ഞങ്ങള്‍ക്ക് വി. കുര്‍ബാന വേണം! ഫ്രഞ്ച് ജനത ഉറക്കെ പറയുന്നു
പാരീസ്: ഞങ്ങള്‍ക്ക് വി. കുര്‍ബാന വേണം! എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് ഫ്രഞ്ചു ജനത.
വിശുദ്ധ കുര്‍ബാനയോടുള്ള അടങ്ങാത്ത ആഗ്രഹവുമായി ഫ്രഞ്ച് കത്തോലിക്കര്‍ പൊതു കുര്‍ബാനകള്‍ക്കേര്‍പ്പെടുത്തിയ നിരോധനത്തോടുള്ള പ്രതിഷേധ സൂചകമായി വിവിധ നഗരങ്ങളില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു.
ഒക്ടോബര്‍ 30ന് ആരംഭിച്ച ദേശവ്യാപകവും ഭാഗികവുമായ രണ്ടാം ലോക്ക്ഡൌണിലും പൊതു കുര്‍ബാനകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രാര്‍ത്ഥനാകൂട്ടായ്മകള്‍ സംഘടിപ്പിച്ചത്. തെക്ക് പടിഞ്ഞാറന്‍ നഗരമായ ബോര്‍ഡ്യൂക്സിലെ കത്തീഡ്രലിന് പുറത്ത് ഞായറാഴ്ച സംഘടിപ്പിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മയില്‍, പ്രാര്‍ത്ഥനയും സ്തുതി ഗീതങ്ങളുമായി മുന്നൂറിലധികം വിശ്വാസികളാണ് പങ്കെടുത്തത്. ഫേസ്മാസ്കും ധരിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരുന്നു കൂട്ടായ്മകള്‍ സംഘടിപ്പിച്ചത്.
ശനിയാഴ്ച റെന്നെസിലെ കത്തീഡ്രലിന് പുറത്തു നടത്തിയ കൂട്ടായ്മയില്‍ ഏതാണ്ട് 250 വിശ്വാസികളും പങ്കെടുക്കുന്നുണ്ട്. നാന്റെസിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപത്തിന് മുന്നില്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ മഴയെപ്പോലും വകവെക്കാതെയാണ് നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തത്. സ്ട്രാസ്ബര്‍ഗ്, വെഴ്സായ്ലസ് തുടങ്ങിയ നഗരങ്ങളിലും സമാനമായ പ്രാര്‍ത്ഥനാ കൂട്ടായ്മകള്‍ സംഘടിപ്പിച്ചു. ഫ്രാന്‍സിന്റെ രണ്ടാം ലോക്ക്ഡൌണില്‍ പരമാവധി 30 പേരെ പങ്കെടുപ്പിച്ചുകൊണ്ട് കല്യാണങ്ങളും, മൃതസംസ്കാരവും ദേവാലയങ്ങളില്‍ നടത്താമെങ്കിലും, വലിയ കൂട്ടായ്മകള്‍ക്ക് നിരോധനമുണ്ട്.
“നമുക്ക് പ്രാര്‍ത്ഥിക്കാം”, “ഞങ്ങള്‍ക്ക് വിശുദ്ധ കുര്‍ബാന വേണം” തുടങ്ങിയ ബാനറുകളുമായിട്ടായിരുന്നു വിശ്വാസികള്‍ പ്രാര്‍ത്ഥനാ കൂട്ടായ്മകളില്‍ പങ്കെടുക്കുവാന്‍ എത്തിയത്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.