മംഗളവാര്‍ത്ത നാലാം ഞായര്‍ സുവിശേഷ സന്ദേശം

~ ഫാ. അബ്രഹാം മുത്തോലത്ത് ~
ചിക്കാഗോ, യു.എസ്.എ.
ബൈബിള്‍ വായന: മത്തായി (1: 18 – 24)
പ്രതിസന്ധി ഘട്ടങ്ങളെ എപ്രകാരം കൈകാര്യം ചെയ്യണം എന്നതിന് ഏറ്റവും മികച്ച മാതൃകകളാണ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫ്. തന്റെ പ്രതിശ്രുത വധു ഗര്‍ഭിണിയാണെന്ന് കാണുകയും അവള് നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് തോന്നുകയും ചെയ്ത സന്ദര്‍ഭത്തില്‍ പോലും മറിയത്തെ വിധിക്കാന്‍ ജോസഫ് തയ്യാറാകുന്നില്ല എന്നത് ശ്രദ്ദേയമായ കാര്യമാണ്. നീതിമാനായ ജോസഫ് മറിയത്തെ മനുഷ്യരുടെ മുന്നില്‍ നാണം കെടുത്താനോ ശിക്ഷയിലേക്ക് നയിക്കാനോ തയ്യാറാകുന്നില്ല. മകന് ഇസഹാക്കിനെ ബലി കൊടുക്കാന്‍ അബ്രഹാം തയ്യാറായപ്പോള്‍ ദൈവം ഇടപെട്ടതു പോലെ ഒരു സന്ദര്‍ഭമാണ് ഇതും. ജോസഫിന്റെ ക്ഷമ ദൈവത്തിന് ഇടപെടാന്‍ സമയം നല്കി. അതുവഴി പ്രശ്നം പരിഹരിക്കപ്പെടുകയും അദ്ദേഹം തിരുക്കുടുംബത്തിന്റെ നേതൃസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. യേശുവിനും മറിയത്തിനും എപ്രകാരമാണ് സേവനം ചെയ്യേണ്ടത് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജോസഫ്.
യഹൂദ ആചാരമനുസരിച്ച്, വിവാഹത്തിന്റെ ആദ്യഘട്ടം തന്നെയാണ് വിവാഹനിശ്ചയം. ആ നിമിഷം മുതല്‍ ബന്ധം ദൃഢമാണ്. ഭാര്യയും ഭര്‍ത്താവും എന്നാണ് അവര്‍ അറിയപ്പെടുന്നത്. എന്നാല്‍ ഒരുമിച്ച് താമസിക്കുകയില്ല. വിവാഹനിശ്ചയത്തിനും വിവാഹത്തിനും ഇടയിലുള്ള കാലഘട്ടത്തില്‍ അവര്‍ക്കിടയില്‍ സംഭവിക്കുന്ന അവിശ്വസ്ഥത വ്യഭിചാരമായിട്ടാണ് യഹൂദമതം ഗണിച്ചിരുന്നത്.
നീതിമാനായ ജോസഫ്
മോശയുടെ നിയമം അനുസരിക്കുന്നവനായതു കൊണ്ടാണ് ജോസഫ് നീതിമാന് എന്നറിയപ്പെട്ടിരുന്നത്. തന്നോടു തന്നെയും മറിയത്തോടും അദ്ദേഹം നീതി പ്രവര്‍ത്തിക്കണമായിരുന്നു. എന്താണ് സത്യം എന്നറിയാന്‍ കഴിയാത്തതായിരുന്നു അദ്ദേഹത്തെ കുഴക്കിയ കാര്യം. മറിയത്തിന്റെ വിശ്വാസ്യതയില്‍ ജോസഫിന് സ്വാഭാവികമായും സംശയമായി. വിവാഹനിശ്ചയം നിയമപരമായി ബന്ധിപ്പിക്കുന്നതായതിനാല്‍ ആദ്യം അവളെ വിവാഹമോചനം ചെയ്യണമായിരുന്നു.
ജോസഫിന്റെ സംഘര്‍ഷവും ക്ഷമയും
മറിയം തെറ്റുകാരിയാണെന്നോ നിഷ്കളങ്കയാണെന്നോ തെളിയിക്കാന്‍ യാതൊരു തെളിവും ജോസഫിന്റെ പക്കല്‍ ഇല്ലായിരുന്നു. മറിയം തെറ്റു ചെയ്തു എന്നതിന് ജോസഫിന്റെ പക്കല്‍ തെളിവില്ല. അതേസമയം പുരുഷസംയോഗം കൂടാതെ മറിയം എങ്ങനെ ഗര്‍ഭിണിയായി എന്നതും അദ്ദേഹത്തിന് മനസ്സിലാക്കാന്‍ കഴിയുമായിരുന്നില്ല. അദ്ദേഹം മറിയത്തെ വ്യഭിചാരിണിയായി മുദ്ര കുത്തിയാല്‍ അവള് എല്ലാവരുടെയും മുന്നില്‍ നാണം കെടും. മറിയം കല്ലെറിഞ്ഞു കൊല്ലപ്പെടും. ഇനി അഥവാ മറിയം നിഷ്കളങ്കയാണെങ്കില്‍ ആ നിഷ്കളങ്കരക്തം ജോസഫിന്റെ മേല്‍ വീഴും. ഇതാണ് ജോസഫ് അനുഭവിച്ച സംഘര്‍ഷം.
പഴയനിയമത്തിലെ ജോസഫും പുതിയ നിയമത്തിലെ ജോസഫും
പൂര്‍വ യൗസേപ്പും നീതിമാനും പരിശുദ്ധനും ആയിരുന്നു. പൊത്തിഫറിന്റെ ഭാര്യയുടെ പ്രലോഭനത്തെ അതിജീവിച്ചവനാണ് അയാള്‍. തന്നെ ദ്രോഹിച്ച സഹോദരന്മാരോട് പ്രതികാരം ചെയ്യാമായിരുന്നിട്ടും ക്ഷമിച്ചവനുമാണ്. പഴയ നിയമത്തിലെ ജോസഫ് സ്വപ്നം കാണുന്നവനും സ്വപ്നം വ്യാഖ്യാനിക്കുന്നവനും ആയിരുന്നു. അതു പോലെ ദൈവം പുതിയ ജോസഫിനോടും സംസാരിക്കുന്നത് സ്വപ്നത്തിലാണ്.
ഗബ്രിയേല്‍ ദൂതന് മറിയത്തിനും ജോസഫിനും പ്രത്യക്ഷപ്പെടുന്നുണ്ട്. ജോസഫിന് സ്വപ്നത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സാധാരണ മനുഷ്യര്‍ സ്വപ്നം കാണുന്ന കാര്യങ്ങള്‍ മറന്നു പോകുകയാണ് പതിവ്. ഉണരാന്നേരം കാണുന്ന സ്വപ്നങ്ങളും ഉണര്‍ത്തുന്ന സ്വപ്നങ്ങളും മാത്രമാണ് അവര്‍ ഓര്‍ക്കുന്നത്. ജോസഫിന്റെ സ്വപ്നം സജീവവും വ്യക്തവുമായിരുന്നു. ജോസഫിനോട് സംസാരിച്ച മാലാഖയുടെ പേരെന്താണെന്ന് വ്യക്തമായി ബൈബിള്‍ പറയുന്നില്ല.
ദാവീദിന്റെ പുത്രന്
‘ദാവീദിന്റെ പുത്രനായ ജോസഫേ!’ എന്നാണ് മാലാഖ അദ്ദേഹത്തെ അഭിസംബോധന ചെയ്യുന്നത്. മിശിഹാ ദാവീദിന്റെ വംശത്തിലാണ് പിറക്കുക എന്നത് യൂഹദരുടെ വിശ്വാസമായിരുന്നു. യേശു ക്രിസ്തുവിനെ സുവിശേഷങ്ങളില്‍ പല സന്ദര്‍ഭത്തിലും ദാവീദിന്റെ പുത്രന് എന്ന് വിശേഷിപ്പിക്കുന്നുണ്ട്.
മറിയത്തെ സ്വീകരിക്കൂ!
മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ട എന്ന് മാലാഖ ഉറപ്പിച്ചു പറയുകയും ജോസഫിന്റെ സംശയങ്ങളെല്ലാം മാഞ്ഞു പോകുകയും ചെയ്യുന്നു. യഹൂദാചാരമനുസരിച്ച് വരന് വധുവിന്റെ വീട്ടില്‍ ചെന്ന് അവളെയും കൂട്ടി സ്വന്തം ഭവനത്തിലേക്ക് പോകുന്നു. അതുകൊണ്ടാണ് മറിയത്തെ സ്വന്തം ഭവനത്തിലേക്ക് കൊണ്ടു പോകാന്‍ മടിക്കേണ്ട എന്ന് ദൂതന് പറയുന്നത്.
പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം
‘ഭൂമി രൂപരഹിതവും ശൂന്യവുമായിരുന്നു. ഉപരിതലത്തില്‍ ഇരുള് വ്യാപിച്ചിരുന്നു, ദൈവത്തിന്റെ ആത്മാവ് വെള്ളത്തിനു മീതെ ചലിച്ചു കൊണ്ടിരുന്നു’ (ഉല് 1:2) എന്ന് ബൈബിള്‍ പറയുന്നുണ്ട്. ‘അവിടുന്ന് ആത്മാവിനെ അയക്കുമ്പോള്‍ ഭൂമുഖം പുതുതായി സൃഷ്ടിക്കപ്പെടും’ (സങ്കീ 104: 30) എന്നും പറയുന്നുണ്ട്. അതേ ആത്മാവ് തന്നെയാണ് മറിയത്തില്‍ ആവസിച്ചിരിക്കുന്നതെന്ന് ദൂതന് ജോസഫിനോട് പറയുന്നു. യേശുവിന്റെ ജനനം ദിവ്യമാണെന്നും മറിയം കന്യകയാണെന്നും ജോസഫിന് ബോധ്യമാകുന്നു.
യേശു എന്ന് പേരിടുന്നു
മറിയത്തിനോടും ജോസഫിനോടും കുഞ്ഞിന് യേശു എന്നാണ് പേരിടേണ്ടതെന്ന് മാലാഖ അറയിച്ചിരുന്നു. എന്നിരുന്നാലും ജോസഫ് തന്നെയാണ് യേശുവിന് ആ പേര് ഇടുന്നത്. (മത്താ 1: 25). അതു വഴി ശാരീരിക പിതാവല്ലെങ്കിലും നിയമപ്രകാരമുള്ള പിതാവ് എന്ന ്സ്ഥാനം ജോസഫ് ഏറ്റുവാങ്ങുന്നു. അക്കാലത്തെ ആചാരം അനുസരിച്ച് പേരിടുന്ന ആള് കുഞ്ഞിനെ സ്വന്തമായി കണക്കാക്കുമായിരുന്നു.
യേശു എന്നാല്‍ ‘യാഹ്വേ രക്ഷിക്കുന്നു’ എന്നാണ് അര്‍ത്ഥം. പഴയ നിയമത്തിലെ ജോഷ്വ ചെയ്തതു പോലെ ജോര്‍ദാന്‍ നദി കടന്ന് യഹൂദജനത്തെ വാഗ്ദത്ത ഭൂമിയില്‍ എത്തിച്ചതു പോലെ യേശു പാപത്തിന്റെ അടിമത്തത്തില്‍ നിന്ന് വിമോചിപ്പിച്ച്, ജ്ഞാനസ്നാനം എന്ന ജോര്‍ദാന്‍ അനുഭവത്തിലൂടെ സ്വര്‍ഗമാകുന്ന കാനാന്‍ ദേശത്ത് എത്തിക്കുന്നു.
സന്ദേശം
മറിയത്തെ വിധിക്കാന്‍ തയ്യാറാകാതിരുന്ന ജോസഫിനെ പോലെ നമുക്കും അന്യരെ വിധിക്കാതിരിക്കാന്‍ ശ്രമിക്കാം. മറ്റുള്ളവരുടെ കാഴ്ചപ്പാടുകള്‍ നമുക്ക് ചില നേരങ്ങളില്‍ മനസ്സാലാക്കാന്‍ പ്രയാസമാണെങ്കിലും അവരുടെ ഭാഗത്തു നിന്ന് അവയെ കാണാന്‍ ശ്രമിക്കുകയോ ദൈവത്തിന്റെ വിധിക്ക് അവരെ വിട്ടു കൊടുക്കുകയോ ചെയ്യാം.
മറിയവുമായുള്ള പ്രശ്നം കൈകാര്യം ചെയ്യുന്നതില്‍ ജോസഫ് ക്ഷമ കാണിച്ചു. സ്വകാര്യമായി മറിയത്തെ ഉപേക്ഷിക്കാന്‍ ജോസഫ് ചിന്തിച്ചുവെങ്കിലും അതിനെ കുറിച്ച് കുറേ സമയം ആലോചനയ്ക്കായി ഉപയോഗിച്ചു. എടുത്തു ചാടി എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ മറിയത്തിന്റെ ജീവിതം ദുസ്സഹമാകുമായിരുന്നു. ക്ഷമാശീലം ദൈവത്തിന് ഇടപെടാന്‍ സമയം നല്കുന്നു. ദൈവത്തില്‍ ആശ്രയിക്കുക. അവിടുന്ന് നല്ല ഒരു പരിഹാരം പറഞ്ഞു തരും എന്ന് ജോസഫിന്റെ അനുഭവം പഠിപ്പിക്കുന്നു.
ജോസഫിനെ പോലെ ദൈവഹിതത്തോട് നമുക്കും സഹകരിക്കാം. ബൈബിളില്‍ നിശബ്ദനായി നില്ക്കുന്ന ഒരു കഥാപാത്രമാണ് അദ്ദേഹം. പലപ്പോഴും അദ്ദേഹം ആദരവിന് പാത്രമാകാതെ പോകുന്നത് നാം കാണുന്നു. എന്നാല്‍ അദ്ദേഹം ദൈവഹിതം നിറവേറ്റാന്‍ കഷ്ടപ്പാടുകള്‍ സ്വയം ഏറ്റെടുത്തു. അതു പോലെ നമുക്കും നമ്മുടെ കുടുംബത്തിനും സഭയ്ക്കും വേണ്ടി പ്രയാസങ്ങള്‍ ഏറ്റെടുക്കാം.