നാം കരയുമ്പോള്‍ കൂടെ കരയുന്ന നമ്മുടെ ദൈവം
കര്‍ത്താവ് നിനക്കു കഷ്ട തയുടെ അപ്പവും ക്ളേശത്തിന്റെ ജലവും തന്നാലും നിന്റെ ഗുരു നിന്നില്‍നിന്നു മറഞ്ഞിരിക്കുകയില്ല. നിന്റെ നയനങ്ങള്‍ നിന്റെ ഗുരുവിനെ ദര്‍ശിക്കും.
(ഏശയ്യാ 30 : 20)
നാം ഓരോരുത്തരും ആയിരിക്കുന്ന ജീവിതാവസ്ഥയിൽ നമ്മൾ കഷ്ടതകളിലൂടെയും, ക്ലേശങ്ങളിലൂടെയും, കടന്നു പോകുന്നു. നാം കടന്നു പോകുന്ന ഓരോ വേദനകളിലും നമ്മുടെ സ്വർഗീയ പിതാവ് നാം ഓരോരുത്തരോടും പറയുകയാണ്, ഞാൻ നിന്നിൽ നിന്നും ഒരിക്കലും അകന്നിരിക്കുകയില്ല. ആ വേദനകളെ നിന്നോടുകൂടെ എന്റെ ഹൃദയത്തോട് ചേർത്തു നിർത്തി, കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുമെന്ന്. അവിടുന്ന് എന്റെ അലച്ചിലുകള്‍എണ്ണിയിട്ടുണ്ട്;എന്റെ കണ്ണീര്‍ക്കണങ്ങള്‍അങ്ങു കുപ്പിയില്‍ ശേഖരിച്ചിട്ടുണ്ട്;അവ അങ്ങയുടെ ഗ്രന്ഥത്തിലുണ്ടല്ലോ.
(സങ്കീര്‍ത്തനങ്ങള്‍ 56 : 8)
നാമോരോരുത്തരും കരയുമ്പോൾ നമ്മോടുകൂടെ കരയുന്ന, ഒരു സ്വർഗീയ പിതാവ് ഉണ്ട്. നമ്മുടെ കണ്ണുനീരിന് ഈ ഭൂമിയിൽ ഒരു വിലയുമില്ലായിരിക്കും. കണ്ണുനീരിനെ വിലമതിച്ചു കണ്ണുനീർത്തുള്ളികൾ എല്ലാം കുപ്പിയിൽ ശേഖരിക്കുന്ന അപ്പൻ. നമ്മുടെ കണ്ണുനീർത്തുള്ളികൾ ഇത്രയേറെ വിലമതിക്കുന്ന ഒരു പിതാവാണ് നമുക്കുള്ളത്. “നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണെന്നു ഞാന്‍ കരുതുന്നു.” (റോമാ 8 : 18)
നാമിന്ന് കഷ്ടതയുടെ നടുവിൽ ആണെങ്കിൽ നാം വിഷമിക്കേണ്ട ഈശോയ്ക്ക് നമ്മെ കുറിച്ചൊരു പദ്ധതിയുണ്ട് അത് നമ്മുടെ നാശത്തിനല്ല, ഈശോയോട് കൂടുതലായി ആ തിരു- ഹൃദയത്തോട് നമ്മെ ചേർത്ത് നിർത്തുവാൻ ആയിട്ടാണ്
അതുകൊണ്ട്, ബലഹീനതകളിലും ആക്ഷേപങ്ങളിലും ഞെരുക്കങ്ങളിലും പീഡനങ്ങളിലും അത്യാഹിതങ്ങളിലും ഞാന്‍ ക്രിസ്തുവിനെപ്രതി സന്തുഷ്ട നാണ്. എന്തെന്നാല്‍, ബലഹീനനായിരിക്കുമ്പോഴാണു ഞാന്‍ ശക്തനായിരിക്കുന്നത്.
2 കോറിന്തോസ് 12 : 10
ഞെരുക്കങ്ങളിലും, ബലഹീനത കളിലും, പീഡനങ്ങളിലും., കൂടി നാം കടന്നു പോകുമ്പോൾ പൗലോസ് ശ്ലീഹയെ പോലെ നാം പറയണം ആയിരിക്കുന്ന ഈ അവസ്ഥയിൽ ഞാൻ സന്തുഷ്ടൻ ആണ്. എന്തുകൊണ്ടെന്നാൽ ഞാൻ ആയിരിക്കുന്ന ഈ അവസ്ഥയില്‍ എന്നെ ശക്തിപ്പെടുത്തുന്നതിന്, എന്റെ വലതു കരം പിടിച്ച് എന്റെ ഈശോ എന്നോട് കൂടെയുണ്ടെന്നും, എന്നെ ഇത്രയേറെ എന്റെ ഈശോ സ്നേഹിക്കുന്നുണ്ടെന്നും നാം നമ്മുടെ അധരങ്ങൾ കൊണ്ട് പറയണം
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.