പരി. മറിയം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന മുറിയില്‍ നിറഞ്ഞൊഴുകിയ ദിവ്യപ്രകാശവും പരിമളവും വി. യൗസേപ്പിതാവിന് വെളിപ്പെടുത്തിയത് എന്തായിരുന്നു?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 45/100

ജോസഫ് പ്രഭാതത്തില്‍ ഉണര്‍ന്ന് തന്റെ പതിവുള്ള പ്രാര്‍ത്ഥനകള്‍ നടത്തി. തന്റെ എത്രയും പരിശുദ്ധയായ വധുവിനെ പോയി കാണുവാനുള്ള ഒരു ആഗ്രഹം അവനനുഭവപ്പെട്ടു. മറിയം മുറിയില്‍ നിന്ന് പുറത്തു വരാത്തതിനാല്‍ അവന് അല്പം അസ്വസ്ഥത തോന്നി. എന്നാല്‍ അവളെ വിളിക്കുവാന്‍ അവന്‍ ധൈര്യപ്പെട്ടില്ല. അതിനാല്‍ താന്‍ കൊണ്ടുവന്ന കുറച്ച് ഉപകരണങ്ങള്‍കൊണ്ട് തന്റെ വര്‍ക്കുഷോപ്പ് ക്രമപ്പെടുത്തുന്നതിനായി അവന്‍ ആ സമയം വിനിയോഗിച്ചു.

എല്ലാം ക്രമപ്പെടുത്തിയതിനുശേഷം തന്റെ വധുവിന്റെയടുത്തേക്ക് അവന്‍ തിരിച്ചുവന്നു. അവള്‍ ഇപ്പോള്‍ മുറിയില്‍ത്തന്നെയാണെന്ന് അവന്‍ മനസ്സിലാക്കി. പുറത്തു വരാത്തതിന്റെ കാരണം എന്താണെന്ന് അറിയുവാനായി അവളുടെ മുറിയുടെ വാതിലിനരികേ ചെന്നു. അതേസമയം അപ്പോള്‍ത്തന്നെ അവളെ കാണാനും സംസാരിക്കാനുമുള്ള ഒരു ആഗ്രഹത്താലും അവന്‍ നിറഞ്ഞു.

മുറി മുഴുവന്‍ പരിശുദ്ധമായ പ്രകാശത്താല്‍ നിറഞ്ഞിരിക്കുന്നത് വാതിലിന്റെ വിടവില്‍ക്കൂടി അവന്‍ കണ്ടു. അന്തരീക്ഷമാകെ മാധുര്യമുള്ള ഒരു സുഗന്ധവാസനയാല്‍ നിറഞ്ഞിരിക്കുന്നതായും അവന്‍ മനസ്സിലാക്കി. ആ നിമിഷംതന്നെ അവന്‍ വളരെ ആഴമായ ആന്തരികാശ്വാസം അനുഭവിച്ചു. പരിശുദ്ധയായ വധു ദൈവത്തോട് സംഭാഷിക്കുകയാണെന്ന് അവനു വ്യക്തമായി; അതിനാല്‍ അവന്‍ പെട്ടെന്നുതന്നെ പിന്തിരിഞ്ഞുപോയി.

ഇതുപോലൊരു ആഗ്രഹവുമായി അവന്‍ പിന്നീടൊരിക്കലും മറിയത്തിന്റെ സമീപം ചെന്നിട്ടില്ല. അവളുടെ പ്രാര്‍ത്ഥനയില്‍ താന്‍ ഏതെങ്കിലും വിധത്തില്‍ ശല്യം ചെയ്താലോ എന്നുള്ള ഭയത്താല്‍ അവന്‍ അവളെ സമാധാനത്തില്‍ വിട്ടു. അവളെ കാണാനും സംസാരിക്കാനും എത്രമാത്രം ആഗ്രഹം തോന്നിയാലും വിളിക്കാതെ അവള്‍ പുറത്തു വരുന്നതുവരെ അവന്‍ ക്ഷമയോടെ കാത്തിരിക്കുമായിരുന്നു. ദൈവത്തിലുള്ള അവളുടെ സന്തോഷത്തിലും ആനന്ദത്തിലും അവന്‍ സന്തോഷിച്ചിരുന്നു. അതേസമയം പരിശുദ്ധമായ ഒരു അസൂയയാല്‍ അവന്‍ തന്നോടുതന്നെ പറഞ്ഞിരുന്നു. ‘ഓ, അവള്‍ എത്രമാത്രം ഭാഗ്യമുള്ളവളാണ്! ദൈവത്തിന്റെ സന്ദര്‍ശനം ലഭിക്കുന്നതിന് അവള്‍ യോഗ്യതയുള്ളവളാണ്. തീര്‍ച്ചയായും അവള്‍ മുഴുവനായും പരിശുദ്ധതയും എല്ലാ പുണ്യങ്ങളിലും പൂര്‍ണ്ണയുമാണ്.’

അപ്പോഴാണ് എത്രയും പരിശുദ്ധ കന്യക തന്റെ കിടപ്പറയില്‍ നിന്ന് പുറത്തുവന്നത്. ജോസഫ് അവിടെ അവള്‍ക്കായി കാത്തിരിക്കുകയായിരുന്നു. സാധാരണയില്‍ കവിഞ്ഞ് ശ്രേയസ്സുള്ളവളും സുന്ദരിയുമായി അവള്‍ കാണപ്പെട്ടു. അത്ഭുതപരതന്ത്രനായ അവന് അവളോടു സംസാരിക്കുവാന്‍ സാധിച്ചില്ല. എളിയവളും പ്രസാദാത്മകയുമായ മറിയം അവനെ ഹൃദയാകര്‍ഷകമാംവിധം സംബോധന ചെയ്തു. തുടര്‍ന്ന് അവര്‍ ഒരുമിച്ച് ദൈവത്തിന് സ്തുതികള്‍ അര്‍പ്പിച്ചു. ്അവര്‍ക്ക് അത്യാവശ്യമായ സാധനങ്ങള്‍ എന്തെല്ലാമാണെന്ന് അവര്‍ പരസ്പരം ആലോചിച്ചു. ജറുസലേമില്‍വച്ച് സമ്പാദിച്ച ചെറിയൊരു തുക ജോസഫിന്റെ കൈവശമുണ്ടായിരുന്നതുകൊണ്ട് അനുദിന ജീവിതത്തിന് അത്യാവശ്യമായ സാധനങ്ങള്‍ വാങ്ങുവാനായി ജോസഫ് പുറത്തു പോയി.

പരിശുദ്ധയായ വധുവിനെ സംബോധനചെയ്യാനായി അയല്‍വാസികള്‍ വീട്ടില്‍വന്നു. ഇത്രയും ദരിദ്രമായ സ്ഥിതിയില്‍ അവളെ കണ്ടിട്ട് വളരെ അത്യാവശ്യമായി അവള്‍ക്ക് വേണ്ട സാധനങ്ങള്‍ അവര്‍ സ്വമനസ്സാലെ മറിയത്തിന് കൊണ്ടുവന്നു കൊടുത്തു. ഈ സ്‌നേഹദാനങ്ങള്‍ നന്ദിയോടും എളിമയോടുംകൂടി അവള്‍ സ്വീകരിച്ചു. പിന്നീട് സ്വന്തം കരവേലയാല്‍ അവള്‍ അതിനെല്ലാം പ്രതിഫലം നല്‍കി. അതിഥികളെ സ്വീകരിക്കുന്നതില്‍ മറിയം വളരെ സന്തോഷവതിയും ഉത്സാഹമുള്ളവളും ആയിരുന്നു. എങ്കിലും അവള്‍ എപ്പോഴും കുറച്ചുമാത്രമേ സംസാരിച്ചിരുന്നുള്ളു. അവളുടെ ഓരോ വാക്കും ഔചിത്യവും സംസ്‌കാരമുള്ളതുമായിരുന്നു. അതിനാല്‍ എല്ലാവരും അവളെ ഇഷ്ടപ്പെടുകയും അവളോട് പിന്നെയും പിന്നെയും സംസാരിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു.

ആദ്യമൊക്കെ അവള്‍ എല്ലാവരെയും വളരെ സ്വാതന്ത്ര്യത്തോടെ സ്വീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് അവള്‍ കൂടുതല്‍ കരുതലുള്ളവളും സംസാരത്തില്‍ അധികം താല്‍പര്യം കാണിക്കാതെയുമായി. ഇങ്ങനെ ചെയ്യുന്നതിന് അവള്‍ അനിതരസാധാരണമായ കാരുണ്യം പ്രദര്‍ശിപ്പിച്ചിരുന്നു. ദൈവത്തെ സ്‌നേഹിക്കുകയും ഭയപ്പെടുകയും ചെയ്യുന്ന സ്ത്രീകളെ മാത്രമേ സന്ദര്‍ശനത്തിന് അവള്‍ പ്രോത്സാഹിപ്പിച്ചിരുന്നുള്ളു. അവരുമായി വിശുദ്ധമായ സംഭാഷണങ്ങളില്‍ അവള്‍ ഏര്‍പ്പെട്ടു.

തങ്ങള്‍ക്ക് അത്യാവശ്യമായ സാധനങ്ങള്‍ വാങ്ങി ജോസഫ് പെട്ടെന്നുതന്നെ വീട്ടില്‍ തിരിച്ചെത്തി. ദീര്‍ഘസമയം അവളെ പിരിഞ്ഞിരിക്കാന്‍ അവന്‍ ഇഷ്ടപ്പെട്ടില്ല. അവളുടെ സാന്നിദ്ധ്യംതന്നെ അവനൊരു സമാശ്വാസമായിരുന്നു. അവള്‍ക്കാവശ്യമുള്ളതെല്ലാം അവന്‍ അവള്‍ക്ക് നല്കി. തുടര്‍ന്ന് ദൈവം നല്കിയ ഈ വസ്തുക്കള്‍ക്കായി അവര്‍ ദൈവത്തിന് സ്തുതിയും നന്ദിയുമര്‍പ്പിച്ചു.

ക്രമേണ ജോസഫിന് ജോലി ലഭിച്ചുതുടങ്ങി. അവരുടെ അനുദിനാവശ്യങ്ങള്‍ക്കായുള്ളത് സമ്പാദിക്കാനായി മറിയവും വീട്ടിലിരുന്ന് ജോലിചെയ്തു. അവള്‍ ചെയ്ത വസ്തുക്കള്‍ വാങ്ങാനായി ആള്‍ക്കാരെ പെട്ടെന്ന് കണ്ടെത്തുവാന്‍ ദൈവം അവളെ പ്രാപ്തയാക്കി. ദൈവത്തിന്റെ പരിപാലനാവൈഭവത്തില്‍ വിശുദ്ധരായ ഈ ദമ്പതികള്‍ അത്ഭുതപ്പെട്ടു. ഇത്രയും സ്‌നേഹാതിരേകത്തോടെ തങ്ങളെ കരുതുന്നവനും തങ്ങളോട് ഇത്രയും ഔദാര്യവാനുമായ ദൈവത്തിന് സ്തുതിയും നന്ദിയുമര്‍പ്പിക്കുന്നതില്‍ അവരൊരിക്കലും വീഴ്ചവരുത്തിയില്ല. ഈ ദൈവനുഗ്രഹങ്ങളോട് എപ്പോഴും പൂര്‍ണ്ണമായും പ്രതികരിക്കുവാന്‍ അവര്‍ പരിശ്രമിച്ചിരുന്നു. ഈ പരിശ്രമത്തിന്റെ ഫലമായി അവരില്‍ ദൈവസ്‌നേഹം ഒന്നിനൊന്ന് വര്‍ദ്ധിച്ചുവന്നു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles