പ്ലേഗ് കുരിശുകള്‍ സ്ഥാപിച്ച വിശുദ്ധനെ കുറിച്ചറിയേണ്ടേ?
1538 ൽ വടക്കേ മിലാനിലെ അറോണയിൽ ഗിൽബർട്ടിൻ്റെയും മാർഗ്ഗരിറ്റിൻ്റേയും രണ്ടാമത്തെ മകനായി ചാൾസ് ജനിച്ചു. പവിയ സർവ്വകലാശാലയിൽ നിന്നു ഇരുപത്തി ഒന്നാമത്തെ വയസ്സിൽ 1559 ൽ സിവിൽ നിയമത്തിലും സഭാ നിയമത്തിലും ഡോക്ടറൽ ബിരുദം കരസ്ഥമാക്കിയ ചാൾസ് പുരോഹിതനാകുന്നതിനു മുമ്പേ ഇരുപത്തി ഒന്നാം വയസ്സിൽ കർദിനാളായി. അമ്മാവനായ പീയൂസ് നാലാമൻ പാപ്പ 1560 ജനുവരി 31 നു ചാൾസിനെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തി.
മൂത്ത സഹോദരൻ ഫെഡറികോയുടെ മരണശേഷം സഭാപരമായ ഉത്തരവാദിത്വങ്ങളിൽ നിന്നു പിന്മാറി കുടുംബത്തിൻ്റെ നായകത്വം ഏറ്റെടുക്കാൻ പലരും നിർബദ്ധിച്ചെങ്കിലും പൗരോഹിത്യ വഴിയിൽ തുടരാനായിരുന്നു ചാൾസിൻ്റെ തീരുമാനം.
1563 സെപ്റ്റംബർ നാലാം തീയതി ഇരുപത്തിയഞ്ചാമത്തെ വയസ്സിൽ പുരോഹിതനായി അഭിഷിക്തനായ ചാൾസ് അതേ വർഷം ഡിസംബർ ഏഴാം തീയതി മെത്രാൻ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു. തൽഫലമായി തെന്ത്രോസ് സുനഹദോസിൻ്റ (Council of Trent) അവസാന ഘട്ടത്തിൽ പങ്കെടുക്കാൻ സാധിച്ചു. കത്തോലിക്കാ സഭയിൽ നവീകരണം (“Counter-Reformation”) വേണം എന്നതിൻ്റെ ഒരു മുഖ്യ പ്രചാരകരിൽ ഒരാളായി ചാൾസ് മാറി. തെന്ത്രോസ് സുനഹദോസിനു ശേഷം നിലവിൽ വന്ന മതബോധന ഗ്രന്ഥത്തിൻ്റെ (Catechism of the Council of Trent)മുഖ്യ ശില്പി ചാൾസ് ബറോമിയ ആയിരുന്നു.
മെത്രാൻമാർ അവരുടെ രൂപതയിൽ തന്നെ വസിക്കണം എന്നത് തെന്ത്രോസ് സൂനഹദോസിൻ്റ നിയമം മൂലം 1565 ൽ ഇരുപത്തിഏഴാം വയസ്സിൽ ചാൾസ് മിലാൻ രൂപതയുടെ ആർച്ചുബിഷപ്പായി. മൂന്നു പ്രാവശ്യം അതിരൂപതാ മുഴുവനും അജപാലന സന്ദർശനങ്ങൾ നടത്തിയ ചാൾസ് മെത്രാൻ രൂപതയിലെ വിശ്വാസികളെ പല ഇടവക സമൂഹങ്ങളായി ക്രോഡീകരിച്ചു.
വൈദീക വിദ്യാർത്ഥികളുടെ പരിശീലനത്തിനായി സെമിനാരികൾ സ്ഥാപിച്ച ചാൾസ് ദൈവാലയങ്ങളും കോളേജുകളും ആശുപത്രികളും നിർമ്മിക്കാൻ നേതൃത്വം നൽകി. ഇടവക വൈദീകരെക്കൂടി ഉൾപ്പെടുത്തി Congregation of Oblates എന്ന വൈദീക കൂട്ടായ്മ സ്ഥാപിച്ചു. ചാൾസിനു കിട്ടിയ കുടുംബ സ്വത്തു മുഴുവൻ പാവപ്പെട്ടവർക്കായി ദാനം ചെയ്തു. മിലാനിൽ അദ്ദേഹം സ്ഥാപിച്ച മതബോധന കേന്ദ്രങ്ങൾ കാരണം പ്രൊട്ടസ്റ്റൻ്ത നവീകരണത്തിനു മിലാനിൽ വേരു പിടിക്കാൻ സാധിച്ചില്ല.
ചാൾസ് ബറോമിയുടെ കീർത്തി അനുദിനം വർദ്ധിച്ചിരുന്നതിനാൽ പലരും അസൂയാലുക്കൾ ആയിരുന്നു. 1569 ഒരു പുരോഹിതൻ തന്നെ ചാൾസിനെ വധിക്കാൻ ശ്രമിച്ചിരുന്നു.
യേശുക്രിസ്തുവിൻ്റെ തിരുകച്ച ഇറ്റലിയിലേക്കു തിരികെ കൊണ്ടുവരുന്നതിൽ ചാൾസ് ബറോമിയ പ്രമുഖ പങ്കു വഹിച്ചു. ക്രിസ്തുവിൻ്റെ തിരുകച്ചയുടെ മുമ്പിൽ പ്രാർത്ഥിക്കണം എന്ന ചാൾസിൻ്റെ തീവ്ര ആഗ്രഹം കൊണ്ടാണ് തിരക്കച്ച ഫ്രാൻസിൽ നിന്നു ഇറ്റലിയിലെ ടൂറിനിലേക്കു കൊണ്ടുവരാൻ 1578 ൽ സാവോയിലെ ഡ്യൂക്ക് (Duke of Savoy) തീരുമാനിച്ചത്. മിലാനിൽ നിന്നു ടൂറിനിലേക്ക് കാൽനടയായി ചാൾസ് തീർത്ഥാനം നടത്തിയിരുന്നു. 1564 മുതൽ 1572 വരെ റോമിലെ സാന്താ മരിയ മജോറ ബസിലിക്കയിലെ ആർച്ചു പ്രീസ്റ്റായിരുന്നു വിശുദ്ധ ചാൾസ്. നാൽപത്തിയാറാമത്തെ വയസ്സിൽ 1584 നവംബർ മാസത്തിൽ ചാൾസ് ബറോമിയ മരണമടഞ്ഞു. മിലാൻ കത്തീഡ്രലിലാണ് അദ്ദേഹത്തെ സംസ്കരിച്ചിരിക്കുന്നത്. ചാൾസിനെ 1602 മെയ് മാസം പന്ത്രണ്ടാം തീയതി ക്ലമൻ്റ് എട്ടാമൻ പാപ്പ വാഴ്ത്തപ്പെട്ടവനായും 1610 നവംബർ ഒന്നാം തീയതി പോൾ അഞ്ചാമൻ മാർപാപ്പ വിശുദ്ധനായും പ്രഖ്യാപിച്ചു. വയറിൽ ഉണ്ടാകുന്ന അൾസർ രോഗങ്ങളുടെ മധ്യസ്ഥനാണ് ചാൾസ് ബറോമിയ.
വിശുദ്ധ ചാൾസ് ബറോമിയയും പ്ലേഗും
1570 കളിൽ, ഇറ്റലിയിലെ മിലാനിൽ പ്ലേഗ് രോഗം പടർന്നു പിടിച്ചപ്പോൾ 30% ജനങ്ങൾ മരണത്തിനു കീഴടങ്ങി. പിൽക്കാലത്ത് ഈ മഹാമാരി മിലാനിലെ ആർച്ചുബിഷപ്പായിരുന്ന വിശുദ്ധ ചാൾസ് ബറോമിയോടുള്ള ബഹുമാനാർത്ഥം വിശുദ്ധ ചാൾസിൻ്റെ പ്ലേഗ് (“Plague of St. Charles”) എന്നാണ് അറിയപ്പെടിരുന്നത്. പ്ലേഗു ബാധിച്ച മിലാൻ നിവാസികളെ പരിചരിക്കുന്നതിൽ ചാൾസ് മെത്രാൻ കാണിച്ച ഹൃദയ വിശാലതയ്ക്കുള്ള അംഗീകാരമായിരുന്നു ഇത്. സിവിൽ ഭരണകർത്താക്കൾ പ്ലേഗിനെ പേടിച്ചു മിലാൻ നഗരം വിട്ടപ്പോൾ സ്ഥലത്തെ മെത്രാനായിരുന്ന ചാൾസ് ആരോഗ്യ പ്രവർത്തകരെ ഏകോപിച്ചു പ്ലേഗിനെതിരെ പോരാടി. ദിവസവും അറുപതിനായിരം മുതൽ എഴുപതിനായിരം വരെ ജനങ്ങൾക്കു അദ്ദേഹം ഭക്ഷണം നൽകിയിരുന്നു.
പൊതുജനാരോഗ്യ കാരണങ്ങളാലും പ്ലേഗിൻ്റെ വ്യാപനം തടയാനുമായി എല്ലാ ദൈവാലയങ്ങളും അടച്ചിടാൻ ഉത്തിരവിറക്കി. പള്ളികൾ അടച്ചിടാൻ ഉത്തരവിട്ട ചാൾസ് മെത്രാൻ വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്ക് ഇടം നൽകുന്നതിന് ദൈവാലയങ്ങൾക്കു പുറഞ്ഞു ബലിപീഠങ്ങൾ നിർമ്മിക്കാൻ ആഹ്വാനം ചെയ്തു. അതു വഴി വിശ്വാസികൾക്ക് അവരുടെ ആരോഗ്യത്തെയും മറ്റുള്ളവരുടെ ആരോഗ്യത്തെയും അപകടത്തിലാക്കാതെ വിശുദ്ധ കുർബാനയ്ക്കും പ്രാർത്ഥനയ്ക്കുമായി എത്താൻ കഴിഞ്ഞു. പ്ലേഗ് മഹാമാരി അവസാനിച്ചപ്പോൾ, ഈ ബലിപീഠങ്ങൾ പൊളിച്ചുമാറ്റുകയും, വിശ്വാസികൾ വിശുദ്ധ കുർബാനയ്ക്കായി ദൈവാലയത്തിനകത്തു വീണ്ടും പ്രവേശിക്കാൻ തുടങ്ങി. പക്ഷെ അവർ പണിത ബലിപീഠങ്ങളുടെ സ്ഥാനത്ത്, ദൈവത്തോടുള്ള നന്ദിയുടെ പ്രതീകമായി വിശ്വസികൾ “പ്ലേഗ് കുരിശുകൾ” എന്നറിയപ്പെടുന്ന ചെറു സ്മാരകം നിർമ്മിച്ചു. ഇന്നും ചില “പ്ലേഗ് കുരിശുകൾ” മിലാൻ നഗരത്തിലുണ്ട്.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.