വിവാഹശേഷം വി. യൗസേപ്പിതാവ് പരി. മറിയത്തെ ‘എന്റെ പ്രാവ്’ എന്ന് വിളിച്ചതെന്തുകൊണ്ട് എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 41/100
മറിയത്തോട് സംസാരിച്ച അവസരങ്ങളിലെല്ലാം ജോസഫ് വളരെ ആദരവോടും ദയയോടുംകൂടിയാണ് വര്‍ത്തിച്ചത്. തനിക്ക് സ്വന്തമായി ഒരു താമസസ്ഥലം ഇല്ലെന്നും ചെറിയൊരു വര്‍ക്കുഷോപ്പിലാണ് താന്‍ കഴിയുന്നതെന്നും അവന്‍ മറിയത്തോടു ചുരുക്കിപ്പറഞ്ഞു. എന്താണു ചെയ്യേണ്ടതെന്ന് ഒരു തീരുമാനത്തിലെത്തുന്നതുവരെ അങ്ങോട്ടു പോരുവാന്‍ മറിയത്തിനു സമ്മതമാണോ എന്നവന്‍ അന്വേഷിച്ചു. അവന്റെ വിനീതയായ വധു അതുപോലെ ചെയ്യുവാനുള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. ദൈവം തങ്ങളില്‍നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് ഒത്തൊരുമിച്ച് കണ്ടെത്താമെന്നും അതിനായി ഒന്നാമതായി അവിടുത്തെ തിരുമനസ്സ് അവര്‍ക്ക് വെളിപ്പെടുത്തി കിട്ടുന്നതിനായി ദൈവത്തോടു പ്രാര്‍ത്ഥിക്കാമെന്നും അവള്‍ പറഞ്ഞു.
മറിയത്തിന്റെ മറുപടിയില്‍ ജോസഫ് അതീവസന്തുഷ്ടനായി. അവളെ തന്റെ ചെറിയ മുറിയിലേക്ക് അവന്‍ കൂട്ടിക്കൊണ്ടു പോന്നു. സമയം വളരെ വൈകിയിരുന്നു. അവരെ ഒന്നിച്ചുചേര്‍ത്ത അവിടുത്തെ നന്മയെ അവര്‍ ഒന്നുചേര്‍ന്നു സ്തുതിച്ചു. മറിയത്തിന് നല്ലൊരു സ്ഥലം കിടക്കുവാനായി നല്കുകാനില്ലാത്തതിനാല്‍ ജോസഫ് ദുഃഖിതനായി. അവള്‍ക്ക് വിശ്രമിക്കാനായി സ്വകാര്യതയുള്ള ഒരു മുറിപോലും നല്‍കാന്‍ അവന് കഴിയുന്നില്ല. ഇങ്ങനെയൊക്കെയാണെങ്കിലും മറിയം അവനെ ആശ്വസിപ്പിച്ച് സന്തോഷഭരിതനാക്കി. ജോസഫിന്റെ കൈവശം ഉണ്ടായിരുന്നു കുറച്ച് പഴങ്ങളും റൊട്ടിയും വെള്ളവും കഴിച്ച് അവര്‍ വിശപ്പടക്കി. ഭക്ഷണത്തിനുശേഷം ദൈവത്തിന്റെ നന്മയെയും മഹത്വത്തെയും കുറിച്ചുള്ള സംഭാഷണത്തില്‍ അവര്‍ മുഴുകി.
തന്റെ എത്രയും പരിശുദ്ധ വധുവിന്റെ സ്‌നേഹശുശ്രൂഷകള്‍ ജോസഫിനെ ആഴത്തില്‍ സ്പര്‍ശിച്ചു. അവന്‍ സന്തോഷാശ്രുക്കള്‍ പൊഴിച്ചു. അവന്റെ ഹൃദയം ആഴമായ സമാധാനവും ആശ്വാസവും കൊണ്ട് നിറഞ്ഞു. തങ്ങളുടെ വിവാഹവാഗ്താനത്തിന്റെ തലേരാത്രിയില്‍ മാലാഖ തന്നോട് പറഞ്ഞതെല്ലാം ജോസഫ് മറിയത്തോട് പറഞ്ഞു. അവള്‍ കന്യാത്വം വ്രതമായി എടുത്തവളാണെന്നു മുന്‍കൂട്ടി അറിയുവാന്‍ ഭാഗ്യം സിദ്ധിച്ചെന്നു അവളുടെ മാതൃകയാല്‍ ആ നിലയിലുള്ള ജീവിതാവസ്ഥയെക്കുറിച്ചുള്ള തന്റെ ആഗ്രഹങ്ങളും അവന്‍ അവളെ അറിയിച്ചു. ഇതെല്ലാം പരിശുദ്ധയായ വധുവിനെ ഏറെ സന്തോഷിപ്പിച്ചു. വളരെ ഉന്നതമായ ബ്രഹ്മചര്യമെന്ന സുകൃതത്തെക്കുറിച്ച് അവന്‍ സംഭാഷണം നടത്തി.
ആ രാത്രിയുടെ ബാക്കി സമയം മുഴുവന്‍ അവര്‍ ഈ വിശുദ്ധമായ സംഭാഷണത്തില്‍ ചെലവഴിച്ചു. എങ്കിലും ജോസഫിന് ആ ദീര്‍ഘ സമയം ഏതാനും നിമിഷങ്ങള്‍പോലെയാണ് അനുഭവപ്പെട്ടത്. കാരണം ഈ സംഭാഷണത്തിലൂടെ അവന്‍ അനുഭവിച്ച ആനന്ദം അത്ര ഉന്നതമായിരുന്നു. ദൈവസ്‌നേഹത്തില്‍ ആഴ്ന്നിറങ്ങിയുള്ള തന്റെ വധുവിന്റെ വാക്കുകള്‍ ശ്രവിച്ചപ്പോള്‍ അവളിര്‍ നിറഞ്ഞുനില്‍ക്കുന്ന കൃപയെക്കുറിച്ചും സുകൃതങ്ങളെക്കുറിച്ചും അവന്‍ കൂടുതലായി അത്ഭുതപ്പെട്ടുപോയി.
അവന്‍ മിക്കവാറും അവളെ ‘എന്റെ പ്രാവ്’ എന്നാണ് അഭിസംബോധന ചെയ്തിരുന്നത്. പ്രാവിന്റെ സാദൃശ്യതത്തിലാണ് മാലാഖ അവളെ തന്നെ ഭരമേല്പിച്ചതെന്നും അതിനാല്‍ ആ സാദൃശ്യത്തില്‍ത്തന്നെ അവളെ വിളിക്കുന്നതാണ് ഉചിതമായി തനിക്ക് തോന്നുന്നതെന്നും അവന്‍ അവളോട് വിശദീകരിച്ചു. മറിയം അവന്റെ വിശദീകരണങ്ങളെല്ലാം ശ്രദ്ധാപൂര്‍വ്വം ശ്രവിച്ചു. അതിനുശേഷം അവന്റെ എല്ലാ ആഗ്രഹങ്ങള്‍ക്കും അവള്‍ വിധേയയാണെന്നു പറയുകയും അതിനാല്‍ അവനിഷ്ടപ്പെടുന്ന ഏതു വിധത്തിലും തന്നെ അഭിസംബോധന ചെയ്യാന്‍ അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. മറിയം ജോസഫിനോട് സംസാരിച്ചപ്പോഴെല്ലാം അവളുടെ വാക്കുകള്‍ തീപ്പൊരിപോലെയാണ് അവന് അനുഭവപ്പെട്ടത്. തന്റെ വധുവിന്റെ ഹൃദയത്തിലെ ഒരഗ്നിജ്വാല തന്നെയും ജ്വലിപ്പിക്കുന്നതായി അവന് തോന്നി. അത് ആദ്യം ദൈവത്തോടുള്ള നവമായ സ്‌നേഹത്താലും രണ്ടാമതായി തന്റെ വധുവിനോടുള്ള പരിശുദ്ധവും നിഷ്‌കളങ്കവുമായ സ്‌നേഹത്താലും അവനില്‍ ജ്വലിച്ചു.
(തുടരും)
വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന
ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.