പരിശുദ്ധാത്മാവ് നമ്മിലുണ്ടെന്നതിന്റെ അടയാളം എന്താണ്?
“മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ്ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!”;(ലൂക്കാ: 11; 13).
ഏതൊരു ക്രൈസ്തവനും പരമപ്രധാനമായി ആഗ്രഹിച്ചു പ്രാര്‍ത്ഥിക്കേണ്ടത് പരിശുദ്ധാത്മാവിനുവേണ്ടിയാണ്. ഒരുവന്റെ പ്രാര്‍ത്ഥനയിലെ നിയോഗങ്ങളെ അടിസ്ഥാനമാക്കിയാണ് ദൈവം അവന്റെ വിവേകം അളക്കുന്നത്. ജ്ഞാനം, ബുദ്ധി, ആലോചന, ആത്മശക്തി, അറിവ്, ദൈവഭക്തി, ദൈവഭയം എന്നിവയാണ് പരിശുദ്ധാത്മാവിന്റെ ഏഴു ദാനങ്ങള്‍.
പരിശുദ്ധാത്മാവിന്റെ ഉത്കൃഷ്ടദാനങ്ങള്‍ക്കുവേണ്ടി തീക്ഷ്ണമായി അഭിലഷിക്കുവിന്‍ എന്ന് പൗലോസ് പറഞ്ഞരിക്കുന്നത് വെറുതെയല്ല. ഓരോരുത്തരെയും വ്യത്യസ്തമായ വരങ്ങളും ദാനങ്ങളും കൊണ്ട് സമ്പന്നരാക്കുന്നവന്റെ ആത്മാവാണ് പരിശുദ്ധാത്മാവ്! ഈ ആത്മാവിനോട് ഒരുവന്‍ എത്രത്തോളം വിശ്വസ്തതയോടെ ചേര്‍ന്നുനില്‍ക്കുന്നുവോ, അത്രത്തോളം വരങ്ങളും ദാനങ്ങളും ഫലങ്ങളും അവനിലേക്കു വര്‍ഷിക്കപ്പെടും. അതായത്, അവിടത്തോടു ചേര്‍ന്നുനില്‍ക്കുന്ന ഒരുവന് ഒന്നിലധികം വരങ്ങള്‍ നല്‍കാന്‍ അവിടുന്ന് തയ്യാറാകും.
നല്‍കപ്പെട്ടിരിക്കുന്ന വരങ്ങളും ദാനങ്ങളും എപ്രകാരം ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് കൂടുതലായി നല്‍കുന്നത്. താലന്തുകളുടെ ഉപമ വായിക്കുകയും ഗ്രഹിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് കൂടുതല്‍ വിവരണമില്ലാതെതന്നെ ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. സഭയുടെ പൊതുനന്മയ്ക്കുവേണ്ടി ഓരോരുത്തരിലേക്കും വ്യത്യസ്തങ്ങളായ വരങ്ങളും ദാനങ്ങളും ഫലങ്ങളും ചൊരിയപ്പെടുന്നു.
“ആത്മാവിന്റെ പ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്. എന്തെന്നാല്‍, ജഡമോഹങ്ങള്‍ ആത്മാവിന് എതിരാണ്; ആത്മാവിന്റെ അഭിലാഷങ്ങള്‍ ജഡത്തിനും എതിരാണ്. അവ പരസ്പരം എതിര്‍ക്കുന്നതു നിമിത്തം ആഗ്രഹിക്കുന്നതു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്കു സാധിക്കാതെ വരുന്നു. ആത്മാവ് നിങ്ങളെ നയിക്കുന്നെങ്കില്‍ നിങ്ങള്‍ നിയമത്തിനു കീഴല്ല. ജഡത്തിന്റെ വ്യാപാരങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അവ വ്യഭിചാരം, അശുദ്ധി, ദുര്‍വൃത്തി, വിഗ്രഹാരാധന, ആഭിചാരം, ശത്രുത, കലഹം, അസൂയ, കോപം, മാത്‌സര്യം, ഭിന്നത, വിഭാഗീയചിന്ത, വിദ്വേഷം, മദ്യപാനം, മദിരോത്‌സവം ഇവയും ഈ ദൃശമായ മറ്റു പ്രവൃത്തികളുമാണ്. ഇത്തരം പ്രവൃത്തികളിലേര്‍പ്പെടുവര്‍ ദൈവരാജ്യം അവകാശപ്പെടുത്തുകയില്ലെന്ന് മുമ്പു ഞാന്‍ നിങ്ങള്‍ക്കു നല്‍കിയ താക്കീത് ഇപ്പോഴും ആവര്‍ത്തിക്കുന്നു.”(ഗലാത്തി: 5; 16-21).
ജഡികമനുഷ്യനില്‍ പ്രകടമാകുന്ന അടയാളങ്ങളായി ഇവയെ കണക്കാക്കാന്‍ സാധിക്കും. അതുപോലെതന്നെ, ആത്മീയമനുഷ്യനില്‍ പ്രകടമാകുന്നത് പരിശുദ്ധാത്മാവിന്റെ അടയാളങ്ങളായിരിക്കും. അവ ഏതെല്ലാമാണെന്ന് നോക്കുക:”എന്നാല്‍, ആത്മാവിന്റെ ഫലങ്ങള്‍ സ്‌നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൗമ്യത, ആത്മസംയമനം ഇവയാണ്.”(ഗലാത്തി: 5; 22, 23).
“സത്യാത്മാവു വരുമ്പോള്‍ നിങ്ങളെ സത്യത്തിന്റെ പൂര്‍ണ്ണതയിലേക്കു നയിക്കും. അവന്‍ സ്വമേധയാ ആയിരിക്കയില്ല സംസാരിക്കുന്നത്; അവന്‍ കേള്‍ക്കുന്നതു മാത്രം സംസാരിക്കും. വരാനിരിക്കുന്ന കാര്യങ്ങള്‍ അവന്‍ നിങ്ങളെ അറിയിക്കും. അവന്‍ എനിക്കുള്ളവയില്‍നിന്നു സ്വീകരിച്ച് നിങ്ങളോടു പ്രഖ്യാപിക്കും. അങ്ങനെ അവന്‍ എന്നെ മഹത്വപ്പെടുത്തും.”(യോഹ: 16; 13, 14).
ദൈവത്തിന്‍െറ ആത്‌മാവിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം: യേശുക്രിസ്‌തു ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്‌മാവു ദൈവത്തില്‍ നിന്നാണ്.
(1 യോഹന്നാന്‍ 4 : 2)
യേശുമിശിഹയെക്കുറിച്ചുള്ള യഥാര്‍ത്ഥ സത്യം ധൈര്യപൂര്‍വ്വം പ്രഘോഷിക്കുകയും അവിടുന്നിലൂടെ മാത്രം സാദ്ധ്യമാകുന്ന രക്ഷയെക്കുറിച്ചു സാക്ഷ്യം നല്‍കുകയും ചെയ്യുന്നതാണ് പരിശുദ്ധാത്മാവിന്റെ യഥാര്‍ത്ഥ അടയാളം.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.