മനുഷ്യാവതാരത്തിന്റെ സ്വര്‍ഗ്ഗീയ നിമിഷങ്ങള്‍ വി. യൗസേപ്പിതാവിന് അനുഭവപ്പെട്ടതെങ്ങിനെ എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 50/100
അന്നേദിവസം മുഴുവന്‍ തന്റെ പരിശുദ്ധ മണവാട്ടിയുമായുള്ള ആത്മീയ സംഭാഷണത്തില്‍ അവന്‍ ചെലവഴിച്ചു. വരാനിരിക്കുന്ന രക്ഷകനെക്കുറിച്ചുള്ള തീവ്രമായ ദാഹത്താല്‍ അവന്റെ ഹൃദരയവും ജ്വലിച്ചു. ഇപ്രകാരമുള്ള സ്വര്‍ഗ്ഗീയ ചിന്തകളാല്‍ രാത്രിയില്‍ അവനൊന്നു മയങ്ങിയപ്പോള്‍ മാലാഖ പ്രത്യക്ഷപ്പെട്ട് പറഞ്ഞു: ‘ജോസഫ്, നീ ഉണര്‍ന്ന് എത്രയും തീക്ഷ്ണതയോടെ പ്രാര്‍ത്ഥിക്കുക. എന്തെന്നാല്‍ ലോകത്തോട് കരുണ കാണിക്കാന്‍ ദൈവം നിശ്ചയിച്ചിരിക്കുന്നു.’ ഇത്രയും മാത്രം പറഞ്ഞിട്ട് മാലാഖ അപ്രത്യക്ഷനായി.
വിശുദ്ധന്‍ ഉടനടി ഉണര്‍ന്ന് എഴുന്നേറ്റ് മുട്ടിന്മേല്‍ നിന്ന് പ്രാര്‍ത്ഥനയില്‍ നിര്‍ലീനനായി. ‘ദൈവമേ, അവിടുത്തെ രക്ഷകനെ അയയ്ക്കാന്‍ കനിവു തോന്നണമേ.’ എന്നല്ലാതെ മറ്റൊന്നും പ്രാര്‍ത്ഥിക്കാന്‍ അവനു കഴിഞ്ഞില്ല. രാത്രി മുഴുവന്‍ പ്രാര്‍ത്ഥിക്കുന്ന ശീലമുണ്ടായിരുന്ന മറിയവും ഇതേ പ്രാര്‍ത്ഥന അവളുടെ മുറിയില്‍ ഉരുവിടുകയായിരുന്നു.
മനുഷ്യാവതാരത്തിന്റെ സ്വര്‍ഗ്ഗീയ നിമിഷങ്ങളില്‍ ജോസഫ് പൂര്‍ണ്ണമായും ദൈവിക നിര്‍വൃതിയിലേക്ക് എടുക്കപ്പെട്ടു. വചനം മനുഷ്യനായി അവതരിക്കുന്ന മഹനീയ രഹസ്യത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചയിലും അസാധാരണമായ ആത്മീയസമാശ്വാസത്തിലും അവന്‍ നിറഞ്ഞു. എന്നിരുന്നാലും, തന്റെ വധുവാണ് ദൈവവചനത്തിന്റെ മാതാവ് എന്നതിനെക്കുറിച്ച് അവന് വ്യക്തമായ അറിവ് ലഭിച്ചിരുന്നില്ല. ദൈവദൃഷ്ടിയില്‍ അവള്‍ എത്രമാത്രം പ്രിയപ്പെട്ടവളും പ്രീതിപാത്രവുമാണെന്ന് മാത്രമേ അവന് മനസ്സിലാക്കാന്‍ കഴിഞ്ഞുള്ളു. ദൈവപുത്രന്റെ മനുഷ്യാവതാരത്തിനുള്ള കാത്തിരിപ്പിന്റെ കാലദൈര്‍ഘ്യം കുറയ്ക്കപ്പെട്ടത് തീര്‍ച്ചയായും അവളുടെ അഭ്യര്‍ത്ഥനകള്‍ ദൈവഹൃദയത്തില്‍ തുളച്ചുകയറിയതുകൊണ്ടാണ്.
ആ നിമിഷങ്ങള്‍ക്കു ശേഷം ജോസഫ് ദൈവത്തിന് നന്ദിയര്‍പ്പിച്ചു. ദൈവസായൂജ്യത്തില്‍ തന്നിലേക്കു പ്രവഹിച്ച കൃപകളെക്കുറിച്ച് അവളോടു പങ്കുവയ്ക്കാനും ഒരുമിച്ച് ദൈവത്തിന് നന്ദിയര്‍പ്പിക്കാനും അവന്‍ വെമ്പല്‍കൊണ്ടു. എന്നാല്‍, ആ ദിവസം തന്റെ മുറിയില്‍നിന്നു പറത്തുവരുവാന്‍ മറിയം പതിവിലും താമസിച്ചു. കാരണം, തനിക്കു നല്കപ്പെട്ട മഹനീയ കൃപയ്ക്ക് ദൈവത്തിന് നന്ദിയര്‍പ്പിച്ചു കൊണ്ട് സ്വര്‍ഗ്ഗീയാനന്ദത്തില്‍ പൂര്‍ണ്ണമായും നിമഗ്നയായി അവിടുത്തെ ആരാധനയില്‍ അവള്‍ മുഴുകി. മറിയം പ്രാര്‍ത്ഥിക്കുകയാണ്, അതിനാല്‍ ശല്യപ്പെടുത്തേണ്ട എന്നതില്‍ കവിഞ്ഞ് ജോസഫിന് യാതൊന്നും മനസ്സിലായില്ല. അവിടുത്തെ കൃപകളാലും ദാനങ്ങളാലും അവളെ കൂടുതലായി നിറയ്ക്കണമേയെന്നുള്ള പ്രാര്‍ത്ഥനയോടെ ജോസഫ് ക്ഷമയോടെ മറിയത്തിനായി കാത്തിരുന്നു.
അവസാനം മറിയം തന്റെ കൊച്ചുമുറിയില്‍നിന്നു പുറത്തുവന്നു. സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ജോസഫിന് യാതൊരു സൂചനയും നല്കാതെ അവള്‍ സാധാരണപോലെ പെരുമാറി. തന്റെ ജോസഫിന് ഉചിതമായ സമയത്ത് എല്ലാം വെളിപ്പെടുത്തിക്കൊടുക്കുന്ന കാര്യം പൂര്‍ണ്ണമായും ദൈവത്തിനു വിട്ടുകൊടുത്തുകൊണ്ട് രാജാവിന്റെ രഹസ്യത്തെക്കുറിച്ച് അവള്‍ മൗനം പാലിച്ചു. എന്നിരുന്നാലും വാക്കുകള്‍ക്ക് വിവരിക്കാനാവാത്ത ഒരു ആത്മീയസൗന്ദര്യവും മാധുര്യവും ജോസഫ് അവളില്‍ ദര്‍ശിച്ചു.
അവളെ പൊതിഞ്ഞുനിന്ന പ്രഭയില്‍ അവന്‍ വിസ്മയഭരിതനായി. അവളോട് എന്തെന്നില്ലാത്ത ഒരു ആദരവ് അവന്റെ മനസ്സില്‍ നറഞ്ഞുനിന്നു. ദൈവികസായൂജ്യത്തില്‍ അവിടുത്തോടുള്ള പ്രാര്‍ത്ഥനാനിര്‍ഭരമായ സമ്പൂര്‍ണ്ണ ഐക്യത്തില്‍ ആയിരുന്നു അവളെന്ന് അവന്‍ ഊഹിച്ചു. അവന്‍ അവളെ സമീപിച്ചില്ല. തന്റെ ചിന്തയില്‍ മുഴുകി നിന്നിടത്തുതന്നെ നിന്നുപോയി. മഹനീയവും ഏറെ ധന്യവുമായ ഒരു പദവിയിലേക്ക് അവള്‍ ഉയര്‍ത്തപ്പെട്ടു കഴിഞ്ഞിരുന്നെങ്കിലും സാധാരണപോലെ തന്നെ അവള്‍ അവനെ അഭിവാദ്യം ചെയ്തു. തന്റെ എളിയ ഭാവത്തിന് ഇതൊര തടസ്സമായി അവള്‍ക്ക് തോന്നിയില്ല; മറിച്ച് അവളെ കൂടുതല്‍ എളിമയുള്ളവളാക്കുകയാണ് ചെയ്തത്.
തന്റെ നിര്‍മ്മലമായ കന്യാഉദരത്തില്‍ അവതരിച്ച വചനത്തെ താന്‍ സംവഹിക്കുന്നു എന്ന വസ്തുത അവളെ ആനന്ദസാഗരത്തില്‍ ആഴ്ത്തിക്കളഞ്ഞു. അവളുടെ ഈ ആന്തരികസന്തോഷം അവളില്‍ ബാഹ്യമായും പ്രതിഫലിച്ചു കണ്ടു. അവളുടെ നയനങ്ങള്‍ പ്രകാശപൂര്‍ണ്ണമായി. എന്നാല്‍ ജോസഫ് ഇതേക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാതിരിക്കാനായി അവള്‍ വിവേകപൂര്‍വ്വം തന്റെ നയനങ്ങള്‍ താഴ്ത്തി. തന്റെ ആത്മാവിന്റെ സന്തോഷവും ഹൃദയത്തിന്റെ ഹര്‍ഷോന്മാദവും പുറത്ത് കാണപ്പെടാതിരിക്കാന്‍ തന്റെ ഹൃദയാന്തര്‍ഭാഗത്ത് ചുരത്തി ഒഴുകിയ സ്‌നേഹത്തിന്റെ തിരകളെ അവള്‍ അമര്‍ത്തിവച്ചു.
സാധാരണയില്‍ കവിഞ്ഞ ബഹുമാനത്തോടെ, അവളില്‍ നിറഞ്ഞുനിന്ന ദൈവകൃപയെക്കുറിച്ചുള്ള അതീവ വണക്കത്തോടെ ജോസഫ് മറിയത്തെ പ്രത്യഭിവാദ്യം ചെയ്തു. മാലാഖ തന്നോട് പറഞ്ഞ കാര്യങ്ങളും പ്രാര്‍ത്ഥനാവേളയില്‍ താന്‍ അനുഭവിച്ചതും പഠിച്ചതുമായവയെല്ലാം അവന്‍ അവളോട് പങ്കുവച്ചു. അവന്‍ ഇങ്ങനെ കൂട്ടിച്ചേര്‍ത്തു: ‘എന്റെ പ്രിയ മണവാട്ടീ, എന്നത്തേക്കാള്‍ കൂടുതലായി എന്തൊക്കെയോ കൃപകള്‍ നിനക്ക് ഇന്നു ലഭിച്ചിട്ടുണ്ട് എന്നതിന്റെ വ്യക്തമായ അടയാളങ്ങള്‍ ഞാന്‍ നിന്നില്‍ കാണുന്നു. ഞാനത് ഉറപ്പായി വിശ്വസിക്കുന്നു. ഈ പാവം എനിക്ക് ദൈവം ഇത്രമാത്രം കൃപകള്‍ തന്നുവെങ്കില്‍ ദൈവത്തിന് ഏറെ പ്രിയപ്പെട്ടവളും അനേകം കൃപകളാല്‍ നിറഞ്ഞവളുമായ നിനക്ക് അവന്‍ എത്രയധികമായി കൃപകള്‍ തന്നിട്ടുണ്ടാവും.’
ഈ വാക്കുകള്‍ കേട്ടപ്പോള്‍ അവള്‍ തലകുനിച്ച് പറഞ്ഞു: ‘നമുക്ക് നല്‍കപ്പെട്ട കൃപകള്‍ക്കായി നമുക്ക് ഒരുമിച്ച് ദൈവത്തിന് നന്ദിയും സ്തുതിയും സമര്പ്പിക്കാം.’ അവര്‍ ഒരുമിച്ച് ദൈവത്തിന് നന്ദിയും സ്തുതിയും പാടി. മറിയം ഇങ്ങനെ പറഞ്ഞു: ‘ലോകത്തിന് ഒരു വലിയ കൃപ നല്‍കാന്‍ ദൈവം തിരുമനസ്സായിരിക്കുന്നു എന്ന് മാലാഖ നിന്നെ അറിയിച്ച സ്ഥിതിക്ക് അതിനായി നാം അവിടുത്തേക്ക് പ്രത്യേകം നന്ദിയും സ്തുതിയും അര്‍പ്പിക്കേണ്ടിയിരിക്കുന്നു. ലോകം മുഴുവനും വേണ്ടിക്കൂടി നന്ദി പറയാന്‍ നാം കടപ്പെട്ടിരിക്കുന്നു. കാരണം ഈ വസ്തുത അവരില്‍നിന്ന് മറയ്ക്കപ്പെട്ടിരുന്നതിനാല്‍ ആരും ഇതേപ്പറ്റി അവിടുത്തേക്കു നന്ദിപറയാന്‍ ഇടയില്ല. മാലാഖ നിനക്ക് എല്ലാം വെളിപ്പെടുത്തി തരാത്തതില്‍ നിന്ന് ഇത് ലോകദൃഷ്ടിയില്‍ നിന്നു തീര്‍ച്ചയായും മറയ്ക്കപ്പെട്ടിരിക്കുന്നു എന്നു നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതുകൊണ്ട് ലോകം മുഴുവനുംവേണ്ടി നമുക്ക് ദൈവത്തിന് നന്ദി പറയാം.’ കുറെയേറെ നേരംകൂടി അവര്‍ അങ്ങനെ പ്രാര്‍ത്ഥനയിലും സ്തുതിപ്പിലും കഴിച്ചുകൂട്ടി. ജോസഫ് തന്റെ പണിശാലയിലേക്കും മറിയം തന്റെ വീട്ടുജോലികള്‍ക്കും പോയി. താനിപ്പോള്‍ അവതരിച്ച വചനത്തിന്റെ മാതാവാണ് എന്ന വസ്തുത തന്റെ സാധാരണ കടമകള്‍ നിര്‍വ്വഹിക്കുന്നതില്‍നിന്ന് അവളെ തടഞ്ഞില്ല. അവള്‍ തന്നെത്തന്നെ ഒരു എളിയദാസിയായി കരുതി ഏറെ കൃത്യതയോടെ ജോസഫിന് ശുശ്രൂഷ ചെയ്തു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.