വി. യൗസേപ്പിതാവിനു ചുറ്റിലും ഒരു പ്രകാശവലയം കാണപ്പെട്ടിരുന്നത് എന്തുകൊണ്ടാണെന്ന് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 69/100
ലോകരക്ഷയ്ക്കുവേണ്ടി രക്ഷകന്‍ കടന്നുപോകേണ്ട സഹനങ്ങളെക്കുറിച്ച് മുന്‍കൂട്ടി പറഞ്ഞിരിക്കുന്ന ദൈവവചനഭാഗങ്ങളോ സങ്കീര്‍ത്തനങ്ങളോ മറിയം ചില സമയങ്ങളില്‍ ഉറക്കെ വായിച്ചിരുന്നു. ഈ ദൈവവചനഭാഗങ്ങളുടെ വെളിച്ചത്തില്‍ എന്തിലൂടെയാണ് തന്റെ ദൈവപുത്രന്‍ കടന്നുപോകേണ്ടിവരിക എന്ന് അവള്‍ അവനു വിശദീകരിച്ചു കൊടുത്തിരുന്നു. എന്നാല്‍ ജോസഫ് അതീവദുഃഖിതനാകാതിരിക്കുവാനായി എല്ലാക്കാര്യങ്ങളും പറയാതിരിക്കാനുള്ള മുന്‍കരുതല്‍ അവള്‍ കാണിച്ചിരുന്നു.
ഈ കാര്യത്തില്‍ അവന്‍ വളരെ തരളിതമാനസനായിരുന്നു. അതിനാല്‍ അവന്‍ അതിയായി ദുഃഖിച്ച് തളര്‍ന്നുപോകുമായിരുന്നു. ദൈവം രക്ഷകനെപ്പറ്റി വെളിപ്പെടുത്താന്‍ ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങള്‍ മറിയം ജോസഫിനോട് ഓരോരോ അവസരങ്ങളില്‍ പറഞ്ഞിരുന്നു. കൂടുതല്‍ കൂടുതല്‍ കൃപകളാലും യോഗ്യതകളാലും ജോസഫ് സമ്പന്നനാകുവാന്‍വേണ്ടി അവന് തന്റെ ഈ സമാശ്വാസങ്ങളുടെ നടുവിലും അനവധി തിക്താനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിയിരുന്നു.
രക്ഷകന്റെ ജനനം സംഭവിച്ചിട്ടില്ലെങ്കിലും സഹനദാസനായ രക്ഷകനെക്കുറിച്ച് ജോസഫ് ആഴത്തില്‍ സഹതപിച്ചിരുന്നു. രക്ഷകന്റെ സഹനങ്ങളുടെ സമയത്ത് താന്‍ ജീവിച്ചിരിക്കുമോ എന്ന് ഒട്ടും നിശ്ചയമില്ലാതിരുന്നിട്ടും അവന്‍ ഇങ്ങനെ രക്ഷകനോടൊപ്പെ സഹിക്കുന്നതിന്റെ യോഗ്യതകള്‍ നേടിയെടുത്തു.
ദൈവമാതാവുമായുള്ള അവന്റെ സംഭാഷണത്തിലൂടെ സൃഷ്ടികള്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ വേദനിപ്പിക്കുന്നതില്‍ അവതാരം ചെയ്ത വചനം എത്രമാത്രം ദുഃഖിതനാണ് എന്നുള്ള ഒരു ആത്മീയ ഉള്‍ക്കാഴ്ച സ്വീകരിക്കുവാന്‍ ചില സമയങ്ങളില്‍ ജോസഫിന് കഴിഞ്ഞിരുന്നു. അവന്‍ വളരെയധികം ദുഃഖിച്ച് കരഞ്ഞിരുന്നു. ഇതിനെക്കുറിച്ച് മറിയത്തോട് പറഞ്ഞപ്പോള്‍ അവര്‍ രണ്ടുപേരും വേദനകൊണ്ട് നിറഞ്ഞു. അവിടുത്തെ ക്രോധം ശമിപ്പിക്കാനായി തങ്ങളുടെ കണ്ണുനീര്‍ അവന്‍ സ്വര്‍ഗ്ഗീയപിതാവിനര്‍പ്പിച്ചു.
പാപികളുടെ മാനസാന്തരത്തിനായി അവന്‍ അവിടുത്തോട് യാചിച്ചു. ജോസഫ് ഉദ്‌ഘോഷിച്ചു. ‘ഓ, എന്റെ ദൈവമേ! മനുഷ്യരക്ഷയ്ക്കുവേണ്ടി തന്റെ ഏകജാതനെ മനുഷ്യാവതാരം ചെയ്യാനായി ഭൂമിയിലേക്ക് അയച്ചിരിക്കുന്നു. ലോകത്തോട് അതിയായ കരുണ അവിടുന്ന് പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഈ സമയത്ത് ഇത്ര കഠിനമായി അങ്ങയെ വേദനിപ്പിക്കുന്നത് കാണുക എത്രയോ ഭയാനകവും ദുഃഖപൂര്‍ണ്ണവുമാണ്! ഓ ഇത്രയും ഉന്നതമായ സ്‌നേഹത്തിന് പ്രത്യുത്തരമായി ഇത്രയധികം നന്ദിഹീനതകള്‍ നല്കാന്‍ എങ്ങനെ സാധിക്കും? കഷ്ടം, തങ്ങളുടെമേല്‍ വര്‍ഷിച്ചിരിക്കുന്ന ഈ മഹോന്നതമായ അനുഗ്രഹത്തെക്കുറിച്ച് ലോകത്തിന് യാതൊരറിവുമില്ല. അതറിയുവാന്‍ ഭാഗ്യം സിദ്ധിച്ചിരിക്കുന്ന ഞാന്‍, അതിനാല്‍, പൂര്‍ണ്ണമായും സ്‌നേഹത്തിന്റെ ഒരു ഹോമബലിയായി തീരേണ്ടിയിരിക്കുന്നു!’
‘മറ്റുള്ളവരിലെ കുറവുകള്‍ നികത്തുന്നതിന് ഇത്ര വലിയ സമ്മാനത്തിനായി ഞാന്‍ പ്രതിദാനം അര്‍പ്പിക്കേണ്ടിയിരിക്കുന്നു. എന്റെ അയോഗ്യതകള്‍ക്കും ദുരവസ്ഥയ്ക്കും ഉപരിയായി എല്ലാവരുടെയും പേരില്‍ അങ്ങയെ സ്‌നേഹിക്കുവാനും സ്തുതിക്കുവാനും അങ്ങേക്ക് നന്ദിയര്‍പ്പിക്കാനും ഞാന്‍ ആഗ്രഹിക്കുകയും അതിനായി എന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു. അങ്ങയുടെ ഈ അയോഗ്യദാസന് ധൈര്യവും ശക്തിയും പ്രദാനം ചെയ്യണമേ. അങ്ങനെ ഇവന്‍ കൂടുതല്‍ പൂര്‍ണ്ണതയോടെ അത് പൂര്‍ത്തിയാക്കട്ടെ.’
തന്റെ പ്രിയപ്പെട്ട ജോസഫിന്റെ അര്‍ത്ഥനകള്‍ ദൈവം സംപ്രീതിയോടെ കൈക്കൊണ്ടു. അതിനുള്ള വ്യക്തമായ അനുഭവങ്ങള്‍ ജോസഫിനു ലഭിച്ചു. ദൈവം അവന്റെ ആത്മാവിനെ സ്വര്‍ഗ്ഗീയാനന്ദത്താല്‍ പൂരിതമാക്കി, ഹൃദയം സ്‌നേഹപാരവശ്യത്തിലായി. അവന്‍ ദിവസങ്ങളോളം ഹര്‍ഷേന്മാദത്തിലായിരുന്നു. ജോസഫിന്റെ നിര്‍മ്മലമായ ആത്മാവില്‍ കത്തിജ്വലിച്ചിരുന്ന ദൈവസ്‌നേഹാഗ്നി അവന്റെ ശരീരത്തിനു ചുറ്റും ഒരു പ്രകാശവലയം സൃഷ്ടിച്ചു. അതിനാല്‍ ജോസഫ് സ്വര്‍ഗ്ഗവാസിയാണോ ഭൂവാസിയാണോ എന്ന് തിരിച്ചറിയുവാന്‍ തന്നെ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. ഈ ദിവസങ്ങളില്‍ അവന് അല്പംപോലും വിശപ്പ് അനുഭവപ്പെട്ടിരുന്നില്ല. സ്വര്‍ഗ്ഗീയാനുഭൂതിയില്‍ അവന്റെ ആത്മാവിനെയും ശരീരത്തെയും അതു തേജസ്സുറ്റതാക്കി.
മനുഷ്യാവതാരമെന്ന രഹസ്വം അവന് വെളിപ്പെടുത്തിക്കിട്ടിയ നിമിഷം മുതല്‍ രക്ഷകനൊഴിച്ച് മറ്റൊന്നിലും ജോസഫിന്റെ ആത്മാവിന് ആനന്ദമില്ലാതായി. നശ്വരമായ ലോകവസ്തുക്കള്‍ക്ക് അവന്‍ ഒട്ടും പ്രാധാന്യം നല്കാതെയാണ് ജീവിച്ചത്. അവന്റെ അരൂപി എപ്പോഴും തന്നെ ദൈവത്തില്‍ ആമഗ്നനായിരുന്നു. അവന്റെയുള്ളിലാണ് ഈ ഐക്യം പൂര്‍ണ്ണമായും നടന്നിരുന്നത്. മനുഷ്യാവതാരം ചെയ്ത തന്റെ നാഥനുമായി അവന്‍ എപ്പോഴും ഐക്യത്തിലായിരുന്നു.
അവന്‍ വളരെയധികം ഉപവിപ്രവൃത്തികളും നന്ദിപ്രകടനങ്ങളും പരിത്യാഗങ്ങളും രക്ഷകനുവേണ്ടി അര്‍പ്പിച്ചിരുന്നു. അവന്‍ എന്തുതന്നെ പറഞ്ഞാലും അത് എപ്പോഴും ദൈവത്തിലേക്ക് ഉന്നംവച്ചിരുന്നു. അവന്റെ തൊഴില്‍ശാലയില്‍ എന്തെങ്കിലും ജോലി ചെയ്തുകിട്ടാനായി ആരെങ്കിലും വരുമ്പോള്‍ അവരോടൊന്നിച്ച് ദൈവത്തെ സ്തുതിക്കും. അവിടുത്തെ കാരുണ്യത്തെയും നന്മയെയും പ്രകീര്‍ത്തിക്കും എന്നല്ലാതെ മറ്റൊരു മറുപടിയും പറയാന്‍പോലും അവന് കഴിഞ്ഞിരുന്നില്ല. ‘നമുക്ക് ദൈവത്ത സ്തുതിക്കാം; ഓ അവിടുത്തെ പ്രവൃത്തികളില്‍ അവിടുന്ന് എത്രയോ മഹോന്നതാണ്. അവിടുത്തെ സ്‌നേഹം എത്രയോ അധികമാണ്’ എന്നാണ് അവന്‍ പറഞ്ഞിരുന്നത്.
ദൈവഭയമുള്ള ആത്മാക്കള്‍ ജോസഫിന്റെ ഈ പ്രവൃത്തിയിലൂടെ കൂടുതല്‍ നന്മ ആര്‍ജ്ജിക്കുകയും നല്ലവരായിത്തീരുകയും ചെയ്തു. എന്നാല്‍ പാപത്തില്‍ മുഴുകി ജീവിച്ചിരുന്നവര്‍ അവനെ നിന്ദിക്കുകയും പരിഹസിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുമായിരുന്നു. അതെ, തീര്‍ച്ചയായും കുറെപ്പേര്‍ ദൈവഭയമില്ലാത്ത യഹൂദന്മാര്‍ അപ്പസ്‌തോലന്മാരെപ്പറ്റി പറഞ്ഞതുപോലെ അവന്‍ വീഞ്ഞുകുടിച്ച് ലക്കുകെട്ടതാണെന്ന് അപവാദം പറഞ്ഞുപരത്തി. ജോസഫും അപ്പസ്‌തോലന്മാരും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി ദൈവസ്‌നേഹത്താല്‍ ജ്വലിച്ചിട്ടാണ് സംസാരിച്ചിരുന്നത്.
ജോസഫ് ഇതെല്ലാം സന്തോഷപൂര്‍വ്വം സ്വീകരിച്ചു. ഒരിക്കലും ഒരു പരാതിയും പറഞ്ഞിരുന്നില്ല. ദൈവത്തിന്റെ അനന്തനന്മയെയും കൃപകളെയും കുറിച്ച് സംസാരിക്കുന്നതില്‍നിന്ന് അവനെ ഇത് പിന്‍തിരിച്ചുമില്ല. ഈ കളിയാക്കലുകളും അപവാദങ്ങളും എല്ലാം അവന്‍ ദൈവസന്നിധിയിലേക്ക് അര്‍പ്പിച്ച് അതിനു കാരണക്കാരായവരോട് കരുണ കാണിക്കണമേയെന്ന് ദൈവത്തോട് യാചിച്ചിരുന്നു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.