കൊറോണയുടെ കാര്യം പറഞ്ഞ് കൂദാശകൾ വേണ്ടെന്നു വയ്ക്കണമോ?
പലരും ലോക്ഡൗൺ തുടങ്ങിയതിൽ പിന്നെ കുമ്പസാരിച്ചിട്ടില്ല.
ഈയടുത്ത് ഞങ്ങളുടെ ആശ്രമത്തിലേക്ക് ഒരാൾ ഫോൺ വിളിച്ചു:
”അച്ചാ, ഞങ്ങൾ പള്ളിവരെ വന്നോട്ടെ,
ഒന്നു കുമ്പസാരിപ്പിക്കാമോ?”
“അതിനെന്താ, തീർച്ചയായും വന്നോളൂ.”
പറഞ്ഞ സമയത്ത് അവർ വന്നു. പളളിയിലിരുന്ന് പ്രാർത്ഥിച്ച് കുമ്പസാരം നടത്തി.
അതിനു ശേഷം മകൻ വന്ന് പറഞ്ഞു:
“അച്ചാ, ചാച്ചനും അമ്മയും
ലോക്ഡൗൺ തുടങ്ങിയതിൽ പിന്നെ ഇന്നാദ്യമായിട്ടാണ് പള്ളിയിൽ വരുന്നത്. കുമ്പസാരിച്ചു കഴിഞ്ഞപ്പോൾ തന്നെ
അവരുടെ മുഖം തെളിഞ്ഞതു കണ്ടോ? ഇപ്പോഴും ടെലിവിഷൻ
കുർബാനയാണ് ആശ്രയം. വിരോധമില്ലെങ്കിൽ അച്ചനവർക്ക് കുർബാന കൊടുക്കാമോ?”
വലിയ സന്തോഷത്തോടെ
ഞാനവർക്ക് വി.കുർബാന നൽകി. പോകാൻ നേരത്ത് ആ അപ്പച്ചൻ പറഞ്ഞു:
”അച്ചാ, ഇപ്പോഴാണ് ആശ്വാസമായത്. ഇനിയിപ്പം കൊറോണ വന്ന് മരിച്ചാലും കുഴപ്പമില്ല.”
ഈ കുടുംബം പള്ളിയിൽ വരുന്നതിന് മുമ്പും പിമ്പും ധാരാളംപേർ കുടുംബത്തോടൊപ്പം
ആശ്രമത്തിൽ വന്ന് കുമ്പസാരിച്ച് സന്തോഷത്തോടെ മടങ്ങിയ കാര്യം
ഞാൻ ഓർത്തു.
എന്നാൽ പള്ളിയിൽ പോകാൻ യാതൊരു തടസങ്ങളുമില്ലാത്ത ചിലരെങ്കിലും വി.കുർബാനയിൽ പങ്കെടുക്കുന്നതിന് മടി കാണിക്കുന്നതിനെക്കുറിച്ച് എത്രയാലോചിച്ചിട്ടും മനസിലാകുന്നില്ല.
ലോക് ഡൗണിൻ്റെ ആരംഭകാലഘട്ടത്തിൽ വി.കുർബാനയിൽ പങ്കെടുക്കാനായ്
മുൻകൂട്ടി ബുക് ചെയ്യുന്നവരുടെ എണ്ണം
വളരെ കൂടുതലായിരുന്നു.
എന്നാൽ ഇപ്പോൾ പല പള്ളികളിലും അനുവദിച്ചത്ര ആളുകൾ എത്തിച്ചേരുന്നില്ല എന്നതും വാസ്തമാണ്.
ഈ സാഹചര്യങ്ങൾ
നിലനിൽക്കുമ്പോൾ പോലും
പല വൈദികരും,
വീടുകളിൽ ചെന്ന്
പ്രായമായവരെയും രോഗികളെയും കുമ്പസാരിപ്പിച്ച് അവർക്ക്
വിശുദ്ധ കുർബാന നൽകുന്നുണ്ട്
എന്നത് യഥാർത്ഥ്യമാണ്.
എന്നാൽ രോഗികളായ ചില വൈദികർ മുൻകരുതലിൻ്റെ ഭാഗമായി ഇങ്ങനെയുള്ള കാര്യങ്ങളിൽ നിന്ന് അകലം പാലിക്കുന്നുമുണ്ട്.
കുമ്പസാരിപ്പിക്കുക എന്നത്
വൈദികൻ്റെ കടമയും ദൗത്യവുമാണ്.
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച്
കൂദാശങ്ങൾ നിറവേറ്റാൻ
അതിനാൽ തന്നെ അവർക്ക് ഉത്തരവാദിത്വവുമുണ്ട്.
ഈ കുറിപ്പ് വായിച്ചുകൊണ്ടിരിക്കുപ്പോൾ ചിലരെങ്കിലും മനസിൽ പറയുന്നുണ്ടാകും:
“അച്ചോ,
ഈ കോവിഡ് കാലത്ത്
കുർബാനയും
കുമ്പസാരവുമൊന്നുമല്ല പ്രധാന്യം,
ജോലിയും സമ്പത്തുമാണെന്ന്.”
അവരോടൊന്നേ പറയാനുള്ളൂ:
ജോലിയോടൊപ്പം
പ്രാധാന്യമുള്ളതാണ് കൂദാശകളും.
ബസിൽ യാത്ര ചെയ്യുന്നതിനും
തിരക്കുള്ള കടകളിൽ പോകുന്നതിനും
മറ്റെന്ത് പരിപാടികൾക്കും
ആഘോഷങ്ങൾക്കും
പങ്കെടുക്കുന്നതിനും യാതൊരു കുഴപ്പവുമില്ല.
എന്നാൽ,
കുർബാന കുമ്പസാരം ദൈവാലയം
എന്നീ കാര്യങ്ങളിൽ നിന്നും
മാത്രമുള്ള അകലം
ഒരുതരം ഇരട്ടത്താപ്പും
കൊറോണയേക്കാൾ മാരകമായ വൈറസുമല്ലേ?
ഒന്നോർത്തു നോക്കിക്കേ,
മറ്റെല്ലാ സ്ഥലങ്ങളേക്കാൾ
സുരക്ഷിതമായല്ലെ നമ്മുടെ ദൈവാലയങ്ങളിലെ ഇരിപ്പിടം ക്രമീകരിച്ചിരിക്കുന്നത്?
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സാനിറ്റൈസർ മുതൽ
തെർമൽ സ്കാനർ വരെ
ദൈവാലയങ്ങളിൽ ഉണ്ടെന്നത്
യാഥാർത്ഥ്യമല്ലേ?
ഇത്രയും സുരക്ഷ മറ്റെവിടെയാണ് പിഴവുകളില്ലാതെ ഒരുക്കിയിരിക്കുന്നത്?
ഒന്നുറപ്പാണ്;
അദ്ഭുതങ്ങളും അടയാളങ്ങളും
ചെയ്ത ക്രിസ്തു
പ്രാർത്ഥനയുടെ മനുഷ്യനായിരുന്നു.
അതു കൊണ്ടാണ് ജനക്കൂട്ടത്തോട്
അവന് കരുണ തോന്നിയതും
അവർ ഇടയനില്ലാത്ത
ആടുകളെപ്പോലെയാണ്
എന്ന് പറഞ്ഞതും
( Ref: മത്താ 9 :35-38).
കൊറോണയുടെ പേരുപറഞ്ഞ് ദൈവജനത്തിൽ നിന്ന് അകലരുതെന്ന് ഇടയന്മാരോടും,
ദൈവാലയത്തിൽ നിന്ന്
അകലരുതെന്ന് ദൈവജനത്തോടും അപേക്ഷിക്കുന്നു.
ഫാദർ ജെൻസൺ ലാസലെറ്റ്
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.