്ക് സാധിക്കും.’
അവള്‍ തുടര്‍ന്നു: ‘മാംസം ധരിച്ച വചനം തന്റെ അമ്മയായി തിരഞ്ഞെടുത്തിരിക്കുന്നത് ഒരു പാവപ്പെട്ട യുവതിയെയാണ് എന്ന കാര്യംതന്നെ ശ്രദ്ധിക്കുക. സമ്പന്നരുടെ ഇടയില്‍ എല്ലാ സുഖവും ആസ്വദിച്ച് ജീവിക്കാനാണ് അവിടുന്ന് ആഗ്രഹിച്ചിരുന്നതെങ്കില്‍, അതീവസമ്പന്നയായ ഒരു യുവതിയെ അവിടുന്ന് അമ്മയായി തിരഞ്ഞെടുക്കുമായിരുന്നു എന്ന കാര്യത്തില്‍ നിനക്ക് ഉറപ്പുണ്ടല്ലോ. ദൈവം എല്ലാ സമ്പത്തിന്റെയും അധിപന്‍, നിത്യനായവന്‍, ലോകത്തെ ദാരിദ്ര്യത്തെക്കുറിച്ച് പഠിപ്പിക്കുവാനായി സ്വയം ദാരിദ്ര്യം പുല്കുവാന്‍ തിരുമനസ്സായതില്‍ നമുക്ക് അവിടുത്തെ സ്തുതിക്കുകയും അവിടുത്തേക്കു നന്ദിയര്‍പ്പിക്കുകയും ചെയ്യാം. ഇപ്പോഴത്തെ നമ്മുടെ സന്തോഷത്തിന്റെ കാരണം നമ്മുടെ ദാരിദ്ര്യമാണെന്ന് നാം തിരിച്ചറിയണം. നമ്മള്‍ ദരിദ്രരല്ലായിരുന്നുവെങ്കില്‍ ഇത്രയും വലിയൊരാനന്ദം ലഭിക്കുമായിരുന്നോ എന്ന് ആര്‍ക്കറിയാം.?’
ഈ വാക്കുകള്‍ ശ്രവിച്ച ജോസഫ് ആശ്വാസഭരിതനായി, ഇപ്പോഴത്തെ തന്റെ അവസ്ഥയോര്‍ത്ത് ദൈവത്തിന് നന്ദി പറഞ്ഞു. ഈ അവസ്ഥയെക്കുറിച്ച് പരിശുദ്ധ അമ്മ പറഞ്ഞ കാര്യങ്ങളെക്കുറിച്ച് അവന്‍ വീണ്ടും വീണ്ടും പര്യാലോചിച്ചു. ദൈവം ഈ പരമദാരിദ്ര്യം തിരഞ്ഞെടുത്തു ജീവിക്കുന്നതിനെക്കുറിച്ച് അവന്‍ ആശ്ചര്യപ്പെട്ടു. അവന്‍ ആത്മഗതം ചെയ്തു: ‘ഓ, മനുഷ്യനായി പിറക്കുന്ന എന്റെ ദൈവം എത്രയോ അവസരങ്ങളില്‍ വിശപ്പും ദാഹവും സഹിക്കുന്നത് എനിക്ക് കാണേണ്ടിവരും? ഓ, അതെങ്ങനെ എന്റെ ഹൃദയത്തിന് താങ്ങാനാവും? കൂടാതെ, അവിടുന്ന് അങ്ങനെയാകാന്‍ മനസ്സാകുന്നുവെങ്കില്‍ ഞാനും അങ്ങനെതന്നെയായിരിക്കും. ഓ ലോകത്തിന് ഇത് എത്രയോ ഉദാത്തമായ ഒരു മാതൃകയാണ്; എന്നാലും ഈ കാലഘട്ടത്തിലെ ലോകത്തിന് അത് തിരിച്ചറിയാന്‍ കഴിയുന്നില്ല. ഇത് മനസ്സിലാക്കുന്ന സമയം വരും. എന്റെ പ്രിയനാഥന്‍, അവിടുത്തെ ദാരിദ്ര്യത്തില്‍ അനേകരെ നിലനിര്‍ത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’
മനുഷ്യാവതാരമെന്ന മഹോന്നതദാനത്തെക്കുറിച്ച് ഭൂവാസികളെല്ലാവരും അറിഞ്ഞ് അവര്‍ അവിടുന്നിലേക്ക് തിരിഞ്ഞ് ദൈവത്തിന് അതിനായി നന്ദിയും സ്തുതിയുമര്‍പ്പിക്കണമെന്ന് തീവ്രമായ ഒരാഗ്രഹം ജോസഫിന്റെയുള്ളില്‍ നിറഞ്ഞുനിന്നിരുന്നു. ഈ കൃപയ്ക്കായി അവന്‍ അത്യുന്നതനോട് അപേക്ഷിച്ചു. അവന്‍ ഈ പ്രാര്‍ത്ഥന ഇടയ്ക്കിടെ ആവര്‍ത്തിച്ചിരുന്നു. ‘ഓ മനുഷ്യനായി പിറന്ന വചനമേ. എത്രയും വേഗം ലോകത്തിന് അങ്ങയെ വെളിപ്പെടുത്തണമേ; അങ്ങനെ എല്ലാവരു അവിടുത്തെ നന്മയെയും കരുണയെയും പ്രകീര്‍ത്തിക്കുകയും അവിടുത്തെ സ്‌നേഹത്തോട് പ്രത്യുത്തരിക്കുകയും ചെയ്യട്ടെ.’ തന്റെ രക്ഷകനോട് അവന്‍ ഈവിധം പറഞ്ഞിരുന്നു. കാരണം എത്രയധികം മോശമായി മനുഷ്യര്‍ അവിടുത്തോട് പെരുമാറുമെന്നും അവിടുത്തെ സ്‌നേഹം എത്രയോ ഹീനമായി നിന്ദാപമാനങ്ങളും നന്ദിഹീനതകളും അഭിമുഖീകരിക്കേണ്ടിവരുമെന്നും അവന് അറിവില്ലായിരുന്നു.
ലോകം തന്റെ ദിവ്യസുതനെ തിരസ്‌കരിക്കുമെന്നുള്ള വസ്തുത എത്രയും പരിശുദ്ധ അമ്മ ജോസഫിന് വ്യക്തമാക്കിക്കൊടുത്തു. ഇതു ശ്രവിച്ച ജോസഫിന്റെ ഹൃദയം വേദനയാല്‍ പിടഞ്ഞു; അവന്‍ ഉദ്‌ഘോഷിച്ചു: ‘ഓ, എന്റെ ദൈവമേ, ലോകത്തിന് അങ്ങയോട് ഇതുപോലെ അപമര്യാദയായി പെരുമാറുവാന്‍ വാസ്തവത്തില്‍ സാധിക്കുമോ? ഇത്രയും മഹോന്നതമായ ഒരു ദാനത്തിന് നന്ദിഹീനത പ്രദര്‍ശിപ്പിക്കാന്‍ എങ്ങനെ കഴിയും? ഓ, എന്റെ ഹൃദയത്തിന് തീര്‍ച്ചയായും ഇത് താങ്ങാന്‍ സാധിക്കില്ല! എന്നാല്‍ അവിടുത്തെ എത്രയും പരിശുദ്ധ അമ്മ മൂന്‍കൂട്ടി പറഞ്ഞിരിക്കുന്നതുപോലെ എല്ലാക്കാര്യങ്ങളും സംഭവിക്കു. മിക്കവാറും അവളിത് എന്നോട് പറഞ്ഞത് ഇത്രയും വലിയ കഷ്ടതകളില്‍നിന്ന് ഞാന്‍ പിന്‍തിരിഞ്ഞുപൊയ്‌ക്കൊള്ളട്ടെയെന്ന് കരുതിയാവാം. ഓ എന്റെ ദൈവമേ! അവിടുത്തെ ശാശ്വത സ്‌നേഹവും നിത്യനന്മയും ഇത്രയും ഭയങ്കരമായ അസമത്വങ്ങളും കഠിനമായ അനീതിയും അഭിമുഖീകരിക്കുന്നതിന് സാക്ഷിയാകുവാന്‍ അല്ലെങ്കില്‍ എനിക്ക് എങ്ങനെ സാധിക്കും.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.