ആത്മീയപുരോഗതിക്കായി ആവിലായിലെ വി. ത്രേസ്യ പഠിപ്പിക്കുന്ന പത്ത് പാഠങ്ങൾ

1. പ്രാർത്ഥനാ ജീവിതത്തിൽ പുരോഗമിക്കുക

അമ്മ ത്രേസ്യായുടെ ആദ്ധ്യാത്മിക ജീവിതത്തിന്റെ അടിത്തറ പ്രാർത്ഥനയ്ക്കു അമ്മ ത്രേസ്യാ കൊടുത്ത വലിയ പ്രാധാന്യമാണ്. നിരവധി വർഷങ്ങൾ അവൾ സമരപ്പെട്ടങ്കിലും ആദ്ധ്യാത്മിക ജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത സത്യം പ്രാർത്ഥനയിലുള്ള സ്ഥിരോത്സഹമാണന്നു പഠിപ്പിക്കുന്നു. പ്രാർത്ഥന ഉപക്ഷിക്കാതിരിക്കാൻ നമ്മൾ നിശ്ചയദാർഢ്യമുള്ള തീരുമാനം എടുക്കണം. നാം ഒരിക്കലും പ്രാർത്ഥന ഉപേക്ഷിക്കരുതെന്ന് വിശുദ്ധ ത്രേസ്യാ നിർബന്ധിക്കുന്നു. ശ്വാസകോശത്തിനു വായു എത്രമാത്രം ആവശ്യമാണോ അതുപോലെ തന്നെ പ്രാർത്ഥന ആത്മാവിൻ്റെ ജീവൻ നിലനിർത്തുന്ന ജീവവായുവാണ് . ആരോഗ്യമുള്ള ശ്വാസകോശത്തിന് ശുദ്ധ വായു ആവശ്യമാണ്; ആരോഗ്യമുള്ള ആത്മാവ് ഉണ്ടാകണമെങ്കിൽ പ്രാർത്ഥനയാകുന്ന ഓക്സിജൻ ആത്മാവിനു അത്യാവശ്യമാണ്.

2. പ്രാർത്ഥന ദൈവവുമായി സൗഹൃദത്തിലാവലാണ്

നീ സംസാരിക്കാൻ ആരംഭിക്കുന്നതിനു മുമ്പ് നീ സംസാരിക്കാൻ പോകുന്ന വിഷയത്തെ നിർവചിക്കുക. ഇങ്ങനെ ചെയ്താൽ ധാരാളം സംശയങ്ങൾ ഒഴിവാക്കാൻ കഴിയും. കത്തോലിക്കാ ചരിത്രത്തിലെ പ്രാർത്ഥനയുടെ ഏറ്റവും ക്ലാസിക്കൽ നിർവചനം നൽകുന്നത് ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യായാണ് : “എന്നെ സ്നേഹിക്കുന്നുവെന്ന് എനിക്കറിയാവുന്നവരുമായി ഒറ്റയ്ക്ക് കൂടുതൽ സമയം ചെലവഴിക്കുകയല്ലാതെ മറ്റൊന്നുമല്ല പ്രാർത്ഥന.” അതായത് പ്രാർത്ഥനയെന്നാൽ ദൈവവുമായി ചങ്ങാത്തിലാവുക എന്നർത്ഥം. ദൈവത്തെ സ്വന്തമാക്കാനുള്ള എറ്റവും എളുപ്പമായ മാർഗ്ഗം അവനുമായി സൗഹൃദത്തിലാവുക എന്നതാണന്നു അമ്മ ത്രേസ്യായുടെ ജീവിതം പഠിപ്പിക്കുന്നു .

3. ക്രിസ്തുവിനോടുള്ള സ്നേഹം ജീവിതത്തിൻ്റെ ഭാഗമാക്കുക.

പ്രാർത്ഥനയിൽ വളരുന്നനതിനുള്ള ഒരു സൂചന അമ്മ ത്രേസ്യാ നമുക്കു നൽകുന്നു. ക്രിസ്തുവിൻ്റെ മനുഷ്യത്വത്തെപ്പറ്റി ധ്യാനിച്ചു നിരവധി കൃപകളിൽ വളരാൻ സഭയിലെ ഈ വനിതാ വേദപാരംഗത നമ്മളെ ഉപദേശിക്കുന്നു. മനുഷ്യനായി അവതരിച്ച ദൈവപുത്രനുമായി സമയം ചിലവിടുമ്പോൾ അതു പ്രാർത്ഥനാ ജീവിതത്തിലുള്ള വളർച്ചയല്ലാതെ മറ്റൊന്നുമല്ല അത്. “ക്രിസ്തുവിനെപ്പറ്റിയുള്ള അടുത്ത അറിവ് അവനെ കൂടുതൽ തീക്ഷ്ണമായി സ്നേഹിക്കുവാനും അവനെ കൂടുതൽ അടുത്ത് അനുഗമിക്കാനും അവസരം നൽകും” എന്ന് വിശുദ്ധ ഇഗ്ഷ്യേസ് ലെയോള പഠിപ്പിക്കുന്നു. “ഈശോയ്ക്ക് ഇപ്പോൾ നിങ്ങളുടേതല്ലാതെ ഈ ഭൂമിയിൽ കരങ്ങളോ കാലുകളോ ഇല്ല. ക്രിസ്തു, അനുകമ്പയോടെ ഈ ലോകത്തെ നോക്കുന്ന കണ്ണുകൾ നിങ്ങളുടേതാണ്. നന്മ ചെയ്യാനായി ക്രിസ്തു സഞ്ചരിക്കുന്ന കാലുകൾ നിങ്ങളുടേതാണ്. ലോകത്തെ ആശീർവ്വദിക്കാനായി ക്രിസ്തു ഉയർത്തുന്ന കരങ്ങൾ നിങ്ങളുടേതാണ്.” എന്ന അമ്മ ത്രേസ്യായുടെ വാക്കുകൾ ജീവിതത്തിനു തെളിമ നൽകുന്നു.

4. ക്രിസ്തുവിനെ അവൻ്റെ സഹനങ്ങളിൽ സ്നേഹിക്കുക.

ക്രിസ്തുവിൻ്റെ സഹനങ്ങളെ സ്നേഹിക്കുക അവയോടൊപ്പം സഹിക്കുക എന്നത് എല്ലാ വിശുദ്ധരുടെയും ജീവിതത്തിലെ ഒരു പൊതു ഘടകമായി മനസ്സിലാക്കാം. മനുഷ്യരോടുള്ള ക്രിസ്തുവിൻ്റെ സ്നേഹം മനസ്സിലാക്കണമെങ്കിൽ അവൻ്റെ പീഡാനുഭവത്തെപ്പറ്റിയുള്ള ധ്യാനം നമ്മുടെ ജീവിതത്തിൽ ഒരു ശീലമാക്കണം. വിശുദ്ധ പാദ്രേ പിയോ, സിയന്നായിലെ വി. കത്രീന വി. ഫൗസ്റ്റീന എന്നിവർ നിരന്തരം ഈശോയുടെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചിരുന്നു. അമ്മ ത്രേസ്യ ഒരിക്കൽ ക്രിസ്തുവിൻ്റെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചപ്പോൾ ക്രിസ്തു (ഇതാ മനുഷ്യൻ Ecce Homo) എന്ന ആത്മീയ നിർവൃതിയിലേക്ക് അവളെ നയിച്ചു. ക്രിസ്തുവിൻ്റെ ശിരസ്സിൽ കിരീടമണിഞ്ഞവനായ കണ്ട ത്രേസ്യാ അവനോടുള്ള സ്നേഹം തദവസരത്തിൽ പരസ്യമായി ഏറ്റുപറഞ്ഞു. സഹിക്കുന്ന വ്യക്തി പ്രാർത്ഥിക്കുന്നില്ല എന്നു ഒരിക്കലും ചിന്തിക്കരുതെന്നും സഹിക്കുമ്പോൾ ഒരു വ്യക്തി അവൻ്റെ സഹനങ്ങൾ ദൈവത്തിനു സമർപ്പിക്കുകയാണന്നും അമ്മ ത്രേസ്യാ ഓർമ്മിപ്പിക്കുന്നു.

5. പരിശുദ്ധാത്മാവ് ദൈവിക ഗുരുനാഥൻ ആണന്നു മറക്കാതിരിക്കുക

ഒരിക്കൽ അമ്മ ത്രേസ്യായ്ക്കു പ്രാർത്ഥനാ ജിവിതത്തിൽ പ്രയാസങ്ങൾ നേരിട്ടപ്പോൾ ഒരു ഈശോ സഭാ വൈദീകൻ്റെ ഉപദേശം തേടുകയുണ്ടായി. അദ്ദേഹത്തിൻ്റെ ഉപദേശം ലളിതമായി മായിരുന്നു: ” പരിശുദ്ധാത്മാവിനോടു നിരന്തരം പ്രാർത്ഥിക്കുക ” ആ നിമിഷം മുതൽ ഈ വലിയ ഉപേദേശത്തെ അമ്മ ത്രേസ്യാ അക്ഷരം പ്രതി അനുസരിച്ചു. അത് വിശുദ്ധയുടെ ജീവിതത്തിൽ നല്ല പരിവർത്തനം കൊണ്ടുവന്നു. വിശുദ്ധ പൗലോസ് റോമാക്കാർക്കുള്ള ലേഖനത്തിൽ പരിശുദ്ധാത്മാവ് പ്രാർത്ഥനാ ജീവിതത്തിൽ നമ്മളെ സഹായിക്കുന്നതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു: ” നമ്മുടെ ബലഹീനതയില്‍ ആത്‌മാവ്‌ നമ്മെസഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ഥിക്കേണ്ടതെങ്ങനെയെന്നു നമുക്കറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്‌മാവുതന്നെ നമുക്കുവേണ്ടി മാധ്യസ്‌ഥ്യം വഹിക്കുന്നു.” (റോമാ 8 : 26) . ഏറ്റവും നല്ല അധ്യാപകനും പ്രാർത്ഥനയുടെ ആന്തരിക നാഥനുമായ പരിശുദ്ധാത്മാവിൻ്റെ നിമന്ത്രണങ്ങളെ നമുക്കും കാതോർക്കാം.

6. ആത്മീയ നിയന്താവിനു സ്ഥാനം നൽകുക

ആത്മീയ ജീവിതത്തിൽ നിരന്തരമായ വളർച്ച കൈവരിക്കുന്നതിന് വിജ്ഞാനവും വിശുദ്ധിയുമുള്ള ആത്മീയ നിയന്താവ് വളരെ അത്യത്യാപേഷിതമാണ്. ആത്മീയ അന്ധകാരം നാമെല്ലാവരും ചിലപ്പോൾ അനുഭവിക്കുന്നതാണ്. ചില അവസരങ്ങളിൽ പിശാച് പോലും പ്രകാശത്തിന്റെ മാലാഖയായി വേഷംകെട്ടുമ്പോൾ വിവേചനാ ശക്തിയുള്ള ഒരു ആത്മീയ നിയന്താവ് ഇല്ലങ്കിൽ ജീവിതത്തിൽ പ്രശ്നങ്ങൾ വരും. തൻ്റെ ജീവിതകാല ഘട്ടത്തിൽ അമ്മ ത്രേസ്യാ, ആവിലയിലെ നിരവധി ആത്മീയ നിയന്താക്കളെ സമീപിച്ചിരുന്നു. ഇവരിൽ കുരിശിൻ്റെ വിശുദ്ധ യോഹന്നാൻ (കർമലീത്താ സഭ ), വിശുദ്ധ ഫ്രാൻസിസ് ബോർജിയ (ഈശോ സഭ ), അൽകന്റാരയിലെ വിശുദ്ധ പീറ്റർ (ഫ്രാൻസിസ്കൻ സഭ ) തുടങ്ങിയവർ ഇന്നു കത്തോലിക്കാ സഭയിൽ വിശുദ്ധരാണ്. നമ്മുടെ ജീവിതത്തിലും തക്ക സമയത്തു വിവേചനപരമായി തീരുമാനം എടുക്കാൻ വിശുദ്ധിയും വിജ്ഞാനവുമുള്ള ആത്മീയ നിയന്താവിൻ്റെ സാന്നിധ്യവും സഹായവും നമുക്കു സഹായകരമാകും.

7. മാനസാന്തരവും നവീകരണവും ജീവിതത്തിൻ്റെ ഭാഗമാക്കുക

അമ്മ ത്രേസ്യായുടെ ജീവിതത്തിലെ പ്രധാനമായ ഒരു ആകർഷണം മാനസാന്തരത്തിനും നവീകരണത്തിനുമായി അവൾ കൈ കൊണ്ട ധീരമായ നിലപാടുകൾ ആയിരുന്നു. കുരിശിലെ വിശുദ്ധ യോഹന്നാനോടൊപ്പം കർമ്മലീത്താ സഭയെ നവീകരിക്കാൻ അമ്മ ത്രേസ്യാ ഉപകരണമായി. മറ്റുള്ളവരെ മാനസാന്തരപ്പെടുത്താനുള്ള മാർഗ്ഗം സ്വയം നവീകരണത്തിലാണ് ആരംഭിക്കുന്നത് എന്ന സത്യം അമ്മ ത്രേസ്യാ നിരന്തരം ഓർമ്മിപ്പിച്ചിരുന്നു. “മാനസാന്തരപ്പെടുവിൻ ദൈവരാജ്യം സമീപിച്ചിരിക്കുന്നു.”(മർക്കോ.1:15). എന്ന ഈശോയുടെ പരസ്യ ജീവിതത്തിലെ ആഹ്വാനം അമ്മ ത്രേസ്യാ തൻ്റെ നവീകരണ പ്രയത്നങ്ങളുടെ ഹൃദയമായി സ്വീകരിച്ചിരുന്നു.

8. ആത്മീയ ക്ലാസിക്കുകളുടെ രചിതാവ്

ആവിലയിലെ വിശുദ്ധ അമ്മ ത്രേസ്യായുടെ രചനകൾ ആത്മീയ ക്ലാസിക്കുകളായ രചനകൾ ആണന്നു സംശയമില്ലാതെ തന്നെ പറയാൻ കഴിയും. അമ്മ ത്രേസ്യായുടെ രചനകളിലെ അടിസ്ഥാന വിഷയങ്ങളിലൊന്ന് പ്രാർത്ഥനയുടെ പ്രാധാന്യമാണ്, കൂടാതെ തൻ്റെ മണവാളനും സ്വർഗ്ഗീയ രാജകുമാരനുമായ ഈശോയുമായി ആത്മീയ സായൂജ്യത്തിൽ എത്തുന്നതിനുള്ള വഴികളും അവളുടെ പ്രധാന വിഷയമായിരുന്നു. പ്രാർത്ഥനാാ ജീവിതത്തെ ഗൗരവ്വവമായി കണക്കിലെടുക്കുന്നവർ നിർബദ്ധമായും വായിച്ചിരിക്കേണ്ട ഗ്രന്ഥങ്ങളാണ് അമ്മ ത്രേസ്യായുടെ രചനകൾ. സ്വയംകൃതചരിത്രം ( Her life) “സുകൃതസരണി (The Way of Perfection) ആഭ്യന്തരഹർമ്മ്യം.(The Interior Castle) എന്നിവ അവയിൽ പ്രധാനപ്പെട്ടതാണ്.

9. കുരിശ് സ്വർഗ്ഗത്തിലേക്കുള്ള പാലമാണന്നു തിരിച്ചറിയുക

കുരികൾ സ്വർഗ്ഗത്തിലേക്കു നമ്മെ നയിക്കുന്ന പാലങ്ങളാണ്. ഈശോ സുവിശേഷങ്ങളിൽ ഇതു വ്യക്തമാക്കിയിട്ടുണ്ട്: “ ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച്‌്‌ അനുദിനം തന്‍െറ കുരിശുമെടുത്തുകൊണ്ട്‌ എന്നെ അനുഗമിക്കട്ടെ. ” (ലൂക്കാ 9 : 23). വിശുദ്ധരുടെ ജീവിതത്തിലെ മറ്റൊരു പൊതു ഘടകം അവരുടെ ജീവിതത്തിലെ കുരിശിന്റെ യാഥാർത്ഥ്യമാണ്. “ദൈവം നിങ്ങളെ അനുഗ്രഹിക്കുകയും നിരവധി ചെറിയ കുരിശുകൾ നൽകുകയും ചെയ്യട്ടെ!” വി. ലൂയിസ് ദേ മോണ്ട്ഫോർട്ട് തന്റെ സുഹൃത്തുക്കളെ ആശീർവ്വദിച്ചിരുന്നത് ഇപ്രകാരമായിരുന്നു. .അമ്മ ത്രേസ്യായുടെ ഏറ്റവും അടുത്ത സുഹൃത്ത് ഈശോയുടെ കുരിശായിരുന്നു. അവളുടെ ആരോഗ്യം മിക്കപ്പോഴും വളരെ ദുർബലമായിരുന്നു; വളരെ ചെറുപ്പത്തിൽ തന്നെ മരണ വത്രത്തിൽ അകപ്പെട്ടു . കൂടാതെ, കർമ്മലീത്താ സഭയെ നവീകരിക്കാൻ പരിശ്രമിച്ചപ്പോൾ മഠങ്ങളിലെ പല കന്യാസ്ത്രീകളിൽ നിന്നും നിരന്തരമായ ആക്രമണങ്ങളും പീഡനങ്ങളും നേരിടേണ്ടി വന്നു. സുഖപ്രദമായ ജീവിതശൈലി സ്വപ്നം കണ്ട ചില കർമ്മലീത്താ വൈദീകരിൽ നിന്നു അമ്മ ത്രേസ്യായ്ക്കു തടസ്സങ്ങൾ നേരിട്ടിരുന്നു. ജീവിത പ്രതിസന്ധികൾക്കിടയിൽ നിരുത്സാഹിയും ഹൃദയം തകർന്നവളും ആകുന്നതിനു പകരം, അവൾ സന്തോഷത്തോടെ കർത്താവിൽ കൂടുതൽ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്തു.

10. പരിശുദ്ധ കന്യകാമറിയത്തോടും വിശുദ്ധ യൗസേപ്പ് പിതാവിനോടുമുള്ള ഭക്തിയിൽ വളരുക.

വിശുദ്ധ അമ്മ ത്രേസ്യായുടെ സന്യാസജീവിതത്തിലുടനീളം പരിശുദ്ധ കന്യകാമറിയത്തെ അളവറ്റു സ്നേഹിച്ചിരുന്നു. കർമ്മല മാതാവിനോടു വിശുദ്ധയ്ക്കു സവിശേഷമായ ഭക്തി ഉണ്ടായിരുന്നു. കർമ്മല ഉത്തരീയം അണിയുവാൻ അവൾ നിരന്തരം മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചിരുന്നു. വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ ആദ്രതയിലും കരുതലുമുള്ള സ്നേഹത്തിലും അമ്മ ത്രേസ്യാ സ്വയം സുരക്ഷിതത്വം കണ്ടെത്തിയിരുന്നു. തൻ്റെ ജീവിതകാലത്തു മരണകരമായ ഒരു രോഗത്തിൽ നിന്നു രക്ഷ നേടിയത് യൗസേപ്പിതാവിനോടുള്ള സ്വർഗ്ഗീയ മധ്യസ്ഥതയാലാണന്നു പരസ്യമായി വിശുദ്ധ ഏറ്റുപറഞ്ഞിട്ടുണ്ട്. അമ്മ ത്രേസ്യാ സ്ഥാപിച്ച മഠങ്ങൾക്കു വിശുദ്ധ യൗസേപ്പിതാവിൻ്റെതാവിൻ്റെ (San Jose) പേരാണ് നൽകിയിരുന്നത്.

“വിശുദ്ധി എന്നത് കുറച്ചു പേർക്കു മാത്രമുള്ള ആനുകൂല്യമല്ല, അത് എല്ലാവരുടെയും കടമയാണ് ” എന്ന കൽക്കത്തയിലെ വിശുദ്ധ മദർ തേരാസയുടെ വാക്കുകൾ ഈ ദിനത്തിൽ നമുക്കു ഓർമ്മിക്കാം. സ്വർഗ്ഗത്തിലേക്കുള്ള നമ്മുടെ യാത്രയിൽ വിശുദ്ധ അമ്മ ത്രേസ്യാ നമുക്കു നിരന്തരം പ്രചോദനമാകട്ടെ. ഹൃദയത്തിൻ്റെ അഗാധതയിൽ ക്രിസ്തുവുമായി നടത്തുന്ന സ്നേഹ സംഭാഷണങ്ങളാകട്ടെ നമ്മുടെ ജീവിതത്തിനു ശക്തിയും സൗന്ദര്യവും സമ്മാനിക്കേണ്ടത്.

~ ഫാ. ജയ്സൺ കുന്നേൽ mcbs ~


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles