പരി. കന്യകാമറിയത്തെ വധുവായി സ്വീകരിക്കുന്നതിന് ഒരുക്കമായി വി. യൗസേപ്പിതാവിന് ദൈവം നല്കിയ ദാനം എന്തായിരുന്നു?

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 38/100

മറിയം വിവാഹപ്രായമെത്തുകയും ദേവാലയകന്യകമാരുടെ അധിപന്‍ മറിയത്തിന് വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തിരുന്നുവെങ്കിലും തനിക്ക് നല്കുവാന്‍ പോകുന്ന വധു മറിയമാണെന്ന ചിന്ത ഒരിക്കല്‍പ്പോലും ജോസഫിന്റെ മനസ്സില്‍ ഉദിച്ചില്ല. മറിയത്തെ അനുകരിച്ച് താന്‍ ബ്രഹ്മചര്യവ്രതമെടുത്തതുപോലെ മറിയവും ബ്രഹ്മചര്യവ്രതം പാലിക്കുന്നവളാണ് എന്ന് അവനറിയാമായിരുന്നു. മറിയം താമസിയാതെതന്നെ വിവാഹിതയാകുമെന്നും അവന്‍ ആ സമയത്ത് കേട്ടിരുന്നു. അവളുടെ വരനായി ദൈവത്താല്‍ നിയുക്തനായിരിക്കുന്നവന്‍ അവളെ വധുവായി സ്വീകരിക്കേണ്ടതിന് ദാവീതിന്റെ വംശത്തില്‍പ്പെട്ട എല്ലാ യുവാക്കന്മാരോടും ദേവാലയത്തില്‍ ഒന്നിച്ചു ചേരുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു.

ഈ സംഭവവികാസങ്ങളെപ്പറ്റി കേട്ട ജോസഫ് ഇങ്ങനെ അഭിപ്രായം പറഞ്ഞു: ‘ഓ അതിനായി തിരഞ്ഞെടുക്കപ്പെടുന്നവന്‍ എത്രയോ സൗഭാഗ്യവാനായിരിക്കും!’ ഈ തെരിഞ്ഞെടുപ്പിന് ദാവീതിന്റെ പിന്‍തുടര്‍ച്ചക്കാരനായ താനും സന്നിഹിതനാകണോ എന്ന് അവന് ഒട്ടും നിശ്ചയമില്ലായിരുന്നു.

ഉത്തരവ് അനുസരിക്കാനായി മറിയത്തെ കണ്ടുമുട്ടാനുള്ള ആ അവസരത്തിനായി അവന്‍ ഒരുക്കങ്ങള്‍ നടത്തി. ദൈവത്തോട് ബ്രഹ്മചര്യവ്രതം ചെയ്തിട്ടുള്ളതിനാല്‍ ആ ഭാഗ്യവാന്‍ ഏതായാലും താനായിരിക്കില്ലെന്ന് അവന്‍ ചിന്തിച്ചു. അവന്‍ തന്നെത്തന്നെ പൂര്‍ണ്ണമായും ദൈവത്തിന് ഭരമേല്പിച്ചു. ഈ സുപ്രധാനമായ കാര്യത്തില്‍ ദൈവത്തിന്റെ സഹായവും തുണയും അവന്‍ അപേക്ഷിച്ചു.

പെട്ടെന്നുതന്നെ തിരഞ്ഞെടുപ്പിന്റെ ദിവസം ആഗതമായി. അതിന്റെ തലേരാത്രി മാലാഖ വീണ്ടും പ്രത്യക്ഷപ്പെട്ട് ജോസഫിനോട് പറഞ്ഞു: ‘ജോസഫേ, നിന്റെ അടുത്ത ഒരുക്കവും തീക്ഷ്ണമായ പ്രാര്‍ത്ഥനയും ദൈവം സ്വീകരിച്ചിരിക്കുന്നുവെന്ന് നീ അറിയുക.’ അതിനുശേഷം ഒരു വെള്ളരിപ്രാവിനെ മാലാഖ അവന്റെ കൈയില്‍ നല്കിക്കൊണ്ട് പറഞ്ഞു: ‘ദൈവം നിനക്കു നല്കിയിരിക്കുന്ന ഈ ദാനം സ്വീകരിച്ചാലും. അവളുടെ ശുദ്ധതയുടെ കാവല്‍ക്കാരന്‍ നീയായിരിക്കും. അവളെ ആഴത്തില്‍ സ്‌നേഹിക്കുക, കാരണം ദൈവത്തിന്റെ ഹൃദയത്തിന്റെ ആനന്ദമാണവള്‍. അവള്‍ സൃഷ്ടികളില്‍ ഏറ്റവും പൂര്‍ണ്ണതയുള്ളതും ഏറ്റവും പ്രിയപ്പെട്ടതുമാണ്. അവളെപ്പോലെ ലോകത്തില്‍ ആരും ഉണ്ടായിട്ടില്ല, ഉണ്ടാവുകയുമില്ല.’

ജോസഫ് പ്രാവിനെ സ്വകരങ്ങളില്‍ സ്വീകരിച്ചു. തനിക്കു ലഭിച്ച ഉന്നതമായ അനുഗ്രഹത്തിന്റെ സന്തോഷാധിക്യത്താല്‍ അവന്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നു. ദൈവസ്‌നേഹത്താല്‍ താന്‍ ജ്വലിക്കുന്നതായി അവന് അനുഭവപ്പെട്ടു; ഒപ്പം അനിതരസാധാരണമായ ഒരു സമാധാനത്താലും അവന്‍ നിറഞ്ഞു. അവന്‍ സ്വര്‍ഗ്ഗീയ ആനന്ദത്താല്‍ നിറഞ്ഞു. എങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് അവന് പൂര്‍ണ്ണമായും മനസ്സിലായില്ല. സ്വപ്‌നത്തിലൂടെ ലഭിച്ച ദര്‍ശനത്തിന്റെ ശരിയായ വിവേചനം ആദ്യം അവന് ലഭിച്ചില്ല. എന്നാല്‍ പ്രാവ് എന്ന സമ്മാനം പരിശുദ്ധ കന്യകാമറിയത്തെ തന്റെ വധുവായി സ്വീകരിക്കണമെന്നതിനെയാണ് വ്യക്തമായി സൂചിപ്പിക്കുന്നത് എന്ന് സാവകാശം മനസ്സിലാക്കാനുള്ള ആത്മീയപ്രകാശം അവനു ലഭിച്ചു.

തന്റെ എളിമയാല്‍, ഇതിന് താന്‍ തീര്‍ത്തും അയോഗ്യനാണെന്ന് സ്വയം കരുതിയതിനാല്‍, ഈ ചിന്ത മനസ്സില്‍നിന്ന് അവന്‍ തുടച്ചുമാറ്റി. എങ്ങനെയായാലും, ദാവീദിന്റെ മറ്റ് അനന്തരാവകാശികളെപ്പോലെ മറിയവുമായുള്ള മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന സന്ദര്‍ശനത്തിന് നാളെ രാവിലെ ദേവാലയത്തില്‍ പോകുവാന്‍ അവന്‍ തീരുമാനിച്ചു.

(തുടരും)

വിശുദ്ധ യൗസേപ്പിതാവിനോടുള്ള പ്രാര്‍ത്ഥന

ഏറ്റം സ്‌നേഹനിധിയായ വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തോടുള്ള സ്‌നേഹത്തിലും വിനയത്തിലും എപ്പോഴും അവിടുത്തോട് നന്ദിയുള്ളവനായി ജീവിക്കുവാന്‍ വേണ്ട കൃപ ലഭിക്കാന്‍ എന്നെ സഹായിക്കണമേ. ദൈവം എനിക്കു ചെയ്തുതന്നിട്ടുള്ള എല്ലാ നന്മകളെയും ഓര്‍ത്ത് അവിടുത്തെ വാഴ്ത്തുവാനും കൂടുതലായി അവിടുത്തെ സ്‌നേഹിക്കുവാനും എനിക്കു തുണയായിരിക്കണമേ! ഈ കൃപകള്‍ക്കും എന്റെ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി അങ്ങയുടെ മാദ്ധ്യസ്ഥ്യം ഞാന്‍ യാചിക്കുന്നു. അങ്ങയുടെ യോഗ്യതകളാലും അമലോത്ഭവയും നിത്യകന്യകയുമായ പരിശുദ്ധ വ്യാകുലമാതാവിന്റെ യോഗ്യതകളാലും, നമ്മുടെ കര്‍ത്താവും രക്ഷകനുമായ യേശുക്രിസ്തുവിന്റെ തിരുനാമത്തെപ്രതിയും എന്റെ പ്രാര്‍ത്ഥന കേട്ടരുളണമേ.
ആമ്മേന്‍.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles