ശുദ്ധീകരണാത്മാക്കളുടെ വണക്കമാസം: അഞ്ചാം തീയതി
ശുദ്ധീകരണ സ്ഥലമുണ്ടെന്നും അതില്‍ ശുദ്ധീകരിക്കപ്പെടുന്ന ആത്മാക്കള്‍ വേദന അനുഭവിക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസങ്ങളില്‍ നാം ധ്യാനിച്ചുവല്ലോ. ഈ ശിക്ഷയെ ഭയന്നിരിക്കുവാനും അതിനു കാരണമായ പാപത്തെ വെറുത്ത് നന്മയില്‍ ജീവിക്കുവാനും ഈ സങ്കടങ്ങള്‍ അനുഭവിക്കുന്ന ആത്മാക്കളുടെ മേല്‍ ഈ വേദനകള്‍ എങ്ങനെയുള്ളതെന്ന് അല്പം ചിന്തിക്കാം.
“ശുദ്ധീകരണ സ്ഥലത്തില്‍ പോയാലും കുഴപ്പമില്ല, ഞങ്ങള്‍ നരകത്തില്‍ പോകാതെയിരുന്നാല്‍ മാത്രം മതി” എന്നു ചില അല്‍പ ബുദ്ധികള്‍ പറയാറുണ്ട്. അവര്‍ക്കുള്ള വ്യക്തമായ മറുപടി ഒരിക്കല്‍ വിശുദ്ധ ആഗസ്തിനോസ് പറയുകയുണ്ടായി, “ബുദ്ധിഹീനന്മാരെ! നിങ്ങള്‍ ഇപ്രകാരം പറയരുത്. ഈ ലോകത്തിലുള്ള വേദനകളെയെല്ലാം ഒന്നിച്ചു കൂട്ടിയാലും, ശുദ്ധീകരണ സ്ഥലത്തിലുള്ള വേദനകള്‍ക്ക് അവ തുല്യമല്ലായെന്നു അറിഞ്ഞുകൊള്ളണം”. ഈ ഒരു വാക്യത്തില്‍ എന്തുമാത്രം കാര്യങ്ങളടങ്ങിയിരിക്കുന്നുവെന്ന് ചിന്തിച്ച് നോക്കുക.
ശുദ്ധീകരണ സ്ഥലത്തിലെ വേദനകളെപ്പറ്റി ആഴമായി മനസ്സിലാക്കിയാല്‍ ഈ ഭൂമിയിലെ സഹനങ്ങള്‍ നിസ്സാരമെന്നു കരുതി ദൈവതിരുമനസ്സിനു മനുഷ്യന്‍ പൂര്‍ണ്ണമായി കീഴ്വഴങ്ങുമെന്ന് ഉറപ്പാണ്. ഈ ലോകത്തിന്റെതായ നിരവധി രോഗങ്ങള്‍ പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. പക്ഷവാതം, ക്ഷയം തുടങ്ങി ഓരോ പീഡകളേയും കഷ്ടപ്പാടുകളേയും ധൈര്യത്തോടെ സഹിക്കുന്നവര്‍ വളരെ ചുരുക്കമാണ്. ഈ വക രോഗങ്ങളാല്‍ വന്നുകൂടുന്ന എല്ലാ പീഡകളേയും സങ്കടങ്ങളേയും ഒരേ സമയത്ത് ഒരു മനുഷ്യന്‍ അനുഭവിക്കേണ്ടി വന്നാല്‍ അത് അസഹ്യമെന്നേ എല്ലാവരും പറയുകയുള്ളൂ.
ശുദ്ധീകരണ സ്ഥലത്തിലെ വേദനകള്‍ മേല്‍പ്പറഞ്ഞ പീഡകളൊക്കെക്കാളും പതിമടങ്ങ് കഠിനമാണെന്ന്
വേദശാസ്ത്രികള്‍ പറയുന്നു. ഈ വേദനകളെ സഹിക്കുന്നതിന്, നിങ്ങള്‍ക്കു ശക്തിയുണ്ടോ?
ജപം
കൃപ നിറഞ്ഞ സര്‍വ്വേശ്വരാ! മരണം പ്രാപിച്ച ഞങ്ങളുടെ സഹോദരന്മാരെ ദയയോടെ തൃക്കണ്‍പാര്‍ക്കണമേ. അവരുടെ ആത്മാക്കളെ മഹാപിതാക്കന്മാരായ അബ്രഹാം, ഇസഹാക്ക്, യാക്കോബ് എന്നിവരോടു കൂടെ എന്നന്നേയ്ക്കും ഭാഗ്യപ്പെടുന്ന മോക്ഷവാസികളുടെ ഇടയില്‍ ചേര്‍ത്തരുളണമെ. കരച്ചില്‍ ദുഃഖാനര്‍ത്ഥങ്ങള്‍ മുതലായവ എന്തെന്നറിയാത്ത സ്ഥലവും എല്ലാവക ഭാഗ്യം നിറഞ്ഞ ഭവനവുമായ അങ്ങേ സന്നിധിയില്‍ ഞങ്ങളും വന്നുചേരുവാന്‍ കൃപ ചെയ്യണമേ.
സൂചന
(മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു വേണ്ടി ഈശോയുടെ അഞ്ചു തിരുമുറിവുകളെക്കുറിച്ച് താഴെ കൊടുത്തിരിക്കും വിധം അഞ്ചു പ്രാവശ്യം ചൊല്ലുക)
മരിച്ച വിശ്വാസികളുടെ ആത്മാക്കള്‍ക്കു തമ്പുരാന്‍റെ മനോഗുണത്താല്‍ മോക്ഷത്തില്‍ ചേരുവാൻ അനുഗ്രഹമുണ്ടായിരിക്കട്ടെ
നിത്യപിതാവേ, ഈശോമിശിഹാ കര്‍ത്താവിന്‍റെ വിലമതിയാത്ത തിരുച്ചോരയെക്കുറിച്ച് അവരുടെമേല്‍ കൃപയുണ്ടാകണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.