കൊന്തമാസം ഏഴാം തീയതി – വ്യാകുലമാതാവിന്റെ വണക്കമാസം
ജപം
അത്യന്തം ദുഃഖിതയായ മാതാവേ! അങ്ങയുടെ ദിവ്യപുത്രന്റെ തിരുശരീരം കല്ലറയില്‍ അടക്കപെട്ടപ്പോള്‍ അങ്ങ് അനുഭവിച്ച ദുഃഖം എത്ര വലുതായിരുന്നു. ഈ മഹാ ദുഃഖത്തില്‍ ഞാനും ഹൃദയപൂര്‍വ്വം സഹതപിക്കുന്നു. അങ്ങയുടെ സ്‌നേഹം മുഴുവന്‍ ഈശോയില്‍ നിക്ഷേപിച്ചിരുന്നതിനാല്‍ കല്ലറയില്‍ ആ ശരീരത്തോടുകൂടെ അങ്ങയുടെ ഹൃദയവും സംസ്‌കരിക്കപ്പെട്ടുവല്ലോ. അങ്ങയുടെ നിക്ഷേപം ഈശോ ആയിരുന്നതുപോലെ വിശുദ്ധ കുര്‍ബാനയില്‍ എഴുന്നള്ളിയിരിക്കുന്ന ഈശോ എന്റെയും സ്‌നേഹനിക്ഷേപമാകുന്നതിനും കൂടെ കൂടെ ദിവ്യകാരുണ്യ ഹൃദയത്തെ വണങ്ങി ആരാധിക്കുന്നതിനും കുര്‍ബാന എന്ന ദിവ്യബലി ഭക്തിയോടുകൂടെ കാണുന്നതിനും ദിവ്യകാരുണ്യം ഭക്തിയോടെ സ്വീകരിക്കുന്നതിനും ആവശ്യമായ സഹായം എനിക്ക് വാങ്ങിച്ചു തരണമെ.
ആമ്മേന്‍
(പരിശുദ്ധ മറിയത്തിന്റെ ഏഴു വ്യാകുലതകളെക്കുറിച്ച് 7 നന്മനിറഞ്ഞ മറിയമേ എന്ന ജപവും ഇവയില്‍ ഓരോന്നിന്റെ ശേഷം 7 പ്രാവശ്യം പരിശുദ്ധ മാതാവേ! സ്ലീവാമേല്‍ തറയ്ക്കപ്പെട്ട കര്‍ത്താവിന്റെ തിരുമുറിവുകളെ എന്റെ ഹൃദയത്തില്‍ പതിപ്പിച്ചുറപ്പിക്കണമെ എന്നുള്ളതും ചൊല്ലുക. (ഇങ്ങനെ ചൊല്ലുന്നവര്‍ക്ക് 300 ദിവസത്തെ ദണ്ഡവിമോചനവും മാസത്തിലൊരിക്കല്‍ ക്രമപ്രകാരം പൂര്‍ണ്ണ ദണ്ഡവിമോചനം ലഭിക്കും)
വ്യാകുല മാതാവിന്റെ ലുത്തിനിയാ
കര്‍ത്താവെ! അനുഗ്രഹിക്കണമെ.
മിശിഹായെ! അനുഗ്രഹിക്കണമെ.
കര്‍ത്താവെ ! അനുഗ്രഹിക്കണമെ.
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ.
മിശിഹായെ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈകൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനെ; ഞങ്ങളെ അനുഗ്രഹിക്കണമെ.
ഭൂലോക രക്ഷിതാവായ പുത്രന്‍ തമ്പുരാനെ; ഞങ്ങളെ അനുഗ്രഹിക്കണമെ.
പരിശുദ്ധാത്മാവായ ദൈവമേ; ഞങ്ങളെ അനുഗ്രഹിക്കണമെ.
ഏക സ്വരൂപമായ പരിശുദ്ധ ത്രിത്വമെ; ഞങ്ങളെ അനുഗ്രഹിക്കണമെ.
വ്യാകുലമാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ.
വഴിയമ്പലത്തില്‍ സ്ഥലംകിട്ടാതെ വന്ന മാതാവേ,
കാലിതൊഴുത്തില്‍ പോയി താമസിക്കുന്നതിനു നിര്‍ബന്ധപെട്ട മാതാവേ,
കടിഞ്ഞൂല്‍ പുത്രനെ പുല്‍കൂട്ടില്‍ കിടത്തിയ മാതാവേ,
പുത്രന്റെ പരിഛേദനാചാരത്തെ സഹതാപത്തോടെ ദര്‍ശിച്ച മാതാവേ,
അങ്ങയുടെ പുത്രന്‍ വിവാദത്തിന്റെ അടയാളമായി വെക്കപെട്ടിരിക്കുന്നുവെന്നുകേട്ട മാതാവേ,
പുത്രനോട് കൂടെ ഈജിപ്തിലേയ്ക്ക് ഓടി ഒളിക്കാന്‍ ആവശ്യപെട്ട മാതാവേ,
നിര്‍ദോഷികളായ ശിശുക്കളുടെ സംഹാരത്തില്‍ ദുഃഖിച്ച മാതാവേ,
പന്ത്രണ്ടു വയസ്സില്‍ ദേവാലയത്തില്‍ വച്ച് കാണാതെപോയ പുത്രനെ മൂന്ന് ദിവസം വ്യസന സമേതം അന്വേഷിച്ച മാതാവേ,
അങ്ങയുടെ പുത്രന്റെ നേരെ യൂദന്‍മാര്‍ക്ക് ഉണ്ടായിരുന്ന തീരാത്ത പകയെ അറിഞ്ഞിരുന്ന മാതാവേ,
ഓര്‍ശ്ലത്തിലെയ്ക്ക് പാട്‌പെടുവാന്‍ പോകുന്നതിനു പുത്രനെ അവസാനത്തെ അത്താഴനാള്‍ മഹാ ദുഃഖത്തോടെ യാത്രപറഞ്ഞയച്ച മാതാവേ,
പുത്രന്‍ യൂദായാല്‍ ചതിവായി കാട്ടികൊടുക്കപെട്ടെന്നും ബന്ധിച്ചുകൊണ്ടു പോകപെട്ടെന്നും അറിഞ്ഞ മാതാവേ,
പുത്രന്‍ പതകനേപോലെ പ്രധാനാചാര്യന്‍മാര്‍ക്ക് എല്‍പ്പിക്കു പെട്ടെന്ന് ഗ്രഹിച്ചമാതാവേ,
പുത്രനില്‍ കളവ് ആയി കുറ്റം ചുമത്തപെട്ടെന്നു കേട്ട മാതാവേ,
പുത്രന്റെ തിരുക്കരണത്തില്‍ ഭയങ്കരമായ വിധത്തില്‍ അടിച്ചു എന്ന് കേട്ട മാതാവേ,
പുത്രന്‍ യൂദന്‍മാരാലും പടയാളികളാലും എത്രയും കഠിനമായവിധം ഉപദ്രവിക്കപെട്ടെന്ന് കേട്ട മാതാവേ,
പുത്രന്‍ ബാറാബായിക്ക് പിന്നിടപെട്ടെന്ന് അറിഞ്ഞ മാതാവേ,
ചമ്മട്ടികളാല്‍ അടിക്കപെടുകയും മുള്‍മുടി ചൂടിക്കപെടുകയും ചെയ്ത പുത്രനെ കണ്ട മാതാവേ,
പുത്രന്റെമേല്‍ എത്രയും അന്യായമായി ഉച്ചരിക്കപെട്ട വിധിതീര്‍പ്പുകേട്ട മാതാവേ,
ഭാരമുള്ള സ്ലീവാ വഹിച്ചിരുന്ന പുത്രനെ എതിരെ ചെന്നു കണ്ട മാതാവേ,
പുത്രന്റെ കൈ കാലുകള്‍ ഭയങ്കരമായ ആണികളാല്‍ തറയ്ക്കപെടുന്നതു കണ്ട മാതാവേ,
സ്ലീവായില്‍ കിടന്ന പുത്രന്റെ അവസാന വാക്കുകളെ കേട്ട മാതാവേ,
മഹാമരണ വേദന അനുഭവിച്ചപുത്രന്റെ സമീപേ നിന്നിരുന്ന മാതാവേ,
സ്ലീവായില്‍ നിന്നിറക്കിയ പുത്രന്റെ മൃതദേഹം സ്വന്തം മടിയില്‍ സ്വീകരിച്ച മാതാവേ,
പുത്രന്റെ ശരീരം സംസ്‌കരിച്ചശേഷം മഹാ സങ്കടത്തോടെ വീട്ടിലേക്കു മടങ്ങിയ മാതാവേ,
രക്തസാക്ഷികളുടെ രാജ്ഞീ,
ക്ലേശിതരുടെ സന്തോഷമെ,
രോഗികളുടെ ആശ്വാസമെ,
ദുര്‍ബലരുടെ ധൈര്യമെ,
പാപികളുടെ സാങ്കേതമെ,
അങ്ങയുടെ പുത്രന്റെ എത്രയും കഠിനമായ പീഡാസഹനത്തെയും കുരിശുമരണത്തെയും കുറിച്ച്, വേദസാക്ഷികളുടെ രാഞ്ജി ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമെ.
അങ്ങയുടെഹൃദയത്തിലേഎത്രയും കഠിനദുഃഖങ്ങളെക്കുറിച്ച്,
അങ്ങയുടെ അത്യധികമായ ഖേദത്തെയും താപത്തെയും കുറിച്ച്,
അങ്ങയുടെ സീമാതീതമായ പീഡകളെകുറിച്ച്,
അങ്ങയുടെ വിലാപത്തെയും അശ്രുക്കളെയും കുറിച്ച്,
അങ്ങയുടെ മാതൃസഹതാപത്തെക്കുറിച്ച്,
അങ്ങയുടെ ശക്തിയേറിയ പ്രാര്‍ത്ഥന വഴിയായി,
അമിത ദുഃഖത്തില്‍ നിന്ന്, അധൈര്യശീലത്തില്‍ നിന്ന്,
പാപത്തിന്റെ സകല അവകാശങ്ങളിലും ആപത്തുകളിലും നിന്ന്,
പിശാചിന്റെ കെണികളില്‍ നിന്ന്,
ഹൃദയകാഠിന്യത്തില്‍ നിന്ന്,
അനുതാപം ഇല്ലായ്മയില്‍ നിന്ന്,
പെട്ടെന്നുള്ള മരണത്തില്‍ നിന്ന്,
നിത്യശിക്ഷയില്‍ നിന്ന്,
പാപികളായ ഞങ്ങള്‍ അങ്ങയോടു പ്രാര്‍ത്ഥിക്കുന്നു,
ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമെ.
അങ്ങയുടെ പ്രാര്‍ത്ഥനയാല്‍ യഥാര്‍ത്ഥവിശ്വാസത്തിലും ശരണത്തിലും സ്‌നേഹത്തിലും ഞങ്ങളെ കാത്തുപരിപാലിക്കണമെന്ന് നിന്നോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു,
അങ്ങയുടെ പുത്രനില്‍ നിന്ന് ഞങ്ങളുടെ പാപങ്ങളെക്കുറിച്ച് പൂര്‍ണ്ണമായ അനുതാപവും മാനസാന്തരവും ഞങ്ങള്‍ക്ക് തരുവിപ്പാറാകണമെന്ന് നിന്നോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു,
അങ്ങയോട് പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ആശ്വാസവും സഹായവും നല്‍കുമാറാകണമെന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു,
ഞങ്ങളുടെ മരണസമയത്തു ഞങ്ങള്‍ക്ക് തുണയായിരിക്കണമെന്ന് നിന്നോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
നല്ല മരണം ഞങ്ങള്‍ക്ക് വാങ്ങിച്ചു തരണമെന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു
സര്‍വേശ്വരന്റെ മാതാവേ !അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു
ഭൂലോക പാപങ്ങള്‍ (3)
കര്‍ത്താവെ! അനുഗ്രഹിക്കണമെ.
മിശിഹായെ! അനുഗ്രഹിക്കണമെ.
കര്‍ത്താവെ! അനുഗ്രഹിക്കണമെ.
ഈശോമിശിഹായുടെ വാഗ്ദാനങ്ങള്‍ക്ക് ഞങ്ങള്‍ യോഗ്യരാകുവാന്‍
എത്രയും വ്യാകുലയായ കന്യകയെ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമെ.
പ്രാര്‍ത്ഥിക്കാം
ഈശോമിശിഹാ കര്‍ത്താവെ !അങ്ങ് പാടുപെടുന്ന സമയത്തു വ്യാകുലതയുടെ വാളാള്‍ ആത്മാവില്‍ മുറിപെടുത്തപ്പെട്ട അങ്ങേ മാതാവായ പരിശുദ്ധ കന്യകമറിയം, അങ്ങേ കൃപയുടെ സിംഹാസനത്തിങ്കല്‍ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും മധ്യസ്ഥയായി നില്‍ക്കാന്‍ കൃപ ചെയ്യണമെ. ഈ പ്രാര്‍ത്ഥന പിതാവിനോടും പരിശുദ്ധാത്മാവിനോടും കൂടെ നിത്യമായി ജീവിച്ചു വാഴുന്ന ലോകരക്ഷകനായ ഈശോമിശിഹായെ !അങ്ങ് വഴിയായി ഞങ്ങള്‍ക്കു ലഭിക്കുമാറാകട്ടെ. ആമേന്‍.
സുകൃതജപം
വ്യാകുലമാതാവേ! ഈശോയുടെ ദിവ്യകാരുണ്യഹൃദയം എന്റെ സ്‌നേഹവിഷയമാകുവാന്‍ ഇടയാക്കണമെ.
സല്‍ക്രിയ
ഭക്തിയോടെ വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേര്‍ന്ന് വ്യാകുലമാതാവിന്റെ സ്തുതിയ്ക്കായി കാഴ്ച വയ്ക്കുക.
മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.