ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം:പതിനേഴാം തീയതി
ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കള്‍ തങ്ങളുടെ വേദന പ്രകടിപ്പിക്കുന്നത് ഇപ്രകാരമാണ്, “പ്രിയപ്പെട്ട ക്രിസ്ത്യാനികളെ, ഞങ്ങളുടെമേല്‍ അലിവായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍ ഭൂമിയിലുണ്ടാകുവാനിടയുള്ള സകല വേദനകളെയുംകാള്‍ അധികം വേദനപ്പെട്ടു യാതൊരാശ്വാസവും കൂടാതെ ഞങ്ങള്‍ പീഡകള്‍ അനുഭവിക്കുന്നു. പ്രാര്‍ത്ഥനകളും ത്യാഗങ്ങളും വിശുദ്ധ ബലിയും വഴി ഞങ്ങളെ ആശ്വസിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുമല്ലോ. ഇവയല്ലാതെ മറ്റു ശരണം ഞങ്ങള്‍ക്കില്ല. ആകയാല്‍ ഞങ്ങളുടെ മേല്‍ അലിവുണ്ടാകണമേ.”
“എന്റെ മക്കളെ! എന്റെ അന്തിമ കാലംവരെയും നിങ്ങളുടെ സുഖദുഃഖാദികളില് പങ്കുകൊണ്ടു നിങ്ങളുടെ അഭിവൃദ്ധിക്കു വേണ്ടി ഞാന്‍ രാപകല്‍ പ്രയത്നിച്ചു വന്നില്ലയോ? നിങ്ങള്‍ അനുഭവിക്കുന്ന സമസ്തവും ഞാന്‍ തേടിവച്ചിട്ടുള്ളതാണല്ലോ. നിങ്ങളുടെ നേരെയുണ്ടായിരുന്ന എന്റെ ക്രമാതീതമായ സ്നേഹം എന്റെ കഷ്ടപ്പാടിനെ വര്‍ദ്ധിപ്പിക്കുന്നു. എന്നിട്ടും ഇപ്പോള്‍ നിങ്ങള്‍ എന്നെ മറന്നു കളഞ്ഞല്ലോ”. ഇതേ രീതിയില്‍ തന്നെയുള്ള ഒരപ്പന്റെ ദുഃഖത്തെ ബാക്കിയുള്ള ആത്മാക്കളും ആവര്‍ത്തിക്കുന്നു. മക്കള്‍ മാതാപിതാക്കന്മാരോടും, ഭാര്യ ഭര്‍ത്താവിനോടും, ഭര്‍ത്താവ് ഭാര്യയോടും, സഹായം അപേക്ഷിക്കുന്നു.
ജീവിതകാലത്തില്‍ ഇവരുമായി കൂടിക്കഴിഞ്ഞിട്ടുള്ളതിന്റെ സ്മരണ ഇവരുടെ മരണാനന്തരം നാം വിസ്മരിച്ചു കളയുന്നത് നന്ദിഹീനമായ പ്രവൃത്തിയാണ്. ഇവര്‍ നിസ്സഹായരായി ശുദ്ധീകരണ സ്ഥലത്തില്‍ കിടന്നു വേദന അനുഭവിക്കുന്നു. ഇപ്പോള്‍ അല്ലയോ അവരുടെ നേരെയുള്ള നമ്മുടെ സ്നേഹം മുഖ്യമായി അനുഭവിക്കേണ്ടത്. അതിനാല്‍ ഓരോരുത്തരും അവനവന്റെ അന്തസ്സിനും കടത്തിനും ഒത്തപോലെ ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കളെ സഹായിക്കുന്നതില്‍ സദാ ഉത്സാഹമുള്ളവരായിരിക്കുവിന്‍.
ജപം
ദയാശീലനും കാരുണ്യവാനുമായ ഈശോയേ, ഞങ്ങളുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കളെ കൃപാകടാക്ഷത്തോടുകൂടെ തൃക്കണ്‍പാര്‍ത്ത്, അവരുടെ സകല പാപങ്ങളെയും പൊറുത്തു കൊള്ളണമേ. ഈ ആത്മാക്കളെല്ലാം ശുദ്ധീകരണസ്ഥലത്തില്‍ നിന്നും പുറപ്പെട്ടു നിത്യായുസ്സായ അങ്ങേപ്പക്കല്‍ വന്നു ചേരുവാന്‍ കൃപ ചെയ്യണമേ.
സൂചന
(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.