ശുദ്ധീകരണാത്മാക്കളുടെ മോചനത്തിന് നമ്മള്‍ സാധിക്കുന്ന ത്യാഗം ചെയ്യണം
മഹാനായ വിശുദ്ധ ലിയോ ഇപ്രകാരം പറയുന്നു, “ക്ലേശങ്ങള്‍ അനുഭവിക്കുന്നവരെ, അത് ഏതു തരത്തിലുള്ള ക്ലേശമാണെങ്കില്‍ പോലും, അത് സന്തോഷത്തോടെ സ്വീകരിക്കുകയും സഹതപിക്കുകയും ചെയ്യുന്നവന്‍ അനുഗ്രഹീതനായിരിക്കും, സന്മനസ്സാകുന്ന നന്മകൊണ്ട് മാത്രമല്ല സമാധാനമാകുന്ന സമ്മാനം വഴിയും അവന്‍ അനുഗ്രഹിക്കപ്പെടും”. ശുദ്ധീകരണസ്ഥലത്തിലെ തടവറയില്‍ സഹനമനുഭവിക്കുന്ന ആത്മാക്കള്‍ക്ക് കൈവരുന്ന സ്വര്‍ഗ്ഗീയ സമ്മാനത്തെയാണ് വിശുദ്ധന്‍ ഇവിടെ ഉദ്ദേശിക്കുന്നതെന്ന് പറയാം. അതേ സമയം ഇഹലോകത്തില്‍ സഹനങ്ങള്‍ തുടര്‍ച്ചയായി വരുമ്പോള്‍ അത് സന്തോഷത്തോടെ സ്വീകരിക്കുന്നവര്‍ക്ക് ലഭിക്കുന്ന സ്വര്‍ഗ്ഗീയ കിരീടത്തെ പറ്റിയും വിശുദ്ധന്‍ ഈ വാക്കുകളിലൂടെ വിരല്‍ചൂണ്ടുന്നു.
വിചിന്തനം:
ശുദ്ധീകരണാത്മാക്കളുടെ മോചനത്തിന് അനുദിനം ചെയ്യാവുന്ന ഒരു ത്യാഗപ്രവര്‍ത്തിയെ പറ്റി ചിന്തിക്കുക. അവ പ്രാവര്‍ത്തികമാക്കുക.
പ്രാര്‍ത്ഥന:
നിത്യപിതാവേ! അവിടുത്തെ പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത് ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
(വി. ജെര്‍ത്രൂദിനോട് കര്‍ത്താവ് പറഞ്ഞു: “ഈ പ്രാര്‍ത്ഥന ഓരോ പ്രാവശ്യം ചൊല്ലുമ്പോഴും ആയിരം ആത്മാക്കളെ ശുദ്ധീകരണ സ്ഥലത്തു നിന്ന്‍ സ്വര്‍ഗ്ഗത്തിലേക്ക് ഞാന്‍ കൊണ്ടുപോകുന്നു”. ആയതിനാല്‍, നമുക്കും ഈ പ്രാര്‍ത്ഥന ഏറ്റുപറഞ്ഞ് ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കാം.)
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.