യൗസേപ്പിതാവിന്റെ 5 തപസ്സുകാല പുണ്യങ്ങൾ

1.നിശബ്ദത

വിശുദ്ധ ബൈബിളിൽ ഒരിടത്തും യൗസേപ്പിതാവ് സംസാരിക്കുന്നതായി നാം കാണുന്നില്ല. യൗസേപ്പിതാവിന്റെ മൗനം മഹത്തരമാണ്. കാരണം,അത് ആഴമേറിയ പ്രാർഥനയിൽ മുഴുകുന്ന ഒരാളുടെ ലക്ഷണമാണ്. ഉള്ളിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ സ്വരം ശ്രവിക്കണമെങ്കിൽ നാം നിശബ്ദമായി ഇരുന്നാലേ പറ്റൂ. തച്ചന്റെ ജോലികളിൽ മുഴുകി ഹൃദയത്തിൽ പ്രാർത്ഥനയും ദൈവചിന്തയും നിറയ്ക്കുന്ന വിശുദ്ധ യൗസേപ്പ് നമുക്ക് മാതൃകയാകട്ടെ.

2. പ്രാർത്ഥന

രക്ഷാകര ചരിത്രത്തിൽ വിശുദ്ധ യൗസേപ്പ് എത്ര വലിയ ഭാഗം ആണ് ചെയ്തത് എന്ന് ആ പിതാവിന്റെ ജീവിതം പരിശോധിച്ചാൽ നമുക്ക് മനസ്സിലാക്കാം. യേശുവിനെ ആബാ പിതാവേ എന്ന് പഠിപ്പിച്ചത് വളർത്തുപിതാവായ വിശുദ്ധ യൗസേപ്പ് ആയിരിക്കാം. മറിയം പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി കാണപ്പെട്ടത് മുതൽ വിശുദ്ധ യൗസേപ്പ് പ്രാർത്ഥനയിൽ ആയിരുന്നിരിക്കണം. അതുകൊണ്ടാണ് അദ്ദേഹത്തിന് സ്വപ്നത്തിൽ ദൈവദൂതന്റെ ദർശനം ഉണ്ടായതും സത്യാവസ്ഥ അറിയിക്കപ്പെട്ടതും. ഉറങ്ങി എഴുന്നേറ്റപ്പോൾ മറിയത്തെ ഭാര്യയായി സ്വീകരിക്കുവാനുള്ള തീരുമാനം അദ്ദേഹം എടുത്തു കഴിഞ്ഞിരുന്നു. ഗൗരവമേറിയ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പ്രാർത്ഥന അത്യാവശ്യമാണെന്ന് വിശുദ്ധ ഔസേപ്പ് നമ്മെ പഠിപ്പിക്കുന്നു.

3. ധൈര്യവും മനക്കരുത്തും

സന്തുഷ്ടജീവിതവും ആയാസരഹിതമായ ജീവിതവും ലഭിക്കാൻ വേണ്ടി ചില മൂല്യങ്ങളെല്ലാം ഉപേക്ഷിക്കാൻ തയ്യാറാകുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. എന്നാൽ വിശുദ്ധ യൗസേപ്പിന്റെ ജീവിതം നോക്കുക; ദൈവഹിതത്തിനു കീഴ്‌വഴങ്ങിയത് മുതൽ എല്ലായിടത്തും തിരസ്കരണവും അലച്ചിലും മാത്രം. പരിശുദ്ധ മറിയത്തെയും ഉണ്ണി യേശുവിനെയും സംരക്ഷിക്കാൻ വെല്ലുവിളി നിറഞ്ഞ യാത്രകൾ !!ഗർഭിണിയായ സ്ത്രീയെ ഭാര്യയായി സ്വീകരിക്കേണ്ടി വരുമ്പോൾ ഒരു പുരുഷന് നേരിടേണ്ടി വരുന്ന മാനസിക സമ്മർദ്ദങ്ങൾ!! പക്ഷേ, എല്ലാ പ്രതിബന്ധങ്ങളും ദൈവത്തോട് ചേർന്ന് ധീരനായി നേരിടുന്ന വിശുദ്ധ യൗസേപ്പിനെ ആണ് നാം കാണുക. ദൈവാശ്രയത്വം മനുഷ്യനെ ധീരതയാർന്ന പ്രവർത്തികൾ ചെയ്യാൻ പ്രാപ്തനാക്കും എന്ന് യൗസേപ്പിന്റെ ജീവിതം വഴി നമുക്ക് മനസ്സിലാക്കാം.

4. സംരക്ഷണവും സ്വയം നൽകലും

തിരുകുടുംബത്തെ സംരക്ഷിക്കാൻ സ്വയം നൽകിക്കൊണ്ട് യൗസേപ്പിതാവ് തിരുകുടുംബപാലകനായി. കുടുംബനാഥൻമാരുടെ മധ്യസ്ഥനും ആയി.തച്ചന്റെ ജോലി ചെയ്തു അധ്വാനിച്ച് കുടുംബം നയിക്കുമ്പോൾ നീ നിന്റെ നെറ്റിയിലെ വിയർപ്പു കൊണ്ട് അധ്വാനിച്ച് കുടുംബം പോറ്റുക എന്ന ദൈവപിതാവിന്റെ കുടുംബനാഥൻമാരോടുള്ള കൽപ്പന ശിരസ്സാവഹിക്കുകയാണ് യൗസേപ്പിതാവ്. എല്ലാം കൈക്കലാക്കി മുന്നേറുന്ന ഈ ലോകജനത സ്വയം നൽകൽ എന്താണെന്ന് യൗസേപ്പിൽ നിന്ന് പഠിക്കേണ്ടതാണ്. അതു തരുന്ന ആത്മസംതൃപ്തിയും മനസ്സിലാക്കേണ്ടതാണ്.

5. മനസ്സിലാക്കൽ

പരിശുദ്ധ മറിയത്തെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ വ്യക്തി വിശുദ്ധ യൗസേപ്പ് ആണ്. വിവാഹിത അല്ലാത്ത ഒരു യഹൂദ സ്ത്രീ ഗർഭിണിയായാൽ കല്ലെറിഞ്ഞ് കൊല്ലപ്പെടാൻ വരെ സാധ്യതയുണ്ട്. എന്നാൽ ഏശയ്യ പ്രവാചകന്റെ ‘കന്യക ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും’ എന്ന് വചനം നിറവേറ്റുന്നത് പരിശുദ്ധ മറിയത്തിലാണെന്ന് ആദ്യമായി മനസ്സിലാക്കിയത് യൗസേപ്പിതാവ് ആയിരുന്നു. ആ മനസ്സിലാക്കലാണ് മറിയത്തെ സ്വീകരിക്കാൻ അദ്ദേഹത്തെ സന്നദ്ധൻ ആക്കിയതും. യേശു ദൈവപുത്രനാണ് എന്ന് മറിയത്തിനൊപ്പം ആദ്യം മനസ്സിലാക്കിയതും യൗസേപ്പിതാവ് ആയിരുന്നു. അതുകൊണ്ടാണ് ഒറ്റ രാത്രി തന്നെ ദിവ്യശിശുവിനെ രക്ഷിക്കാൻ നാടും വീടും വിട്ടു ഈജിപ്തിലേക്ക് പലായനം ചെയ്യാൻ അദ്ദേഹം തയ്യാറായത്.

തിരുക്കുടുംബം പൂർണ്ണമാകുന്നത് മറിയത്തോടും ഈശോയോടുമൊപ്പം വിശുദ്ധ യൗസേപ്പിനെ കൂടെ ആദരിക്കുമ്പോൾ ആണ്. ദൈവപുത്രനെ സംരക്ഷിച്ച ആ ബലിഷ്ഠമായ കരങ്ങൾ ആപത്ഘട്ടങ്ങളിൽ ദൈവത്തിന്റെ തിരു സഭയെയും സംരക്ഷിക്കും എന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ട് പുണ്യ പിതാവിന് നമ്മെത്തന്നെ സമർപ്പിക്കാം…


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles