സേവന നിരതമായ ഒരു ജീവിതത്തിന്റെ നൂറു വര്‍ഷങ്ങള്‍
മറ്റുളളവരുടെ സേവനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞു വച്ച ക്രൂസിറ്റ എന്ന മെക്സിക്കന്‍ സന്ന്യാസിനി നൂറാം പിറന്നാള്‍ ആഘോഷിച്ചു. ആ ജീവിതത്തിലേക്കുളള ഒരെത്തിനോട്ടം.
മെക്സിക്കോയിലെ ജോസഫൈന് സന്ന്യാസ സമൂഹത്തിലെ ഒരംഗമാണ് സിസ്റ്റര്‍ ക്രൂസീറ്റ. 1947 മെക്സിക്കോവിലെ എല്‍ ഓറോ മുന്‍സിപ്പാലിറ്റിയില്‍ ജനിച്ച സിസ്റ്റര്‍ നവംബര്‍ 23-ന് തന്റെ നൂറാം ജന്മദിനം ആഘോഷിച്ചു.
ബാല്യം മുതല്‍ ക്രിസ്തുവിനോടും തിരു സഭയോടും അടങ്ങാത്ത ഒരഭിനിവേശം ആ കുഞ്ഞുമനസില്‍ നാമ്പിട്ടിരുന്നു. സിസ്റ്റര്‍ മരിയ ഓഫ് റോയല്‍ ക്രോസ്സ് എന്ന നാമധാരിയായ സിസ്റ്റര്‍ ഒരു സന്ന്യാസിനി മാത്രമല്ല നല്ല നേഴ്സ് കൂടിയാണ്. ഉറച്ച അര്‍പ്പണബോധവും അചഞ്ചലമായ ആത്മീയ അടിത്തറയും സിസ്റ്ററിന്റെ സന്ന്യാസ ജീവിതത്തിന് മുതല്‍കൂട്ടായി.
ദിവ്യബലി അര്‍പ്പിക്കുവാനായി എല്ലാ ദിവസവും സിസ്റ്റര്‍ മാതാപിതാക്കളോടൊപ്പം ദേവാലയത്തില്‍ പോകുമായിരുന്നു. പരിശുദ്ധ കന്യകാമറിയത്തിന്റെ ഭക്തരായിരുന്നു സിസ്റ്ററിന്റെ മാതാപിതാക്കള്‍. കപ്യാരായിരുന്ന അമ്മാവനില്‍ നിന്നും ലഭിച്ച പ്രചോദനവും അവളെ ആത്മീയജീവിതത്തിലേക്ക് കൂടുതല്‍ അടുപ്പിച്ചു. പട്ടണത്തിലേയ്ക്ക് വന്ന ഒരു കൂട്ടം സന്ന്യാസിനിമാരുമായുളള കൂടിക്കാഴ്ച്ച അവളുടെ ആദ്ധ്യാത്മിക ജീവിതത്തിന് ശരിയായ ദിശാബോധം നല്കി. അങ്ങനെ ഒരണ്ടു വര്‍ഷക്കാലം ഒരു മിണ്ടാമഠത്തില്‍ പ്രവേശിച്ച സിസ്റ്റര്‍ ക്രൂസീറ്റ, പെട്ടെന്നുളള രോഗം മൂലം സ്വഭവനത്തിലേയ്ക്ക് മടങ്ങിപ്പോരേണ്ടതായി വന്നു.
എങ്കിലും ദൈവത്തിന്റെ പ്രിയ മണവാട്ടിയാകാനുളള അഭിവാഞ്ച അവളില്‍ നിറഞ്ഞു നിന്നു. ജോസഫൈന് സന്ന്യാസിനി സമൂഹത്തെ സിസ്റ്റര്‍ക്ക് പരിചയപ്പെടുത്തികൊടുത്തത് ഒരു പുരോഹിതനായിരുന്നു. സന്ന്യാസസഭാംഗങ്ങളോടൊപ്പം കുറച്ച് മാസങ്ങള്‍ പട്ടണത്തിലെ ഒരാശുപത്രിയില്‍ സിസ്റ്റര്‍ സേവനം അനുഷ്ഠിച്ചു. അങ്ങനെ 1947 ആഗസ്റ്റ് 15 ന് മെക്സിക്കോയിലെ ഒരു ചെറുപട്ടണത്തില്‍ 30 വയസുള്ള ക്രൂസീറ്റ വ്രതവാഗ്ദാനം ചെയ്യുകയുണ്ടായി.
1950-ന്റെ ആദ്യകാലങ്ങളില്‍ സിസ്റ്റര്‍ ക്രൂസീറ്റ ക്യൂബയിലുളള തന്റെ സന്ന്യാസസഭ നടത്തുന്ന ആശുപത്രിയിയില്‍ സേവനമനുഷ്ഠിക്കാനായി അയക്കപ്പെട്ടു. രണ്ടു വര്‍ഷത്തോളം ഗ്വാഡാലാജാരെയിലുളള ഒരു സിവില്‍ ആശുപത്രിയിലെ നേഴ്സായി ജോലി ചെയ്തു. അവിടെ ശിശുരോഗ വിഭാഗത്തിലെ സൂപ്പര്‍വൈസറായിരുന്നു.
ദൈവകരുണയിലുളള തന്റെ വിശ്വാസവും, പരിശുദ്ധ കന്യകാമറിയത്തിന്റെ അനുഗ്രഹവുമാണ് തന്റെ അക്ഷീണപരിശ്രമത്തിന്റെ കാരണങ്ങളായി സിസ്റ്റര്‍ കാണുന്നത്. സിസ്റ്റര്‍ പറയുന്നു, ‘പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണയിലാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. പലവിധ പ്രലോഭനങ്ങള്‍ നേരിട്ടപ്പോള്‍ ജപമാല പകര്‍ന്നു നല്കിയ കരുത്ത് അവര്‍ണ്ണനീയമാണ്. സന്യസജീവിതത്തില് നേരിട്ട വെല്ലുവിളികള്‍, പ്രത്യേകിച്ച് സഹപ്രവര്‍ത്തകരായ ഡോക്ടര്‍മാരില്‍ നിന്നുളള പ്രലോഭനങ്ങളെല്ലാം അതിജീവിക്കാന്‍ തന്നെ സഹായിച്ചത് അടിയുറച്ച ദൈവവിശ്വാസവും മരിയഭക്തിയുമാണെന്ന് സിസ്റ്റര്‍ വെളിപ്പെടുത്തുന്നു. അവര്‍ പറയുന്നു: രോഗികളുടെ സഹനം ഞാന്‍ കാണുന്നു, സഹനത്തിലൂടെ അവര്‍ എല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നു, അവര്‍ ആശങ്കപ്പെടുന്നില്ല, ആരോടും പരാതിപ്പെടുന്നുമില്ല. തങ്ങളുടെ രോഗാവസ്ഥയിലും ദൈവത്തെപ്പറ്റി ചിന്തിക്കാന്‍ അവര്‍ക്ക് സാധിക്കുന്നെങ്കില്‍ പിന്നെ എനിക്കെന്താണ് പരാതിപ്പെടാനുളളത്? എന്നിലുളള നന്മയെ ദൈവത്തിന് സമര്‍പ്പിക്കുക എന്നതൊഴികെ.’
നൂറാം വയസിലും ആരെയും ആശ്രയിക്കാത്ത സിസ്റ്ററിന്റെ കര്‍മ്മോത്സുകത വിവരിക്കുകയാണ് 44-കാരിയായ സിസ്റ്ററിന്റെ സഹചാരിക സിസ്റ്റര്‍ ബിയാട്രിസ് എസ്കമില്ലാ, ”വെളുപ്പിന് അഞ്ച് മണിയോടെ സിസ്റ്ററിന്റെ ദിനചര്യ തുടങ്ങുകയായി, നൂറാം വയസിലും ദിവസവും കൃത്യം ഏഴ് മണിക്ക് ദിവ്യബലിയില്‍ സംബന്ധിക്കാനായി ആദ്യം ദേവാലയത്തില്‍ എത്തുന്ന സിസ്റ്ററെ വെല്ലാന്‍ മറ്റൊരു സന്ന്യാസിനിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. സിസ്റ്ററിന്റെ പ്രായത്തെ തോല്പിക്കുന്ന പ്രസരിപ്പും, ആത്മാര്‍പ്പണവും, സ്ഥിരോത്സാഹവും ഇന്നത്തെ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ പാഠങ്ങളാണ്.’