വി. യൗസേപ്പിതാവിന്റെ തീക്ഷ്ണമായ പ്രാര്‍ത്ഥനയിലൂടെ കഠിനഹൃദയരായ പാപികള്‍പോലും മാനസാന്തരപ്പെട്ടിരുന്നത് എങ്ങിനെയന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 70/100
ജോസഫ് അവന്റെ പ്രാര്‍ത്ഥനകളും അപേക്ഷകളും ഇരട്ടിയാക്കി. അയല്‍ക്കാരന്റെ നന്മയ്ക്കും മരണാസന്നര്‍ക്കും വേണ്ടി ജോസഫ് എപ്പോഴും പ്രാര്‍ത്ഥിച്ചിരുന്നുവെങ്കിലും, ഇപ്പോള്‍ ഗ്രാമത്തില്‍ ആരെങ്കിലും കലശലായ രോഗാവസ്ഥയിലാണെന്നറിഞ്ഞാല്‍ മനുഷ്യാവതാരം ചെയ്ത ദൈവവചനത്തിന്റെ മുമ്പില്‍ സാഷ്ടാംഗം പ്രണമിച്ച് പ്രാര്‍ത്ഥിച്ചിരുന്നു. രോഗിയായ മനുഷ്യര്‍ ദൈവേഷ്ടമാണെങ്കില്‍ ആരോഗ്യം പുനഃപ്രാപിക്കുകയോ, അല്ലെങ്കില്‍ നിത്യരക്ഷ ഉറപ്പാക്കുകയോ ചെയ്യുന്നതുവരെ, തന്റെ നാഥന്റെ മുമ്പില്‍ അവന്‍ തീക്ഷ്ണമായി പ്രാര്‍ത്ഥിക്കുമായിരുന്നു. പാപികള്‍ക്കുവേണ്ടിയും അവന്‍ അപ്രകാരം ചെയ്തിരുന്നു. കഠിനഹൃദയനായ ഒരു പാപി തന്റെ സമീപപ്രദേശത്ത് ഉണ്ടെന്നറിഞ്ഞാല്‍ ദിവ്യരക്ഷകന്റെ സവിധേ അവന്‍ ചുടുകണ്ണുനീര്‍ ചിന്തി, മാനസാന്തരം നേടിയെടുക്കുന്നതുവരെ വളരെ തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചിരുന്നു അവന്റെ നിയോഗങ്ങള്‍ക്കായി എത്രയും പരിശുദ്ധ അമ്മയും അതുപോലെതന്നെ പ്രാര്‍ത്ഥിച്ചിരുന്നു. അവളുടെ മദ്ധ്യസ്ഥത ചോദ്യം ചെയ്യപ്പെടാത്തവിധം എപ്പോഴും ദൈവതിരുമുമ്പില്‍ സംപ്രീതിജനകമായിരുന്നു.
മറിയം അവളുടെ ഉള്ളില്‍ വസിക്കുന്ന നിത്യജ്ഞാനത്താലാണ് നയിക്കപ്പെട്ടിരുന്നത്. എന്നാല്‍ ജോസഫ് വളരെയധികം കാര്യങ്ങള്‍ ആത്മീയപ്രകാശനത്താലും പ്രചോദനങ്ങളാലുമാണ് സ്വീകരിച്ചിരുന്നത്. കൂടാതെ ഇപ്പോള്‍ അവളില്‍ നിന്നുകൂടി അവന് നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നു. ഈ കാലയളവില്‍ അവള്‍ വളരെക്കുറച്ച് മാത്രമേ സംസാരിച്ചിരുന്നുള്ളു. കാരണം അവളെപ്പോഴും ദൈവത്തില്‍ ആമഗ്നയായിരുന്നു. കൂടാതെ തന്റെ ദൈവസുതനുമായും ആന്തരിക സംഭാഷണത്തില്‍ ഏര്‍പ്പെടുന്നതിലാണ് അവള്‍ പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നത്. അവളുടെ സംഭാഷണങ്ങളെല്ലാം രഹസ്യാത്മകമായിരുന്നു. അവന്‍ അവയെ തന്റെ അന്തരാത്മാവില്‍ സൂക്ഷിച്ചുവച്ച് അതിന്മേല്‍ ധ്യാനിക്കുമായിരുന്നു. അതവന് അത്ഭുതാവഹമായ ഒരു പ്രചോദനസ്രോതസ്സായിരുന്നു.
മനുഷ്യനായി അവതരിച്ച തന്റെ ദൈവത്തിന് പ്രീതിജനകമായി എന്തെങ്കിലും പ്രവര്‍ത്തിക്കുവാന്‍ ജോസഫ് അതിയായി ആഗ്രഹിച്ചിരുന്നു. അവിടുത്തേക്കു സംതൃപ്തി നല്കാനായി എന്താണ് ചെയ്യേണ്ടതെന്നു പറയുവാന്‍ ഇടയ്ക്കിടയ്ക്ക് മറിയത്തോട് അവന്‍ ആവശ്യപ്പെടുമായിരുന്നു. അവള്‍ തന്റെ അപേക്ഷ തള്ളിക്കളയാതിരിക്കാനുള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതുവരെ ഇങ്ങനെയുള്ള അവസരങ്ങളില്‍ അവള്‍ തന്നെത്തന്നെ എളിമപ്പെടുത്തിയിരുന്നു. താന്‍ വഹിക്കുന്ന മനുഷ്യാവതാരം ചെയ്ത വചനത്തിന്റെ സംരക്ഷകരായിട്ടാണ് തങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന അവള്‍ മനസ്സിലാക്കണം, കൂടാതെ, അവള്‍ വചനത്തിന്റെ യഥാര്‍ത്ഥ അമ്മയായതിനാല്‍ അവിടുത്തെ പ്രീതിപ്പെടുത്താന്‍ അവള്‍ക്ക് തീര്‍ച്ചയായും അറിയാമെന്നും അവന്‍ വിചാരിച്ചു. എന്നാല്‍ അവന്‍ തന്റെ ഭാഗത്തുനിന്ന് അവിടുത്തേക്കു പ്രീതജനകമായതു ചെയ്യുക എന്നത് തന്റെ കര്‍ത്തവ്യമാണെന്നും ചിന്തിച്ചു.
എത്രയും പരിശുദ്ധ അമ്മ എളിമയോടും ആദദരവോടും കൂടി മറുപടി പറഞ്ഞ് അവനെ ആശ്വസിപ്പിച്ചു. ആദ്യം ഈ സുകൃതവും പിന്നീട് മറ്റു സുകൃതങ്ങളും അഭ്യസിക്കുന്നതിലേക്ക് അവന്റെ ശ്രദ്ധ അവള്‍ തിരിച്ചുവിട്ടു. എന്നാല്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് അവള്‍ അവനോട് പറഞ്ഞു: ‘ഒരാള്‍ തന്റെ ഹൃദയംതന്നെ അവതാരം ചെയ്ത വചനത്തിന് സമ്മാനമായി സമര്‍പ്പിക്കുന്നത് അവിടുത്തേക്ക് വലിയ ആനന്ദത്തിനുള്ള ഉപാധിയാണ്. വളരെ ശൈശവത്തില്‍, നമ്മുടെ വിവേചനാശക്തി പ്രവര്‍ത്തിച്ച തുടങ്ങിയ നിമിഷംതന്നെ നമ്മള്‍ രണ്ടുപേരും നമ്മെ പൂര്‍ണ്ണമായും സമര്‍പ്പിച്ചതുവഴി അങ്ങനെ ചെയ്തു കഴിഞ്ഞു. എന്നാലും നമ്മുടെ ഹൃദയത്തിന്റെ സമര്‍പ്പണം അവിടുത്തെ സന്നിധിയില്‍ നവീകരിക്കണം. നമ്മുടെ ശക്തിക്ക് സാധ്യമായിരുന്നെങ്കില്‍ മനുഷ്യമക്കളുടെ മുഴുവന്‍ ഹൃദയവും അവിടുത്തേക്ക് സമര്‍പ്പിക്കുവാനുള്ള ദാഹത്തോടെ ഇടയ്ക്കിടയ്ക്ക് നമുക്കങ്ങനെ ചെയ്യാം.
ഇതു ശ്രവിച്ച ജോസഫ് ആനന്ദത്താല്‍ കണ്ണുനീര്‍ തൂകി. അവന്‍ മറിയത്തിന് നന്ദി പറഞ്ഞു. അവിടുത്തെ കൃപാവരങ്ങളാല്‍ അവളെ കൂടുതല്‍ സമ്പന്നയാക്കണമെന്ന് അവതരിച്ച വചനത്തോട് അവന്‍ പ്രാര്‍ത്ഥിച്ചു. സന്തോഷവാനായ ജോസഫ് ചിലയവസരങ്ങളില്‍ മറ്റെല്ലാവരെയുകാള്‍ ദൈവസ്‌നേഹത്താല്‍ ജ്വലിച്ചിരുന്നു. അങ്ങനെയുള്ള സമയങ്ങളില്‍, മാംസം ധരിച്ച വചനത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ചെറിയ ചെറിയ സ്തുതിപ്പുകള്‍ അവന്‍ രചിച്ചിരുന്നു. അവ പിന്നീട് മറിയത്തിന്റെ ഉദരത്തില്‍ വിശ്രമിക്കുന്ന ദൈവമനുഷ്യന്റെ സാന്നിധ്യത്തില്‍ അവന്‍ ആലപിച്ചിരുന്നു. ഇതില്‍ മറിയം അതിയായി ആനന്ദം കൊണ്ടു. ജോസഫ് രചിച്ച സ്തുതിപ്പിന്റെ ചില ഭാഗങ്ങള്‍ അവളുടെ ദൈവസുതനായി അവനോടൊന്നിച്ച് അവളും ആലപിക്കാന്‍ കൂടുമായിരുന്നു. ഇങ്ങനെയുള്ള അവസരങ്ങളില്‍, ചില സമയത്ത് ജോസഫിന്റെ ആനന്ദം സീമാതീതമായി, അവന്‍ അനുഗൃഹീതനായ ദൈവൈക്യത്തിലമരുമായിരുന്നു. ഈ നിമിഷങ്ങളില്‍ ദിവ്യശിശു അവനോടൊപ്പം ആനന്ദിക്കുന്നത് അവന് ദൃശ്യമായിരുന്നു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.