ദൈവരാജ്യം തേടുന്ന ഓട്ടോ രാജ

പതിനാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് അയാള്‍ ദൈവവുമായി ഒരു കരാറുണ്ടാക്കി. ദൈവമേ അങ്ങെന്നെ ഈ തടവറയില്‍ നിന്നും രക്ഷിക്കൂ! ഞാന്‍ അങ്ങയുടെ മുന്‍പില്‍ സത്യസന്ധമായ ജീവിതം നയിക്കാം’.

ആ സര്‍വ്വശക്തനായ തമ്പുരാനു കൊടുത്ത വാക്ക് നിറവേറ്റികൊണ്ട് അയാള്‍ ബാംഗ്ലൂരിലെ തെരുവോരങ്ങളില്‍ നിന്നും 4000 ത്തോളം അനാഥരെ സന്തോഷത്തിന്റെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നു, അതോടൊപ്പം റോഡില്‍ കിടക്കുന്ന 2000 ത്തോളം മൃതശരീരങ്ങള്‍ അന്തസ്സോടെ സംസ്‌കരിക്കുകയും ചെയ്തു. ആരോരുമില്ലാതെ മരണമടഞ്ഞവര്‍ക്കു പരലോകത്ത് ആരൊക്കയോ ആയി തീരുകയാണ് ആ വ്യക്തി.

സമൂഹത്തിനു മുന്‍പില്‍ തിരസ്‌കരിക്കപ്പെട്ട ഒട്ടേറെ ജന്മങ്ങള്‍ക്കാണ് ഒരു നിമിഷം കൊണ്ട് എന്തൊക്കയോ ലഭിച്ചത്. സാധാരണക്കാരുടെ ജീവിതത്തില്‍ വെളിച്ചം വീശികൊണ്ട് എത്തിയ ദൈവത്തിന്റെ പ്രതിരൂപം ആരായിരിക്കും ?

ജീവിതത്തിലെ തിന്മയില്‍ നിന്നും നന്മയുടെ പാതയിലേക്ക് നയിക്കപ്പെട്ട സാധാരണക്കാരന്റെ കാവല്‍ക്കാരന്‍. ‘ഓട്ടോ രാജ’
പാപത്തിന്റെ വഴിയെ മാത്രം സഞ്ചരിച്ച രാജ എന്നും തന്റെ മാതാപിതാക്കള്‍ക്ക് കണ്ണീരു മാത്രമാണ് സമ്മാനിച്ചത്. ശപിക്കപ്പെട്ട ജന്മം എന്ന് തന്നെ പത്തുമാസം ചുമന്ന് നൊന്തു പ്രസവിച്ച അമ്മ നെഞ്ചുപൊട്ടി പ്രാകുമ്പോഴും അവന്‍ ചിരിച്ചു കൊണ്ടിരുന്നു. കാരണം, തന്റെ ഈ ശപിക്കപ്പെട്ട ജന്മത്തിനു ഒരു പരിധിവരെ തന്റെ മാതാപിതാക്കളും കാരണക്കാരാണ്. തെറ്റ് ചൂണ്ടി കാട്ടി നേര്‍വഴിയെ നയിക്കാന്‍ അവനാരുമുണ്ടായിരുന്നില്ല.

മാതാപിതാക്കളുടെ സ്‌നേഹവാത്സല്യങ്ങള്‍ അറിഞ്ഞുകൊണ്ടല്ല അവന്‍ വളര്‍ന്നത്. അതുകൊണ്ട് തന്നെ മോഷ്ടിക്കാനും, മദ്യപിക്കാനും, അശ്ലീല ചിത്രങ്ങള്‍ കാണാനും പ്രേരിപ്പിക്കുന്ന ഒരു പറ്റം കൂട്ടുകാര്‍ ചെറുപ്പം തൊട്ടേ രാജയ്‌ക്കൊപ്പമുണ്ടായിരുന്നു. ആതായിരുന്നു ആദ്യ നാളുകളില്‍ അവന്റെ ലോകം. തെറ്റുകള്‍ അവനെ ഇരുമ്പഴികള്‍ക്കുളളില്‍ കൊണ്ടെത്തിച്ചു. അവിടുന്ന് രോഗബാധിതനായി മരണം മുന്നില്‍ കണ്ട രാജ ഒരു നിമിഷം ജീവിതത്തിലേക്ക് മടങ്ങി പോകാന്‍ ആഗ്രഹിച്ചു. ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കുക എന്നതാണ് ഏറ്റവും വലിയ പാപപരിഹാരം. താന്‍ ചെയ്തതൊക്കെ പൊറുക്കാന്‍ പറ്റാത്ത പാപമാണെന്ന് അവനു ഉത്തമ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ പരിശുദ്ധാത്മാവ് തന്നോട് പൊറുക്കും, തന്റെ തെറ്റ് തിരുത്തി നന്മ നിറഞ്ഞ വഴിയെ സഞ്ചരിക്കാനുളള വഴിയും ആ തമ്പുരാന്‍ കാട്ടി തരുമെന്ന് അവന്‍ ഉറച്ച് വിശ്വസിച്ചു. അവന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുകയും പിന്നീടവന്‍ ക്രിസ്തുവിന്റെ അനുയായിയായിത്തീരുകയും ചെയ്തു.

യേശു ക്രിസ്തുവിന്റെ അനുയായിയായ ശേഷം മരണത്തിനു മുന്‍പില്‍ കീഴടങ്ങുന്നവരെയും, തെരുവില്‍ ഉപേക്ഷിക്കപ്പെട്ടവരെയും സഹായിക്കുതിനായി രാജ തന്റെ ജീവിതം മാറ്റിവെച്ചു.
പാപിയായ ഏതൊരാള്‍ക്കും നന്മയുടെ വഴി കണ്ടെത്താന്‍ നിമിഷ നേരം മതിയെന്ന ഏറ്റവും വലിയ ഉദാഹരണമാണ്
രാജ.

1997 ല്‍ അനാഥരായവര്‍ക്ക് തണലേകുന്നതിനും, തെരുവില്‍ മരണമടഞ്ഞവരുടെ ശരീരം സംസ്‌കരിക്കുന്നതിനും ദി ന്യൂ യോര്‍ക്ക് മിഷന്‍ ഓഫ് ഇന്ത്യ (ചഅങക) എന്ന സംഘടന രാജ തുടങ്ങി. ‘ഹോം ഓഫ് ഹോപ്പ്’ എന്നും ഈ സംഘടന അറിയപ്പെടുന്നു. ക്രിസ്തുവിന്റെ ദി ഇന്ത്യന്‍ ക്യാംപസ് ക്രൂസേഡ് അര ഏക്കറോളം ഭൂമി ചഅങക യുടെ പ്രവര്‍ത്തനത്തിനായി സംഭാവന ചെയ്തു. ബാംഗ്ലൂരിലെ ഹെന്നൂരിനടുത്തുളള ദൊഢഗുബ്ബി എന്ന ഗ്രാമത്തിലാണ് ‘ഹോം ഓഫ് ഹോപ്പ്’ നിര്‍മ്മിച്ചിരിക്കുന്നത്. ‘ഫെയ്ത്ത് ചാരിയറ്റ്’ അഥവാ ‘വിശ്വാസ രഥം’ എന്നറിയപ്പെടുന്ന ഒരു ഓട്ടോയും രാജയ്ക്കുണ്ടായിരുന്നു.

തെരുവോരങ്ങളില്‍ അനാഥരായവരെയും രോഗം വന്ന് മരണത്തിന്റെ വക്കില്‍ എത്തി നില്‍ക്കുന്നവരെയും തന്റെ ഓട്ടോയിലാണ് രാജ ഹോം ഓഫ് ഹോപ്പിലേക്ക് കൊണ്ടുപോകുന്നത്. അങ്ങനെയാണ് രാജയെ ജനങ്ങള്‍ ഓട്ടോ രാജ എന്ന് സ്‌നേഹത്തോടെ വിളിക്കാന്‍ തുടങ്ങിയത്.

അനുഭവങ്ങളില്‍ നിന്നും തന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നുമാണ് രാജ ഓട്ടോ രാജയായി മാറിയത്.
ഒരു തണുത്ത രാത്രി ടെന്നറി റോഡില്‍ പി. എന്‍. ടി കോളനിയില്‍ ഏകദേശം 70 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാള്‍ തണുത്ത് വിറച്ച് മരണത്തോടു മല്ലടിച്ചു കിടക്കുന്നതു കണ്ടപ്പോള്‍, അദ്ദേഹത്തെ സഹായിക്കണമെന്ന് രാജയ്ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു എന്നാല്‍ തന്റെ അപ്പോഴത്തെ സാഹചര്യം അവനെ അതിനനുവദിച്ചില്ല. കുറ്റബോധം കൊണ്ട് നീറിയ മനസ്സുമായി രാജ ഒരാഴ്ചയ്ക്കു ശേഷം വീണ്ടും അതേ സ്ഥലത്തു പോയി എന്നാല്‍ ആ മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നില്ല. അന്വേഷിച്ചപ്പോള്‍ ആ രാത്രി തന്നെ ആ വൃദ്ധന്‍ ലോകത്തോട് വിടപറഞ്ഞിരുന്നു. അന്നുമുതല്‍ അനാഥരായ ആരെയും കൈയൊഴിയില്ല എന്ന് രാജ ശപഥം ചെയ്തു.

പിന്നീട് ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ട എത്രയോ പേര്‍ക്ക് രാജ സന്തോഷത്തോടെയും സമാധാനത്തോടെയുമുളള ജീവിതം നല്‍കി.
അധികം താമസിയാതെ 65 വയസ്സുളള ഒരു സ്ത്രീയെ രാജ കണ്ടുമുട്ടി. ശരീരത്തിന്റെ പുറകുവശം വ്രണപ്പെട്ട് ആരും കണ്ടാല്‍ അറപ്പുതോന്നിക്കുന്ന അത്രയും വികൃതമായ മുറിവുമായി വേദന കൊണ്ട് തെരുവില്‍ കിടന്ന് പുളയുകയാണ് അവര്‍. രാജ ആ സ്ത്രീയെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി കഴുകി വൃത്തിയാക്കി മുറിവേറ്റ ഭാഗത്ത് മരുന്ന് വച്ച് കെട്ടികൊടുത്തു.

പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അവിടുന്നു തുടങ്ങി രാജ തന്റെ പുണ്യപ്രവര്‍ത്തികള്‍. കാന്‍സര്‍ ബാധിതയായ 9 മാസം പ്രായമുളള ശക്തി എന്ന പെണ്‍കുട്ടി എത്തിചേര്‍ന്നത് ദൈവത്തിന്റെ കരസ്പര്‍ശമേറ്റ രാജയുടെ കൈകളില്‍ തന്നെ. അവന്റെ കാരുണ്യ സ്പര്‍ശത്താല്‍ ആ കുഞ്ഞ് രോഗവിമുക്തയാവുകയും ഇന്ന് സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നു.

ഇങ്ങനെ മാനസികവും ശാരീരികവുമായി മുറിവേറ്റവരുടെ വേദനകള്‍ തന്റെ സ്‌നേഹത്തോടെയുളള പരിചരണം കൊണ്ട് സുഖപ്പെടുത്തിയ രാജ ‘അറ്റോണിങ്ങ് എയ്ഞ്ചല്‍’, ‘ദി ഗുഡ് സമാരിട്ടന്‍’, ‘അണ്‍ സങ്ങ് ഹീറോ’, ‘കിങ്ങ് ഓഫ് ദി സ്ട്രീറ്റ്‌സ്’, ‘ആന്‍ എയിന്‍ജല്‍ ഓഫ് മേഴ്‌സി’ തുടങ്ങിയ പേരുകളിലും അറിയപ്പെട്ടു.
ബാംഗ്ലൂരിലെ പോലീസ് വിഭാഗം രാജയുടെ സംഘടനയ്ക്ക് പരിപൂര്‍ണ പിന്തുണ നല്‍കുന്നു. അവര്‍ തെരുവുകളില്‍ നിന്നും അഗതിയായവരെ തിരിച്ചറിഞ്ഞ് ഹോം ഓഫ് ഹോപ്പിലേക്ക് എത്തിക്കുന്നു. എയിഡ്‌സ്, കാന്‍സര്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ തുടങ്ങി മാരകമായ രോഗങ്ങള്‍ക്ക് അടിമപ്പെട്ടവര്‍ പോലും രാജയുടെ കാല്‍ക്കീഴില്‍ അഭയം പ്രാപിക്കുന്നു.

ഒരു സംഘടന എന്നതിലുപരി സ്വന്തം വീടും അതിലെ കുടുംബാംഗങ്ങളും പോലെയാണ് രാജയുടെ ‘ഹോം ഓഫ് ഹോപ്പ്’. തന്റെ കുടുംബത്തില്‍ മരണത്തിന്റെ നാളുകളെണ്ണി കഴിയുന്നവരുടെ അവസാന ആഗ്രഹം നിറവേറ്റാനായി രാജ പലപ്പോഴും ശ്രമിക്കുന്നു. ഭാര്യയും മൂന്ന് മക്കളും എന്നും രാജയ്ക്ക് തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകുന്നു എന്നതാണ് രാജയുടെ മറ്റൊരു ശക്തി.

തന്റെ സാമൂഹ്യസേവനങ്ങള്‍ക്ക് നിരവധി പുരസ്‌ക്കാരങ്ങള്‍ക്ക് രാജ അര്‍ഹനായിട്ടുണ്ട്. എന്‍. ഡി. ടി. വി യുടെ ‘മാന്‍ ഓഫ് ദി ഇയര്‍’ പുരസ്‌ക്കാരവും സി. എന്‍. എന്‍. ഐ. ബി. എന്‍ ന്റെ ‘റിയല്‍ ഹീറോസ്’ പുരസ്‌ക്കാരവും രാജയ്ക്ക് ലഭിച്ചു. 2001 ല്‍ എച്ച്. ഹൊന്നയ്യ സമാജ സേവ പ്രശസ്തി ‘ഇന്ദുവാലു’ പുരസ്‌ക്കാരത്തിനും അര്‍ഹനായി. 2002 ല്‍ തന്റെ മികവുറ്റ സാമൂഹിക പ്രവര്‍ത്തനത്തിന് കര്‍ണ്ണാടക ഗവര്‍ണ്ണര്‍ രമ ദേവിയില്‍ നിന്ന് പുരസ്‌ക്കാരവും അതോടൊപ്പം തന്നെ എം. എല്‍. എ മാരില്‍ നിന്നും മന്ത്രിമാരില്‍ നിന്നും തന്റെ ആത്മാര്‍ത്ഥ സേവനങ്ങള്‍ക്ക് ബഹുമതിയും രാജയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്രസിദ്ധമായ പല പത്രങ്ങളും മാസികകളും അദ്ദേഹത്തിന്റെ മഹനീയ പ്രവര്‍ത്തികളെ കുറിച്ചുളള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

രക്ത ബന്ധങ്ങള്‍ക്കും സ്‌നേഹബന്ധങ്ങള്‍ക്കും വിലയില്ലാത്ത ഈ ലോകത്ത് പാപികളുടെ ലോകത്തു നിന്ന് മുക്തനാക്കപ്പെട്ട രാജ ഒരു മാതൃകയാവുകയാണ്. തന്റെ അവസാന ശ്വാസം വരെ പാവപ്പെട്ടവര്‍ക്ക് താങ്ങും തണലുമായി ജീവിക്കണം എന്നാണ് രാജയുടെ ആഗ്രഹം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles