പുഞ്ചിരിയോടെ മരണത്തെ നേരിട്ട പത്തൊന്‍പതുകാരി വിശുദ്ധ
നീണ്ട പത്തു വർഷത്തെ പ്രാർത്ഥനയ്ക്കും കാത്തിരിപ്പിനുമൊടുവിൽ റഗറോ ബഡാനോയ്ക്കും മരിയ തെരേസ ബഡാനോയ്ക്കും 1971 ഒക്ടോബർ 29ന് ഒരു പെൺകുഞ്ഞ് പിറന്നു.’ തെളിഞ്ഞ പ്രകാശം’ എന്നർത്ഥമുള്ള ചിയാരാ ലൂസ് എന്ന് ഇറ്റലിയിലെ സസ്സെല്ലോ സ്വദേശികളായ ഈ മാതാപിതാക്കൾ കുഞ്ഞിന് പേരിട്ടു.
കുഞ്ഞുനാൾ മുതൽ മറ്റുള്ളവരെ സഹായിക്കുന്നതിൽ പ്രത്യേക താല്പര്യം ഈ കുഞ്ഞ് പ്രകടിപ്പിച്ചിരുന്നു. തന്റെ കളിപ്പാട്ടങ്ങൾ പാവപ്പെട്ട കുഞ്ഞുങ്ങൾക്ക് സമ്മാനമായി നൽകിയും സാമ്പത്തികമായി പിന്നോക്കം ഉള്ളവരെ വീട്ടിൽ ഭക്ഷണത്തിനു ക്ഷണിച്ചും അവൾ തന്റെ കാരുണ്യം പ്രദർശിപ്പിച്ചു. അടുത്തുള്ള വൃദ്ധമന്ദിരം സന്ദർശിക്കാനും കൂട്ടുകാർക്ക് അസുഖം വരുമ്പോൾ അവരെ സന്ദർശിക്കാനും അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കൂടാതെ വിശുദ്ധ കുർബാനയിൽ പങ്കെടുത്തും ബൈബിൾ കഥകൾ വായിച്ചും ആദ്ധ്യാത്മികതയിൽ വളരുകയും ചെയ്തു കൊച്ചു ലൂസ്.
തന്റെ ഒൻപതാമത്തെ വയസ്സിൽ ലോക സാഹോദര്യം ലക്ഷ്യമിട്ടുകൊണ്ട് പ്രവർത്തിക്കുന്ന കത്തോലിക്കാ മുന്നേറ്റമായ ഫോക് ലോർ മൂവ്മെന്റ്ൽ അവൾ ചേർന്നു. ഇത് അവളുടെ ജീവിതത്തിലെ വഴിത്തിരിവായി.പിന്നീട് അവൾ എഴുതി :”പരിത്യക്തനായ ക്രിസ്തുവിനെ കണ്ടെത്തലാണ് ദൈവയ്ക്യത്തിനുള്ള താക്കോൽ എന്ന് ഞാൻ മനസ്സിലാക്കി.എല്ലാത്തിലും അധികമായി ഞാൻ യേശുവിനെ സ്നേഹിക്കുന്നു. “
ലൂസിന് 17 വയസ്സുള്ളപ്പോൾ ബോൺ ക്യാൻസർ രോഗം പിടിപെട്ടു. വേദനനിറഞ്ഞ ചികിത്സകളിലൂടെ കടന്നുപോയെങ്കിലും എല്ലാം പരാജയപ്പെട്ടു.പൂർണ്ണമായും കിടപ്പിലായ ലൂസ് വേദനസംഹാരികൾ ഒന്നും വേണ്ടെന്ന് ആവശ്യപ്പെട്ടു.കാരണം,അവ ഉറക്കം കൂട്ടുന്നു. ഇനിയുള്ള ചെറു ജീവിതം തനിക്ക് ഉറങ്ങി തീർക്കാനാവില്ല എന്നാണ് അവൾ പറഞ്ഞത്.
ഫോക്‌ലോർ മൂവ്മെന്റ് പ്രവർത്തകർ രോഗിയായ അവളെ ആശ്വസിപ്പിക്കാൻ എത്തി.എന്നാൽ, ചിരിച്ചുകൊണ്ട് വേദനകളെ നേരിടുന്ന ലൂസിനെ കണ്ട് അവർ പറഞ്ഞത് നിന്നിൽ നിന്ന് ഞങ്ങൾക്ക് കുറെ പഠിക്കാനുണ്ട് എന്നായിരുന്നു.ആഫ്രിക്കയിൽ മിഷൻ പ്രവർത്തനം നടത്തുന്ന ഒരു സുഹൃത്തിന് മിഷൻ പ്രവർത്തനങ്ങൾക്കായി തന്റെ സമ്പാദ്യമെല്ലാം ലൂസ് നൽകി.
മരണത്തോടടുത്ത ഒരു ദിവസം അവൾ പറഞ്ഞു :”എനിക്ക് ഒന്നും ബാക്കിയില്ല. പക്ഷെ, എനിക്ക് ഹൃദയം ഇപ്പോഴും ഉണ്ട്. അത് ഉപയോഗിച്ച് എനിക്ക് എപ്പോഴും സ്നേഹിക്കാൻ കഴിയും. “1990 ഒക്ടോബർ ഏഴിന് പത്തൊമ്പതാമത്തെ വയസ്സിൽ ആ ധന്യ ജീവിതം അവസാനിച്ചു. 2009 ഡിസംബറിൽ ധന്യയായും 2010 സെപ്റ്റംബറിൽ വാഴ്ത്തപ്പെട്ടവളായും ചിയാരാ ലൂസ് ബഡാനോ ഉയർത്തപ്പെട്ടു.
യുവതി യുവാക്കളുടെ മധ്യസ്ഥയായ അവൾ മരണത്തിനു മുൻപ് പറഞ്ഞ വാക്കുകൾ…
“യുവാക്കൾ… യുവാക്കൾ… അവരാണ് ഭാവിയുടെ വാഗ്ദാനങ്ങൾ. നിങ്ങൾ നോക്കൂ..എനിക്കിനി ഓടാൻ കഴിയില്ല.പക്ഷേ, ഞാൻ എന്റെ ദീപശിഖ ഒളിമ്പിക്സിലെ പോലെ കൈമാറുകയാണ്. യുവതി യുവാക്കളെ, നിങ്ങളുടെ യുവത്വം വിലയേറിയതാണ്. അത് നന്നായി ചെലവഴിക്കൂ.”
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.