പരി. കന്യകയുടെ വരനായി വി. യൗസേപ്പിതാവിനെ തിരഞ്ഞെടുത്തപ്പോള്‍ നടന്ന അത്ഭുങ്ങളെപ്പറ്റി അറിയേണ്ടേ?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 39/100

പ്രഭാതത്തില്‍ തന്റെ ചെറിയ വര്‍ക്ക്‌ഷോപ്പില്‍ മുട്ടുകുത്തി നിന്ന് ജോസഫ് പ്രാര്‍ത്ഥിച്ചു. ‘അബ്രഹാത്തിന്റെയും ഇസഹാക്കിന്റെയും യാക്കോബിന്റെയും ദൈവമേ, എന്റെയും ദൈവമേ, എന്റെ പരമനന്മയേ! ഇന്നുവരെ എന്റെ എല്ലാ പ്രവൃത്തികളിലും അവിടുന്ന് എന്നെ സംരക്ഷിച്ചുവെന്ന് ഞാന്‍ ഏറ്റുപറയുന്നു. ശത്രുക്കളില്‍ നിന്ന് അവിടുന്ന് എന്നെ സംരക്ഷിച്ചിട്ടുണ്ട്; എന്റെ ദുഃഖങ്ങളില്‍ എന്നെ ആശ്വസിപ്പിച്ചിട്ടുണ്ട്. അങ്ങയുടെ പരിപാലനയില്‍ എനിക്കൊരിക്കലും അവിശ്വസ്തത അനുഭവപ്പെട്ടിട്ടില്ല. എല്ലാ സമയത്തും അവിടുന്ന് വളരെ കാരുണ്യവാനും വിശ്വസ്തനുമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ അവിടുത്തെ പക്കല്‍ ഞാന്‍ യാചിക്കുന്നു, അങ്ങയുടെ ശക്തിയും ഉപദേശവും ഈ സാഹചര്യത്തിലും എനിക്കു നല്‌കേമണെ. പരിശുദ്ധദ കന്യകാമറിയത്തെ എന്റെ വധുവും കൂട്ടുകാരിയുമായി അങ്ങേ പക്കല്‍നിന്ന് സ്വീകരിക്കാന്‍ ഞാന്‍ തീര്‍ത്തും അയോഗ്യനാണെന്ന് ഞാന്‍ ഏറ്റുപറയുന്നു.

എനിക്ക് അവളെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുവാന്‍ യാതൊരവകാശവും ഇല്ലെന്നു ഞാന്‍ മനസ്സിലാക്കുന്നു. ഉത്തരവ് ലഭിച്ചിരിക്കുന്നതുകൊണ്ടു മാത്രമാണ് ഞാന്‍ മറിയത്തെ കണ്ടുമുട്ടുവാനായി പോകുന്നത്. അങ്ങയുടെ വാഗ്ദാനമനുസരിച്ച് രക്ഷകന്‍ ആരുടെ അനന്തരാവകാശിയായിട്ടാണോ പിറക്കേണ്ടത്, ആ ദാവീദിന്റെ വംശപരമ്പരയില്‍ ഞാനും ജനിക്കുവാന്‍ അവിടുന്ന് തിരുമനസ്സായി. അങ്ങയുടെ ഹൃദയത്തിന് ഏറ്റവും അനുരൂപനും പരിശുദ്ധ കന്യകയ്ക്ക് എത്രയും യോഗ്യനുമായ ഒരു വരനെ നല്കണമേയെന്ന് ഞാന്‍ അങ്ങയോട് യാചിക്കുന്നു. അവിടുത്തെ കൃപയും സ്‌നേഹവും കൂടുതല്‍ കൂടുതലായി എന്നില്‍ ചൊരിയണമേ. അങ്ങേ ദിവ്യകരങ്ങളില്‍ എന്നെ സംരക്ഷിച്ചുകൊള്ളണമേ. അങ്ങേക്ക് ഏറ്റവും പ്രസാദജനകമായത് എപ്പോഴും എന്നില്‍ നിറവേറട്ടെ. അങ്ങയുടെ തീരുമാനം എന്നില്‍ നിറവേറണം എന്നതിലുപരിയായി മറ്റൊന്നിനും ഞാന്‍ കാംക്ഷിക്കുന്നില്ല.’

ഈ പ്രാര്‍ത്ഥനയുടെ അവസാനം ദൈവസ്‌നേഹത്തിന്റെ ഒരു പുത്തനുണര്‍വ്വ് ജോസഫിന് അനുഭവപ്പെട്ടു. കന്യകാമറിയത്തോട് നിഷ്‌കളങ്കവും വിശുദ്ധവുമായ ഒരടുപ്പവും ജോസഫിന്റെ ഉള്ളില്‍ സംജാതമായി. അവളെ കണ്ടുമുട്ടാനായി കാത്തിരിക്കുന്ന ഓരോ മണിക്കൂറും ഒരു യുഗംപോലെ അവനനുഭവപ്പെട്ടു. അനേകം വര്‍ഷങ്ങള്‍ വളരെ തീക്ഷ്ണതയോടെ താന്‍ ആര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചോ, ആരുവഴി അനേകം കൃപകള്‍ താന്‍ സ്വീകരിച്ചോ, ആ വ്യക്തിയെ കണ്ടുമുട്ടാനുള്ള അവസരം ഇപ്പോള്‍ തനിക്കു ലഭിച്ചിരിക്കുകയാണെന്ന് ജോസഫിനു മനസ്സിലായി. അവന്‍ തന്നോടുതന്നെ പറഞ്ഞു: ‘കൃപാവരങ്ങളുടെ ഈ പരിശുദ്ധദ യുവതിയെ നോക്കിക്കാണുവാന്‍ ഞാന്‍ വാസ്തവത്തില്‍ യോഗ്യനാണോ? ഓ ആരായിരിക്കും അവളെ തന്റെ വധുവായി സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ചവന്‍? എന്റെ വധുവായി അവളെ സ്വീകരിക്കാന്‍ ഞാന്‍ തീര്‍ത്തും അയോഗ്യനും അര്‍ഹതയില്ലാത്തവനുമാണ്. അവളുടെ ഒരു സേവകനായിത്തീരുവാന്‍ എനിക്ക് അനുഗ്രഹം ലഭിക്കുകയാണെങ്കില്‍ ഞാന്‍ എത്രമാത്രം സന്തോഷവാനായിരിക്കും!’ ഇപ്രകാരം ചിന്തിച്ചുകൊണ്ട് അവന്‍ ദൈവാലയത്തിലേക്കു പോയി. അവിടെ അവന്‍ തീക്ഷ്ണമായ തന്റെ പ്രാര്‍ത്ഥനകള്‍ ദൈവസന്നിധിയിലേക്ക് ഉയര്‍ത്തിക്കൊണ്ടിരുന്നു.

ദേശം മുഴുവന്‍ ഉത്തരവ് വിളംബരം ചെയ്തിരുന്നതിനാല്‍ പരിശുദ്ധ കന്യകയെ കാണുവാനായി ദാവീദിന്റെ വംശപരമ്പരയില്‍പ്പെടാത്ത അനേകരും ദൈവാലയത്തില്‍ ഒന്നിച്ചുകൂടിയിരുന്നു. ദാവീദിന്‍രെ വംശപരമ്പരയില്‍പ്പെട്ട ഒരുവനെയായിരിക്കും മറിയം വിവാഹം കഴിക്കുന്നത് എന്ന് പുരോഹിതന്‍ മുന്‍കൂട്ടി അറിയിച്ചു. പുണ്യചരിതയായ ഈ കന്യകയ്ക്ക് ആരെയാണ് വരനായി ദൈവം നിശ്ചയിച്ചിരിക്കുന്നത് എന്നറിയാനായി, തിരഞ്ഞെടുക്കപ്പെടുവാന്‍ യോഗ്യതയുള്ള എല്ലാ യുവാക്കന്മാരുടെയും കരങ്ങളില്‍ ഉണങ്ങിയ ഒരു വൃക്ഷക്കമ്പ് നല്കപ്പെടും; അതിനുശേഷം ദൈവം തിരഞ്ഞെടുത്തിരിക്കുന്ന വ്യക്തിയെ കണ്ടെത്തുന്നതിന് ആ വ്യക്തിയുടെ പേരിലുള്ള കമ്പ് തല്‍ക്ഷണം പുഷ്പിക്കണമെന്ന് സമൂഹുംമുഴവന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും. ഈ നിര്‍ദ്ദേശം എതിരഭിപ്രായമില്ലാതെ എല്ലാവരും സ്വീകരിക്കുകയും അത് നടപ്പില്‍ വരുത്താനായി സഹകരിക്കുകയും ചെയ്തു.

ഇതേ സമയംതന്നെ, അകത്തെ മുറിയില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന എത്രയും പരിശുദ്ധ കന്യകാമറിയം ദൈവത്തിന്റെ കൃപയും സഹായവും അപേക്ഷിക്കുകയായിരുന്നു. തന്റെ കന്യാത്വത്തിന് കാവല്‍ക്കാരനായി ഒരു ബ്രഹ്മചാരിയെ തനിക്ക് വരനായി തിരഞ്ഞെടുക്കണമെന്ന് അവള്‍ ദൈവത്തോട് യാചിച്ചു. ബ്രഹ്മചാരിയും വിശുദ്ധനുമായ ജോസഫാണ് തനിക്കായി നിശ്ചയിക്കപ്പെട്ടിരിക്കുന്നതെന്ന് തന്റെ അന്തരാത്മാവില്‍ അവള്‍ക്ക് അറിവുണ്ടായിരുന്നു. ഇതവളെ അതീവസന്തുഷ്ടയാക്കി. അവള്‍ ദൈവത്തിന് നന്ദിയര്‍പ്പിച്ചു.

ഈ സമയം കാര്യങ്ങള്‍ സുഗമമായി നടക്കുന്നതിനും സന്തോഷമായി പര്യവസാനിക്കുന്നതിനും വേണ്ടി എല്ലാവരെയും ഒരുമിച്ചുകൂട്ടി പുരോഹിതന്‍ ഒരു പ്രാര്‍ത്ഥന നടത്തി. തന്റെ അയോഗ്യതയ്ക്ക് ചേര്‍ന്നവിധം എന്നപോലെ, ആരാലും ശ്രദ്ധിക്കപ്പെടാത്ത ഒരൊഴിഞ്ഞ സ്ഥലമാണ് ജോസഫ് മനഃപൂര്‍വം തിരഞ്ഞെടുത്തത്. അപ്പോള്‍ പെട്ടെന്നു തന്റെ കയ്യിരിക്കുന്ന കമ്പുകള്‍ പുഷ്പിച്ച് മഞ്ഞുപോലെ വെണ്മയുള്ള പൂക്കള്‍ വിരിയാന്‍ തുടങ്ങന്നത് ജോസഫ് കണ്ടു! അവന്റെ ചുറ്റും നിന്നവര്‍ അതിസ്വാഭാവികമായ ഈ അടയാളം കണ്ട് അത്ഭുതപ്പെട്ടുപോയി! കന്യകാമറിയത്തിന് ദൈവം തിരഞ്ഞെടുത്തിരിക്കുന്ന വരന്‍ ജോസഫാണെന്ന് ദൈവാലയശുശ്രൂഷികളും ഇതിന് ഉത്തരവാദിത്വപ്പെട്ട പുരോഹിതരും സാക്ഷ്യപ്പെടുത്തി. പരിശുദ്ധനായ ഈ വരനെ സംബന്ധിച്ച് മറ്റൊരു അതിസ്വാഭാവിക അടയാളവും നല്കി പരിശുദ്ധമായ ആ വീവാഹനിശ്ചയത്തെ സ്വീകരിക്കാന്‍ ദൈവം തിരുമനസ്സായി. ഈ സമയം സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു വെള്ളരിപ്രാവം താഴ്ന്നിറങ്ങി ജോസഫിന്റെ ശിരസ്സിന്മേല്‍ വന്നിരിക്കുന്നതായി അവിടെ കൂടിയിരുന്ന എല്ലാവരും കണ്ടു. ദൈവത്തില്‍ നിന്നുള്ള ഈ രണ്ടാമത്തെ അത്ഭുതസാക്ഷ്യപ്പെടുത്തല്‍ കണ്ട് അവരെല്ലാം അതിശയിച്ചുപോയി. ജോസഫ് ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവനാണെന്ന് അവിടെ സന്നിഹിതനായിരുന്ന എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടു. തങ്ങള്‍ തിരഞ്ഞെടുക്കപ്പെടാത്തതില്‍ നിരാശരായവരൊഴിച്ച് മറ്റെല്ലാവരും അതീവസന്തുഷ്ടരായി.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles