നസ്രത്തിലേക്കുള്ള യാത്രയില്‍ പരി. കന്യക എപ്രകാരമായിരുന്നു വി. യൗസേപ്പിതാവിനെ അത്ഭുതപ്പെടുത്തിയതെന്ന് അറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 43/100
യാത്ര തുടങ്ങുന്നതിനു മുമ്പ് മറിയം തന്റെ വരന്റെ ആശീര്‍വ്വാദത്തിനായി അപേക്ഷിച്ചു. അതിവിശിഷ്ടപുണ്യമായ എളിമ അവള് അത്രമാത്രം സ്വന്തമാക്കിയിരുന്നു. തന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും അവള് അതു പരിശീലിച്ചിരുന്നു. ജോസഫും എളിമയില്‍ സമുന്നതനായിരുന്നു. അതേസമയം, മറിയത്തിന്റെ മഹത്വത്തെക്കു്റിച്ച് നല്ല അവബോധമുണ്ടായിരുന്നതിനാല്‍ അവളുടെ അപേക്ഷയെ നിരസിക്കുവാന്‍ അവന് ആഗ്രഹിച്ചില്ല. കാരണം വിശുദ്ധമായൊരു ലയനം അവര്‍ക്കു പരസ്പരം ഉണ്ടായിരുന്നു. അവളെ പിന്തിരിപ്പിക്കാന് അവന് സാധിച്ചിരുന്നില്ല. അതിനാല്‍ അവന് ചെയ്തിരുന്നതുപോലെ ദൈവത്തോട് അവിടുത്തെ ദൈവികാശീര്വ്വാദം അവള്‍ക്ക് നല്‍കണമെന്ന് അവന് പ്രാര്‍ത്ഥിച്ചു.
ദൈവതിരുമനസ്സാണ് തങ്ങള്‍ നിറവേറ്റുന്നതെന്ന് പൂര്ണ്ണബോദ്ധ്യമുണ്ടായുന്നതിനാല് വളരെ സന്തോഷത്തോടെ അവര്‍ യാത്രതിരിച്ചു. തങ്ങളുടെ ലഖു ഭാണ്ഡക്കെട്ടു വഹിച്ചിരുന്ന മൃഗത്തെ അനുഗമിച്ച് അവര്‍ കാല്‍നടയായിട്ടാണ് പോയത്. തന്റെ ദാരിദ്ര്യാവസ്ഥ കാരണം തന്റെ വധുവിന് യാത്രയിലെ ക്ലേശങ്ങള്‍ ലഘൂകരിക്കാനുള്ള യാതൊരു സൗകര്യങ്ങളും നല്കാന് സാധകിക്ുന്നില്ലല്ലോ എന്ന ചിന്ത ജോസഫിനെ വേദനിപ്പിച്ചു. ഇതു സംബന്ധിച്ച തന്റെ വികാരങ്ങള്‍ അവന് മറിയത്തോടു തുറന്നുപറഞ്ഞു. താന്‍ തികച്ചും സംതൃപ്തയാണെന്നും ദരിദ്രരായിരിക്കുന്നതില് വളരെ സന്തോഷവതിയാണെന്നും അവള് ഉറപ്പിച്ചു പറഞ്ഞു. ദൈവകൃപാവരങ്ങളുടെ സമൃദ്ധി മാത്രമേ താന്‍ വിലമതിക്കുന്നുള്ളുവെന്നും അവള് വെളിപ്പെടുത്തി. അവള് തുടര്‍ന്നു. ‘നാം എത്രയധികം ഭൗതികമായി ദരിദദ്രരായിരിക്കുന്നുവോ അത്രയധികം ആത്മീയാനുഗ്രഹങ്ങളാല് ദൈവം നമ്മെ നിറയ്ക്കുമെന്നും നമ്മള് ദൈവത്തിന് കൂടുതല്‍ പ്രീതിയുള്ളവരായിത്തീരുമെന്നും ഉറപ്പാണ്.’ തനിക്കേറ്റം പ്രിയപ്പെട്ടവളും അതിപരിശുദ്ധയുമായ തന്റെ വധുവിന്റെ അധരങ്ങളില്‍നിന്നു വന്ന ഈ വാക്കുകള്‍ ജോസഫിന് അതീവ ആശ്വാസം പകര്‍ന്നു.
ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടുകളിലൂടെയും കഷ്ടപ്പാടുകളിലൂടെയും ലോകത്തില്‍ തീര്‍ത്തും അജ്ഞാതരായി ജീവിച്ചിരുന്ന ഏറ്റവും ഉന്നതരായ സൃഷ്ടികള്‍ അന്നു നസ്രത്തിലേക്കു യാത്ര ചെയ്തു. വഴിയില്‍ അവര്‍ തീര്‍ത്തും ഏകാന്തരായിരുന്നു. അനേകായിരം മാലാഖമാര്‍ അവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചിരുന്നു. പരിശുദ്ധ കന്യകയ്ക്ക് അവര്‍ സ്വര്ഗ്ഗീയഗാനാലാപനത്തിന്റെ അകമ്പടി സേവിച്ചിരുന്നു. മാലാഖമാരുടെ ഈ സംഗീതാലാപം അവള്‍ക്കുമാത്രമേ ശ്രവിക്കാന്‍ സാധിച്ചിരുന്നുള്ള. അവര്‍ വിശ്രമിച്ച സമയങ്ങളില്‍ അനേകം പക്ഷികള്‍ വന്ന് അവളുടെ ചുറ്റുമിരുന്നു മനോഹരമായി പാടുമായിരുന്നു. ഈ പ്രതിഭാസത്തെ അത്ഭുതത്തോടെ നോക്കിക്കണ്ട ജോസഫിന് ഒരാശ്വാസമായി ഇങ്ങനെ സംഭവിക്കാന്‍ ദൈവം അനുവദിക്കുകയായിരുന്നു. ദൈവത്തെ അവിടുത്തെ നന്മകള്‍ക്കായി സ്തുതിക്കാനുള്ള ഒരവസരമായിട്ടാണ് രണ്ടുപേരും ഇതിനെ കണ്ടത്.
ഒരവസരത്തില്‍ മറിയത്തോട് ദൈവസ്തുതികളാലപിക്കുവാന് ജോസഫ് ആവശ്യപ്പെട്ടു. കാരണം, അങ്ങനെ ചെയ്യുവാന്‍ പക്ഷികള്‍ അവളെ ക്ഷണിക്കുന്നതായി അവന് അനുഭവപ്പെട്ടു. അവള് അതനുസരിച്ചു. തന്റെ സ്രഷ്ടാവിനെ അവിടുത്തെ മഹത്തരമായ ദൈവിക ഇടപെടലുകള്‍ക്കായി അവള് വാഴ്ത്തിപ്പാടുവാന്‍ തുടങ്ങി. ദൈവാരൂപികള്പോലും അത്ഭുതപ്പെട്ടുപോയെങ്കില് നമ്മുടെ പാവം ജോസഫിന്റെ കാര്യം പറയേണ്ടതില്ലല്ലോ! ആനന്ദത്താല്‍ കുറച്ചു സമയത്തേക്ക് അവന് ഹര്ഷോന്മാദത്തിലായി.
അവന് ചുറ്റുപാടുകളിലേക്ക് തിരിച്ചെത്തിയപ്പോള്‍ ആ സമയംകൊണ്ട് മറിയം തന്റെ പ്രാര്‍ത്ഥനയില്‍ മുഴുകിയിരിക്കുന്നത് അവന് കണ്ടു. അവന് അവളോടു പറഞ്ഞു: ‘ഓ എന്റെ പ്രാവേ, എന്റെ പ്രിയപ്പെട്ടവളെ, ദൈവത്തോടുള്ള ആഴമായ ഭക്തിയാല്‍ നിറഞ്ഞ് നീ ആലപിച്ച ഗീതങ്ങള്‍ എനിക്ക് എന്തൊരാനന്ദമാണ് പ്രദാനം ചെയ്തത്!
ദൈവം നിന്നെ അനുഗ്രഹിച്ചിരിക്കുന്ന കൃപാവരങ്ങളുടെ സമൃദ്ധിയില്‍ ഞാന്‍ വീണ്ടും വീണ്ടും അതിശയിക്കുകയാണ്. സ്നേഹത്തിന്റെ പ്രതിധ്വനിയുടെ ഒരു മഹത്വം ദൈവികധാരാളിത്വം സത്യമായും ദര്‍ശിച്ചിരിക്കുന്നു. നിന്നെ ഇത്രയും അധികം കൃപാവരങ്ങളാല്‍ സമ്പുഷ്ടയാക്കിയ ദൈവത്തിന് അനവരതം എന്നെന്നേക്കും സ്തുതിസ്തോത്രങ്ങളര്പ്പിക്കുവാന്, നിന്നോടൊത്തു ചേരുവാന്‍ ഞാന്‍ അഭിലഷിക്കുന്നു. നിന്റെ സന്തോഷപ്രദവും അതിവിശിഷ്ടവുമായ സഹവാസമനുഭവിക്കുവാന് അനേകരില്‍നിന്ന് എന്നെ തിരഞ്ഞെടുത്തതിനെയോര്‍ത്ത് എനിക്കുവേണ്ടിക്കൂടി ദൈവത്തിന് നന്ദിയും സ്തുതിയുമര്‍പ്പിക്കണം.’
ഈ വാക്കുകള്‍ ശ്രവിച്ച പരിശുദ്ധ കന്യക തന്നെത്തന്നെ അതീവവിനീതയാക്കി. ഏറ്റവും എളിയ ദാസിയായി അവള് തന്നെത്തന്നെ ഉദ്ഘോഷിച്ചുകൊണ്ട് എല്ലാ സ്തുതിയും മഹത്വവും ദൈവത്തിനു മാത്രം അര്‍പ്പിച്ചു. ‘ജോസഫേ, എന്നില്‍ എന്തെങ്കിലും നന്മകണ്ട് നീ പുകഴ്ത്തുകയാണെങ്കില് എന്റെ ഭാഗത്തുനിന്ന് യാതൊരു മേന്മയും ഇല്ലാതെ അവിടുത്തെ സമ്പന്നതയിലും ഔദാര്യത്തിലും അവിടുന്ന് എന്റെമേല്‍ ചൊരിഞ്ഞ അനുഗ്രഹങ്ങള്‍ മാത്രമാണെന്ന് നീ മനസ്സിലാക്കണം. എന്നില്‍ എപ്പോഴെങ്കിലും ഏതെങ്കിലും നന്മ നീ ദര്ശിക്കുമ്പോള് അനുഗ്രഹങ്ങളുടെയെല്ലാം ദാതാവായ ദൈവത്തിനു നീ എത്രയും പെട്ടെന്ന് സ്തുതികളര്പ്പിക്കണം. അവിടുന്ന് തന്റെ സൃഷ്ടികള്‍ക്ക് അളവറ്റതും അപരിമേയവും സീമാതീതവുമായ നന്മകള് വര്‍ഷിക്കുന്നു. അവരില്‍ ഏറ്റവും എളിയവളും ഏറ്റവും അയോഗ്യയുമായ എന്നില്‍ പ്രത്യേകിച്ചും അവിടുന്ന് അതു വര്‍ഷിക്കുന്നു. ജോസഫ് വിസ്മയഭരിതനാവുക മാത്രമല്ല, തന്റെ വധുവിന്റെ ഈ വഴികളില്‍ ആനന്ദംകൊള്ളുകയും ചെയ്തു. തന്നെക്കുറിച്ചുതന്നെയുള്ള അത്രയും താഴ്ന്ന അവളുടെ ഹൃദയഭാവത്തിലും അവളുടെ കൃപാവരസമൃദ്ധിയിലും അവന് സന്തുഷ്ടനായി. എളിമയെന്ന പുണ്യം എത്രയോ ആഴത്തില്‍ അവളില്‍ വേരൂന്നിയിരിക്കുന്നുവെന്ന് അവന് തിരിച്ചറിഞ്ഞു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള് താഴെ ലഭിക്കുന്നതാണ്.