പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥിച്ച സി. ഫൗസ്റ്റീനയോട് ഈശോ പറഞ്ഞതെന്താണെന്ന് അറിയേണ്ടേ?
രണ്ടു ദിവസത്തെ വിശുദ്ധ കുര്‍ബാന സ്വീകരണം പാപപരിഹാരത്തിനായി ഞാന്‍ സമര്‍പ്പിച്ചു. ഞാന്‍ കര്‍ത്താവിനോടു പറഞ്ഞു, ‘ഇശോയെ, ഞാനിന്ന് എല്ലാം പാപികളുടെ മാനസാന്തരത്തിനായി സമര്‍പ്പിക്കുന്നു അവിടുത്തെ നീതിയുടെ ശിക്ഷകള്‍ എന്റെമേല്‍ ചൊരിഞ്ഞ്, അങ്ങേ കരുണക്കടലില്‍ നിര്‍ഭാഗ്യരായ പാപികളെ മുക്കിയെടുക്കണമെ.’ കര്‍ത്താവ് എന്റെ പ്രാര്‍ത്ഥന ശ്രവിച്ചു. അനേകം പാപികള്‍ ദൈവത്തിങ്കലേക്കു തിരിച്ചുവന്നു. ദൈവനീതിയുടെ നുകത്തിന്റെ കീഴില്‍ ഞാന്‍ ഞെരിഞ്ഞമര്‍ന്നു. അത്യുന്നതനായ ദൈവത്തിന്റെ ക്രോധത്തിനു ഞാന്‍ വിഷയമായതായി എനിക്കനുഭവപ്പെട്ടു. സായാഹ്നമായപ്പോള്‍ സഹനം അതിന്റെ പാരമ്യത്തിലെത്തി. ആന്തരികപീഡയാല്‍, ഞാന്‍ അറിയാതെതന്നെ, പരിദേവനങ്ങള്‍ ഹൃദയത്തില്‍നിന്നു പുറത്തുവന്നു. ഞാനെന്റെ മുറിയുടെ വാതിലടച്ച് തിരുമണിക്കൂര്‍ ആരംഭിച്ചു. ആന്തരികമായ ഏകാന്തതയും ദൈവനീതിയുടെ അനുഭവവും – അതായിരുന്നു എന്റെ പ്രാര്‍ത്ഥന. ആ സമയം എന്റെ ആത്മാവില്‍ നിന്നുയര്‍ന്ന പ്രലപനവും വേദനയും ദൈവവുമായുള്ള മാധുര്യപൂര്‍ണ്ണമായ ഒരു സംഭാഷണമായി മാറി.
അപ്പോള്‍ ഈശോ അരികിലെത്തി എന്നെ മാറോടണച്ചുകൊണ്ട് അരുളിച്ചെയ്തു. എന്റെ മകളേ, കരയാതിരിക്കൂ. നീ കരയുന്നത് എനിക്കു സഹിക്കുവാന്‍ സാധിക്കുന്നില്ല. നീ അപേക്ഷിക്കുന്നതെല്ലാം ഞാന്‍ സാധിച്ചുതരും. കരച്ചില്‍ നിര്‍ത്തൂ. വലിയ ആനന്ദത്താല്‍ ഞാന്‍ നിറഞ്ഞു. പതിവുപോലെ എന്റെ അരൂപി, അതിന്റെ ഏകാഭിലാഷമായ ഈശോയില്‍ ആമഗ്നയായി. അവിടുത്തെ കരുണാര്‍ദ്രതയാല്‍ പ്രചോദിതയായി, ഞാന്‍ ദീര്‍ഘസമയം ഈശോയുമായി സംഭാഷണത്തിലേര്‍പ്പെട്ടു.
ഈശോയുടെ മാധുര്യം നിറഞ്ഞ തിരുഹൃദയത്തില്‍ തലചായ്ച്ച് ആശ്വാസം നുകര്‍ന്നുകൊണ്ടു ഞാന്‍ പറഞ്ഞു. ‘എന്റെ ഈശോയെ, എനിക്ക് വളരെ കാര്യങ്ങള്‍ അങ്ങയോടു പറയുവാനുണ്ട്.’ വളരെ സ്‌നേഹത്തോടെ ഈശോ പറഞ്ഞു. എന്റെ മകളേ നീ പറയൂ. അപ്പോള്‍ എന്റെ ഹൃദയവ്യഥകളെല്ലാം ഞാന്‍ വിവരിച്ചു കേള്‍പ്പിച്ചു. മാനവകുലം മുഴുവനെക്കുറിച്ച് എത്രമാത്രം ആകുലചിത്തയാണെന്ന് ഞാന്‍ പറഞ്ഞു. ‘ അവരെല്ലാം അങ്ങയെ അറിയുന്നില്ല. അങ്ങയെ അറിയുന്നവര്‍ തന്നെ അങ്ങ് സ്‌നേഹിക്കപ്പെടാന്‍ അര്‍ഹനായതുപോലെ അങ്ങയെ സ്‌നേഹിക്കുന്നില്ല. പാപികള്‍ അതികഠിനമായി അങ്ങെ വേദനിപ്പിക്കുന്നു. അങ്ങയുടെ സേവകരായി അങ്ങ് തിരഞ്ഞെടുത്തവര്‍ അതിക്രൂരമായി മര്‍ദ്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. നരകത്തിന്റെ ഭീകരമായ അഗാധഗര്‍ത്തത്തിലേക്കു വളരെയധികം ആത്മാക്കള്‍ തലകീഴായി വീഴുന്നു. ഈശോയെ, അങ്ങ് കണ്ടാലും ഈ വേദനകളെല്ലാം എന്റെ ഹൃദയത്തെയും ്അസ്ഥികളെയും കാര്‍ന്നുതിന്നുന്നു. ഈശോയെ, അങ്ങ് എന്നെ പ്രത്യേകമായ സ്‌നേഹവാത്സല്യങ്ങള്‍കൊണ്ടു പൊതിഞ്ഞ്, സ്വര്‍ഗ്ഗീയാനന്ദത്തിന്റെ അരുവികള്‍ എന്റെ ഹൃദയത്തിലേക്ക് ഒഴുക്കി അതിനെ തണുപ്പിക്കുന്നുവെങ്കിലും, അത് എന്റെ വേദനകളെ ശമിപ്പിക്കുന്നില്ല. നേരെമറിച്ച് അവ വളരെ തീവ്രമായി എന്റെ പാവം ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുകയാണ്. ഓ ലോകം മുഴുവന്‍ അങ്ങയുടെ അളവറ്റ കരുണയില്‍ ശരണംവച്ചിരുന്നെങ്കിലെന്ന് എത്ര തീക്ഷ്ണമായി ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ, അങ്ങയുടെ തിരുനാമം മഹത്വപ്പെടുത്തുന്നതു കാണുമ്പോള്‍ മാത്രമേ ഞാന്‍ ആശ്വാസഭരിതയാകുകയുള്ളു.
ഈശോ വളരെ താല്‍പര്യത്തോടും ശ്രദ്ധയോടുംകൂടി എന്റെ പരിദേവനങ്ങളെല്ലാം ശ്രവിച്ചു. അവിടുത്തേക്ക് ഇതേക്കുറിച്ച് യാതൊരു അറിവും ഇല്ലാത്തതുപോലെ ശ്രവിച്ചതുകൊണ്ട് സംസാരിക്കാന്‍ എനിക്കു എളുപ്പം അനുഭവപ്പെട്ടു. ദിവ്യനാഥന്‍ എന്നോടു പറഞ്ഞു. ‘എന്റെ മകളേ, നിന്റെ ഹൃദയത്തില്‍ നിന്നുവന്ന ഈ വാക്കുകള്‍ എന്നെ ആശ്വസിപ്പിക്കുന്നു. കരുണയുടെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുമ്പോള്‍ മാനവകുലം മുഴുവനെയും നീ എന്റെ അടുക്കല്‍ കൊണ്ടുവരുന്നു. ഈ വാക്കുകളോടെ ഞാന്‍ തനിച്ചായി. എന്നാല്‍ ദൈവികസാന്നിധ്യം എന്റെ ആത്മാവില്‍ നിറഞ്ഞുനിന്നിരുന്നു.
ഓ എന്റെ ഈശോയെ, ഞാന്‍ അങ്ങയുടെ അടുക്കല്‍ വരുമ്പോള്‍ അങ്ങ് എന്നെ നിറയ്ക്കുന്നു. അങ്ങനെ ഞാന്‍ പരിപൂര്‍ണ്ണ ആനന്ദത്താല്‍ മുഴുകുന്നു. എങ്കിലും മനുഷ്യവംശത്തെ ഞാനൊരിക്കലും മറക്കുകയില്ല. ദൈവകരുണയെ അവര്‍ ആശ്രയിക്കാതിരിക്കാന്‍ സ്വര്‍ഗ്ഗത്തെ ആവരണം ചെയ്യുന്ന വരികള്‍ മാറ്റുുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങയുടെ കരുണയെ പ്രഘോഷിക്കുകയാണ് എന്റെ ഭാഗധേയം. പരിപൂര്‍ണ്ണ ശരണത്തോടെ ദൈവകരുണയിലേക്കു തിരിയുമ്പോള്‍ സൃഷ്ടികള്‍ തങ്ങളുടെ സ്രഷ്ടാവിന് ഏറ്റവും ഉന്നതമായ മഹത്വം നല്കുന്നു.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.